പലിശപ്പേടിയിലും കുതിക്കാൻ വിപണി; അദാനി കടം നേരത്തേ അടച്ചെങ്കിലും വിപണിമൂല്യം ഇടിഞ്ഞു; ലോഹങ്ങൾക്കു തകർച്ച; റീപോ നിരക്ക് 6.5 ശതമാനമാകും

വിപണികൾ കൂടുതൽ അസ്വസ്ഥമാണ്. പലിശ സംബന്ധിച്ചു മാറി മറിയുന്ന വിലയിരുത്തലുകൾ വിപണിയുടെ നൈരന്തര്യം നഷ്ടമാക്കുന്നു. ഒപ്പം അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങളും. എങ്കിലും ഇന്ത്യൻ വിപണി തിരിച്ചു കയറ്റത്തിനു ശ്രമിക്കുമെന്നാണു സൂചന.

ഇന്ത്യൻ വിപണി കഴിഞ്ഞ വെള്ളിയാഴ്ചത്തെ നേട്ടങ്ങളിൽ കുറേ നഷ്ടപ്പെടുത്തിയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. മിക്ക ഏഷ്യൻ വിപണികളും നഷ്ടത്തിലായിരുന്നു. യൂറോപ്യൻ സൂചികകൾ ഒരു ശതമാനം നഷ്ടം കാണിച്ചു. യുഎസ് വിപണി തുടക്കം മുതൽ നഷ്ടത്തിലായിരുന്നു. ഡൗ ജാേൺസ് സൂചിക അവസാനഘട്ടത്തിൽ കുറേ ഉയർന്നെങ്കിലും 0.1 ശതമാനം താഴ്ന്നു ക്ലോസ് ചെയ്തു. എസ് ആൻഡ് പി 0.6 ശതമാനവും നാസ് ഡാക് ഒരു ശതമാനവും ഇടിഞ്ഞു. പലിശ ഭീതിയാണു കാരണം. എങ്കിലും പിന്നീടു ഫ്യൂച്ചേഴ്സ് ഉയർച്ചയിലാണ്.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ചൈനീസ് വിപണികളും ഇന്നു നേട്ടത്തിലാണ്. സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,761 ൽ ക്ലാേസ് ചെയ്തു. രണ്ടാം സെഷനിൽ സൂചിക 17,806 - ലേക്കു കയറി. ഇന്നു രാവിലെ സൂചിക വീണ്ടും കയറി 17,890 വരെ എത്തി. പിന്നീട് അൽപം താണു. ഇന്ത്യൻ വിപണി നേട്ടത്തിലാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതിലെ സൂചന.

സെൻസെക്സ് ഇന്നലെ 334.98 പോയിന്റ് (0.55%) താഴ്ന്ന് 60,506.9ലും നിഫ്റ്റി 89.45 പോയിന്റ് (0.50%) താഴ്ന്ന് 17,764.65ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾ ക്യാപ് സൂചിക 0.5 ശതമാനവും ഉയർന്നാണു ക്ലോസ് ചെയ്തത്.

ലോഹങ്ങളാണ് ഇന്നലെ വിപണിയെ താഴോട്ടു വലിച്ചത്. ലോക വിപണിയിൽ ലോഹ വിലകൾ താഴ്ചയിലാണ്. ചെെനയിൽ നിന്ന് ഡിമാൻഡ് വർധിക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. ടാറ്റാ സ്റ്റീൽ മൂന്നാം പാദത്തിൽ ലാഭമുണ്ടാക്കുമെന്നു കരുതിയെങ്കിലും ഇന്നലെ വെെകുന്നേരം പുറത്തുവിട്ട കണക്കുകൾ 2502 കോടി രൂപയുടെ നഷ്ടമാണ് കാണിച്ചത്. ഐടി കമ്പനികളും താഴ്ചയിലായി.

നിഫ്റ്റിക്ക് 17,715 ലും 17,635 ലും സപ്പോർട്ട് ഉണ്ട്. 17,810 ലും 17,890 ലും തടസങ്ങൾ നേരിടാം.

വിദേശനിക്ഷേപകർ ഇന്നലെ 1218.14 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 12 03.09 കോടിയുടെ ഓഹരികൾ വാങ്ങി. ക്രൂഡ് ഓയിൽ വില അൽപം ഉയർന്നിട്ടു താണു. ബ്രെന്റ് ഇനം 81.30 ഡോളറിലാണു ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ 80.96 ഡോളറിലേക്കു താഴ്ന്നു.

വ്യാവസായിക ലോഹങ്ങൾ നഷ്ടം തുടരുകയാണ്. ചെമ്പും അലൂമിനിയവും രണ്ടു ശതമാനം വീതം താണു. ചെമ്പ് വില ടണ്ണിന് 8891 ഡോളറിലേക്ക് ഇടിഞ്ഞു. അലൂമിനിയം 2534ഡോളറായി. നിക്കലും ടിന്നും ആറു ശതമാനം വീതവും സിങ്ക് അഞ്ചു ശതമാനവും ഇടിഞ്ഞു. നവവത്സര അവധിക്കു ശേഷം ചൈനീസ് ഡിമാൻഡ് വർധിക്കുമെന്ന കണക്കു കൂട്ടൽ തെറ്റി.

സ്വർണം ഇന്നലെ 1862-1883 ഡോളർ പരിധിയിലായിരുന്നു. ഇന്നു രാവിലെ 1870-1872 ഡോളറിലാണു വ്യാപാരം. വെള്ളി വില 22.25 ഡോളറിൽ തുടരുന്നു.കേരളത്തിൽ സ്വർണവില ഇന്നലെ 200 രൂപ വർധിച്ച് പവന് 42,120 രൂപയായി.

രൂപയ്ക്ക് ഇന്നലെ വലിയ ക്ഷീണം നേരിട്ടു. ഡോളർ സൂചിക 103 -നു മുകളിലായതാണു കാരണം. ഡോളർ 90 പൈസ കയറി 82.73 രൂപയിലെത്തി. വെള്ളിയാഴ്ച 81.83 രൂപയിൽ ക്ലോസ് ചെയ്തതാണ്. ഡോളർ സൂചിക ഇന്നും 103 നു മുകളിലാണ്.


പലിശയിൽ ആശങ്ക തുടരുന്നു

പലിശ ഇനിയും വർധിക്കുമെന്ന പുതിയ തിരിച്ചറിവ് വിപണികളെ താഴ്ത്തുന്നു. ചൈനയിൽ നിന്നു ഡിമാൻഡ് വർധിക്കാത്തത് ലോഹങ്ങൾക്കും മറ്റും വിലയിടിക്കുന്നു. ഡോളർ സൂചിക ഉയർന്നു പോകുന്നത് കറൻസികളെ ദുർബലമാക്കുന്നു.

റിസർവ് ബാങ്ക് നാളെ പ്രഖ്യാപിക്കുന്ന പണനയത്തിലേക്കാണ് ഇന്ത്യൻ വിപണിയുടെ ശ്രദ്ധ. ഗവർണർ ശക്തികാന്ത ദാസ് റീപോ നിരക്ക് 6.25 - ൽ നിന്ന് 6.5 ശതമാനമായി വർധിപ്പിക്കും എന്നാണു പൊതുനിഗമനം. അതിനേക്കാൾ ഉപരി ഇനിയും നിരക്കു കൂട്ടുമോ ഇല്ലയോ എന്നതിനെപ്പറ്റി ഗവർണർ എന്തു പറയുന്നു എന്നാണ് എല്ലാവർക്കും അറിയേണ്ടത്.

നിരക്കു വർധനയുടെ സീസൺ കഴിഞ്ഞു എന്ന ധ്വനി ഗവർണറിൽ നിന്നുണ്ടായാൽ വിപണി ഉത്സാഹത്തിലാകും. പക്ഷേ അതിനുള്ള സാധ്യത പരിമിതമാണ്. വിലക്കയറ്റത്തിന്റെ ഗതി വിലയിരുത്തി ആനുകാലികമായി നയസമീപനം കൈക്കൊള്ളും എന്ന നിലപാടാകും അദ്ദേഹം പ്രഖ്യാപിക്കുക. അമേരിക്കയും യൂറോപ്പും ഒക്കെ അങ്ങനെയാണു നീങ്ങുന്നത്. അവരൊക്കെ നിരക്ക് കൂട്ടുന്ന സാഹചര്യമുണ്ടായാൽ ഇന്ത്യയിലും നിരക്കു കൂട്ടൽ അനിവാര്യമാകും.

അദാനിയുടെ പ്രശ്നങ്ങൾ തീരുന്നില്ല

അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. മൂന്നു കമ്പനികളിലെ ഓഹരികൾ പണയം വച്ച് എടുത്ത 110 കോടി ഡോളർ വായ്പ കാലാവധിയാകും മുമ്പേ കൊടുത്തു തീർക്കുന്നത് ഗ്രൂപ്പിന്റെ ഇമേജ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. പക്ഷ അതു കാര്യമായ നേട്ടം ഉണ്ടാക്കിയതായി തോന്നുന്നില്ല. ഗ്രൂപ്പിന്റെ വിപണി മൂല്യം ഇന്നലെ 27,446 കോടി രൂപ ഇടിഞ്ഞു. ജനുവരി 24 മുതലുള്ള നഷ്ടം 9.82 ലക്ഷം കോടി രൂപയായി. ഇത് 50 ശതമാനം നഷ്ടം കാണിക്കുന്നു.

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ സ്റ്റേൺ സ്കൂളിൽ പ്രഫസറായ അശ്വഥ് ദാമോദരൻ അദാനി എന്റർപ്രൈസസിന്റെ ഓഹരി ഇനിയും 40 ശതമാനം ഇടിയേണ്ടതുണ്ടെന്നു വിലയിരുത്തിയത് ചെറുതല്ലാത്ത ആഘാതമായി. ഓഹരി മൂല്യനിർണയത്തിൽ അവസാന വാക്കായി കരുതപ്പെടുന്നയാളാണ് അശ്വഥ്.

ഇന്നലെ 1500 രൂപ വിലയുള്ള ഓഹരിയുടെ യഥാർഥ മൂല്യം 945 രൂപയേ വരൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അടിസ്ഥാന സൗകര്യവികസന മേഖലയിലുള്ള മറ്റു കമ്പനികളുടെ ലാഭവും ലാഭമാർജിനും ഒക്കെ താരതമ്യപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പഠനം. ഗ്രൂപ്പിലെ മറ്റു കമ്പനികളും ഇതേ പോലെ അമിത വിലയിലാകാം എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഏതാനും മാസം മുമ്പ് 4000 രൂപയ്ക്കു മുകളിലായിരുന്നു അദാനി എന്റർപ്രൈസസ്.

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിലും അദാനി ഓഹരികളുടെ വില അമിതമാണെന്നു പറഞ്ഞിരുന്നു. കൃത്രിമമായിട്ടാണു വില ഉയർത്തി നിർത്തിയതെന്ന് അതിൽ ആരോപിച്ചിരുന്നു.

അദാനി ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ അവരുടെ മാത്രം കാര്യമാണെന്ന നിലപാടാണു ഗവണ്മെന്റ് പരസ്യമായി എടുത്തിരിക്കുന്നത്. ഗ്രൂപ്പിനെതിരായ ആക്രമണം ഇന്ത്യക്കെതിരെയാണെന്ന വ്യാഖ്യാനം ഗവണ്മെന്റ് തള്ളിക്കളയുകയും ചെയ്തു. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് വച്ച് എന്തെങ്കിലും ചെയ്യാൻ ഗവണ്മെന്റ് ഉദ്ദേശിക്കുന്നുമില്ല.





T C Mathew
T C Mathew  

Related Articles

Next Story

Videos

Share it