തിരിച്ചുകയറ്റത്തിൽ ആശ്വാസം; കൂടുതൽ കരുത്തു വേണമെന്നു വിശകലനം; ക്രൂഡ് ഓയിലും ലോഹങ്ങളും കയറുന്നു; സിമൻ്റ് വിപണിയിൽ ഇനി എന്ത്? പലിശവർധന എത്ര വരെ?
തുടർച്ചയായ ആറു ദിവസത്തെ ഇടിവിനു ശേഷം ഇന്ത്യൻ വിപണി ഇന്നലെ നേട്ടത്തോടെ ക്ലോസ് ചെയ്തു. എന്നാൽ ശക്തമായ തിരിച്ചു കയറ്റത്തിൻ്റെ സൂചന ഇല്ല. രാവിലെ നല്ല ഉയരത്തിൽ എത്തിയ ശേഷം താഴ്ന്ന നിലവാരത്തിലാണു ക്ലോസ് ചെയ്തത്. ബുള്ളുകൾക്കു വിപണിയുടെ നിയന്ത്രണം പിടിക്കാനായിട്ടില്ല.
യുഎസ് വിപണി വെള്ളിയാഴ്ചത്തെ കുതിപ്പിനു ശേഷം ഇന്നലെ ദുർബലമായിരുന്നു. വിപണി തിരുത്തൽ നിർത്തി കയറാൻ തുടങ്ങി എന്ന ധാരണ മാറ്റുന്നതായി അത്. ഡൗജോൺസ് നാമമാത്രമായി ഉയർന്നപ്പോൾ നാസ്ഡാക് ഒരു ശതമാനത്തിലധികം താഴ്ന്നു.
ട്വിറ്ററിനെ കുറഞ്ഞ വിലയ്ക്കേ വാങ്ങിക്കൂ എന്ന ടെസ് ല ഉടമ ഇലോൺ മസ്കിൻ്റെ നിലപാട് ട്വിറ്ററിനും ടെക് കമ്പനികൾക്കും ക്ഷീണമായി. ചൈനയിലെ കാർ നിർമാണം എന്നു പുനരാരംഭിക്കുമെന്ന അവ്യക്തത ടെസ് ല ഓഹരികളെ താഴ്ത്തി. ഇന്നു യുഎസ് ഫ്യൂച്ചേഴ്സും നേട്ടത്തിലല്ല.
ചൈനീസ് ഡിമാൻഡ് വർധിക്കും എന്ന നിഗമനത്തിൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്കു 114 ഡോളറിലേക്കു കുതിച്ചിട്ടുണ്ട്. വ്യാവസായിക ലോഹങ്ങൾക്കു വില കൂടി. സ്വർണവും ഉയർന്നു.
ഏഷ്യൻ വിപണികളിൽ കരുതലോടെയുള്ള തുടക്കമാണ് ഇന്നു രാവിലെ കണ്ടത്. ഏപ്രിലിൽ ചൈനയിലെ വ്യവസായ ഉൽപാദനം 2.9 ശതമാനം ഇടിഞ്ഞതും റീട്ടെയിൽ വിൽപന 11.1 ശതമാനം താഴ്ചയിലായതും വൈദ്യുതി ഉൽപാദനം കുത്തനെ താണതും ഒട്ടും നല്ല സൂചനകളല്ല നൽകുന്നത്.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ചൈനീസ് ജിഡിപി കുറയുന്നതിനെപ്പറ്റി നിരീക്ഷകർ ചർച്ച തുടങ്ങി. അതേ സമയം ഒരാഴ്ചകഴിഞ്ഞ് ഷാങ്ഹായിയിലെ പൊതുഗതാഗതം പുനരാരംഭിക്കും എന്ന പ്രഖ്യാപനവും ചൈനീസ് കേന്ദ്രബാങ്ക് പലിശ കുറയ്ക്കാനുള്ള സാധ്യതയും ചൈനയെപ്പറ്റി പ്രത്യാശ നൽകുന്നു. പരസ്പര വിരുദ്ധമായ ഈ വിലയിരുത്തലുകൾ വിപണിയിലെ അനിശ്ചിതത്വം കൂട്ടുന്നതേ ഉള്ളു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,854-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 15,897ലേക്കു കയറിയിട്ടു വീണ്ടും താഴ്ന്ന് 15,880ലായി. ചെറിയ നേട്ടത്തിൽ ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങുമെന്നാണു സൂചന.
നല്ല ആവേശത്തോടെയാണ് ഇന്നലെ ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത്. എന്നാൽ ഇടയ്ക്കു വിൽപന സമ്മർദത്തിൽ ആവേശം നഷ്ടമായി. ബാങ്ക്, ധനകാര്യ, വാഹന, റിയൽറ്റി മേഖലകളുടെ ഉണർവാണു വിപണിയെ സഹായിച്ചത്.
സെൻസെക്സ് ഇന്നലെ 180.22 പോയിൻ്റ് (0.34%) നേട്ടത്തിൽ 52,973.84 ലും നിഫ്റ്റി 60.15 പോയിൻ്റ് (0.38%) ഉയർന്ന് 15,842.3 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.25 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.12 ശതമാനവും ഉയർന്നു.
15,735-നു താഴാേട്ടു പോകാതെ നിഫ്റ്റിക്കു നിൽക്കാനായി എന്നതാണ് വിപണി ആശ്വാസകരമായി കാണുന്നത്. അവിടെ നിന്നു വീണാൽ 15,400-14,800 മേഖലയിലേ അടിത്തറ കണ്ടു തിരിച്ചു കയറാനാകുകയുള്ളു എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ കരുതുന്നത്.
അതേ സമയം 16,050- 16,200 മേഖലയിലെ പ്രതിരോധം മാറ്റമില്ലാതെ തുടരുകയാണ്. 16,000-നു മുകളിൽ വിൽപന സമ്മർദം ശക്തമാണ്. ആ മേഖല കടക്കാനുള്ള ആക്കം തിരിച്ചുകയറ്റ റാലിക്ക് ഉണ്ടായാലേ ബുള്ളുകൾക്കു വിപണിയെ വരുതിയിലാക്കാനാകൂ. ഇന്നു നിഫ്റ്റിക്ക് 15,730-ലും 15,615 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 15,975-ഉം 16,090- ഉം തടസം സൃഷ്ടിക്കും.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1788.93 കോടി രൂപയുടെ വിൽപനക്കാരായി. സ്വദേശി ഫണ്ടുകൾ 1428.39 കോടിയുടെ ഓഹരികൾ വാങ്ങി. വിദേശികൾ ഫ്യൂച്ചേഴ്സിൽ ഗണ്യമായ വാങ്ങൽ നടത്തി.
ക്രൂഡ് ഓയിൽ വില അപ്രതീക്ഷിതമായി ഉയർന്നു. ചൈന ഷാങ്ഹായിയിലും മറ്റും ലോക്ക് ഡൗൺ പിൻവലിക്കുന്നതു കണക്കിലെടുത്താണു വില കൂടിയത്. ഇന്നു രാവിലെ115 ഡോളറിലേക്കു ബ്രെൻ്റ് ഇനം ക്രൂഡ് കയറി. ഡബ്ള്യുടിഐ ഇനവും തൊട്ടടുത്ത് (114.8) എത്തി.
വർഷങ്ങൾക്കു ശേഷമാണു ബ്രെൻ്റും ഡബ്ള്യുടിഐയും തമ്മിലുള്ള വിലവ്യത്യാസം ഒരു ഡോളറിൽ താഴെയാകുന്നത്. പ്രകൃതിവാതക വില 8.12 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾക്കു ചൈന ലോക്ക്ഡൗൺ പിൻവലിക്കുന്നത് ആശ്വാസകരമായി. ചെമ്പ് 2.1 ശതമാനം ഉയർന്ന് 9255.3 ഡോളർ ആയി. അലൂമിനിയം കഴിഞ്ഞ ദിവസം ഉയർന്നതിനാൽ ഇന്നലെ കാര്യമായി മാറിയില്ല.
സിങ്ക്, ടിൻ, ഇരുമ്പയിര്, ലെഡ് തുടങ്ങിയവ ഉയർന്നു. അതേസമയം നിക്കൽ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു.
സ്വർണം ഇന്നലെ 1787 വരെ ഇടിഞ്ഞിട്ട് തിരിച്ചു കയറി. ഇന്നു രാവിലെ 1823 ഡോളറിൽ വ്യാപാരം തുടങ്ങിയിട്ട് 1827-1829 ഡോളറിലേക്ക് ഉയർന്നു. പിന്നീട് 1826-1827 ഡോളറിലായി. കേരളത്തിൽ ഇന്നലെ സ്വർണവില മാറ്റമില്ലാതെ (പവനു 37,000 രൂപ) തുടർന്നു. ഇന്നു വില ഉയരും.
യുഎസ് ഡോളർ സൂചിക 104.11 ൽ തുടരുന്നു. രൂപയുടെ മേൽ അധിക സമ്മർദം ഉണ്ടാവുകയില്ലെന്നാണു പ്രതീക്ഷ.
അഡാനി ലക്ഷ്യമിടുന്നത്
അഡാനി ഗ്രൂപ്പ് രാജ്യത്തെ സിമൻ്റ് വ്യവസായത്തിലെ രണ്ടാം സ്ഥാനത്തേക്ക് ഒറ്റച്ചാട്ടത്തിന് എത്തി. ഇനി സിമൻ്റ് വിപണിയിൽ എന്ത് എന്ന ചോദ്യം പല കേന്ദ്രങ്ങളും ഉയർത്തുന്നുണ്ട്. ഒന്നാം സ്ഥാനത്തുള്ള അൾട്രാടെക്ക് ആദിത്യ ബിർല ഗ്രൂപ്പിൻ്റേതാണ്. കുമാർ മംഗലം ബിർല നയിക്കുന്ന അൾട്രാടെക്ക് ശേഷി വികസനം ആലോചിക്കുന്നുണ്ട്.
അഡാനി ഗ്രൂപ്പ് ചെറുകിട-ഇടത്തരം കമ്പനികളെ ഏറ്റെടുക്കാൻ ശ്രമിക്കും എന്നാണു നിഗമനം. സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന കമ്പനികളെയാണ് അഡാനി ലക്ഷ്യമിടുക.
വിദേശ കമ്പനികളായ ഹോൾസിമും ലാഫാർജും വന്ന് സിമൻ്റ് മേഖലയിൽ അധീശത്വത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബിർലയും ബാംഗുർ ഗ്രൂപ്പും (ശ്രീ സിമൻറ്) ഡാൽമിയയും അവരുടെ ലക്ഷ്യങ്ങൾ പരാജയപ്പെടുത്തി. ഇനി അഡാനി ഒന്നാമനാകാൻ നടത്തുന്ന ശ്രമങ്ങളിൽ ആരൊക്കെ പിടിച്ചു നിൽക്കും എന്നു കാത്തിരുന്നു കാണാം.
ഹോൾസിമിൻ്റെ കൈയിൽ നിന്ന് എസിസിയും അംബുജയും സ്വന്തമാക്കുന്ന അഡാനി രണ്ടു കമ്പനികളിലെയും അവശേഷിക്കുന്ന ഓഹരികൾക്കായി ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. ഭാവിയിൽ രണ്ടു കമ്പനികളെല്ലം ഒന്നിപ്പിക്കാനാണ് അഡാനി ഉദ്ദേശിക്കുന്നത്. ബ്രാൻഡുകൾ നിലനിർത്തും.
സിമൻ്റ് കമ്പനികളെ ഏറ്റെടുക്കുന്നതോടെ അഡാനി ഗ്രൂപ്പിൻ്റെ മൊത്തം കടം 2.23 ലക്ഷം കോടി രൂപയായി ഉയരും. ഓഹരി മൂലധനത്തിൻ്റെ 2.36 മടങ്ങാണ് ഇത്. രാജ്യത്ത് ഏറ്റവുമധികം കടബാധ്യത ഉള്ള വ്യവസായ ഗ്രൂപ്പുകളിലൊന്നായി അഡാനി ഗ്രൂപ്പ് ഇതോടെ മാറും.
എൽഐസി ഓഹരി ലിസ്റ്റിംഗ് ഇന്ന്
എൽഐസിയുടെ മെഗാ ഇഷ്യു ഇന്നു ലിസ്റ്റ് ചെയ്യുകയാണ്. അനൗപചാരിക വിപണിയിലെ വിലനിലവാരം കാണിക്കുന്നത് ലിസ്റ്റിംഗിനു ശേഷം ഓഹരിവില താഴുമെന്നാണ്. 949 രൂപയ്ക്കാണ് ഇഷ്യു നടത്തിയത്. എന്നാൽ പോളിസി ഉടമകൾക്കു 889 രൂപയ്ക്കും ചില്ലറ നിക്ഷേപകർക്ക് 904 രൂപയ്ക്കും ഓഹരി കിട്ടി.
വില താഴുന്നതിൻ്റെ പേരിൽ ഓഹരി വിറ്റു മാറേണ്ട കാര്യമില്ല എന്നാണു നിക്ഷേപ വിദഗ്ധർ പറയുന്നത്. മധ്യ-ദീർഘകാല നിക്ഷേപമായി ഈ ഓഹരിയെ കാണാനാണ് അവർ ഉപദേശിക്കുന്നത്.
പലിശവർധന എവിടം വരെ?
ബാങ്കുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം വട്ടവും വായ്പാപലിശ കൂട്ടി. ഇനിയും കൂട്ടും. റിസർവ് ബാങ്ക് മേയ് ആദ്യം റീപോ നിരക്ക് നാലിൽ നിന്നു 4.4 ശതമാനമായി കൂട്ടിയിരുന്നു. അടുത്ത മാസങ്ങളിലും റീപോ നിരക്കു കൂട്ടുമെന്നാണു സൂചന. ഓഗസ്റ്റാേടെ നിരക്ക് 5.25 ശതമാനമാക്കും എന്ന് എസ്ബിഐയുടെ ഗവേഷണ വിഭാഗം കരുതുന്നു.
കോവിഡിനു മുമ്പത്തെ നിരക്കാണിത്. എന്നാൽ നിരക്കു വർഷാവസാനത്തോടെ ആറു ശതമാനമാക്കുമെന്നാണു വിദേശബ്രോക്കറേജുകൾ കണക്കാക്കുന്നത്. അങ്ങനെ വന്നാൽ ഭവനവായ്പയും മറ്റും എട്ടര ശതമാനത്തിലധികമാകും. കൺസ്യൂമർ വായ്പകൾക്കും നിരക്ക് കുത്തനെ കൂടും.
This section is powered by Muthoot Finance