ആശ്വാസറാലിക്ക് ഒരുങ്ങി വിപണി; ആശങ്കകൾ അകലുന്നില്ല; ക്രൂഡ് വിപണിയിൽ എന്തു സംഭവിക്കും? ഐടിയുടെ താഴ്ച എവിടം വരെ?

തിരിച്ചുകയറാനുള്ള ശ്രമങ്ങൾ മുഴുവൻ പരാജയപ്പെടുത്തിയാണ് ഇന്നലെ പാശ്ചാത്യ വിപണികൾ ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളെ ശക്തമായ ആശ്വാസ റാലിയിലേക്കു നയിക്കാവുന്ന ഒന്നും ആ വിപണികൾ നൽകിയിട്ടില്ല. എങ്കിലും യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ഉയർച്ചയിലായി. ലാറ്റിനമേരിക്കൻ വിപണികൾ ഉയർച്ചയിലായിരുന്നു. ആ ശുഭപ്രതീക്ഷയിലാണ് ഇന്ന് ഏഷ്യൻ വ്യാപാരം.

ക്രൂഡ് ഓയിൽ വീണ്ടും ഉയരുകയും ഡോളറിൻ്റെ ക്ഷീണത്തെ തുടർന്ന് സ്വർണം കുതിച്ചു കയറുകയും ചെയ്തു. വ്യാവസായിക ലോഹങ്ങളുടെ വില സമ്മിശ്രമായിരുന്നു. പ്രധാനമായും ഡോളറിനു വിവിധ കറൻസികളുമായുള്ള വിനിമയ നിരക്കാണു വിലയിലെ ചലനങ്ങൾക്ക് ആധാരം.
ഏഷ്യൻ വിപണികൾ ഇന്നു ചെറിയ നേട്ടത്താേടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ 0.3 ശതമാനം ഉയർന്നു. പിന്നീട് ഒരു ശതമാനം നേട്ടത്തിലായി. കൊറിയയിൽ വിപണി ഒരു ശതമാനത്താേളം ഉയർന്നു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 16,020-ലേക്കു കയറിയിട്ട് 15,949-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും 16,005 ലേക്കു കയറി. നല്ല നേട്ടത്തോടെ ഇന്നു വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വ്യാഴാഴ്ച ഇന്ത്യൻ വിപണി തുടക്കത്തിലേ താഴ്ചയിലായിരുന്നു. പിന്നീടു കയറാൻ ശ്രമിച്ചതുമില്ല. സെൻസെക്സ് 1416.3 പോയിൻ്റ് (2.61%) തകർന്ന് 52,792.23ലും നിഫ്റ്റി 430.9 പോയിൻ്റ് (2.65%) നഷ്ടത്തിൽ 15,809.4 ലും ക്ലോസ് ചെയ്തു.
എല്ലാ വ്യവസായ മേഖലകളും തകർന്ന ഇന്നലെ ഐടിയും (5.74 ശതമാനം) മെറ്റലും (4.08%) തകർച്ചയ്ക്കു മുന്നിൽ നിന്നു. ടിസിഎസും ഇൻഫിയും വിപ്രാേയും എച്ച്സിഎലും ടെക് മഹീന്ദ്രയും അഞ്ചു മുതൽ 6.3 വരെ ശതമാനം ഇടിവിലായി. മിഡ് ക്യാപ് 2.99% വും സ്മോൾ ക്യാപ് 2.68% വും താഴ്ന്നു.
വിപണി പൂർണമായും കരടികളുടെ നിയന്ത്രണത്തിലായ ചിത്രമാണ് ഇന്നലെ ലഭിച്ചത്. നിഫ്റ്റി ഓരോ തവണയും ഉയർച്ചയുടെ തോതു കുറയ്ക്കുകയും താഴ്ചയുടെ തോതു കൂട്ടുകയും ചെയ്യുകയാണ്. ഇന്നലെ 15,735 മേഖലയാണ് നിഫ്റ്റി അടിത്തട്ടായി കണ്ടത്. താഴുന്ന ടോപ്പും കൂടുതൽ ആഴത്തിലുള്ള ബോട്ടവും ശുഭസൂചന നൽകുന്നില്ല. വിപണിയിലെ ഓപ്പൺ ഇൻ്ററസ്റ്റ് പുട്ട് ഓപ്ഷനുകളിൽ ഭൂരിപക്ഷവും 15,000 ആയി മാറി. കഴിഞ്ഞ ദിവസം വരെ 16,000 ആയിരുന്നു.
നിഫ്റ്റിക്ക് 15,730-ലും 15,650-ലും സപ്പോർട്ട് ഉണ്ടെന്ന് സാങ്കേതികവിശകലന വിദഗ്ധർ പറയുന്നു.15,940-ഉം 16,065 ഉം പ്രതിരോധ മേഖലകളാണ്.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 4899.92 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ വാങ്ങിയത് 3225.54 കോടിയുടേത്. ഇൻഡെക്സ് ഫ്യൂച്ചേഴ്സിൽ വിദേശികൾ ഇന്നലെ അസാധാരണ തോതിൽ വാങ്ങൽ നടത്തി.
ബൈഡനും രാജകുമാരനും ക്രൂഡ് വിലയും
ക്രൂഡ് ഓയിൽ വില തിരിച്ചുകയറി. ഇന്നലെ രാവിലെ 109 ഡോളറിലായിരുന്ന ബ്രെൻ്റ് ഇനം ക്രൂഡ് 112 ഡോളറിലേക്കു കയറി. ഇന്നു രാവിലെ 111.4 ലേക്കു താഴ്ന്നു.
ഇതിനിടെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തും എന്ന റിപ്പോർട്ട് വില കുറയാൻ കാരണമായി. പ്രസിഡൻ്റാകും മുമ്പ് രാജകുമാരനെ പലവട്ടം വിമർശിച്ചുള്ളയാളാണു ബൈഡൻ.
ഒരു സൗദി -അമേരിക്കൻ മാധ്യമപ്രവർത്തകനെ വധിച്ചതുമായി ബന്ധപ്പെട്ടു രാജകുമാരനെ പ്രതിപ്പട്ടികയിൽ നിർത്തിയായിരുന്നു ബൈഡൻ്റെ വിമർശനം. കിരീടാവകാശിയുമായി ചർച്ച നടത്താൻ ബൈഡൻ തയാറാകുന്നത് ക്രൂഡ് വിലയെ സ്വാധീനിക്കും എന്നുറപ്പാണ്. അടുത്ത മാസം ഗൾഫ് സഹകരണ കൗൺസിൽ യോഗത്തിലാകും കൂടിക്കാഴ്ച.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ കയറുകയും ഇറങ്ങുകയും ചെയ്തു. ഡോളർ വിനിമയ നിരക്ക് മാറി മറിഞ്ഞു. ഡോളർ സൂചിക ഇന്നലെ ചാഞ്ചാടി. ഈ ചാഞ്ചാട്ടമാണു ലോഹ വിലകളിൽ പ്രതിഫലിച്ചത്. ഇരുമ്പയിരും ചെമ്പും സിങ്കും കയറിയപ്പോൾ അലൂമിനിയവും ലെഡും നിക്കലും താഴ്ന്നു.
ഡോളറിൻ്റെ ദൗർബല്യത്തിൽ സ്വർണം ഇന്നലെ കയറി. 1810 ഡോളറിൽ നിന്ന് 1850 ഡോളർ വരെ കയറിയ സ്വർണം ഇന്നു രാവിലെ 1838-1840 മേഖലയിലാണു വ്യാപാരം. ഡോളർ സൂചിക ഇന്നു രാവിലെ 102.97 ലാണ്. 103 നു മുകളിലേക്കു കയറിയാൽ സ്വർണം താഴോട്ടു നീങ്ങും. കേരളത്തിലെ ഇന്നലെ 160 രൂപ വർധിച്ച് 37,040 രൂപയിലെത്തിയ സ്വർണം ഇന്നു വീണ്ടും കയറാം.
ഡോളർ ഇന്നലെ 77.73 രൂപയിലേക്ക് കയറിയെങ്കിലും പിന്നിട് 77.65 രൂപയിൽ ക്ലോസ് ചെയ്തു. മൂന്നു പൈസ നേട്ടം.
മാന്ദ്യഭീതി ഇങ്ങനെ
അമിത വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള പലിശ ഉയർത്തൽ വളർച്ച മാറ്റി മാന്ദ്യം വരുത്തുമെന്ന ആശങ്കയാണു വിപണികളെ താഴോട്ടു വലിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം തീരെ താഴ്ന്ന പലിശയും ഉദാരമായ പണലഭ്യതയും ചേർന്ന് ആസ്തിവിലകളെ അമിതമായി ഉയർത്തിയിരുന്നു.
പലിശ കൂടുകയും പണലഭ്യത കുറയുകയും ചെയ്യുമ്പോൾ ആസ്തിവിലകളിലെ ദുർമേദസ് മാറ്റാതെ തരമില്ല. അമേരിക്കയിലെ ടെക്നോളജി ഓഹരികൾ അമിതമായി ഉയർന്നതുമൂലം ഇപ്പോൾ നാസ്ഡാക് സൂചിക കുത്തനെ താണു. ഈ വർഷം ഇതുവരെ ഡൗ ജോൺസ് സൂചിക 14.57 ശതമാനവും എസ് ആൻഡ് പി 18.68 ശതമാനവും ഇടിഞ്ഞപ്പോൾ നാസ്ഡാക് സൂചിക 28.7 ശതമാനം തകർച്ചയിലായി. ചില നിരീക്ഷകർ നാസ്ഡാക് 50 ശതമാനം ഇടിയേണ്ടതുണ്ടെന്നാണു പറയുന്നത്.
അമിത കുതിപ്പ് കാണിക്കാതിരുന്ന എസ് ആൻഡ് പി ഇപ്പാേഴത്തെ 3900-ൽ നിന്ന് 2900 ലേക്കു താഴണമെന്നു കരുതുന്നവരുമുണ്ട്. ഇന്ത്യയിൽ ഒക്ടോബറിലെ റിക്കാർഡിൽ നിന്നു മുഖ്യസൂചികകൾ 15 ശതമാനം താഴ്ന്നതു പോരാ എന്നു വിലയിരുത്തുന്ന വിദേശ ബ്രോക്കറേജുകളും അനാലിസ്റ്റുകളും ഉണ്ട്.
ഐടി തകർച്ച
ഇന്ത്യയിൽ നിഫ്റ്റി ഐടി സൂചിക ജനുവരിയിലെ റിക്കാർഡ് ഉയരത്തിൽ നിന്ന് 28 ശതമാനം താഴ്ചയിലാണ്. ഐടി മേഖലയുടെ ലാഭക്ഷമത ഇടിഞ്ഞെന്നാണു നിക്ഷേപബാങ്ക് ജെപി മോർഗൻ്റെ വിലയിരുത്തൽ.
കഴിഞ്ഞ ഡിസംബറിലവസാനിച്ച പാദത്തിൽ നിന്നു താഴോട്ടാണു കമ്പനികളുടെ വരുമാനവും ലാഭ മാർജിനും നീങ്ങുക എന്ന് അവർ കണക്കാക്കി. ഐടി കമ്പനികളുടെ പിഇ അനുപാതം അവർ 10 ശതമാനം താഴ്ത്തി.
ഐടി കമ്പനികളുടെ വിപണിമൂല്യം 8.96 ലക്ഷം കോടി രൂപ കണ്ടു കുറഞ്ഞു. 2021-ൽ ഐടി മേഖല 24.1 ശതമാനം നേട്ടമുണ്ടാക്കിയതാണ്.
ജി എസ് ടി വിധി
ജിഎസ്ടി (ചരക്കു - സേവന നികുതി) സംബന്ധിച്ച സുപ്രീം കോടതി വിധി പ്രസക്തമാവുകയില്ലെന്ന് നിരീക്ഷകർ കരുതുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമുള്ള നിയമനിർമാണ അധികാരത്തിനു മുകളിലല്ല ജിഎസ്ടി കൗൺസിലിൻ്റെ ശിപാർശ എന്നാണു വിധി. ഇതിനർഥം കൗൺസിൽ ശിപാർശ മറികടന്നു സംസ്ഥാനങ്ങൾക്കു നിയമം ഉണ്ടാക്കാം എന്നല്ല. ബിജെപി ഇതര പാർട്ടികൾ വിധിയെ സ്വാഗതം ചെയ്തെങ്കിലും അതിനു തക്ക കാര്യം വിധിയിൽ ഇല്ല.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it