കുതിപ്പ് തുടരാൻ വിപണി; ചൈനീസ് ക്ഷീണത്തിൽ ക്രൂഡ് വില ഇടിഞ്ഞു; വിലക്കയറ്റത്തിൽ ചെറിയ ആശ്വാസം; വിദേശികൾ ആവേശത്തോടെ

ചൈനയുടെ വളർച്ച സാരമായ തിരിച്ചടി നേരിടുന്നത് ആഗോള വളർച്ചയെ ബാധിക്കുമെന്ന ആശങ്ക മറികടന്നാണു തിങ്കളാഴ്ച വിപണികൾ പ്രവർത്തിച്ചത്. തുടക്കത്തിൽ താഴോട്ടു പോയ യുഎസ് സൂചികകൾ തിരിച്ചു കയറി മിതമായ നേട്ടത്തിൽ ക്ലോസ് ചെയ്തു. അതേ സമയം ഡിമാൻഡ് കുറയുമെന്ന ഭീതിയിൽ ക്രൂഡ് ഓയിൽ വില അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. വ്യാവസായിക ലോഹങ്ങൾ രണ്ടു മുതൽ അഞ്ചു വരെ ശതമാനം താഴാേട്ടു പോയി. ഇന്നു വ്യാപാരത്തിനു മേൽ നിഴൽ പരത്താൻ ഇവ കാരണമാകും. എങ്കിലും കഴിഞ്ഞ ആഴ്ചകളിലെ നേട്ടം തുടരാനാണ് ഇന്ത്യൻ വിപണി ശ്രമിക്കുന്നത്. പൊതു സാമ്പത്തിക സൂചകങ്ങൾ ആവേശകരമല്ലെങ്കിലും വിപണിയെ നിരാശപ്പെടുത്തുന്നവയല്ല.

ഇന്നലെ ഡൗ ജോൺസ് 0.45 ശതമാനവും നാസ്ഡാക് 0.62 ശതമാനവും ഉയർന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേരിയ താഴ്ചയിലാണെങ്കിലും നിക്ഷേപക മനോഭാവം പോസിറ്റീവാണ്. വോൾമാർട്ടിൻ്റെയും മറ്റും റിസൽട്ട് ഇന്നു വരുന്നതാകും പടിഞ്ഞാറൻ വിപണിഗതിയെ നിർണയിക്കുക.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ സമ്മിശ്ര ചിത്രമാണു നൽകുന്നത്. ജാപ്പനീസ് സൂചിക നിക്കൈ ചെറിയ താഴ്ചയോടെയാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടം കുറച്ചു. ദക്ഷിണ കൊറിയൻ വിപണി തുടക്കത്തിലേ നേട്ടം കാണിച്ചു. ചൈനയും നേട്ടത്തിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി തിങ്കളാഴ്ച 17,857 വരെ കയറി. ഇന്നു രാവിലെ അൽപം താണ് 17,835 ലാണു വ്യാപാരം. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
തുടർച്ചയായ നാലാമത്തെ ആഴ്ചയും മുഖ്യസൂചികകൾ ഉയർന്നതോടെ ഇന്ത്യൻ വിപണി ജൂണിലെ താഴ്ചയിൽ നിന്നു പത്തു ശതമാനത്തിലേറെ നേട്ടത്തിലായി. കഴിഞ്ഞയാഴ്ച സെൻസെക്സ് 1.84 ശതമാനവും നിഫ്റ്റി 1.73 ശതമാനവും ഉയർന്നു. വെള്ളിയാഴ്ച സെൻസെക്സ് 130.18 പോയിൻ്റ് (0.22%) കയറി 59,462.78 ൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി 39.18 പോയിൻ്റ് (0.22%) കയറി 17,698.15ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.73 ശതമാനം കയറിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.25 ശതമാനമേ ഉയർന്നുള്ളൂ.
വിദേശ നിക്ഷേപകർ ആവശപൂർവമാണു വിപണിയിൽ എത്തുന്നത്. വെള്ളിയാഴ്ച 3040.46 കോടി രൂപ വിദേശികൾ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചു. കഴിഞ്ഞയാഴ്ച മൊത്തം 104 കോടി ഡോളറും ഓഗസ്റ്റിൽ ഇതുവരെ 283 കോടി ഡോളറും വിദേശികൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്.
നിഫ്റ്റിക്ക് ഇന്ന് 17,625 ലും 17,550 ലും സപ്പോർട്ട് ഉണ്ട്. ഉയർച്ചയിൽ 17,750-ഉം 17,810-ഉം തടസങ്ങളാകും.
ക്രൂഡ് ഓയിൽ ഇന്നലെ വലിയ ഇടിവ് നേരിട്ടു. ചൈനയുടെ ജൂലൈയിലെ വ്യവസായ ഉൽപാദനം കുറഞ്ഞതും റിഫൈനറികളുടെ പ്രവർത്തനത്തിൽ മാന്ദ്യം ഉണ്ടായതുമാണു കാരണം. ഈ പ്രവണത തുടർന്നാൽ ജൂലൈ - ഡിസംബറിൽ അഞ്ചര ശതമാനം ജിഡിപി വളർച്ച എന്ന ലക്ഷ്യം ചൈനയ്ക്കു സാധിക്കാനാവാതെ വരും. ചൈനീസ് കേന്ദ്ര ബാങ്ക് ഇന്നലെ നിർണായക പലിശ നിരക്ക് കുറയ്ക്കുകയും വിപണിയിൽ പണലഭ്യത കൂട്ടാൻ നടപടി എടുക്കുകയും ചെയ്തു. ചൈനീസ് ഓഹരി വിപണി ചൊവ്വാഴ്ച രാവിലെ ഉയരാൻ ഇതു കാരണമായി.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വാരാന്ത്യത്തിലെ 98 ഡോളറിൽ നിന്ന് ഇന്നലെ 93 ഡോളറായി താണു. ഇന്നു രാവിലെ അൽപം ഉയർന്നു.
ചൈനയിൽ കെട്ടിട നിർമാണ മേഖലയിലെ നിക്ഷേപം കഴിഞ്ഞ മാസം 12 ശതമാനം കുറഞ്ഞതായ റിപ്പോർട്ട് വ്യാവസായിക ലോഹങ്ങളെ വലിച്ചു താഴ്ത്തി. ചെമ്പ് വില ടണ്ണിന് 8000 ഡോളറിനു മുകളിൽ നിന്ന് 7865 ലേക്കു താണു. അലൂമിനിയം നാലു ശതമാനത്തിലധികം ഇടിഞ്ഞ് 2384 ഡോളർ ആയി.നിക്കൽ വില ആറു ശതമാനത്തോളം ഇടിഞ്ഞു.
സ്വർണം വെള്ളിയാഴ്ച 1804 ഡോളറിലേക്കു കുതിച്ചു കയറി ക്ലോസ് ചെയ്തതാണ്. എന്നാൽ തിങ്കളാഴ്ച വില കുത്തനെ ഇടിഞ്ഞ് 1778 ഡോളറിലായി. ഡോളർ സൂചിക കയറിയതും ഓഹരി വിപണി ചൈനീസ് ആശങ്കകളെ മറികടന്നതുമാണു കാരണം. ഇന്നു രാവിലെ സ്വർണം 1777-1779 ഡോളറിലാണു വ്യാപാരം. നാളെ യുഎസ് ഫെഡിൻ്റെ മിനിറ്റ്സ് വന്ന ശേഷമേ സ്വർണം കാര്യമായ ചലനം കാണിക്കൂ.
കേരളത്തിൽ വെള്ളിയാഴ്ച 38,520 രൂപയിലേക്കുയർന്ന പവൻ വില ഇന്നു ഗണ്യമായി താഴും എന്നാണു സൂചന.
വെള്ളിയാഴ്ച ഡോളർ സൂചിക താഴ്ചയിലായിരുന്നതിനാൽ രൂപ കാര്യമായ മാറ്റമില്ലാതെ ഡോളറിന് 79.65 രൂപ എന്ന നിരക്കിൽ അവസാനിച്ചു. ഇന്നു ഡോളർ സൂചിക 106.6 ലേക്കു കയറിയിട്ടുണ്ട്. അതു രൂപയ്ക്കു ക്ഷീണമാകും. വാണിജ്യ കമ്മി ഉയർന്നു നിൽക്കുന്നതും രൂപയ്ക്കു പ്രതികൂലമാകും.

ജുൻജുൻവാല ഇല്ലാത്ത വിപണി

നാലു ദശകമായി ഇന്ത്യൻ ഓഹരി വിപണിയിലെ വലിയ സാന്നിധ്യമായിരുന്ന രാകേഷ് ജുൻജുൻവാലയുടെ ആകസ്മിക നിര്യാണം വിപണി പ്രവർത്തകരെ ഞെട്ടിച്ചു. വലിയൊരു നിക്ഷേപ പോർട്ട് ഫോളിയോ ഉള്ള 'ബിഗ് ബുൾ' ഇല്ലാത്തതു വിപണിയിലെ വലിയൊരു ചൈതന്യ സ്രോതസിനെയാണ് ഇല്ലാതാക്കിയത്. അദ്ദേഹം തുടക്കമിട്ട ആകാശ എയർ എന്ന വ്യോമയാന കമ്പനിയുടെ വളർച്ചയ്ക്ക് ഈ അപ്രതീക്ഷിത അന്ത്യം ചെറുതല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാം. അദ്ദേഹത്തിനു ഗണ്യമായ നിക്ഷേപമുള്ള കുറേ കമ്പനികളുടെ പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്തുകയും തിരുത്തലുകൾ നിർദേശിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപകൻ്റെ അഭാവം കാര്യമായി ബാധിക്കുക തന്നെ ചെയ്യും. ഇന്നു വ്യാപാരത്തിൽ ഈ വിഷയങ്ങൾ പ്രതിഫലിക്കാതിരിക്കില്ല. അദ്ദേഹം നിക്ഷേപിക്കുന്ന ഓഹരികൾ വാങ്ങാനും അദ്ദേഹം വിൽക്കുന്ന ഓഹരികൾ കൈയൊഴിയാനും ശ്രദ്ധിച്ചിട്ടുള്ളവർക്കു നിരാശരാകേണ്ടി വന്നിട്ടില്ല. മറ്റു പല വലിയ നിക്ഷേപകരെയും പോലെ തൻ്റെ നിക്ഷേപ കാര്യങ്ങൾ രഹസ്യമാക്കി വച്ചിരുന്നയാളല്ല ജുൻജുൻ വാല. അദ്ദേഹത്തെ ജനകീയനാക്കിയതും ഈ തുറന്ന സമീപനമാണ്.

അവിശ്വാസികൾ ഏറെ

വിപണിയുടെ ഇപ്പോഴത്തെ കുതിപ്പിനെ അവിശ്വസിക്കുന്നവർ ഇന്ത്യയിലും പുറത്തും കുറവല്ല. ഇന്ത്യൻ വിപണിയുടെ മുഖ്യസൂചികകൾ കഴിഞ്ഞ നാലാഴ്ചകൊണ്ടു 10 ശതമാനം ഉയർന്നിട്ടുണ്ട്. ഇതിനു തക്ക അന്തരീക്ഷമില്ലെന്നും കമ്പനികളുടെ വരുമാനവും ലാഭവും കുറയുന്ന കാലമാണു വരുന്നതെന്നും അവർ കരുതുന്നു. സാമ്പത്തിക മാന്ദ്യം വരുമെന്ന കാര്യത്തിലും അവർക്കു സംശയമില്ല. വിപണി സൂചികകൾ ഇപ്പോഴത്തെ നിലയിൽ നിന്ന് 50 ശതമാനം കൂടി താഴേണ്ടതുണ്ടെന്ന് ജെറേമി ഗ്രന്താമിനെപ്പോലുള്ളവർ ഇന്നലെയും അഭിപ്രായപ്പെട്ടു. സൂചികകൾ ഏതവസരത്തിലും മറ്റൊരു തിരുത്തലിനായി താഴാേട്ടു നീങ്ങാമെന്നു മുന്നറിയിപ്പ് നൽകുന്നവരും ഉണ്ട്. നിഫ്റ്റി 17,900 കടക്കുന്നതു വരെ കരുതലോടെ നീങ്ങണമെന്നാണ് മിക്കവരും ഉപദേശിക്കുന്നത്.

ആശ്വാസം നൽകാതെ സാമ്പത്തിക സൂചകങ്ങൾ

ജൂലൈയിലെ ചില്ലറ വിലക്കയറ്റം 6.71 ശതമാനമായി കുറഞ്ഞു. ജൂണിലെ വ്യവസായ ഉൽപാദന വളർച്ച 12.3 ശതമാനമായി താണു. ജൂലൈയിലെ കയറ്റുമതി വളർച്ച കേവലം 2.14 ശതമാനമായി. വാണിജ്യ കമ്മി 3000 കോടി ഡോളറിലേക്കു കുതിച്ചു കയറി.
വെള്ളിയാഴ്ച പുറത്തു വന്ന ഈ കണക്കുകളിൽ വിലക്കയറ്റത്തിലെ കുറവ് മാത്രമേ അൽപമെങ്കിലും ആശ്വാസം പകരുന്നതായി ഉള്ളു. കയറ്റുമതിയിൽ ആശങ്കാജനകമായ വീഴ്ചയാണുള്ളത്. വ്യവസായ ഉൽപാദന വളർച്ച തൃപ്തികരമല്ല.
ഏഴു ശതമാനത്തിനു മുകളിൽ നിന്ന് താഴാേട്ടു പോന്നു. അഞ്ചു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്ക്. എങ്കിലും വിലക്കയറ്റത്തിനു വച്ചിരിക്കുന്ന സഹന പരിധിയായ ആറു ശതമാനത്തിനു മുകളിലാണ്.

റീപാേ വർധനയ്ക്കു വേഗം കുറയും

ചില്ലറ വിലക്കയറ്റം കുറഞ്ഞത് അടുത്ത മാസം റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി (എംപിസി) റീപാേ നിരക്കിൽ വലിയ വർധന വരുത്താതിരിക്കാൻ സഹായിക്കും. മൂന്നു തവണയായി റീപോ നിരക്ക് നാലു ശതമാനത്തിൽ നിന്ന് 5.4 ശതമാനമായി വർധിപ്പിച്ചിരുന്നു. അടുത്ത വർധന പരമാവധി 35 ബേസിസ് പോയിൻ്റ് ആയിരിക്കുമെന്ന് ഇപ്പോൾ ധനകാര്യ നിരീക്ഷകർ പ്രതീക്ഷിക്കുന്നു. മാർച്ച് ഒടുവിലാകുമ്പോൾ റീപോ നിരക്ക് 6.0-6.25 ശതമാനം മേഖലയിലാകും എന്നാണു പലരും കരുതുന്നത്. ആഗോള ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെയാകുകയും നല്ല കാലവർഷം ഭക്ഷ്യ വിലകൾ താഴ്ത്തി നിർത്തുകയും ചെയ്യും എന്ന പ്രതീക്ഷയാണ് ഇതിന് അടിസ്ഥാനം.

ഭക്ഷ്യവില താഴുമോ?

ചില്ലറ വിലക്കയറ്റം കുറയാൻ ഭക്ഷ്യവിലകളുടെ ഇടിവാണു പ്രധാന കാരണം. ഏപ്രിലിൽ 8.31 ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം ജൂലൈയിൽ 6.75 ശതമാനമായി താണു. ഇത് എത്ര കാലം തുടരും എന്ന കാര്യത്തിൽ സംശയമുണ്ട്. പരിപ്പ് അടക്കമുള്ള പയറുവർഗങ്ങൾക്കു വില വീണ്ടും വർധിക്കുകയാണ്. സ്റ്റോക്ക് കുറവായതിനൊപ്പം പല സംസ്ഥാനങ്ങളിലും കൃഷി നാശം നേരിട്ടതും പുതിയ വിളവിറക്കൽ കുറഞ്ഞതും വില കൂടാൻ കാരണമാണ്. ഗോതമ്പിൻ്റെയും അരിയുടെയും വിലയും ഉയരുകയാണ്. നെൽകൃഷി 15 ശതമാനത്തോളം കുറവായി. ഗോതമ്പ് സ്റ്റാേക്കു നിലയും തൃപ്തികരമല്ല. അവശ്യസാധന നിയമം പ്രയോഗിച്ചു വില പിടിച്ചു നിർത്താമെന്നു കേന്ദ്രം കരുതുന്നുണ്ടെങ്കിലും അവ എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണം.
വ്യവസായ ഉൽപാദന സൂചിക (ഐഐപി) യിലെ ഉയർച്ച മേയിൽ 19.6 ശതമാനമായിരുന്നത് ജൂണിൽ 12.3 ശതമാനമായി. തലേ വർഷം ഈ മാസങ്ങളിൽ കോവിഡ് മൂലം ഉൽപാദന മേഖലയിൽ വലിയ തളർച്ച ഉണ്ടായിരുന്നു. അതു പിന്നീടുള്ള മാസങ്ങളിൽ കുറഞ്ഞു വന്നു. ജൂലൈയിൽ ഐഐപി വർധന ഒറ്റയക്കത്തിലേക്കു കുറയുമെന്നാണു നിഗമനം. കോവിഡിനു മുമ്പുള്ള 2020 ഫെബ്രുവരിയിലെ വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ജൂണിലെ വളർച്ച 2.8 ശതമാനം മാത്രമാണ്.

വിദേശ ഡിമാൻഡ് കുറയുന്നു

കയറ്റുമതി മേഖലയിൽ ഒട്ടും ആശ്വസിക്കാവുന്നതല്ല കാര്യങ്ങൾ. തലേ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ കയറ്റുമതിയിൽ കാണുന്ന വർധന യാഥാർഥ്യത്തെയല്ല കാണിക്കുന്നത്. തലേ മാസത്തേതിൽ നിന്നു കയറ്റുമതി കുറവായി. ജൂണിൽ 4013 കോടി ഡോളറിൻ്റെ കയറ്റുമതി ഉണ്ടായ സ്ഥാനത്തു ജൂലൈയിലേത് 3627 കോടി ഡോളർ മാത്രമാണ്. മേയിൽ 3894 കോടി ഡോളർ ഉണ്ടായിരുന്നു. ഇത് അത്ര നല്ല സൂചനയല്ല നൽകുന്നത്. ആഗാേള ഡിമാൻഡ് കുറയുന്നു എന്നാണു കയറ്റുമതി സംഘടനകൾ പറയുന്നത്. എൻജിനിയറിംഗ് ഉൽപന്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ കുറവു വന്നു.
വാണിജ്യകമ്മി പിടി തരാതെ വർധിച്ചു പോകുകയാണ്. ഏപ്രിൽ - ജൂലൈ നാലു മാസ കാലയളവിൽ കമ്മി 4207 കോടി ഡോളറിൽ നിന്ന് 9899 കോടി ഡോളറിലേക്കു വർധിച്ചു. 135 ശതമാനമാണു വർധന.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it