വിപണികൾ ഉഷാർ; ചൈനീസ് ഉത്തേജനം ആവേശമായി; ക്രൂഡും ലോഹങ്ങളും കയറി; ഭക്ഷ്യ എണ്ണകൾക്ക് ഇടിവ്

വിപണികൾ പൊതുവേ ഉഷാറായി. മാന്ദ്യഭീതിക്കു ചെറിയ ശമനം വന്നു. കൂടിയ പലിശ നിരക്ക് നേരത്തേ പ്രതീക്ഷിച്ചത്ര വരില്ലെന്ന ധാരണ പരന്നു. ഇന്നലെ ലോകമെങ്ങും ഓഹരി വിപണികൾ ഉത്സാഹത്തോടെ കയറി. യൂറോപ്യൻ സൂചികകൾ രണ്ടു ശതമാനം ഉയർന്നു. യുഎസ് വിപണി ഒന്നര മുതൽ രണ്ടര വരെ ശതമാനം കയറി. കരടികളെ മൂലയ്ക്കിരുത്തി ബുള്ളുകൾ വിപണിയുടെ സാരഥ്യം പിടിച്ച അവസ്ഥ.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ അൽപം താഴ്ചയിലാണെങ്കിലും ഏഷ്യൻ വിപണികൾ നല്ല നേട്ടത്തിലാണ്. ചൈനീസ് ഉത്തേജക പദ്ധതി അവയെ സഹായിക്കുന്നു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി നല്ല ആവേശത്തിലാണ്. ഇന്നു രാവിലെ 16,285 വരെ കയറിയ സൂചിക പിന്നീട് അൽപം താണു. ഇന്ന് ഇന്ത്യൻ വിപണി നല്ല നേട്ടത്താേടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.

സെൻസെക്സും നിഫ്റ്റിയും ഇന്നലെ തുടക്കം മുതലേ ഉള്ള ആവേശം ക്ലോസിംഗിലും നിലനിർത്തി. സെൻസെക്സ് ഇന്നലെ 427.49 പോയിൻ്റ് (0.8%) കുതിപ്പോടെ 54,178.46ലും നിഫ്റ്റി 143.1 പോയിൻ്റ് (0.89%) ഉയർച്ചയോടെ 16,132.9 ലും ക്ലോസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 1.35 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.57 ശതമാനവും നേട്ടമുണ്ടാക്കി. മെറ്റൽ, റിയൽറ്റി, ബാങ്കുകൾ, ധനകാര്യ കമ്പനികൾ, കൺസ്യൂമർ ഡുറബിൾസ് തുടങ്ങിയ മേഖലകൾ വലിയ നേട്ടത്തിലാണു ക്ലോസ് ചെയ്തത്. ചൈനീസ് ഉത്തേജന പാക്കേജിനെപ്പറ്റിയുള്ള വാർത്തകൾ മെറ്റൽ ഓഹരികളുടെ വലിയ കുതിപ്പിനു കാരണമായി.

വിദേശ നിക്ഷേപകർ ഇന്നലെ 925.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം സ്വദേശി ഫണ്ടുകൾ 980.59 കോടിയുടെ ഓഹരികൾ വാങ്ങി.

വിപണി ഒരു ബുൾ കാൻഡിൽ രൂപപ്പെടുത്തി എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്. നിഫ്റ്റി 16,000 കരുത്തോടെ കടന്നത് പോസിറ്റീവാണ്. എങ്കിലും 16,150 മറികടന്നു ക്ലോസ് ചെയ്യാത്തതു നിരാശാജനകമായി. ഇന്നു 16,200-നു മുകളിൽ ശക്തമായ കുതിപ്പ് സാധിച്ചാൽ വിപണിയുടെ ഹ്രസ്വകാല കുതിപ്പ് 16,700- 16,850 മേഖലയിലേക്കു കയറും.

നിഫ്റ്റിക്ക് ഇന്നു 16,070- ലും 16,005 ലും നല്ല സപ്പോർട്ട് ഉണ്ട്. 16,175-ഉം 16,215- ഉം തടസങ്ങൾ ആകാം.

ക്രൂഡ് ഓയിൽ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. ചൈനയുടെ പുതിയ ഉത്തേജക പാക്കേജ് ക്രൂഡ് ഡിമാൻഡ് വർധിപ്പിക്കും എന്ന പ്രതീക്ഷയും ഇറാനു മേലുള്ള പുതിയ ഉപരോധവും വില കയറാൻ കാരണമായി. 106 ഡോളറിലേക്കു ബ്രെൻ്റ് ഇനം ക്രൂഡ് കയറി. ഡബ്ള്യുടിഐ ഇനം 104.3 ഡോളറിലെത്തി. ഇന്നു രാവിലെ ഇതു യഥാക്രമം 104.5 ഉം 102.6 ഉം ആയി താണു.

ചൈനീസ് ഉത്തേജകം

ചൈന 22,000 കോടി ഡോളറിൻ്റെ ഉത്തേജക പാക്കേജ് നടപ്പാക്കുമെന്ന റിപ്പോർട്ട് വ്യാവസായിക ലോഹങ്ങളെ സഹായിച്ചു. പ്രത്യേക കടപ്പത്രങ്ങൾ ഇറക്കി ഇതിനു തുക സമാഹരിക്കും. അതത്രയും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു വിനിയോഗിക്കും.

സ്വാഭാവികമായും ലോഹങ്ങൾ, സിമൻ്റ്, നിർമാണ സാമഗ്രികൾ, പെയിൻ്റ് തുടങ്ങി നിർമാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഉണർവിലാകും എന്നാണു പ്രതീക്ഷ. എവർഗ്രാൻഡെ ഗ്രൂപ്പിൻ്റെ തകർച്ചയെ തുടർന്നു ചൈനയുടെ അടിസ്ഥാന സൗകര്യ വികസന മേഖല മാന്ദ്യത്തിലായിരുന്നു.

ചെമ്പുവില 4.1 ശതമാനം കുതിച്ച് ടണ്ണിന് 7834- ഡോളറിൽ എത്തി. അലൂമിനിയം 2.3 ശതമാനം ഉയർന്ന് 2443 ഡോളറായി. ഇരുമ്പയിര് 115-നു മുകളിലെത്തി. നിക്കൽ ഒഴികെയുള്ള ലോഹങ്ങൾ മൂന്നു മുതൽ അഞ്ചു വരെ ശതമാനം ഉയർന്നു.

സ്വർണം ഉയരാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട് ചെറിയ മേഖലയിൽ കയറിയിറങ്ങി. 1738-1751 ഡോളറിൽ ഇന്നലെ ചുറ്റിയ സ്വർണം രാവിലെ 1743-1745 ഡോളറിലാണ്. ഡോളർ സൂചിക 107 -ൽ നിന്നു താണതു സ്വർണത്തെ അൽപം സഹായിച്ചു.

കേരളത്തിൽ സ്വർണം ഇന്നലെ 600 രൂപ താണ് 37,480 രൂപയിലെത്തി. ഇന്നു ചെറിയ മാറ്റങ്ങളേ പ്രതീക്ഷിക്കാനുള്ളു.

ഡോളറും രൂപയും

ഡോളർ സൂചിക താഴ്ന്നെങ്കിലും രൂപയ്ക്ക് ആശ്വാസത്തിനു വകയായിട്ടില്ല. വിദേശനാണ്യ വരവ് കൂട്ടാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികളിൽ വിപണി അധികം ആവേശം കാണിച്ചില്ല. വ്യാഴാഴ്ച 79.3 രൂപയിൽ ക്ലാേസ് ചെയ്ത ഡോളർ ഇന്നലെ തുടക്കത്തിൽ 79 രൂപയ്ക്കു താഴെ എത്തി.

78.9 രൂപ വരെ താഴ്ന്ന ഡോളർ പിന്നീടു ക്രമമായി കയറി 79.18 രൂപയിലാണു ക്ലോസ് ചെയ്തത്. കമ്പനികളുടെ വിദേശനാണ്യ വായ്പകൾ പലതും വിനിമയ നിരക്കിലെ മാറ്റത്തിൽ നഷ്ടം വരാതിരിക്കാൻ ഹെഡ്ജ് ചെയ്തിട്ടില്ല. അതിനാൽ ഡോളർ വാങ്ങാൻ കമ്പനികൾ തിരക്കുകൂട്ടുന്നു.

ഡിസംബറിനകം 26,000 കോടി ഡോളറിൻ്റെ വിദേശവായ്പകളാണു കാലാവധിയാകുന്നത്. ക്രൂഡ് ഓയിൽ വില 100 ഡാേളറിനു താഴെ വന്നെങ്കിലും അത് സുസ്ഥിരമാണെന്നു തോന്നുന്നില്ല. ക്രൂഡ് വീണ്ടും റിക്കാർഡ് ഉയരങ്ങളിലെത്തുമെന്നു കരുതുന്ന അനാലിസ്റ്റുകൾ കുറവല്ല.

അയലത്തെ പലിശ

ശ്രീലങ്ക ബുധനാഴ്ചയും പാക്കിസ്ഥാൻ വ്യാഴാഴ്ചയും പലിശ നിരക്ക് കുത്തനേ കൂട്ടി. പാക്കിസ്ഥാൻ കേന്ദ്ര ബാങ്ക് പലിശ നിരക്കു 150 ബേസിസ് പോയിൻ്റ് വർധിപ്പിച്ച് 13.75 ശതമാനമാക്കി. ശ്രീലങ്കയിൽ നിരക്കു 100 ബേസിസ് പോയിൻ്റ് കൂട്ടി 15.5 ശതമാനമാക്കി.

കറൻസി തകർച്ചയും പിടിയിലൊതുങ്ങാത്ത വിലക്കയറ്റവുമാണ് അയൽപക്കത്തെ ഈ ദുർബല സമ്പദ്ഘടനകളെ ഇത്രയും ഉയർന്ന പലിശ നിരക്കിലേക്കു നയിച്ചത്. പാക് രൂപയുടെ വില 38 ഇന്ത്യൻ പൈസയായി ഇടിഞ്ഞിരിക്കുകയാണ്. ശ്രീലങ്കൻ രൂപയ്ക്ക് 22 ഇന്ത്യൻ പൈസയേ കിട്ടൂ.

ഭക്ഷ്യഎണ്ണ വിലയിൽ വലിയ ആശ്വാസം

വിലക്കയറ്റത്തിന് ആശ്വാസം പകർന്നു കൊണ്ട് ലോക വിപണിയിൽ ഭക്ഷ്യ എണ്ണകളുടെ വില ഇടിഞ്ഞു. രണ്ടു വർഷം മുമ്പത്തെ നിരക്കിനടുത്തേക്കു വിലകൾ നീങ്ങുകയാണ്. അസംസ്കൃത പാമോയിൽ വില ഒരു മാസം മുൻപത്തെ 1735 ഡോളറിൽ നിന്ന് 1150 ഡോളറിനു താഴെ എത്തി.

2021 ജൂലൈയിൽ 1135 ഡോളറായിരുന്നു വില. ഇതേപോലെ സോയാ എണ്ണ 1845 ഡോളറിൽ നിന്ന് 1400 ലേക്കും സൂര്യകാന്തി എണ്ണ 2050-ൽ നിന്ന് 1750 ഡോളറിലേക്കും ഇടിഞ്ഞു. സൂര്യകാന്തി എണ്ണ ഇപ്പാേഴും രണ്ടു വർഷം മുൻപത്തേതിലും 500 ഡോളർ ഉയരത്തിലാണ്.

പ്രമുഖ ഉൽപ്പാദകരായ യുക്രെയ്നിൽ നിന്നു കയറ്റുമതി തടസപ്പെടുന്നതാണു കാരണം. അതേ സമയം വിപണിയിൽ ആവശ്യത്തിലധികം പാമോയിൽ ഉള്ളതിനാൽ പൊതുവേ ഭക്ഷ്യ എണ്ണ വിലകൾ ഇനിയും താഴും. ഇന്ത്യയിൽ ഭക്ഷ്യ എണ്ണ വില ലിറ്ററിനു 15 രൂപയെങ്കിലും കുറയും.

ഭക്ഷ്യ എണ്ണയ്ക്കൊപ്പം ധാന്യങ്ങളുടെ വിലക്കയറ്റവും കുറഞ്ഞത് എഫ്എംസിജി നിർമാതാക്കളെയും ഭക്ഷ്യ-ബേക്കറി ഉൽ‌പാദകരെയും സഹായിക്കുന്നു.

രണ്ടാഴ്ച മുമ്പുവരെ വിലക്കയറ്റത്തെപ്പറ്റി ആവലാതി പറഞ്ഞിരുന്നവർ ഇപ്പോൾ ആശ്വാസത്തിലാണ്. ഓഹരി വിപണിയിൽ എഫ്എംസിജി കമ്പനികൾ ഇന്നലെ നല്ല നേട്ടമുണ്ടാക്കി.

ആട്ട അടക്കമുള്ള ധാന്യ പൊടികൾ കയറ്റുമതി ചെയ്യുന്നതിനു നിയന്ത്രണം പ്രഖ്യാപിച്ചതു ഭക്ഷ്യ സംസ്കരണ കമ്പനികൾക്കും എഫ്എംസിജി കമ്പനികൾക്കും നേട്ടമായി.

This section is powered by Muthoot Finance


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it