വലിയ തടസം കടന്നു വിപണി; ആകുലതകൾക്ക് അവധി; കുതിക്കും മുൻപ് സമാഹരണം; ഡോളർ വീണ്ടും കരുത്തിൽ

താഴ്ചയിൽ തുടങ്ങിയിട്ടു കുതിച്ചു മുന്നേറിയ തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി ആകുലതകളെല്ലാം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീടു പ്രവർത്തിച്ച വിപണികൾ രണ്ടു ദിവസവും ആ ആകുലതകളെ താലോലിച്ചു. മുന്നേറ്റത്തിനു തയാറാകാതെ ചെറിയ വീഴ്ചകളും ഉയർച്ചകളുമായി അവ വ്യാപാരം നടത്തി. ഇന്നു വിപണിക്കു ഗതി കാണിക്കാൻ വലിയ പാശ്ചാത്യ വിപണികൾക്കു കഴിയുന്നില്ല. യുഎസിലെ ചില്ലറ വിലക്കയറ്റ കണക്കു പുറത്തു വന്ന ശേഷം യുഎസ് ഫെഡ് പലിശ എത്ര കണ്ടു കൂട്ടും എന്ന നിഗമനത്തിൽ എത്തിയിട്ടു വേണം അവയ്ക്കു ഗതിനിർണയിക്കാൻ.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ താഴ്ചയിലാണ്. ചൈനയിലെ ഷാങ്ഹായ് കോംപസിറ്റ് സൂചികയും താഴ്ന്നു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ചെറിയ കയറ്റിറക്കങ്ങളിലായിരുന്നു. ഇന്നു രാവിലെ 17,490 വരെ താഴ്ന്ന ശേഷം 17,510 ലേക്കു സൂചിക കയറി. ഇന്ത്യൻ വിപണിയുടെ തുടക്കം നേരിയ താഴ്ചയിലോ എന്നാണ് ഇതു നൽകുന്ന സൂചന.

തിങ്കളാഴ്ച തുടക്കത്തിൽ ഏഷ്യൻ വിപണികളുടെ താഴ്ച ഇന്ത്യൻ വ്യാപാരത്തെ സ്വാധീനിച്ചു. പിന്നീടു വിപണിയിലേക്കു കൂടുതൽ പണം എത്തിയതു ഗണ്യമായ കുതിപ്പിനു സഹായിച്ചു. ഇതിൻ്റെ ഭാഗമായി നിഫ്റ്റി 17,450-17,490- ലെ വലിയ തടസം ചാടിക്കടന്നു. തലേ ആഴ്ചകളിൽ വിപണി ഗതിയെ തടസപ്പെടുത്തിയിരുന്നതാണ് ആ മേഖല. അവിടം കടന്നു കിട്ടിയതോടെ 18,000 -18,200 മേഖലയിലേക്കു സൂചിക നീങ്ങും എന്നു പലരും കരുതുന്നു. എന്നാൽ അതിനു മുൻപ് നേട്ടങ്ങൾ സമാഹരിക്കുന്ന ഒരു ഘട്ടം ഉണ്ടാകും എന്നു കരുതുന്നതാണു യുക്തിസഹം.

സെൻസെക്സ് തിങ്കളാഴ്ച 465.14 പോയിൻ്റ് (0.8%) ഉയർന്ന് 58,853.07 ലും നിഫ്റ്റി 127.6 പോയിൻ്റ് (0.73%) ഉയർന്ന് 17,525.1- ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ ചെറിയ നേട്ടമേ ഉണ്ടാക്കിയുള്ളു. ഐടി യും പൊതുമേഖലാ ബാങ്കുകളും ഒഴികെ എല്ലാ മേഖലകളും അന്നു നേട്ടത്തിലായിരുന്നു.

വിപണി ബുള്ളിഷ് മനോഭാവത്തിലാണെന്നു ചിലർ കരുതുന്നു. എന്നാൽ ഇന്നു വിദേശ പ്രവണതകൾ ഇന്ത്യൻ വിപണിയെ വലിയ കയറ്റത്തിൽ നിന്നു തടയാൻ സാധ്യതയുണ്ട്. നിഫ്റ്റിക്ക് 17,400 ലും 17,290-ലും സപ്പോർട്ട് ഉള്ളതായി സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. ഉയരുമ്പോൾ 17,600-ഉം 17,675 ഉം നിഫ്റ്റിക്കു തടസങ്ങളാകും.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച 1449.7 കോടി രൂപ ക്യാഷ് വിപണിയിൽ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 140.73 കോടിയുടെ ഓഹരികൾ വിറ്റു.

ക്രൂഡ് ഓയിൽ വില രണ്ടു ദിവസവും കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ചൊവ്വാഴ്ച 96.3 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 96.5 ലേക്കു കയറി.

വ്യാവസായിക ലോഹങ്ങൾ ചെറിയ നേട്ടത്തിലാണ്. ചെമ്പ് ടണ്ണിന് 7974 ഡോളറിലേക്കും അലൂമിനിയം 2493 ഡോളറിലേക്കും കയറി. രണ്ടു ദിവസം കൊണ്ടു രണ്ടര ശതമാനത്തോളം നേട്ടമാണു പ്രമുഖ ലോഹങ്ങൾ ഉണ്ടാക്കിയത്. മാന്ദ്യഭീതി വിപണിയിൽ നിന്ന് ഒട്ടൊക്കെ മാറി എന്നാണു സൂചന.

യുഎസ് പലിശവർധന ഉയർന്ന തോതിൽ തുടരും എന്ന നിഗമനവും ഡോളർ സൂചികയിലെ മന്ദിപ്പും സ്വർണത്തെ സഹായിച്ചു.

റെഡി വ്യാപാരം ഔൺസിന് 1800 ഡോളറിനു മുകളിലായി. അവധി വ്യാപാരം 1794-1796 നിലവാരത്തിലാണു ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 1793-1795 ലേക്കു താഴ്ന്നു.

കേരളത്തിൽ ചൊവ്വാഴ്ച പവനു 320 രൂപ വർധിച്ച് 38,360 രൂപയായി.

ഡോളർ സൂചിക 106 നു മുകളിലായതു രൂപയെ താഴ്ത്തി. തിങ്കളാഴ്ച ഡോളർ 43 പൈസ ഉയർന്ന് 79.66 രൂപയിലെത്തി. രൂപ ഇന്നും ദുർബലമായേക്കും എന്നാണു വിപണിയുടെ വിലയിരുത്തൽ.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it