Begin typing your search above and press return to search.
പിടിമുറുക്കുന്നത് അനിശ്ചിതത്വം; ബുള്ളുകൾ വിയർക്കും; വലിയ തിരുത്തലിനെപ്പറ്റി സംസാരം; രൂപയും ദുർബലം
അനിശ്ചിതത്വം വിപണിയിൽ പിടിമുറുക്കുന്നു. പുതിയ ആഴ്ചയിലെ പ്രധാന ചോദ്യങ്ങൾ അനിശ്ചിതത്വത്തെയും ആശങ്കകളെയും പറ്റിയാണ്. വിപണികൾ പ്രതിവാരനേട്ടം കാണിച്ചെങ്കിലും വെള്ളിയാഴ്ച ദിശാമാറ്റം കുറിച്ചെന്നു പലരും കരുതുന്നു. ഇന്നു വിദേശ വിപണികളിൽ നിന്നുള്ള സൂചന ഇടിവോടെയുള്ള വ്യാപാരമാണ് ഉണ്ടാവുക എന്നാണ്. വലിയ തിരുത്തലിലേക്ക് ഈ ദിശാ മാറ്റം പോകുമെന്നു കരുതുന്നവർ കുറവല്ല. നിക്ഷേപകർ കരുതലോടെ നീങ്ങേണ്ട ദിവസങ്ങളാണിത്.
പലിശനിരക്കിലെ വർധന ഉയർന്ന തോതിൽ തുടരാനുള്ള സാധ്യത വർധിച്ചെന്നാണു പല നിരീക്ഷകരും വിലയിരുത്തുന്നത്. ഒപ്പം സാമ്പത്തിക വളർച്ച കൂടുതൽ വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നു. ചൈനയിൽ കൊടും വരൾച്ച വൈദ്യുതിക്ഷാമം ഉണ്ടാക്കുന്നു. യൂറോപ്പിൽ വ്യാവസായിക ഉൽപാദനം കുറഞ്ഞു തുടങ്ങി. റീട്ടെയിൽ വിൽപനയും മന്ദഗതിയിലായി. അമേരിക്കൻ ജിഡിപി കഴിഞ്ഞ പാദത്തിൽ ചുരുങ്ങി. ഈ പാദത്തിലും ചുരുങ്ങുന്നു എന്നാണു പ്രാരംഭ കണക്കുകൾ. ഇതെല്ലാം കമ്പനികളുടെ വരുമാനവും ലാഭവും കുറയ്ക്കും എന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഈയാഴ്ച പ്രധാന സാമ്പത്തിക സൂചകങ്ങൾ ഒന്നും വരാനില്ല. കേന്ദ്ര ബാങ്ക് മേധാവികളുടെ ആഗോള സമ്മേളനം വാരാന്ത്യത്തിൽ യുഎസിലെ ജാക്സൺ ഹോളിൽ നടക്കും. അതു യുഎസ് ഫെഡ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ ഇനി എന്തു ചെയ്യും എന്നുള്ളതിലേക്കു വെളിച്ചം വീശുന്നതാണ്. അതു വരെ നിരീക്ഷകരുടെ നിഗമനങ്ങളും ആശങ്കകളും വിപണിയെ നയിക്കും.
വിദേശികൾ ആവേശത്തോടെ
വിദേശനിക്ഷേപകരുടെ സമീപനമാകും ഇന്ത്യൻ വിപണിക്കു നിർണായകം. കഴിഞ്ഞയാഴ്ചകളിൽ വിദേശികൾ ആവേശപൂർവമാണ് ഓഹരികൾ വാങ്ങിച്ചത്. വ്യാഴാഴ്ച ഗണ്യമായ വിൽപന നടത്തിയെങ്കിലും വെള്ളിയാഴ്ച അടക്കം കഴിഞ്ഞയാഴ്ച 276 കോടി ഡോളറിൻ്റെ നിക്ഷേപം അവരിൽ നിന്നുണ്ടായി. ഓഗസ്റ്റിൽ 44,500 കോടി രൂപ വിദേശികൾ ഇന്ത്യൻ വിപണിയിൽ നിക്ഷേപിച്ചു. വെള്ളിയാഴ്ച അവർ 1110.9 കോടിയുടെ ഓഹരികൾ വാങ്ങിയപ്പോൾ സ്വദേശി ഫണ്ടുകൾ 1633.21 കോടിയുടെ വിൽപനക്കാരായി. വിദേശികൾ വിപണിയിൽ നിന്നു പൊടുന്നനെ പിന്മാറില്ലെന്നും അവർ നിക്ഷേപമേഖലകൾ മാറ്റുകയേ ഉള്ളുവെന്നും ആണു നിഗമനം. എങ്കിലും ആഴ്ചയുടെ തുടക്കത്തിൽ അവരുടെ ഭാഗത്തുനിന്ന് ആവേശം പ്രതീക്ഷിക്കുന്നില്ല.
ചാഞ്ചാട്ടം തുടരും
യുഎസ് വിപണി വെള്ളിയാഴ്ച ഗണ്യമായ ഇടിവ് കാണിച്ചു. ചൊവ്വാഴ്ച 34,000-നു മുകളിൽ കയറിയ ഡൗവും 13,000-നു മുകളിൽ കയറിയ നാസ്ഡാകും അവിടെ നിൽക്കാനുള്ള കരുത്തു നേടിയില്ല. ആഴ്ചയിലെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തിയ ഡൗ ഈ ദിവസങ്ങളിൽ കൂടുതൽ താഴും എന്നാണു സൂചന. ടെക്നോളജി ഓഹരികളുടെ കാര്യത്തിൽ മൂല്യനിർണയം തിരുത്താൻ ഒരുങ്ങുകയാണു വിപണി. വമ്പൻ കമ്പനികൾ ജോലിക്കാരുടെ എണ്ണം കുറച്ചു തുടങ്ങി. നാസ്ഡാക് സൂചിക വലിയ ചാഞ്ചാട്ടങ്ങൾ തുടരും. മറ്റു രാജ്യങ്ങളിലും ടെക് മേഖല ദുർബലമായി.
വെള്ളിയാഴ്ച ഡൗ 0.86 ശതമാനവും നാസ്ഡാക് 2.01 ശതമാനവും താഴ്ന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വീണ്ടും താഴ്ചയിലാണ്. ഡൗ ഫ്യൂച്ചേഴ്സ് 0.49 ശതമാനവും നാസ്ഡാക് ഫ്യൂച്ചേഴ്സ് 0.56 ശതമാനവും ഇടിവിലാണ്.
ഇടിവോടെ തുടക്കം
ഓസ്ട്രേലിയയിലും ഏഷ്യൻ രാജ്യങ്ങളിലും ഇന്നു രാവിലെ വിപണി ഒരു ശതമാനത്തിലധികം താഴ്ചയോടെയാണു വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടം കുറച്ചു. ഹോങ് കോങ് വിപണിയും ഇടിവിലാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി കഴിഞ്ഞ ദിവസം 17,658-ലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 17,643 ലേക്കു താണിട്ട് 17,674 ലേക്കു കയറി. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വെള്ളിയാഴ്ച സെൻസെക്സ് 652.85 പോയിൻ്റ് (1.08% ) ഇടിഞ്ഞ് 59,646.15-ലും നിഫ്റ്റി 198.05 പോയിൻ്റ് (1.1%) താഴ്ന്ന് 17,758.45 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.45 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.21 ശതമാനവും നഷ്ടത്തിലായി. ബാങ്ക് നിഫ്റ്റി 1.7 ശതമാനം ഇടിഞ്ഞു. റിയൽറ്റി (1.95%), ഹെൽത്ത് കെയർ (1.34%), ഫാർമ (1.05%), മെറ്റൽ (1.57%), ധനകാര്യ സർവീസ് (1.58%) തുടങ്ങി മിക്ക മേഖലകളും താഴ്ചയിലാണ്.
കഴിഞ്ഞയാഴ്ച സെൻസെക്സിന് 0.31 ശതമാനവും നിഫ്റ്റിക്ക് 0.34 ശതമാനവും നേട്ടം ഉണ്ട്. തുടർച്ചയായ അഞ്ചാം ആഴ്ചയിലും നേട്ടമാണു കാണിച്ചതെങ്കിലും എട്ടു ദിവസത്തെ തുടർനേട്ടത്തിൻ്റെ മികവ് കൈവിട്ടു പോയി.
നിഫ്റ്റിക്ക് 17,650-ലും 17,540- ലും സപ്പോർട്ട് ഉണ്ടെന്നാണു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉയർച്ചയിലായാൽ 17,925 ലും 18,100-ലും തടസം നേരിടും.
നിഫ്റ്റിക്കു 17,710-നു മുകളിൽ ക്ലോസിംഗ് സാധ്യമായില്ലെങ്കിൽ 17,350-17,100-16,780 വഴിത്താരയിലേക്കു പതിക്കും എന്നാണു വിദഗ്ധർ വിലയിരുത്തുന്നത്. അതു 16,350 വരെ എത്താം. ഏതായാലും ബുള്ളുകൾക്കു വിപണി തിരിച്ചുപിടിക്കാൻ ഏറെ ശ്രമപ്പെടേണ്ടി വരും എന്നതാണു നില.
ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം 95.6 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 96 ഡോളറിലേക്കു കയറി. പ്രകൃതിവാതക വില 9.2 ഡോളറിനു മുകളിലാണ്.
വ്യാവസായിക ലോഹങ്ങൾ സമ്മിശ്ര ചിത്രമാണു നൽകുന്നത്. ചൈനയിലെ വൈദ്യുതി നിയന്ത്രണം താൽക്കാലികമാണെന്ന മട്ടിലാണു ലോഹ വിപണിയിലെ ചലനങ്ങൾ. ചെമ്പുവില ടണ്ണിന് 8100 ഡോളറിന് മുകളിലേക്കു കയറി. അതേ സമയം അലൂമിനിയം മുതൽ ഇരുമ്പയിരു വരെയുള്ളവ ഒന്നു മുതൽ നാലുവരെ ശതമാനം താഴ്ന്നു. സാമ്പത്തിക വളർച്ച കുറയുന്ന സാഹചര്യത്തിൽ ലോഹങ്ങൾ താഴാേട്ടു നീങ്ങും എന്നാണു നിഗമനം.
സ്വർണം കീഴോട്ടാണ്. കഴിഞ്ഞയാഴ്ച മൂന്നു ശതമാനത്തോളം ഇടിവുണ്ടായി. യുഎസ് ഫെഡ് സെപ്റ്റംബറിലും 75 ബേസിസ് പോയിൻ്റ് നിരക്കുവർധന പ്രഖ്യാപിക്കും എന്ന ആശങ്കയും ഡോളർ സൂചികയുടെ കുതിപ്പുമാണ് സ്വർണത്തെ താഴാേട്ടു വലിക്കുന്നത്. വെള്ളിയാഴ്ച സ്വർണം 1746 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1746-1748 ഡോളറിലാണു വ്യാപാരം. അതേ സമയം വെള്ളിവില ചെറിയ ഉയർച്ച കാണിച്ചു.
കേരളത്തിൽ വെള്ളിയാഴ്ച മുതൽ സ്വർണ വിലയിൽ മാറ്റമില്ല. ഡോളർ നിരക്കു കൂടിയതാണ് കാരണം.
ഡോളർ സൂചിക വാരാന്ത്യത്തിൽ 108 -നു മുകളിൽ കയറി. മാന്ദ്യവും പലിശ വർധനയും വരുമ്പോൾ ഡോളറാണു സുരക്ഷിത കറൻസി എന്ന ധാരണയാണു വിപണിയെ നയിക്കുന്നത്. ഇന്നു രാവിലെ ഡോളർ സൂചിക 108.27 ലേക്കു കയറി.
ഡോളറിൻ്റെ കയറ്റം രൂപയെ ദുർബലമാക്കി. വെള്ളിയാഴ്ച 79.77 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ഈയാഴ്ചയും രൂപ താഴോട്ടു പോകുമെന്നാണു നിഗമനം.
പലിശ കൂടുമ്പോൾ
പലിശനിരക്ക് ഉയർന്ന തോതിൽ വർധിക്കും എന്ന് ഏകദേശം ഉറപ്പായി. ഗുരുതരമായ സാമ്പത്തിക മാന്ദ്യം വരികയില്ലെങ്കിലും വളർച്ചയ്ക്കു വേഗം കുറയും എന്നാണു കേന്ദ്ര ബാങ്കുകളുടെ നിഗമനം. യൂറോപ്പും അമേരിക്കയുമൊക്കെ രണ്ടു ശതമാനത്തിലേക്കു ചില്ലറ വിലക്കയറ്റം കുറച്ചു കൊണ്ടുവരുന്നതിനാണു മുൻഗണന നൽകുന്നത്. അതിനിടെ ഒന്നോ രണ്ടോ പാദങ്ങളിൽ ജിഡിപി ചുരുങ്ങിയാലും സാരമില്ലെന്നു കണക്കാക്കുന്നു.
ജൂണിലെ താഴ്ചയിൽ നിന്ന് ഇന്ത്യയിലും വിദേശത്തും വിപണികൾ മിന്നുന്ന ഉയർച്ച കാഴ്ചവച്ചിട്ടുണ്ട്. അമേരിക്കയിൽ എസ് ആൻഡ് പി 500 സൂചിക 17 ശതമാനം കയറി. നാസ്ഡാക് 20 ശതമാനമാണ് ഉയർന്നത്. ഇന്ത്യയിൽ നിഫ്റ്റി 17 ശതമാനം തിരിച്ചു കയറിയിട്ടാണ് കഴിഞ്ഞ ദിവസം പിന്നോട്ടടിച്ചത്. ഈ കയറ്റങ്ങൾ പുതിയ ബുൾ തരംഗമാണോ അല്ലയോ എന്ന തർക്കം വിപണിയിൽ തീർന്നിട്ടില്ല. തിരുത്തൽ തീർന്നിട്ടില്ലെന്നും ഇനിയും കൂടുതൽ താഴ്ന്ന ശേഷമേ യഥാർഥ കയറ്റം തുടങ്ങുകയുള്ളു എന്നും കരുതുന്നവർ ഏറെയാണ്. സാമ്പത്തിക വളർച്ച കുറയുന്നതോടെ വരുന്ന പാദങ്ങളിൽ കമ്പനികളുടെ വരുമാനവും ലാഭവും കുറയും. സ്വാഭാവികമായി പ്രതി ഓഹരി വരുമാനവും (ഇപിഎസ്) കുറവാകും. ഓഹരിവിലകൾ താഴാതെ തരമില്ല. ഇതാണ് അവർ ചൂണ്ടിക്കാട്ടുന്നത്.
Next Story
Videos