ഗതി നിശ്ചയിക്കാതെ വിപണി; ചാഞ്ചാട്ടം തുടരുന്നു; ലോഹങ്ങൾ ഇടിയുന്നു; കാതൽ മേഖലയുടെ യഥാർഥ ചിത്രം ഇതാ.

എങ്ങോട്ടു പോകണം എന്നറിയാത്ത അവസ്ഥ. അനിശ്ചിതത്വം. അതിൻ്റെ സ്വാഭാവിക ഫലം താഴ്ചയാണ്. ഇന്നലെ പല വട്ടം ഉയരാൻ ശ്രമിച്ചിട്ടും സാധിക്കാതെ മുഖ്യ ഓഹരി സൂചികകൾ നാമമാത്ര നഷ്ടത്തിലായി. അതോടെ 2022-23 ധനകാര്യ വർഷത്തിൻ്റെ ആദ്യ പാദത്തിൽ സെൻസെക്സ് ഒൻപതു ശതമാനവും നിഫ്റ്റി പത്തു ശതമാനവും ഇടിഞ്ഞു. ജനുവരി- ജൂൺ അർധ വർഷം എടുത്താൽ സെൻസെക്സിന് 10.42% - വും നിഫ്റ്റിക്ക് 10.47% -വും തകർച്ചയാണുള്ളത്.

ആഗാേള സൂചനകളും നെഗറ്റീവ് ആണ്. യൂറോപ്യൻ ഓഹരികൾ രണ്ടു ശതമാനത്തോളം ഇടിഞ്ഞു.
അമേരിക്കൻ വിപണി തുടക്കത്തിൽ വലിയ ഇടിവു കാണിച്ചെങ്കിലും പിന്നീടു നഷ്ടം കുറച്ചു ഒടുവിൽ ഡൗ ജോൺസ് 0.82 ശതമാനവും എസ് ആൻഡ് പി 0.88 ശതമാനവും നാസ്ഡാക് 1.33 ശതമാനവും നഷ്ടത്തോടെ ക്ലോസ് ചെയ്തു. ഇതോടെ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശം അർധ വർഷമാണു യുഎസ് സൂചികകൾ പിന്നിട്ടത്. എസ് ആൻഡ് പി 20.6 ശതമാനവും നാസ്ഡാക് 29.5 ശതമാനവും ഡൗ 15.3 ശതമാനവും താഴ്ചയാണു ജനുവരി- ജൂണിൽ നേരിട്ടത്. അമേരിക്കയിൽ വ്യക്തിഗത ഉപഭോഗം പ്രതീക്ഷയിലും കുറഞ്ഞതു വീണ്ടും ഓഹരികളെ വലിച്ചു താഴ്ത്തുമെന്ന് ത്തശങ്കയുണ്ട്. ഏപ്രിലിൽ 0.7 ശതമാനം വർധിച്ച സ്വകാര്യ ഉപഭോഗം മേയിൽ 0.4 ശതമാനം കുറഞ്ഞു. പ്രമുഖ കമ്പനികളുടെ റിസൽട്ട് ഈ ദിവസങ്ങളിൽ വരുന്നതും വിപണിയെ ബാധിക്കും.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലേക്കു മാറി. സെമികണ്ടക്ടർ കമ്പനി മൈക്രോൺ ടെക്നോളജി പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തു വിട്ടതാണ് നേട്ടത്തിനു കാരണം. ഏഷ്യൻ വിപണികൾ സമ്മിശ്ര ചിത്രം നൽകി. നേട്ടത്തോടെ തുടങ്ങിയ ജാപ്പനീസ് വിപണി പിന്നീടു താഴ്ചയിലായി. കൊറിയൻ വിപണിയും താഴോട്ടു നീങ്ങി. തായ് വാൻ വിപണി ഒരു ശതമാനം താഴ്ന്നാണു വ്യാപാരം തുടങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 15,722 വരെ താണു. ഇന്നു രാവിലെ സൂചിക ചാഞ്ചാടി. 15,720 വരെ താഴ്ന്നിട്ട് തിരിച്ചു കയറി 15,750 ലെത്തി. ഇന്ത്യൻ വിപണി ചെറിയ താഴ്ചയോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
മേയ് മാസത്തിലെ കാതൽ മേഖലാ വ്യവസായങ്ങളുടെ ഉൽപാദനം ഗണ്യമായി വർധിച്ചതും ബജറ്റ് കമ്മി പ്രതീക്ഷയിൽ ഒതുക്കുമെന്ന സൂചനയും ഇന്നു വിപണിയെ സഹായിക്കുമെന്നു കരുതപ്പെടുന്നു.
വ്യാഴാഴ്ച സെൻസെക്സ് ചാഞ്ചാട്ടങ്ങൾക്കു ശേഷം 8.03 പോയിൻ്റ് (0.02%) കുറഞ്ഞ് 53,018.94 ലും നിഫ്റ്റി 18.88 പോയിൻ്റ് (0.12%) കുറഞ്ഞ് 15,780.25 ലും ക്ലോസ് ചെയ്തു. മിഡ്, സ്മോൾ ക്യാപ് സൂചികകൾ കൂടുതൽ താഴ്ചയിലാണ് അവസാനിച്ചത്. റിയൽറ്റി, മെറ്റൽ, ഐടി, വാഹന കമ്പനികൾ വലിയ ഇടിവിലായിരുന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും മാത്രമാണു നേട്ടം കാണിച്ചത്.
വിദേശ നിക്ഷേപകർ ഇന്നലെ 1138.05 കോടിയുടെ ഓഹരികൾ ക്യാഷ് വിപണിയിൽ വിറ്റു. ഈ വർഷം ഇതുവരെ വിദേശികൾ 2.3 ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിച്ചു. സ്വദേശി ഫണ്ടുകൾ ഇന്നലെ 1378.2 കോടിയുടെ ഓഹരികൾ വാങ്ങി.
അനിശ്ചിതത്വം നീക്കാൻ തക്ക ചലനങ്ങളൊന്നും വിപണിയിൽ ദൃശ്യമാകുന്നില്ല. ഹ്രസ്വകാലത്തിൽ പാർശ്വ നീക്കങ്ങൾ തുടരാനാണു സാധ്യത. നിഫ്റ്റിക്ക് 15,710-ലും 15,640-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 15,870-ലും 15,960-ലും തടസങ്ങൾ നേരിടും.
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. വിപണിയിൽ ലഭ്യത വർധിച്ചതാണു കാരണം. 114.8 ഡോളറിലാണ് ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ. ജൂലൈയിലെ ഒപെക് പ്ലസ് പ്രതിദിന ഉൽപാദനം 6.24 ലക്ഷം ബാരൽ കണ്ടു വർധിപ്പിക്കാൻ തീരുമാനമായി. ജൂണിലെ തോതു തന്നെയാണിത്.
വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു. നിക്കൽ 6.67%, സിങ്ക് 4.4%, ചെമ്പ് 2.4%, അലൂമിനിയം 1.6%, ടിൻ 1.1% എന്നിങ്ങനെയാണു വിലയിടിവ്. ചെമ്പുവില ടണ്ണിന് 8000 ഡോളറിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്.
സ്വർണം വീണ്ടും ഇടിഞ്ഞു. ഡോളർ സൂചിക ഇന്ന് അൽപം ഉയർന്നാൽ 1800 ഡോളറിനു താഴാേട്ട് സ്വർണം എത്തും. ഇന്നലെ 1827-ൽ നിന്ന് 1801 വരെ താണ സ്വർണം രാവിലെ 1805-1807 ഡോളറിലാണ്. ക്രിപ്റ്റോ കറൻസികൾ വീണ്ടും ഇടിഞ്ഞു. ക്രിപ്റ്റോകൾക്കെതിരേ റിസർവ് ബാങ്ക് ഗവർണർ സംസാരിച്ചതും വിപണിയെ ദുർബലമാക്കി. സമ്പദ്ഘടനയ്ക്കു ഭീഷണിയായാണു ഗവർണർ ശക്തികാന്ത ദാസ് ഇവയെ വിശേഷിപ്പിച്ചത്.
കേരളത്തിൽ സ്വർണം പവന് ഇന്നലെ 80 രൂപ കുറഞ്ഞ് 37,320 രൂപയായി. ജൂണിലെ ഏറ്റവും താഴ്ന്ന വിലയായിരുന്നു അത്. ഇന്നു സ്വർണവില വീണ്ടും കുറയും.
രൂപ ഇന്നലെ ഡോളറിനോടു പിടിച്ചു നിന്നു. മാസാന്ത്യ ക്ലോസിംഗിൽ ഡോളർ 79 രൂപ കടക്കാതിരിക്കാൻ റിസർവ് ബാങ്ക് ശ്രമിച്ചതു പോലെ തോന്നി. രാവിലെ ഡോളർ 78.87 രൂപ വരെ താണെങ്കിലും ക്ലോസിംഗ് 78.97 രൂപയിലായിരുന്നു. ഡോളർ സൂചിക 104.74 വരെ താണിട്ടുണ്ട്.

കാതൽ മേഖലയിലെ വളർച്ചയുടെ യഥാർഥ ചിത്രം ഇങ്ങനെ

മേയ് മാസത്തെ കാതൽ മേഖലാ വ്യവസായങ്ങളുടെ വളർച്ച 18.1 ശതമാനം ആയി ഉയർന്നു. ഏപ്രിലിൽ 9.4 ശതമാനമായിരുന്നു.
മേയിലെ വളർച്ച തലേ മേയിൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉൽപാദനം വളരെ കുറഞ്ഞിരുന്നു. 2020 മേയിൽ ലോക്ക് ഡൗൺ മൂലം ഉൽപാദനം നാമമാത്രമായിരുന്നു. 2021 മേയിൽ 16.1 ശതമാനം വളർച്ച രേഖപ്പെടുത്തിയത് 2020- ലെ നാമമാത്ര ഉൽപാദനത്തിൽ നിന്നുള്ള കയറ്റമാണ്. ഇത്തവണത്തെ 18.1 ശതമാനം വളർച്ചയും ഇങ്ങനെ തെറ്റിധരിപ്പിക്കുന്ന കണക്കാണ്.
യഥാർഥത്തിൽ ഏപ്രിലിനെ അപേക്ഷിച്ച് 2.6 ശതമാനം ഉൽപാദന വളർച്ചയാണ് മേയിൽ ഉള്ളത്. കോവിഡിനു മുമ്പുള്ള 2019 മേയ് മാസത്തെ അപേക്ഷിച്ച് 8.1 ശതമാനം വളർച്ചയേ ഇത്തവണ ഉള്ളൂ. ഈ രണ്ടു താരതമ്യങ്ങളാണ് യുക്തിസഹം. മറ്റുള്ളവ തെറ്റിധരിപ്പിക്കുന്നതാണ്.
ഏപ്രിലിനെ അപേക്ഷിച്ചു മേയിൽ രാസവള ഉൽപാദനം 31 ശതമാനം വർധിച്ചു. കൃഷിയിറക്കുന്ന സീസൺ തുടങ്ങുന്നതു പ്രമാണിച്ചാണ് ഈ വർധന. അതേ സമയം സിമൻ്റ് ഉൽപാദനം ഏപ്രിലിനെ അപേക്ഷിച്ചു 3.15 ശതമാനം കുറഞ്ഞു.

വിദേശകടത്തിൽ ആശ്വാസ വാർത്ത

ഇന്ത്യയുടെ വിദേശകടം സംബന്ധിച്ചു ചില നല്ല വാർത്തകൾ. 2020-21-ൽ വിദേശകടം ജിഡിപിയുടെ 21.2 ശതമാനമായിരുന്നത് 2021- 22 -ൽ 19.9 ശതമാനമായി കുറഞ്ഞു. മൊത്തം വിദേശകടം ഒരു വർഷം കൊണ്ട് 4710 കോടി ഡോളർ വർധിച്ച് 62,070 കോടി ഡോളറായി. കടത്തിൽ 49,910 കോടി ഡോളർ (80.4 ശതമാനം) ഒരു വർഷത്തിലേറെ കാലാവധി ഉള്ള ദീർഘകാല കടമാണ്. ഹ്രസ്വകാല കടം വിദേശനാണ്യശേഖരത്തിൻ്റെ 20 ശതമാനത്തിൽ താഴെയേ വരൂ.

This section is powered by Muthoot FinanceT C Mathew
T C Mathew  

Related Articles

Next Story

Videos

Share it