മാന്ദ്യഭീതി വീണ്ടും; ഓഹരികൾക്കു തകർച്ച; ക്രൂഡ് 100 ഡോളറിനടുത്ത്; സ്വർണവും ലോഹങ്ങളും ഇടിഞ്ഞു
വിപണികൾ ഒരേ കാര്യത്തിൽ പലവട്ടം പ്രതികരിക്കും. ഉയർന്ന വിലക്കയറ്റം നേരിടാൻ പലിശ നിരക്കു വർധിപ്പിക്കുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമെന്ന ഭീതിയിൽ വിപണികൾ ഇടിയുന്നതും ഉൽപന്ന വിലകൾ തകരുന്നതും ഈ വർഷം തന്നെ പലവട്ടം കണ്ടതാണ്.
ഇന്നലെ വീണ്ടും ഓഹരികൾ ഇടിഞ്ഞതും ക്രൂഡ് ഓയിൽ വില തകർന്നതും ലോഹങ്ങൾ കൂപ്പുകുത്തിയതും സ്വർണം താങ്ങുകൾ തകർത്തു താഴോട്ടു പോയതും മാന്ദ്യഭീതി പറഞ്ഞു കൊണ്ടാണ്. യുഎസ് കേന്ദ്ര ബാങ്ക് ഫെഡിൻ്റെ കമ്മിറ്റി (എഫ്ഒഎംസി) യോഗ മിനിറ്റ്സ് ഇന്നു പുറത്തു വരുമ്പോൾ വിപണി മറിച്ചൊന്നു ചിന്തിച്ചു കൂടെന്നില്ല.
അപ്രതീക്ഷിതമായി താഴ്ന്ന ഇന്ത്യൻ വിപണിക്കു പിന്നാലെ ഇന്നലെ യൂറോപ്യൻ വിപണികൾ കുത്തനേ ഇടിഞ്ഞു. അമേരിക്കൻ വിപണി വ്യാപാരം തുടങ്ങിയതും വലിയ താഴ്ചയിലാണ്. എന്നാൽ പിന്നീടു ക്രമേണ ഉയർന്നു. നാസ്ഡാക് 1.75 ശതമാനം ഉയർന്നപ്പോൾ എസ് ആൻഡ് പി വെറും ആറു പോയിൻ്റേ കയറിയുള്ളു. ഡൗജോൺസ് 0.42 ശതമാനം താഴ്ചയിലാണു ക്ലോസ് ചെയ്തത്.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഓസ്ട്രേലിയ, ജപ്പാൻ, കൊറിയ, ഹോങ്കോംഗ് വിപണികൾ രാവിലെ നഷ്ടത്തിലാണ്. ജപ്പാനിൽ നിക്കെെ ഒരു ശതമാനത്തിലേറെ ഇടിഞ്ഞു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി 15,871 വരെ കയറിയിട്ട് 15,772 ലേക്ക് ഇടിഞ്ഞു. ഇന്നു രാവിലെ 15,800-15,815
മേഖലയിലാണ്. ഇന്ത്യൻ വിപണി ഇന്നു ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങാനാണു സാധ്യത. പിന്നീടു യുഎസ് ഫ്യൂച്ചേഴ്സിനെ നോക്കിയാകും വിപണി നീങ്ങുക.
ഇന്നലെ നല്ല കുതിപ്പോടെ തുടങ്ങിയ ഇന്ത്യൻ വിപണി ഉച്ചയ്ക്കുശേഷം താഴോട്ടു വീണു. 53,806 വരെ ഉയർന്ന സെൻസെക്സ് 735 പോയിൻ്റ് റനഷ്ടപ്പെടുത്തി. 16,025.75 വരെ കയറിയ നിഫ്റ്റി 214.9 പോയിൻ്റ് ഇടിഞ്ഞു.
സെൻസെക്സ് 100.42 പോയിൻ്റ് (0.19%) താഴ്ന്ന് 53,134.35ലും നിഫ്റ്റി 24.5 പോയിൻ്റ് (0.15%) കുറഞ്ഞ് 15,810.85ലും ക്ലോസ് ചെയ്തു. രാവിലെ നല്ല നേട്ടമുണ്ടാക്കിയ ഐടിയും ബാങ്കുകളുമടക്കം പ്രമുഖ വ്യവസായ വിഭാഗങ്ങളെല്ലാം നഷ്ടത്തിലാണ് അവസാനിച്ചത്.മെറ്റലുകളും ഓയിൽ - ഗ്യാസും നേട്ടമുണ്ടാക്കി.
വിദേശ നിക്ഷേപകർ ഇന്നലെ വിപണിയിൽ വാങ്ങലുകാരായി. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം 2000 കോടിയിലേറെ രൂപയുടെ ഓഹരികൾ വിറ്റിരുന്ന അവർ ഇന്നലെ 1295.84 കോടിയുടെ ഓഹരികൾ വാങ്ങി. ഈ പ്രവണത തുടരുമെന്ന സൂചനയില്ല. സ്വദേശി ഫണ്ടുകൾ ഇന്നലെ 257.59 കോടിയുടെ ഓഹരികൾ വിറ്റു.
മാന്ദ്യഭീതിയെ തുടർന്ന് ക്രൂഡ് ഓയിൽ വില 10 ശതമാനത്തിലേറെ ഇടിഞ്ഞു. ഡബ്ള്യുടിഐ ഇനം 100 ഡോളറിനു താഴെ വന്നു. ബ്രെൻ്റ് ഇനം 102 ഡോളർ വരെ താണ ശേഷം ഇന്നു രാവിലെ 103.9 ഡോളറിലേക്കു കയറി. സൗദി അറേബ്യ ഏഷ്യൻ രാജ്യങ്ങൾക്കുള്ള വില വർധിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ക്രൂഡ് ബുള്ളുകളെ ഞെട്ടിച്ചു കൊണ്ടു വിലയിടിഞ്ഞത്.
മാന്ദ്യം വരികയാണെങ്കിൽ ഈ ഡിസംബറിൽ 65 ഡോളറും അടുത്ത വർഷം ഡിസംബറിൽ 45 ഡോളറുമായി ക്രൂഡ് ഓയിൽ വില കൂപ്പുകുത്തുമെന്ന് ഗോൾഡ്മാൻ സാക്സ് ഇന്നലെ ഗവേഷണ റിപ്പോർട്ടിൽ പ്രവചിച്ചു.
ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് അത് ആശ്വാസകരമാണ്. ക്രൂഡ് വിലക്കയറ്റം രൂപയടക്കം കറൻസികളുടെ വിലയിടിക്കുന്നതിനും പരിഹാരമാകും. അതേ സമയം മാന്ദ്യം കയറ്റുമതിക്കും ഐടി മേഖലയുടെ വരുമാനത്തിനും ടൂറിസത്തിനും തിരിച്ചടിയാകും.
സ്റ്റീൽ അടക്കമുള്ള വ്യാവസായിക ലോഹങ്ങളുടെ വില വീണ്ടും ഇടിച്ചു. ചെമ്പ് 18 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ ടണ്ണിന് 7806.65 ഡോളറിൽ എത്തി. ഒറ്റ ദിവസം കൊണ്ട് മൂന്നു ശതമാനമാണു വിലയിടിഞ്ഞത്. അലൂമിനിയവും മൂന്നു ശതമാനം താഴ്ന്ന് 2400 ഡോളറിനു താഴെയായി.
ടിൻ അഞ്ച് ശതമാനവും സിങ്ക് നാലു ശതമാനവും നിക്കൽ മൂന്നര ശതമാനവും താഴ്ന്നു. ഇരുമ്പയിരു വില ടണ്ണിനു 114 ഡോളറിനു താഴെ എത്തി. ഏതാനും മാസം മുമ്പ് 150 ഡോളറിനു മുകളിലായിരുന്നു ഇരുമ്പയിര്. ഇന്ത്യൻ സ്റ്റീൽ കമ്പനികൾക്കും ഇരുമ്പയിരു കയറ്റുമതിക്കാർക്കും വിലയിടിവ് ക്ഷീണമാണ്. അലൂമിനിയം, ചെമ്പ് നിർമാതാക്കളും വിലയിടിവിൻ്റെ പേരിൽ ക്ഷീണത്തിലാകും.
സ്വർണം ഇന്നലെ വലിയ തകർച്ച നേരിട്ടു. 1812 ഡോളറിൽ നിന്ന് 1765 ലേക്ക് ഒരൗൺസ് സ്വർണത്തിൻ്റെ വില ഇടിഞ്ഞു. മാന്ദ്യഭീതി തന്നെ കാരണം. ഇന്നു രാവിലെ 1770-1771 ഡോളറിലാണു സ്വർണം. ഇന്ന് എഫ്ഒഎംസി മിനിറ്റ്സ് പുറത്തു വന്ന ശേഷം വിപണി ഗതി തിരിഞ്ഞു കൂടായ്കയില്ല. ഡോളർ റിക്കാർഡ് കരുത്തിലേക്കു കയറിയതും സ്വർണത്തിനു ക്ഷീണമായി.
ഇന്നലെ കേരളത്തിൽ പവന് 80 രൂപ വർധിച്ച് 38,480 രൂപയായി. ഇന്നു വില ഗണ്യമായി കുറയും.
രൂപ എത്ര വരെ താഴും?
ഡോളർ ഇന്നലെ 45 പൈസ നേട്ടത്തിൽ 79.37 രൂപയിലെത്തി. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. രാവിലെ മുതൽ രൂപ ക്ഷീണത്തിലായിരുന്നു. ലോക വിപണിയിൽ ഡോളർ സൂചിക 105.9 ലേക്ക് ഉയർന്നതോടെ രൂപയെ താങ്ങി നിർത്താനുള്ള റിസർവ് ബാങ്ക് ശ്രമങ്ങൾ വിഫലമായി.
ഇന്ത്യൻ വിദേശനാണ്യ വിപണി ക്ലോസ് ചെയ്ത ശേഷം ഡോളർ സൂചിക 106.79 ലേക്കു കയറി .പിന്നീട് 106. 31 ൽ ക്ലാേസ് ചെയ്തു. ഒരു വർഷത്തിനിടയിൽ ഡോളർ സൂചിക എത്തിയ ഏറ്റവും ഉയർന്ന നിരക്കാണ് ഇവ.
ഈ ദിവസങ്ങളിൽ രൂപ ഇനിയും താഴുമെന്നാണു വിലയിരുത്തൽ. അടുത്ത പാദത്തിൽ ഡോളർ 82 രൂപയിലേക്ക് കയറുമെന്നും അടുത്ത വർഷം ആദ്യം 81 രൂപയിലേക്കു താഴുമെന്നുമാണ് ജാപ്പനീസ് ബ്രോക്കറേജ് നൊമൂറയിലെ അനാലിസ്റ്റുകളുടെ വിശകലനം.
രൂപയുടെ തകർച്ച തടയാൻ റിസർവ് ബാങ്ക് വലിയ ശ്രമം നടത്തുന്നില്ല.എന്നാൽ പ്രതിദിന മാറ്റം ചെറിയ തോതിലാക്കാൻ തക്കവിധം കേന്ദ്ര ബാങ്ക് ഇടപെടുന്നുണ്ട്.
കറൻ്റ് അക്കൗണ്ട് കമ്മിയും വിദേശ നിക്ഷേപകരും
ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി (സിഎഡി) പരിധി വിട്ടു വർധിക്കുകയും വിദേശ ഓഹരി - കടപ്പത്ര നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രൂപയെ ദുർബലമാക്കുന്നത്. ജൂൺ മാസത്തിലെ വാണിജ്യ കമ്മി 2560 കോടി ഡോളറിലധികമാണ്. മേയിൽ 2450 കോടി ഡോളറിനു മുകളിലായിരുന്നു വ്യാപാര കമ്മി. തലേവർഷം ഇതേ മാസങ്ങളിലേതിൻ്റെ ഇരട്ടിയോളമായിട്ടുണ്ട് വാണിജ്യ കമ്മി.
വാണിജ്യ കമ്മി, സേവന മേഖലയിലെ വാണിജ്യ മിച്ചം, മറ്റ് ആനുകാലിക വിദേശ കൈമാറ്റങ്ങൾ തുടങ്ങിയവയുടെ നീക്കി ബാക്കിയാണു കറൻ്റ് അക്കൗണ്ട്. ഇതു കമ്മിയായാൽ നികത്തുന്നത് മൂലധന കണക്കിൽ മിച്ചമുണ്ടായാലാണ്. പക്ഷേ മൂലധന കണക്കിലെ മിച്ചം പിന്നീടു രാജ്യത്തിനു ബാധ്യതയാകും. അതു കൊണ്ടു കറൻ്റ് അക്കൗണ്ട് കമ്മി പരമാവധി കുറച്ചു നിർത്താൻ രാജ്യങ്ങൾ ഉത്സാഹിക്കും.
ഇന്ത്യക്ക് ഈ വർഷം ക്രൂഡ് ഓയിൽ, ഭക്ഷ്യ എണ്ണകൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുടെ അസാധാരണ വിലക്കയറ്റമാണു വാണിജ്യ കമ്മി വർധിപ്പിച്ചത്. വിദേശ നിക്ഷേപകർ കഴിഞ്ഞ ഒൻപതു മാസം കൊണ്ട് 22 ലക്ഷം കോടിയോളം രൂപ തിരികെ കൊണ്ടുപോയത് കൂനിന്മേൽ കുരുവായി.
രാജ്യത്തിൻെറ പിടിയിലല്ലാത്ത യുക്രെയ്ൻ യുദ്ധവും അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡിൻ്റെ പലിശ വർധിപ്പിക്കൽ നടപടികളുമാണ് ഇവയ്ക്കു കാരണം. യുഎസ് ഫെഡ് പലിശ കൂട്ടുമ്പോൾ യാതൊരു റിസ്കും ഇല്ലാത്ത ഉയർന്ന പലിശ കിട്ടുന്നതിലേക്കു ലാഭത്തിൽ ശ്രദ്ധിക്കുന്ന നിക്ഷേപകർ മാറും. അങ്ങനെയാണ് ഇന്ത്യൻ ഓഹരികളിൽ നിന്നുള്ള പിന്മാറ്റം ഉണ്ടായത്.