Begin typing your search above and press return to search.
പലിശപ്പേടി കൂടുന്നു; വിപണികളിൽ ആശങ്ക; രൂപയുടെ താഴ്ചയ്ക്ക് പരിഹാരം എന്ത്? റിസർവ് ബാങ്കിനു വിമർശനം
യുഎസ് വിലക്കയറ്റം പ്രതീക്ഷകളെ മറികടന്നതിനാൽ പലിശ നിരക്കുകൾ വളരെ ഉയർന്ന തോതിൽ കൂട്ടുമെന്ന ഭീതിയിലായി വിപണി. അമേരിക്കയിൽ മാത്രമല്ല ഇന്ത്യയിലും പലിശ ഗണ്യമായി കൂടുമെന്നും അതു വളർച്ചയെ സാരമായി ബാധിക്കുമെന്നും ചിലപ്പോൾ മാന്ദ്യത്തിലേക്കു നീങ്ങുമെന്നുമാണു ഭീതി. ഈ ഭീതി ഇന്നും വരും ദിവസങ്ങളിലും വിപണിയുടെ പ്രകടനത്തെ ബാധിക്കും.
വിലക്കയറ്റം റിക്കാർഡുകൾ മറികടന്നപ്പോൾ വലിയ താഴ്ചയിലായ യുഎസ് സൂചികകൾ ഇന്നലെ ഒടുവിൽ ചെറിയ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. എന്നാൽ ഇന്നു പ്രധാന ബാങ്കുകളുടെ റിസൽട്ട് വരാനിരിക്കെ യുഎസ് ഫ്യൂച്ചേഴ്സ് ഗണ്യമായി ഇടിഞ്ഞു. ഏഷ്യൻ വിപണികൾ താഴ്ന്നാണു വ്യാപാരം തുടങ്ങിയിരിക്കുന്നത്.
ഇന്നലെ സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി താഴ്ചയിലായിരുന്നു. ഇന്നു രാവിലെ സൂചിക 15,940 ലേക്ക് ഉയർന്നിട്ട് താണു. ഇന്ത്യൻ വിപണി താഴ്ചയോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു നൽകുന്ന സൂചന.
ഇന്നലെ തുടക്കത്തിൽ നേട്ടത്തിലായിരുന്ന ഇന്ത്യൻ വിപണി ഉച്ചയോടെ താഴോട്ടു നീങ്ങി. സെൻസെക്സ് 372.46 പോയിൻ്റ് (0.69%) താഴ്ന്ന് 53,514.15 ലും നിഫ്റ്റി 91.65 പോയിൻ്റ് (0.57%) കുറഞ്ഞ് 15,966.65 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ചെറിയ നേട്ടമണ്ടാക്കി.
ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ, എഫ്എംസിജി, റിയൽറ്റി തുടങ്ങിയ മേഖലകളാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. ബാങ്കുകളും ധനകാര്യ കമ്പനികളും ഐടി യും ഇടിവിലായി. റിലയൻസും ഗണ്യമായി താണു.
വിദേശ നിക്ഷേപകരുടെ വിൽപന വർധിച്ചു. ഇന്നലെ ക്യാഷ് വിപണിയിൽ അവർ 2839.52 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 1799.22 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബെയറിഷ് ചിത്രമാണു ക്ലോസിംഗിൽ നൽകുന്നതെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. നിഫ്റ്റി 16,000-നു താഴെ പോയത് നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കും.
നിഫ്റ്റിക്ക് 15,900-ലും 15,825 ലും സപ്പോർട്ട് ഉണ്ട്. ഉയർന്നാൽ 16,090-ലും 16,210-ലും തടസങ്ങൾ പ്രതീക്ഷിക്കാം.
ക്രൂഡ് ഓയിൽ വില നേരിയ മേഖലയിൽ കയറിയിറങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 99.25 ഡോളറിലാണ്. വിലയിടിവ് താൽക്കാലികമാണെന്നും എണ്ണലഭ്യത കുറയുകയാണെന്നും അതു വില കൂട്ടുമെന്നും വലിയ എണ്ണ കമ്പനിയായ ഷെവ്റൻ്റെ സിഇഒ പറഞ്ഞു. അതേസമയം യുഎസ് വിപണിയിൽ ഡിമാൻഡ് കുറയുകയും സറ്റോക്ക് വർധിക്കുകയും ചെയ്തു.
വ്യാവസായിക ലോഹങ്ങൾ സാങ്കേതിക തിരുത്തലിലാണ്. ചെമ്പ് ടണ്ണിന് 7266 ഡോളറിലേക്കു താണപ്പോൾ അലൂമിനിയം 2370 ഡോളറിലേക്കു കയറി. ഇരുമ്പയിരു വില 110 ഡോളറിനു മുകളിലെത്തി. മറ്റു പ്രധാന ലോഹങ്ങൾ ചെറിയ ചാഞ്ചാട്ടം കാണിച്ചു.
സ്വർണം ഇന്നലെ വല്ലാത്ത കയറ്റിറക്കത്തിലായി. യുഎസ് വിലക്കയറ്റ കണക്കു വന്നതോടെ 1707 ഡോളറിലേക്കു കൂപ്പുകുത്തി. പിന്നീട് 1748 ഡോളറിലേക്കു കുതിച്ചു. ഇന്നു രാവിലെ 1727-1729 ഡോളറിലാണു സ്വർണം. വില താഴുമെന്നാണു സൂചന.
കേരളത്തിൽ ഇന്നലെ പവൻ വില 80 രൂപ കുറഞ്ഞ് 37,360 രൂപയായി. ഇന്നു രൂപയുടെ ഗതിയാകും സ്വർണ വിലയെ നിയന്ത്രിക്കുക.
രൂപയ്ക്കു മുന്നിൽ പ്രതിസന്ധി?
രൂപ വീണ്ടും താഴ്ചയിലായി. റിസർവ് ബാങ്കിൻ്റെ ചില്ലറ നടപടികളൊന്നും ഫലിക്കുന്നില്ല. 80 രൂപയിലേക്കു ഡോളർ കയറുന്നതിന് ഇനി അധികം താമസമില്ല.
ആറു മാസത്തിനകം 26,770 കോടി ഡോളറിൻ്റെ വിദേശവായ്പ ( പ്രവാസി നിക്ഷേപമടക്കം) ഇന്ത്യൻ കമ്പനികളും ഗവണ്മെൻ്റും ബാങ്കുകളും കൂടി തിരിച്ചു നൽകാനുണ്ട്. ഇതിൽ ഗവണ്മെൻ്റിൻ്റെ ബാധ്യത വളരെച്ചെറുതാണ്. കേവലം 770 കോടി ഡോളർ. കമ്പനികളുടേതാണു ബാധ്യതയുടെ സിംഹഭാഗം. വിദേശത്തു പലിശ നിരക്ക് കൂടുന്നതിനാൽ പുതിയ വായ്പ എടുത്തു പഴയതു തീർക്കാൻ പറ്റിയ സാഹചര്യത്തിലല്ല കമ്പനികൾ.
രാജ്യത്തേക്കു കൂടുതൽ വിദേശനാണ്യം വരുന്നതിനു പുതിയ വഴികൾ കണ്ടെത്തിയില്ലെങ്കിൽ ഈ വലിയ തിരിച്ചടവ് സീസൺ റിസർവ് ബാങ്കിന് അഗ്നിപരീക്ഷയാകും. 2013-ൽ സമാന സാഹചര്യത്തിൽ ബാങ്കുകളിൽ നവീന നിക്ഷേപ പദ്ധതി അവതരിപ്പിച്ചും ജപ്പാനിൽ നിന്നു മധ്യകാല വായ്പ എടുത്തുമാണു റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രതിസന്ധി മറികടന്നത്. നാടകീയമായ എന്തെങ്കിലും ചെയ്തില്ലെങ്കിൽ കടം തിരിച്ചടവ് ഗുരുതര പ്രതിസന്ധിയായി മാറും.
ഡോളർ ഇന്നലെ നാലു പൈസ നേട്ടത്തിൽ 79.63 രൂപയിൽ ക്ലോസ് ചെയ്തു.
ഡോളർ സൂചിക ഇന്നലെ 107.96-ൽ ക്ലോസ് ചെയ്തെങ്കിലും ഇന്നു രാവിലെ 108.40 ലേക്കു കുതിച്ചു. കഴിഞ്ഞ ദിവസത്തെ റിക്കാർഡ് ആയ108.58 നെ മറികടക്കും എന്നാണു നിഗമനം.
അവിടെ വില കൂടിയാൽ ഇവിടെ എന്ത്?
അമേരിക്കയിലെ ചില്ലറ വിലക്കയറ്റം ജൂണിൽ 9.1 ശതമാനമായി. 41 വർഷത്തിനിടയിലെ റിക്കാർഡ് കയറ്റം.തലേ മാസം 8.6 ശതമാനമായിരുന്നു.
അമേരിക്കൻ വിലക്കയറ്റം അമേരിക്കൻ ജനതയുടെ മാത്രം ചിന്താവിഷയമായി തള്ളിക്കളയാൻ പറ്റില്ല. ആഗോള മൂലധനത്തിൻ്റെ ഏറ്റവും വലിയ സ്രോതസ് ആണു യുഎസ്. അവിടെ ഉണ്ടാകുന്ന ചലനങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വലിയ തുടർ ചലനങ്ങൾ ഉണ്ടാക്കും.
പ്രധാനചലനം പലിശ നിരക്കിലാണ്.ഈ മാസം 26-27 ലെ ഫെഡ് കമ്മിറ്റി കുറഞ്ഞ പലിശനിരക്ക് 100 ബേസിസ് പോയിൻ്റ് വർധിപ്പിക്കാൻ തീരുമാനിക്കും എന്നാണ് ഇപ്പോഴത്തെ നിഗമനം. ഇതു വരെ 75 ബേസിസ് പോയിൻ്റ് വർധനയാണു പ്രതീക്ഷിച്ചിരുന്നത്. അപ്പോൾ കണക്കാക്കിയതിലും കൂടിയ വിലക്കയറ്റം വന്നപ്പോൾ പലിശ പ്രതീക്ഷയും കൂടി.
യുഎസ് ഫെഡ് ഇക്കൊല്ലം ഇതു വരെ മൂന്നു തവണയായി കുറഞ്ഞ പലിശ 1.5 ശതമാനമായി ഉയർത്തിയിരുന്നു. പുതിയ നിഗമനംപോലെ വന്നാൽ കുറഞ്ഞ പലിശ 2.5 ശതമാനമാകും.
യുഎസ് ഫെഡ് നിരക്കു കൂട്ടുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു മാറി നിൽക്കാൻ കഴിയില്ല. ഇക്കൊല്ലം ഇതു വരെ 90 ബേസിസ് പോയിൻ്റ് വർധിപ്പിച്ച് റീപോ നിരക്ക് 4.9 ശതമാനമാക്കി. യുഎസ് 100 ബേസിസ് പോയിൻ്റ് വർധിപ്പിച്ചാൽ ഇന്ത്യക്കും സമാന വർധന വേണ്ടി വരും. അതിൻ്റെ മറ്റു പ്രത്യാഘാതങ്ങൾ വളരെ വലുതാകും.
ഓഗസ്റ്റ് 2-3-4 തീയതികളിലാണ് റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി യോഗം. ഇതു വരെ പ്രതീക്ഷ 35 മുതൽ 50 വരെ ബേസിസ് പോയിൻ്റ് വർധനയായിരുന്നു. ഇനി 75 മുതൽ 100 വരെ ബേസിസ് പോയിൻ്റ് വർധന പ്രതീക്ഷിക്കണം. അങ്ങനെ വന്നാൽ സാമ്പത്തിക- വ്യാവസായിക മേഖലകളിൽ സാരമായ പ്രത്യാഘാതം ഉണ്ടാകും. റിസർവ് ബാങ്ക് റീപോ നിരക്ക് 90 ബേസിസ് പോയിൻ്റ് കൂട്ടിയപ്പോൾ ചെറുകിട വ്യവസായങ്ങൾക്കും മറ്റുമുള്ള പലിശയിൽ 250 ബേസിസ് പോയിൻ്റ് വരെ വർധന ഉണ്ടായി. ഇനി 100 ബിപിഎസ് വർധിപ്പിച്ചാൽ വ്യവസായ മേഖലയുടെ ശ്വാസം മുട്ടുന്ന രീതിയിൽ പലിശ ഉയരും. അതു വളർച്ചയെ വളരെ സാരമായി ബാധിക്കും.
സുബ്ബറാവുവിൻ്റെ മുന്നറിയിപ്പ്
വളർച്ചയെ ബാധിക്കും എന്ന രീതി കൊണ്ടു റിസർവ് ബാങ്ക് പലിശവർധന വൈകിപ്പിച്ചതാണു സ്ഥിതി വഷളാക്കിയതെന്നു പൊതുവേ വിമർശനമുണ്ട്. റിസർവ് ബാങ്കിൻ്റെ മുൻ ഗവർണർ ഡോ.ഡി. സുബ്ബറാവു ഏതാനും മാസം മുമ്പുതന്നെ ഇതേപ്പറ്റി മുന്നറിയിപ്പു നൽകിയിരുന്നു. നയം മാറ്റിയില്ലെങ്കിൽ റിസർവ് ബാങ്ക് ഗവർണർ പാർലമെൻ്റിനു വിശദീകരണം നൽകേണ്ട സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർച്ചയായ രണ്ടിലേറെ പാദങ്ങളിൽ വിലക്കയറ്റം സഹന പരിധിയായ ആറു ശതമാനത്തിലധികമായാൽ ആണു വിശദീകരണം നൽകേണ്ടത്. ജനുവരി-മാർച്ചിലും ഏപ്രിൽ - ജൂണിലും പരിധി മറികടന്നു. ജൂലൈ - സെപ്റ്റംബറിലും മറികടന്നാൽ ഗവർണർ വിശദീകരണം നൽകണം. സർക്കാരിൻ്റെ ഹിതത്തിനു വഴങ്ങിയാണ് നിരക്കു യഥാസമയം ഉയർത്താത്തത് എന്നും വിമർശനമുണ്ട്.
Next Story
Videos