മുന്നിൽ അനിശ്ചിതത്വം; വിദേശികൾ ചൈനയിലേക്കു തിരിയുന്നു; യുദ്ധഭീതിയും കൂടി; കാതൽ മേഖലയിൽ ഉൽപാദനം കുറയുന്നു
ഇന്ത്യയിൽ നിന്നു ചൈനയിലേക്കു വിദേശ നിക്ഷേപകർ പോകുന്നു എന്നതും പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിക്കുന്നതും ഇന്നലെ ഇന്ത്യൻ വിപണിയെ വലിച്ചു താഴ്ത്തി. ഈ സാഹചര്യത്തിന് ഇന്നു മാറ്റമില്ല. അനിശ്ചിതത്വമാണു വിപണി മുന്നിൽ കാണുന്നത്. നാളെ ഗാന്ധിജയന്തി പ്രമാണിച്ച് ഇന്ത്യൻ വിപണി അവധിയിലാണ്.
എന്നാൽ യുഎസ് വിപണികൾ റെക്കോർഡ് ഉയരത്തിലായതും ജാപ്പനീസ് വിപണി ഇന്നു തിരിച്ചു കയറുന്നതും ഇന്നു വ്യാപാരത്തിൽ ആശ്വാസ റാലി പ്രതീക്ഷിക്കാൻ ബുള്ളുകൾക്കു വക നൽകുന്നു. ഈ വർഷം രണ്ടു തവണ കാൽ ശതമാനം തോതിൽ പലിശ കുറയ്ക്കുമെന്ന് യുഎസ് ഫെഡ് മേധാവി സൂചിപ്പിച്ചതും ബുള്ളുകൾക്ക് ആശ്വാസമാണ്.
അതേ സമയം ഇന്ത്യയുടെ ഓഗസ്റ്റിലെ കാതൽ വ്യവസായങ്ങളുടെ ഉൽപാദനം കുറവായതും കറൻ്റ് അക്കൗണ്ട് ഒരു ശതമാനം കമ്മിയിൽ ആയതും വിപണിയെ താഴോട്ടു വലിക്കാവുന്ന കാര്യങ്ങളാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,984 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 26,005 ലേക്കു കയറി. പിന്നീടു ചാഞ്ചാടി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഇടിഞ്ഞു. ജർമൻ സൂചിക 0.76 ശതമാനം താഴ്ന്നപ്പോൾ ഫ്രഞ്ച് സൂചിക രണ്ടു ശതമാനം നഷ്ടത്തിലായി. വാഹന ഓഹതകൾക്കായിരുന്നു വലിയ ഇടിവ്. ഇറ്റലിയിലെ സ്റ്റെല്ലാൻ്റിസ് 14.7 ശതമാനം താഴ്ചയിലായി.
യുഎസ് വിപണികൾ തിങ്കളാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം നേട്ടത്തിൽ അവസാനിച്ചു. ഡൗ ജോൺസും എസ് ആൻഡ് പിയും റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു.
പലിശനിരക്ക് ഇനിയും കുറയ്ക്കും എന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയത് വിപണിയെ സഹായിച്ചു. എന്നാൽ മുൻനിശ്ചിത കുറയ്ക്കലുകൾ വരില്ല. സമ്പദ്ഘടന നീങ്ങുന്നതനുസരിച്ച് നിരക്കുകൾ തീരുമാനിക്കും. ഈ വർഷം രണ്ടു തവണ കൂടി കുറയ്ക്കാൻ സാധ്യത ഉണ്ടെന്നും പവൽ പറഞ്ഞു.
സെപ്റ്റംബറിൽ ഡൗ 1.9ഉം എസ് ആൻഡ് പി രണ്ടും നാസ്ഡാക് 2.7ഉം ശതമാനം ഉയർന്നു. മൂന്നാം പാദത്തിൽ ഡൗ എട്ടും എസ് ആൻഡ് പി 5.5 ഉം നാസ്ഡാക് 2.6 ഉം ഗതമാനം നേട്ടം ഉണ്ടാക്കി. ഈ പാദത്തിൽ 3 എം 33 ഉം ഐബിഎം 27ഉം ശതമാനം കുതിച്ചു. നാസ്ഡാക്കിൽ പേ പാൽ 34-ഉം ടെസ്ല 31 ഉം ശതമാനം നേട്ടം ഉണ്ടാക്കിയ പാദമാണു കടന്നു പോയത്.
ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 17.15 പോയിൻ്റ് (0.04%) കയറി 42,330.15 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 24. 31 പോയിൻ്റ് (0.42%) ഉയർന്ന് 5762.48 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 69.58 പോയിൻ്റ് (0.38%) നേട്ടത്തോടെ 18,189.17 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ചയിലാണ്. ഡൗ 0.15 ഉം എസ് ആൻഡ് പി 0.16 ഉം നാസ്ഡാക് 0.15 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.78 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞ നിക്കെെ ഇന്നു രണ്ടു ശതമാനം കയറി. നിയുക്ത പ്രധാനമന്ത്രി പലിശ കൂട്ടുന്നതിനെ അനുകൂലിക്കുന്നതാണു ജപ്പാനിലെ പ്രധാന വിഷയം. ഓഗസ്റ്റിൽ വ്യവസായ ഉൽപാദനം 4.9 ശതമാനം കുറഞ്ഞതും ജാപ് വിപണിയെ ഇന്നലെ താഴ്ത്തി. ഉത്തേജക പാക്കേജിൻ്റെ ബലത്തിൽ ചൈനീസ് വിപണി ഇന്നലെ എട്ടു ശതമാനം എന്ന റെക്കോർഡ് കുതിപ്പ് നടത്തി. കഴിഞ്ഞയാഴ്ച 15.7 ശതമാനം ഉയർന്നതാണ്. 2008 നവംബറിനു ശേഷം ഉണ്ടായ ഏറ്റവും വലിയ ഓഹരിക്കുതിപ്പാണിത്. ഇതോടെ വിപണി ബുള്ളിഷ് കുതിപ്പിൽ ആയി. ഏതാനും മാസം മുൻപ് വിട്ടുപോയ വിദേശ ഫണ്ടുകൾ വലിയ തോതിൽ തിരിച്ചു വരുന്നുണ്ട്. ഇന്നു ചൈനയിൽ വിപണി അവധിയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വ്യാഴാഴ്ച ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയിട്ട് തുടർച്ചയായി ഇടിഞ്ഞ് ഒന്നര ശതമാനം നഷ്ടത്തിൽ അവസാനിച്ചു. ചൈനീസ് വിപണിയിലെ പെട്ടെന്നുണ്ടായ കുതിപ്പിൽ ആവേശം പൂണ്ട വിദേശനിക്ഷേപ ഫണ്ടുകൾ ഇന്ത്യയെ വിട്ട് അങ്ങോട്ടു മാറുന്നു എന്ന സംസാരമാണ് വലിയ താഴ്ചയ്ക്കു കാരണം. ഇന്നലെ ക്യാഷ് വിപണിയിൽ വിദേശികൾ 9791.93 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6645.80 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. ജാപ്പനീസ് വിപണിയിലെ ഇടിവും പശ്ചിമേഷ്യയിലെ വർധിച്ച യുദ്ധഭീതിയും കാരണങ്ങളിൽ പെടുന്നു.
ഡെറിവേറ്റീവ് വ്യാപാരത്തിന് എൻഎസ്ഇയും ബിഎസ്ഇയും ഫീസ് കൂട്ടുകയും ഫീസ് ഘടന പരിഷ്കരിക്കുകയും ചെയ്തു. ഡിസ്കൗണ്ട് ബ്രോക്കർമാർക്ക് നിരക്കു വർധിപ്പിക്കേണ്ട സാഹചര്യമാണ് ഇതു മൂലം വരുന്നത്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നലെ വലിയ ഇടിവിലായില്ല എന്നതു ശ്രദ്ധേയമാണ്.
തിങ്കളാഴ്ച എൻഎസ്ഇയിൽ 1154 ഓഹരികൾ ഉയർന്നപ്പോൾ 1668 ഓഹരികൾ താണു. ബിഎസ്ഇയിൽ 1749 എണ്ണം കയറി, 2306 എണ്ണം താഴ്ന്നു.
തിങ്കളാഴ്ച സെൻസെക്സ് 1272.07 പാേയിൻ്റ് (1.49%) ഇടിഞ്ഞ് 84,299.78 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 368.10 പോയിൻ്റ് (1.41%) താഴ്ന്ന് 25,810.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1.59 ശതമാനം (856.20 പോയിൻ്റ്) നഷ്ടത്തോടെ 52,978.10 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.38 ശതമാനം താഴ്ന്ന് 60,153.80 ലും സ്മോൾ ക്യാപ് സൂചിക 0.32% കുറഞ്ഞ് 19,179.65 ലും വ്യാപാരം അവസാനിപ്പിച്ചു.
മെറ്റലും മീഡിയയും ഒഴികെ എല്ലാ മേഖലകളും ഇന്നലെ ഇടിവിലായി. സെപ്റ്റംബറിലെ വാഹന വിൽപനയുടെ കണക്കുകൾ ഇന്നു വരാനിരിക്കെ വാഹന കമ്പനികൾക്കു വലിയ ഇടിവുണ്ടായി. ഹീറോ മോട്ടോ കോർപും ടിവിഎസ് മോട്ടോഴ്സും നാലു ശതമാനം ഇടിഞ്ഞു.
ഒരോഹരിക്ക് അഞ്ചു വീതം ബോണസ് ഓഹരി നൽകാൻ ഒരുങ്ങുന്ന ശക്തി പംപ്സ് ഓഹരി ഇന്നലെ അഞ്ചു ശതമാനം കയറി. കിർലോസ്കർ ബ്രദേഴ്സ് ഓഹരി 6.22 ശതമാനം ഉയർന്നു.
സീ മീഡിയ ഇന്നലെ 10 ശതമാനം കുതിച്ചു. അഞ്ചു ദിവസം കൊണ്ട് ഓഹരി 60 ശതമാനം കയറിയിട്ടുണ്ട്.
മികച്ച ബ്രോക്കറേജ് റിപ്പോർട്ടിനെ തുടർന്ന് അസ്‌ട്രാ സെനക്ക ഓഹരി 12 ശതമാനം വരെ ഉയർന്നു.
വിപണിയുടെ ബുള്ളിഷ് മനോഭാവത്തിന് ക്ഷീണമായിട്ടുണ്ട്. എങ്കിലും നിഫ്റ്റി 25,800 ലെ പിന്തുണയ്ക്കു മുകളിൽ നിന്നത് ബുള്ളുകൾക്കു പ്രതീക്ഷ നൽകുന്നു. 25,500 ആണ് താഴ്ചയിലെ അടുത്ത പിന്തുണ നില. 26,000 പ്രതിരോധ നിലയാകും.
ഇന്നു നിഫ്റ്റിക്ക് 25,780 ലും 25,705 ലും പിന്തുണ ഉണ്ട്. 26,050 ഉം 26,125 ഉം തടസങ്ങളാകും.
കാതൽ മേഖലയിൽ ഉൽപാദനം കുറഞ്ഞു
ഓഗസ്റ്റിൽ എട്ടു കാതൽമേഖലാ വ്യവസായങ്ങളുടെ ഉൽപാദനം 1.8 ശതമാനം ഇടിഞ്ഞു. 42 മാസത്തിനിടയിൽ ആദ്യമാണ് ഈ ഇടിവ്. ജൂലൈയിൽ 6.1 ശതമാനം വളർച്ച ഉണ്ടായിരുന്നതാണ്. വൈദ്യുതി, റിഫൈനറി ഉൽപന്നങ്ങൾ, കൽക്കരി, സിമൻ്റ്, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ ഉൽപാദനം കുറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഈ സൂചിക 13.4 ശതമാനം വളർന്നതുകൊണ്ടാണ് ഇത്തവണ കുറവായത് എന്നു സർക്കാർ വക്താക്കൾ ന്യായീകരിച്ചു. പക്ഷേ ഉൽപാദനം തലേ മാസങ്ങളേക്കാളും കുറവാണ് എന്നത് ഈ വാദത്തെ ഖണ്ഡിക്കുന്നു. വ്യവസായ ഉൽപാദന സൂചികയിൽ 40 ശതമാനം കാതൽ മേഖലയുടേതാണ്. പുതിയ കണക്കു സൂചിപ്പിക്കുന്നത് വ്യവസായ ഉൽപാദന വളർച്ച ഒരു ശതമാനത്തിൽ ഒതുങ്ങും എന്നാണ്
സ്വർണം താഴ്ചയിൽ
ലാഭമെടുക്കലുകാർ സ്വർണത്തെ വീണ്ടും താഴ്ത്തി. തിങ്കളാഴ്ച ഔൺസിന് 2635 ഡോളറിൽ ക്ലോസ് ചെയ്തു. സ്വർണം ഇന്നു രാവിലെ 2637 ഡോളർ വരെ കയറി.
കേരളത്തിൽ സ്വർണവില ഇന്നലെ 120 രൂപ കുറഞ്ഞ് പവന് 56,640 രൂപയിൽ എത്തി. ഇന്നു വില ഗണ്യമായി കുറയും.
വെള്ളിവില അൽപം താണ് ഔൺസിന് 31.21 ഡോളർ ആയി.
ഡോളർ വീണ്ടും കയറുകയാണ്. തിങ്കളാഴ്ച ഡോളർ സൂചിക 100.78 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.84 ലേക്കു കയറി.
ഇന്ത്യൻ രൂപ വീണ്ടും ദുർബലമായി. തിങ്കളാഴ്ച ഡോളർ ഒൻപതു പെെസ കയറി 83.79 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം 71.77 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ല്യുടിഐ ഇനം 68.34 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.11 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 63,500 ഡോളറിനു താഴെയായി. ഈഥർ 2625 ഡോളറിലായി.
വ്യാവസായിക ലോഹങ്ങൾ തിങ്കളാഴ്ചയും ഭിന്ന ദിശകളിലായി. ചെമ്പ് 1.57 ശതമാനം താഴ്ന്നു ടണ്ണിന് 9691.84 ഡോളറിൽ എത്തി. അലൂമിനിയം 1.39 ശതമാനം ഇടിഞ്ഞ് ടണ്ണിന് 2609.89 ഡോളർ ആയി. എന്നാൽ സിങ്ക് 0.98 ഉം ടിൻ 2.73 ഉം നിക്കൽ 2.10 ഉം ശതമാനം ഉയർന്നു. ലെഡ് 1.24 ശതമാനം താണു.
വിപണിസൂചനകൾ
(2024 സെപ്റ്റംബർ 30, തിങ്കൾ)
സെൻസെക്സ് 30 84,299.78 -1.49%
നിഫ്റ്റി50 25,810.85 -1.41%
ബാങ്ക് നിഫ്റ്റി 52,978.10 -1.59%
മിഡ് ക്യാപ് 100 60,153.80 -0.38%
സ്മോൾ ക്യാപ് 100 19,179.65 -0.32%
ഡൗ ജോൺസ് 30 42,330.15
+0.04%
എസ് ആൻഡ് പി 500 5762.48 +0.42%
നാസ്ഡാക് 18,189.17 +0.38%
ഡോളർ($) ₹83.79 +₹0.09
ഡോളർ സൂചിക 100.78 +0.40
സ്വർണം (ഔൺസ്) $2635.00 -$23.90
സ്വർണം (പവൻ) ₹56,640 -₹ 120
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.77 -$00.54