ബുള്ളുകള്‍ ആവേശത്തില്‍; വിപണിയില്‍ കുതിപ്പ് തുടരുമെന്ന് പ്രതീക്ഷ; ഡോളര്‍ 86 രൂപയിലേക്ക്

രണ്ടു ശതമാനത്താേളം കുതിച്ചു കയറിയ ഇന്ത്യൻ വിപണി ഇന്നലെ സാന്താ റാലിയെ പുതിയ തലത്തിൽ എത്തിച്ചു. നിഫ്റ്റി 24,000 കടന്നു ക്ലോസ് ചെയ്തു. സെൻസെക്സ് 80,000 കടന്നിട്ട് അൽപം താഴ്ന്നു വ്യാപാരം അവസാനിപ്പിച്ചു. ബുള്ളുകളെ ആവേശത്തിലേക്ക്

ഉയർത്തിയ വിപണി കുതിപ്പ് തുടരുമോ എന്നാണ് ഇന്നു നോക്കുന്നത്. മൂന്നു ദിവസം ഉയർന്ന വിപണിയിൽ ചെറിയ സമാഹരണത്തിനു സാധ്യത ഉണ്ട്.

ക്രൂഡ് ഓയിൽ ബാരലിന് 76 ഡോളർ കടന്നതും ഡോളർ 86 രൂപയിലേക്കു കയറുന്നതും വിപണിയെ ചെറുതായി ആശങ്കപ്പെടുത്തും.

അടുത്തയാഴ്ച കമ്പനികളുടെ മൂന്നാം പാദ ഫലങ്ങൾ വന്നു തുടങ്ങും. അടുത്ത വ്യാഴാഴ്ച ടിസിഎസ് ഫലം പുറത്തു വിടും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,158 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,190 ലേക്കു കയറി. വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു. ജർമനിയിലും ഫ്രാൻസിലും ഇറ്റലിയിലും ഫാക്ടറി ഉൽപാദനം കുറഞ്ഞതായി പിഎംഐ സർവേകൾ കാണിച്ചു. ഡോളറിൻ്റെ കരുത്തിൽ യൂറാേയും യുകെയുടെ പൗണ്ടും താഴ്ചയിലായി

യുഎസ് വിപണി ഇന്നലെ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം ഗതിമാറ്റി നഷ്ടത്തിലായി. എസ് ആൻഡ് പി 500-ഉം നാസ്ഡാകും തുടർച്ചയായ അഞ്ചു ദിവസം ഇടിഞ്ഞു. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇതാദ്യമാണ്.

2024-ൽ വാഹന വിൽപന കുറഞ്ഞതും ഒരു സൈബർ ട്രക്ക് പൊട്ടിത്തെറിച്ചതും ടെസ്‌ല ഓഹരിയെ ആറു ശതമാനം ഇടിച്ചു. ആപ്പിൾ 2.6 ശതമാനം താഴ്ന്നു. എൻവിഡിയ മൂന്നു ശതമാനം കയറി.

ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 151.95 പോയിൻ്റ് (0.36%) താഴ്ന്ന് 42,392.27 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 13.08 പോയിൻ്റ് (0.22%) കുറഞ്ഞ് 5868.55 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 30.00 പോയിൻ്റ് (0.16%) നഷ്ടത്തോടെ 19,280.79 ൽ ക്ലോസ് ചെയ്തു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, നിക്ഷേപനേട്ടം 4.6 ശതമാനം കിട്ടുന്ന നിലയിലേക്ക് താഴ്ന്നിട്ട് വീണ്ടും കയറി.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേരിയ കയറ്റത്തിലാണ്. ഡൗ ജോൺസ് 0.10 ഉം എസ് ആൻഡ് പി 0.16 ഉം നാസ്ഡാക് 0.25 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്ന് ഉണർവിലാണ്. ജപ്പാനിൽ അവധി തുടരുന്നു. ദക്ഷിണ കൊറിയൻ സൂചിക 1.6 ശതമാനം കയറി.

ഇന്ത്യൻ വിപണി വലിയ കുതിപ്പിൽ

2025 ലെ ആദ്യ രണ്ടു ദിവസവും ഇന്ത്യൻ വിപണി കുതിച്ചു കയറി. യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നതും ഇന്ത്യൻ സമ്പദ്ഘടനയുടെ ദുർബല സീസൺ അവസാനിച്ചെന്നുള്ള സംസാരവും കയറ്റത്തിന് അന്തരീക്ഷം ഒരുക്കി. ഡിസംബർ പാദത്തിലെ ജിഡിപി വളർച്ച സെപ്റ്റംബർ പാദത്തിലേക്കാൾ മെച്ചമാകും, നാലാം പാദവും കൂടിയ ഉയർച്ച കാണിക്കും എന്നൊക്കെയാണു സംസാരം. അടുത്ത ചൊവ്വാഴ്ച 2024-25 ലെ ജിഡിപി സംബന്ധിച്ച ഒന്നാമത്തെ മുൻകൂർ എസ്റ്റിമേറ്റ് പുറത്തുവിടും. ബജറ്റ് രൂപീകരണത്തിനു വേണ്ട കണക്ക് മാത്രമാകും അത്. എങ്കിലും വളർച്ച പ്രതീക്ഷ ഇപ്പോഴത്തെ നിഗമനങ്ങളേക്കാൾ കൂടുതലാകും എന്ന കണക്കുകൂട്ടൽ പലർക്കുമുണ്ട്. മൂന്നാം പാദ വളർച്ചക്കണക്ക് ഫെബ്രുവരി 28-നു മാത്രമേ വരൂ.

സെൻസെക്സ് ഇന്നലെ 1500 ലേറെ പോയിൻ്റ് കയറി 80,032.87 വരെയും നിഫ്റ്റി രണ്ടു ശതമാനം ഉയർന്ന് 24,226.70 വരെയും കയറിയ ശേഷം അൽപം താഴ്ന്ന് അവസാനിച്ചു.

എല്ലാ മേഖലകളും ഇന്നലെ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഓട്ടോ സൂചിക 3.79 ശതമാനം കുതിച്ചു. ഐടി, കൺസ്യൂമർ ഡുറബിൾസ്, റിയൽറ്റി, എഫ്എംസിജി, ധനകാര്യ ഓഹരികൾ നല്ല നേട്ടം ഉണ്ടാക്കി.

നിഫ്റ്റി 445.75 പോയിൻ്റ് (1.88%) കുതിച്ച് 24,188.65 ൽ അവസാനിച്ചു. സെൻസെക്സ് 1403.03 പോയിൻ്റ് (1.79%) നേട്ടത്തോടെ 79,910.44 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 54495 പോയിൻ്റ് (1.07%) ഉയർന്ന് 51,605.55 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.14 ശതമാനം കയറി 58,108.20 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.64 ശതമാനം ഉയർന്ന് 19,080.35 ൽ ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 1506.75 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 22.14 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2339 ഓഹരികൾ ഉയർന്നപ്പോൾ 1635 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1824 എണ്ണം ഉയർന്നു, താഴ്ന്നത് 997 എണ്ണം.

വിപണിയിലെ മനാേഭാവം മാറി ബുള്ളിഷ് ആയി എന്നു കാണിക്കുന്നതായി ഇന്നലത്തെ വ്യാപാരം. വിപണി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്കു മുകളിലുമായി. 24,000 നു മുകളിൽ കയറിയ നിഫ്റ്റി 24,200-24,400 കടന്നാൽ 24,850 ലക്ഷ്യമിടും. നിഫ്റ്റിക്ക് ഇന്ന് 23,900 ലും 23,765 ലും പിന്തുണ കിട്ടാം. 24,235 ഉം 24,350 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മൂന്നാം പാദ ബിസിനസ് 16.9 ശതമാനം കൂടി. വായ്പകൾ 21.2 ശതമാനം വർധിച്ചപ്പോൾ നിക്ഷേപം 13.5 ശതമാനം കൂടി. കാസ അനുപാതം കുറഞ്ഞു.

വി ടു റീട്ടെയിലിൻ്റെ വിറ്റുവരവ് 58 ശതമാനം വർധിച്ചു. സ്റ്റാേറുകളുടെ എണ്ണം 160 ആയി.

ഡി മാർട്ട് ശൃംഖല നടത്തുന്ന അവന്യു സൂപ്പർമാർട്ട്സിൻ്റെ മൂന്നാം പാദ വിറ്റുവരവ് 17.5 ശതമാനം വർധിച്ചു. കടകളുടെ എണ്ണം 387 ആയി.

എംഒഐഎൽ മൂന്നാം പാദത്തിൽ മാംഗനീസ് അയിര് വിൽപന 13 ശതമാനം വർധിപ്പിച്ച് 3.88 ലക്ഷം ടൺ ആക്കി. ഉൽപാദനം 4.6 ലക്ഷം ടൺ ആയി.

ഹീറോ മോട്ടോ കോർപ് മൂന്നാം പാദത്തിലെ വിൽപന 17.5 ശതമാനം ഇടിഞ്ഞു. ആഭ്യന്തര വിൽപന 22.1 ശതമാനം കുറഞ്ഞപ്പോൾ കയറ്റുമതി 90.9 ശതമാനം കൂടി.

ഭാരതി എയർടെൽ ഒരു സ്വകാര്യ പവർ പ്ലാൻ്റ് കമ്പനിയായ എഎംപി എനർജി ഗ്രീൻ ത്രീയിൽ 26 ശതമാനം ഓഹരി വാങ്ങി.

വരുൺ ബെവറേജസ് ദക്ഷിണാഫ്രിക്കയിലെ ഉപകമ്പനിയിൽ 413 കോടി രൂപ നിക്ഷേപിച്ചു.

റിലയൻസ് നേവൽ ആൻഡ് എൻജിനിയറിംഗ് ലിമിറ്റഡിൻ്റെ പേര് സ്വാൻ ഡിഫൻസ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് എന്നാക്കി മാറ്റി.

സ്വർണം കുതിച്ചു

അവധിക്കു ശേഷം തുറന്ന വിപണിയിൽ സ്വർണവില കുതിച്ചു. സ്വർണം ഔൺസിന് 32 ഡോളർ കയറി 2658.20 ഡോളറിൽ എത്തി. ഇന്നു രാവിലെ 2660 ഡോളർ വരെ കയറി. യുഎസിൽ തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾ തേടുന്നവരുടെ എണ്ണം പ്രതീക്ഷയേക്കാൾ കുറവായത് കയറ്റത്തെ സഹായിച്ചു. ഡോളർ സൂചിക കുത്തനേ ഉയർന്നതു സ്വർണത്തെ പിന്തിരിപ്പിച്ചില്ല. വില കയറ്റം തുടരുമെന്നാണു സൂചന.

കേരളത്തിൽ വ്യാഴാഴ്ച സ്വർണവില 240 രൂപ വർധിച്ച് പവന് 57,440 രൂപ ആയി. ഇന്നു വില ഗണ്യമായി കൂടും.

വെള്ളിവില ഔൺസിന് 29.49 ഡോളറിലേക്ക് കയറി.

ഡോളർ 86 രൂപയിലേക്ക്

വ്യാഴാഴ്ച കറൻസി വിപണിയിൽ ഡോളർ സൂചിക കുതിച്ചു കയറി 109.53 വരെ എത്തി. 109.39 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 109. 21 ലേക്കു താണു. രണ്ടു വർഷത്തിനിയിലെ ഏറ്റവും ഉയർന്ന നിലയിലാണു ഡോളർ സൂചിക എത്തിയത്. യൂറോയും പൗണ്ടും ദുർബലമായി. 2025 ൽ യുഎസ് 2.1 ശതമാനം വളരുമ്പോൾ യൂറോ മേഖല 1.1ഉം യുകെ 1.4 ഉം ശതമാനമേ വളരൂ എന്ന പ്രവചനവും യൂറോപ്യൻ കറൻസികളെ താഴ്ത്തി. യൂറാേ ഡോളറിന് ഒപ്പമാകാനുള്ള സാധ്യത പലരും കാണുന്നുണ്ട്.

രൂപ വ്യാഴാഴ്ച തുടക്കത്തിലേ ദുർബലമായി. 85.78 രൂപ വരെ കയറിയ ഡോളർ 85.75 രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് 100 കോടിയോളം ഡോളർ ഇന്നലെ വിപണിയിൽ ഇറക്കി. രൂപ ഇനിയും ദുർബലമാകും എന്നാണു ഡോളർ സൂചികയിലെ കയറ്റം കാണിക്കുന്നത്. ഡോളർ 86 രൂപയിലേക്ക് ഉടനെ തന്നെ കയറും എന്നു പലരും കരുതുന്നുണ്ട്.

ക്രൂഡ് ഓയിൽ 76 ഡോളറിൽ

ക്രൂഡ് ഓയിൽ വിപണിക്കു വ്യാഴാഴ്ച ചൂടുപിടിച്ചു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 76.11 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 73.33 ഉം യുഎഇയുടെ മർബൻ ക്രൂഡ് 76.46 ഉം ഡോളറിൽ നിൽക്കുന്നു. ബ്രെൻ്റ് ഇനം ബാരലിന് 76 ഡോളർ കടക്കും എന്നാണു നിഗമനം. 2025 ലെ ചൈനീസ് വളർച്ച പ്രതീക്ഷയിലും മെച്ചമാകും എന്ന വിലയിരുത്തലാണ് ക്രൂഡ് ഓയിലിനെ ഇപ്പോൾ കയറ്റുന്നത്.

ക്രിപ്റ്റോകൾ തിരിച്ചു കയറി

ഏതാനും ദിവസം താഴ്ന്നു നിന്ന ക്രിപ്റ്റോ കറൻസികൾ ഇന്നലെയും കയറി. ബിറ്റ്കോയിൻ 97,620 ഡോളർ വരെ എത്തിയിട്ട് അൽപം താണു. ഈഥർ വില 3460 ഡോളർ ആയി.

ചെമ്പ് ഒഴികെ വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴ്ന്നു.

ചെമ്പ് 0.45 ശതമാനം കയറി ടണ്ണിന് 8691.52 ഡോളറിൽ എത്തി. അലൂമിനിയം 0.89 ശതമാനം താഴ്ന്ന് ടണ്ണിന് 2529 ഡോളർ ആയി. ടിൻ 2.34 ഉം സിങ്ക് 1.59 ഉം നിക്കൽ 0.55 ഉം ലെഡ് 0.37 ഉം ശതമാനം ഇടിഞ്ഞു.

വിപണി സൂചനകൾ

(2024 ജനുവരി 02, വ്യാഴം)

സെൻസെക്സ് 30 79,910.44 +1.79%

നിഫ്റ്റി50 24,188.65 +1.88%

ബാങ്ക് നിഫ്റ്റി 51,605.55 +1.07%

മിഡ് ക്യാപ് 100 58,108.20 +1.14%

സ്മോൾ ക്യാപ് 100 19,080.35 +0.64%

ഡൗ ജോൺസ് 42,392.30 -0.36%

എസ് ആൻഡ് പി 5868.55 -0.22%

നാസ്ഡാക് 19,280.80 -0.16%

ഡോളർ($) ₹85.75 +₹0.10

ഡോളർ സൂചിക 109.39 +0.92

സ്വർണം (ഔൺസ്) $2658.20 +$32.10

സ്വർണം(പവൻ) ₹57,440 +₹240.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $75.92 +$01.28

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it