വിദേശികള്‍ വീണ്ടും വാങ്ങാനെത്തുന്നു; ബുള്ളിഷ് ആകാന്‍ വിപണി; പണനയ ചര്‍ച്ച തുടങ്ങുന്നു; ഏഷ്യന്‍ വിപണികള്‍ ഇടിവില്‍
ദക്ഷിണ കൊറിയൻ സംഭവ വികാസങ്ങളെ തുടർന്ന് ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. എങ്കിലും ഇന്ത്യൻ വിപണി കയറ്റത്തിൻ്റെ പ്രതീക്ഷയിലാണ്. മൂന്നു ദിവസം തുടർച്ചയായി കയറിയ വിപണി ബുള്ളിഷ് മനോഭാവം വീണ്ടെടുത്തു എന്നാണു വിലയിരുത്തൽ. വിദേശികൾ ഇന്നലെ ഗണ്യമായ വാങ്ങൽ നടത്തിയതും വിപണിയുടെ കയറ്റത്തിനു സഹായകമാണ്. എങ്കിലും വിപണി വലിയ ആവേശത്തിലല്ല.
ഇന്നു റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി ത്രിദിന യോഗം തുടങ്ങും. നയം വെള്ളി രാവിലെ 10 -നു ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും. ഉയർന്നു നിൽക്കുന്ന വിലക്കയറ്റം മൂലം റീപോ നിരക്കു കുറയ്ക്കാനിടയില്ല. പകരം ബാങ്കു വായ്പാ നിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന ചില നടപടികൾ ഉണ്ടാകും എന്നാണു പ്രതീക്ഷ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,514 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,495 ലേക്കു താഴ്ന്നിട്ടു തിരിച്ച് 24,545 ലേക്കു കയറി. വീണ്ടും താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യുഎസ് വിപണി ഇന്നലെയും സമ്മിശ്രമായി അവസാനിച്ചു. ഡൗ സൂചിക അൽപം താഴ്ന്നു വ്യാപാരം അവസാനിപ്പിച്ചു. എസ് ആൻഡ് പിയും നാസ്ഡാകും റെക്കോർഡുകൾ തിരുത്തി ഉയർന്നു ക്ലോസ് ചെയ്തു. ഒക്ടോബറിലെ തൊഴിൽ അവസരങ്ങൾ പ്രതീക്ഷിച്ച 75.2 ലക്ഷത്തെ മറികടന്ന് 77.4 ലക്ഷമായി എന്ന് കണക്കുകൾ കാണിച്ചു. വെള്ളിയാഴ്ചയാണ് നവംബറിലെ തൊഴിൽ റിപ്പോർട്ട് വരുന്നത്.
യുഎസ് സ്റ്റീലിനെ ഏറ്റെടുക്കാൻ ജപ്പാനിലെ നിപ്പോൺ സ്റ്റീലിനെ അനുവദിക്കില്ലെന്ന നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന യുഎസ് സ്റ്റീലിനെ എട്ടു ശതമാനം താഴ്ത്തി.
2025 അവസാനത്തോടെ എസ് ആൻഡ് പി 500 സൂചിക 7000 പോയിൻ്റ് കടക്കുമെന്നു വെൽസ് ഫാർഗോ പ്രവചിച്ചു. ഡോയിച്ച് ബാങ്കും യാർദെനി റിസർച്ചും 7000 പോയിൻ്റാണു പ്രവചിച്ചിട്ടുള്ളത്. ഉയരുന്ന സാമ്പത്തിക വളർച്ചയും കുറയുന്ന പലിശനിരക്കും യുഎസ് കമ്പനികൾക്കു സഹായകമായ ട്രംപ് നയങ്ങളുമാണ് വിശാല സൂചികയെ 16 ശതമാനം കയറ്റുന്നത് എന്ന് വെൽസ് ഫാർഗോ വിശദീകരിച്ചു.
തനിക്ക് 5600 കോടി ഡോളറിന്റെ ശമ്പളം പുന:സ്ഥാപിക്കാനുള്ള ഇലോൺ മസ്കിൻ്റെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ടെസ്‌ല ഓഹരി രണ്ടു ശതമാനം ഇടിഞ്ഞു.
ഡൗ ജോൺസ് സൂചിക 76.47 പോയിൻ്റ് (0.17%) താഴ്ന്ന് 44,705.53 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 2.73 പോയിൻ്റ് (0.05%) ഉയർന്ന് 6049.88 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 76.96 പോയിൻ്റ് (0.40%) നേട്ടത്തിൽ 19,480.91 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഡൗ 0.18 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.20 ഉം ശതമാനം കയറി നിൽക്കുന്നു.
നിക്ഷേപനേട്ടം 4.232 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. ഡിസംബർ 18 നു ഫെഡ് പലിശ 0.25 ശതമാനം കുറയ്ക്കാൻ 72 ശതമാനം സാധ്യത വിപണി കാണുന്നതാണ് കടപ്പത്രങ്ങളെ താഴ്ത്തിയത്.
യൂറോപ്യൻ വിപണികൾ തുടർച്ചയായ മൂന്നാം ദിവസവും ഉയർന്നു ക്ലോസ് ചെയ്തു. ഫ്രാൻസിലെ ബജറ്റ് പാർലമെൻ്റിൽ വോട്ടിംഗ് ഇല്ലാതെ പാസാക്കിയത് അവിശ്വാസ പ്രമേയത്തിനു വഴി തെളിച്ചിട്ടുണ്ട്. അവിശ്വാസം വിജയിക്കാനാണു സാധ്യത. പ്രസിഡൻ്റ് മാക്രോൺ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടി വരും.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ കാൽ ശതമാനം താണു. കൊറിയൻ സൂചിക രണ്ടു ശതമാനം ഇടിഞ്ഞു. ഇന്നലെ പ്രസിഡൻ്റ് പട്ടാള നിയമം പ്രഖ്യാപിച്ചതും വലിയ പ്രതിഷേധത്തെ തുടർന്നു പിൻവലിച്ചതും രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണത്. കൊറിയൻ കറൻസി വോണും ഇടിഞ്ഞു. ഓസ്ട്രേലിയൻ സൂചിക അര ശതമാനം താഴ്ന്നു. ചൈനയിലും ഇടിവാേടെയാണു തുടക്കം.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചാെവ്വാഴ്ചയും മികച്ച ആശ്വാസറാലി നടത്തി. മുഖ്യസൂചികകൾ മുക്കാൽ ശതമാനം ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കൂടുതൽ കയറി. വിപണി ബുള്ളിഷ് ആയി എന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നത്.
വിദേശ നിക്ഷേപകർ ഇന്നലെ വാങ്ങലുകാരായി. അവർ ചാെവ്വാഴ്ച 3664.67 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 250.99 കോടി രൂപയുടെ അറ്റ വിൽപന നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2704 ഓഹരികൾ ഉയർന്നപ്പോൾ 1261 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 2057 എണ്ണം ഉയർന്നു, താഴ്ന്നത് 774 എണ്ണം.
നിഫ്റ്റി 181.10 പോയിൻ്റ് (0.75%) ഉയർന്ന് 24,451.15 ൽ അവസാനിച്ചു. സെൻസെക്സ് 578.66 പോയിൻ്റ് (0.72%) നേട്ടത്തോടെ 80,826.74 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 1.13 ശതമാനം (586.75 പോയിൻ്റ്) കുതിച്ച് 52,695.75 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.89 ശതമാനം കയറി 57,509.00 ലും സ്മോൾ ക്യാപ് സൂചിക 0.84 ശതമാനം ഉയർന്ന് 19,003.55 ലും ക്ലോസ് ചെയ്തു.
പൊതുമേഖലാ ബാങ്കുകൾ, മീഡിയ, മെറ്റൽ, ഓയിൽ - ഗ്യാസ്, ധനകാര്യ മേഖലകൾ ഇന്നലെ നല്ല കയറ്റം കാണിച്ചു. എഫ്എംസിജിയും ഫാർമയും മാത്രമാണ് താഴ്ന്നത്.
തുടർച്ചയായി മൂന്നു ദിവസം കയറി ബുള്ളിഷ് പ്രവണതയിൽ ആയെങ്കിലും വിപണിയുടെ ചാഞ്ചാട്ട സ്വഭാവം മാറിയിട്ടില്ലെന്നു നിരീക്ഷകർ കരുതുന്നു. നിഫ്റ്റി 24,350 മറികടന്നെങ്കിലും 24,550-24,800 തടസമേഖലയാണ്. 24,300-ൽ നിഫ്റ്റിക്കു പിന്തുണ ഉണ്ട്.
നിഫ്റ്റിക്ക് ഇന്ന് 24,330 ലും 24,285 ലും പിന്തുണ കിട്ടാം. 24,485 ഉം 24,530 ഉം തടസങ്ങൾ ആകാം.
അദാനി ഗ്രൂപ്പിലെ കമ്പനികൾ ചൊവ്വാഴ്ച നല്ല നേട്ടം ഉണ്ടാക്കി നടത്തി. സിഡ്നിയിൽ ജിക്യുജി പാർട്നേഴ്സ് ഓഹരി ഇന്നലെ 3.47 ശതമാനം കയറി. ഇന്നു രാവിലെ അഞ്ചു ശതമാനം ഉയർന്നു.
സ്വർണം താഴുന്നു
സ്വർണവില ചൊവ്വാഴ്ച നാമമാത്രമായി ഉയർന്നു ക്ലോസ് ചെയ്തു. ഔൺസിന് 2.40 ഡോളർ കയറി സ്വർണം ക്ലോസ് ചെയ്തത് 2641.40 ഡോളറിൽ. ഇന്നു രാവിലെ സ്വർണം 2640 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ തിങ്കളാഴ്ച സ്വർണവില പവന് 320 രൂപ കൂടി 57,040 രൂപയായി.
വെള്ളിവില ഔൺസിന് 30.95 ഡോളറിലേക്ക് ഉയർന്നു.
റിസർവ് ബാങ്ക് ഇടപെടൽ
കറൻസി വിപണിയിൽ ഡോളർ അൽപം താഴ്ന്നു. ഡോളർ സൂചിക ഇന്നലെ106.37 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.47 ലേക്കു കയറി. ചൊവ്വാഴ്ചയും രൂപയ്ക്കു വലിയ ഇടിവ് നേരിട്ടെങ്കിലും റിസർവ് ബാങ്കിൻ്റെ ഇടപെടലിൽ നാമമാത്ര നേട്ടത്തോടെ അവസാനിച്ചു. ഡോളർ 84.76 രൂപ വരെ കയറി. റിസർവ് ബാങ്ക് 200 കോടി ഡോളർ ഇറക്കിയാണ് രൂപയെ സംരക്ഷിച്ചത്. ഡോളർ 84.69 രൂപയിൽ ക്ലോസ് ചെയ്തു. രൂപ കുറച്ചു കൂടി ദുർബലമാകും എന്നാണ് സൂചന.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) സമ്മേളനം ഇന്ന് ഉൽപാദനം കുറയ്ക്കൽ ചർച്ച ചെയ്യും. അതു പ്രമാണിച്ചു വില രണ്ടര ശതമാനം കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നു രാവിലെ 73.65 ഡോളറിലേക്ക് ഉയർന്നു. ഡബ്ല്യുടിഐ ഇനം 69.99 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.18 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ ചാഞ്ചാടുന്നു
ക്രിപ്റ്റോ കറൻസികൾ വീണ്ടും താഴ്ചയിലായി. ബിറ്റ് കോയിൻ ഇന്നലെ 95,775 നു താഴെയായി. ഈഥർ ഇന്ന് 3690 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ചൊവ്വാഴ്ച ഗണ്യമായി ഉയർന്നു. ചെമ്പ് 1.53 ശതമാനം കയറി ടണ്ണിന് 9010.04 ഡോളറിൽ എത്തി. അലൂമിനിയം 0.12 ശതമാനം ഉയർന്ന് ടണ്ണിന് 2606.38 ഡോളർ ആയി. സിങ്ക് 0.04 ഉം ടിൻ 0.53 ഉം നിക്കൽ 1.58 ഉം ശതമാനം ഉയർന്നു.. ലെഡ് 0.43 ശതമാനം താഴ്ന്നു.
വിപണിസൂചനകൾ
(2024 ഡിസംബർ 03, ചൊവ്വ)
സെൻസെക്സ് 30 80,826.74 +0.72%
നിഫ്റ്റി50 24,451.15 +0.75%
ബാങ്ക് നിഫ്റ്റി 52,695.75 +1.13%
മിഡ് ക്യാപ് 100 57,509.00 +0.89%
സ്മോൾ ക്യാപ് 100 19,003.55 +0.84%
ഡൗ ജോൺസ് 44,705.53 -0.17%
എസ് ആൻഡ് പി 6049.88 +0.05%
നാസ്ഡാക് 19,480.91 +0.40%
ഡോളർ($) ₹84.69 -₹0.01
ഡോളർ സൂചിക 106.37 -0.08
സ്വർണം (ഔൺസ്) $2641.40 +$02.40
സ്വർണം(പവൻ) ₹57,040 +₹320
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.62 +$01.71