അനിശ്ചിതത്വങ്ങളുടെ ആഴ്ച തുടങ്ങുന്നു; യുഎസ് തെരഞ്ഞെടുപ്പും ഫെഡ് തീരുമാനവും നിർണായകം; മുഹൂർത്ത വ്യാപാരത്തിലെ കുതിപ്പ് തുടരാൻ തടസങ്ങൾ

ഏഷ്യന്‍ വിപണികള്‍ നേരിയ കയറ്റത്തില്‍; സ്വര്‍ണത്തിന് കിതപ്പ്‌

എല്ലാ വിപണികളും അനിശ്ചിതത്വം നേരിടുന്ന ആഴ്ചയാണ് ഇന്നു തുടങ്ങുന്നത്. പ്രവചനം അസാധ്യമായ വിധം കടുത്ത മത്സരം നടക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഫലം ബുധനാഴ്ച അറിയാം. പിറ്റേന്ന് യുഎസ് ഫെഡറൽ റിസർവിൻ്റെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെയും പലിശ തീരുമാനം ഉണ്ടാകും. കമ്പനികളുടെ രണ്ടാം പാദ റിസൽട്ടുകളും വരുന്നതോടെ ഈയാഴ്ച സംഭവബഹുലമാകും. കഴിഞ്ഞയാഴ്ച മുഹൂർത്ത വ്യാപാരത്തിൽ കണ്ട ഉണർവ് നിലനിർത്താൻ ഈയാഴ്ച വിപണി വല്ലാതെ ക്ലേശിക്കും.

ക്രൂഡ് ഓയിൽ, സ്വർണം തുടങ്ങിയവയും യുഎസ് തെരഞ്ഞെടുപ്പിനെയും ഫെഡ് തീരുമാനത്തെയും കാത്തിരിക്കുകയാണ്.

പുതിയ യുഎസ് പ്രസിഡൻ്റ് ആരെന്നത് രാജ്യാന്തര സാമ്പത്തിക ബന്ധങ്ങളെയും പശ്ചിമേഷ്യൻ, യുക്രെയ്ൻ സംഘർഷങ്ങളെയും നേരിട്ടു ബാധിക്കുന്ന കാര്യമാണ്. ഡോണൾഡ് ട്രംപിൻ്റെ വിജയമാണ് യുഎസിലെ വിപണി പ്രവർത്തകരിൽ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ പ്രവചനാതീതമായ സ്വഭാവം സാമ്പത്തിക - വാണിജ്യ കാര്യങ്ങളിൽ അനിശ്ചിതത്വം വർധിപ്പിക്കും എന്നതും വസ്തുത.

ഇന്ത്യൻ വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻവലിയൽ തുടരുകയാണ്. അതു കുറയുന്നില്ലെങ്കിൽ വിപണി ആഗ്രഹിച്ച പുൾ ബായ്ക്ക് റാലിയിൽ നിന്നു തിരുത്തലിലേക്കാകും യാത്ര.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 24,306 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നു. യുഎസിൽ തൊഴിൽ വളർച്ച കുറവായത് പലിശ കുറയ്ക്കലിനു സഹായിക്കും എന്ന ധാരണയാണു കാരണം.

വെള്ളിയാഴ്ച യുഎസ് വിപണി മികച്ച നേട്ടം കുറിച്ചു. ഒക്ടോബറിൽ കാർഷികേതര തൊഴിൽ വർധന വെറും 12,000 ആണെന്ന റിപ്പോർട്ടിനെ വിപണി അവഗണിച്ചു. ഒരു ലക്ഷത്തിലധികം ആയിരുന്നു പ്രതീക്ഷ. ബോയിംഗിലെ പണിമുടക്കും രണ്ടു ചുഴലിക്കാറ്റുകളെ തുടർന്നുള്ള തടസങ്ങളുമാണു തൊഴിൽ വർധന കുറയാൻ കാരണം. ആമസാേണും ഇൻ്റലും പ്രതീക്ഷയെ മറികടന്ന റിസൽട്ട് പുറത്തുവിട്ടതും സഹായകമായി.

വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 288.73 പോയിൻ്റ് (0.69%) കയറി 42,052.19 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 23.35 പോയിൻ്റ് (0.41%) ഉയർന്ന് 5728.80-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 144.77 പോയിൻ്റ് (0.80%) നേട്ടത്തോടെ 18,239.92 ൽ ക്ലോസ് ചെയ്തു.

തെരഞ്ഞെടുപ്പ് ആസന്നമായതോടെ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ താഴ്ച കാണിക്കുന്നു. ഡൗ 0.23 ഉം എസ് ആൻഡ് പി 0.06 ഉം താഴ്ന്നു. നാസ്ഡാക് 0.03 ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.386 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് ഇടിഞ്ഞു.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ചെറിയ കയറ്റത്തിലാണ്.. ജപ്പാനിൽ ഇന്നു വിപണി അവധിയാണ്. ഇന്നു തുടങ്ങുന്ന ചൈനീസ് പാർലമെൻ്റ് സമ്മേളനത്തിൽ കൂടുതൽ ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കുമോ എന്നു വിപണികൾ ഉറ്റു നോക്കുന്നുണ്ട്.

ഇന്ത്യൻ വിപണി

വെള്ളിയാഴ്ച മുഹൂർത്ത വ്യാപാരത്തിൽ എല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 24,368.25 വരെ കയറിയിട്ട് 99.00 പോയിൻ്റ് (0.41%) നേട്ടത്തിൽ 24,304.35 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.39 ശതമാനം കയറി 52,673.90 ൽ ക്ലോസ് ചെയ്തു. 80,044.95 വരെ കയറിയ സെൻസെക്സ് 335 പോയിൻ്റ് (0.42%) നേട്ടത്തോടെ 79,724.12 ൽ അവസാനിച്ചു.

ഒക്ടോബറിലെ വിൽപന പ്രതീക്ഷയിലും മെച്ചമായത് വാഹന കമ്പനി ഓഹരികളെ ഉയർത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3.59 ശതമാനം കയറി. ഐഷർ, ബജാജ്, ടാറ്റാ, ഹീറോ, ടിവിഎസ് തുടങ്ങിയവ നല്ല നേട്ടം കാണിച്ചു.

ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, എൻബിസിസി തുടങ്ങിയവ നല്ല ഉയർച്ച കാണിച്ചു.

കഴിഞ്ഞ ആറു മാസം കൊണ്ട് 195 ശതമാനം കയറിയ കിറ്റെക്സ് 10 ശതമാനം കുതിച്ച് 613 രൂപയിൽ എത്തി.

കൊച്ചിൻ ഷിപ്പ് യാർഡ് നാലു ശതമാനത്തോളം ഉയർന്നു. റെയിൽവേ ഓഹരികളും റിയൽറ്റി കമ്പനികളും നല്ല കയറ്റം നടത്തി.

ആർബിഎൽ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയവ മികച്ച കയറ്റം കാഴ്ച വച്ചു. എന്നാൽ എസ്ബിഐ നേരിയ താഴ്ചയിലായി.

ക്രൂഡ് ഓയിൽ വില ഉയർന്നത് ഏഷ്യനും ബെർജറും അടക്കം പെയിൻ്റ് കമ്പനികളെ താഴ്ത്തി. റിലയൻസും ഒഎൻജിസിയും എംആർപിഎലും ഉയർന്നു. പിഡിലൈറ്റും കയറി.

ഒക്ടോബറിൽ വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ നിന്ന് 1,13,859 കോടി രൂപ പിൻവലിച്ചു. അതേ സമയം അവർ 19,842 കോടി രൂപ ഐപിഒകളിൽ നിക്ഷേപിച്ചു.

മുഹൂർത്ത വ്യാപാരത്തിലെ ഉണർവ് പ്രധാന സൂചികകളെ കഴിഞ്ഞയാഴ്ച നേട്ടത്തോടെ അവസാനിക്കാൻ സഹായിച്ചു. എങ്കിലും വിപണിയുടെ അനിശ്ചിതത്വം മാറിയിട്ടില്ല എന്നാണു വിലയിരുത്തൽ.നിഫ്റ്റിക്ക് ഇന്ന് 24,285 ഉം 24,265 ഉം പിന്തുണ നൽകാം. 24,315 ഉം 24,370 ഉം തടസങ്ങളാകും.

സ്വർണം കിതയ്ക്കുന്നു

യുഎസ് തെരഞ്ഞെടുപ്പ് ഫലം, ഈയാഴ്ചത്തെ ഫെഡ് തീരുമാനം എന്നിവയുടെ അനിശ്ചിതത്വവും ഡോളറിൻ്റെ കയറ്റവും സ്വർണത്തിനു കഴിഞ്ഞയാഴ്ച തിരിച്ചടിയായി.

വിൽപനസമ്മർദത്തിൽ സ്വർണവില മൂന്നു ദിവസം കൊണ്ടു രണ്ടര ശതമാനത്തോളം ഇടിഞ്ഞു. വെള്ളിയാഴ്ച ഔൺസിന് 2736.50 ഡോളറിൽ വില ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 2740 ഡോളറിലാണ്.

കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച പവന് 560 രൂപ ഇടിഞ്ഞ് 59,080 രൂപയിൽ എത്തി. ശനിയാഴ്ച 120 രൂപ കൂടി കുറഞ്ഞ് 58,960 രൂപയായി.

ഡോളർ സൂചിക വെള്ളിയാഴ്ച ഉയർന്ന് 104.28 ൽ ക്ലാേസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ 103.80 ലേക്കു താഴ്ന്നു.

ക്രൂഡ് ഓയിൽ വില അൽപം കയറിയാണു വാരാന്ത്യത്തിലേക്കു നീങ്ങിയത്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നു രാവിലെ 74.17 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 70.57 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.34 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റാേ കറൻസികൾ ഇടിവ് തുടർന്നു. ബിറ്റ്കോയിൻ ഒന്നര ശതമാനത്തിലധികം താഴ്ന്ന് 68,500 ഡോളറിനു താഴെ എത്തി. ഈഥർ 2450 ഡോളറിനു താഴെയായി.

വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലാണ്. ചെമ്പ് 0.76 ശതമാനം ഉയർന്ന് ടണ്ണിന് 9444.66 ഡോളറിൽ എത്തി. അലൂമിനിയം 0.67 ശതമാനം താഴ്ന്ന് ടണ്ണിന് 2600.17 ഡോളർ ആയി. ടിൻ 2.73 ഉം ലെഡ് 2.31 ഉം നിക്കൽ 2.00 ഉം ശതമാനം ഉയർന്നു. സിങ്ക് 1.28 ശതമാനം താഴ്ന്നു

വിപണിസൂചനകൾ

(2024 നവംബർ 01, വെള്ളി)

സെൻസെക്സ് 30 79,724.12 +0.42%

നിഫ്റ്റി50 24,304.35 +0.41%

ബാങ്ക് നിഫ്റ്റി 52,673.90 +0.39%

മിഡ് ക്യാപ് 100 56,496.05 +0.68%

സ്മോൾ ക്യാപ് 100 18,794.90 +1.03%

ഡൗ ജോൺസ് 42,052.19 +0.69%

എസ് ആൻഡ് പി 5728.80 +0.41%

നാസ്ഡാക് 18,239.92 +0.80%

ഡോളർ($) ₹84.08 ₹0.00

ഡോളർ സൂചിക 103.89 -0.39

സ്വർണം (ഔൺസ്) $2736.50 -$07.90

സ്വർണം (പവൻ) ₹58,960 -₹120

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.17 +$01.17


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it