യുഎസ് കുതിപ്പ് ആവേശമാകാം; 'ഇരട്ട ബോണസ്' മോഹിച്ച് ബുള്ളുകള്‍; വിദേശികള്‍ വാങ്ങല്‍ തുടരുന്നു; പണനയ പ്രഖ്യാപനം നാളെ

അമേരിക്കൻ വിപണിയുടെ കുതിപ്പും തുടർച്ചയായ നാലു ദിവസത്തെ കയറ്റവും വിപണിക്ക് ഇന്നു നല്ല ആവേശം നൽകേണ്ടതാണ്. പക്ഷേ അങ്ങനെ കാണുന്നില്ല. ബുള്ളുകൾ പലിശക്കാര്യത്തിൽ അമിത പ്രതീക്ഷ പുലർത്തിയതു തിരിച്ചടിയാകുമോ എന്ന ആശങ്ക ഉണ്ട്.

റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി ഇന്നലെ യോഗം തുടങ്ങി. നാളെ രാവിലെ 10-നു ഗവർണർ ശക്തികാന്ത ദാസ് നയം പ്രഖ്യാപിക്കും. വിലക്കയറ്റം ഉയർന്നു നിൽക്കുന്നതിനാൽ റീപോ നിരക്കു കുറയ്ക്കുകയില്ല എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ രണ്ടു ദിവസമായി പലരും റീപോ കുറയ്ക്കുന്നതിനെപ്പറ്റി സംസാരിക്കുന്നുണ്ട്. നിരക്കു കുറയ്ക്കാൻ 70 ശതമാനം സാധ്യത ഉണ്ടെന്നാണ് കൊട്ടക് മഹീന്ദ്ര മ്യൂച്വൽ ഫണ്ടിൻ്റെ ദീപക് അഗ്രവാൾ പറയുന്നത്. റീപോ കാൽശതമാനം കുറയ്ക്കുന്നതിനൊപ്പം ബാങ്കുകളുടെ കരുതൽ പണ അനുപാതം (സിആർആർ) അരശതമാനം കുറയ്ക്കാനും സാധ്യത ഉണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. രണ്ടു കാര്യങ്ങളും ബാങ്കുകളുടെ ലാഭം വർധിപ്പിക്കുന്നവയാണ്. രണ്ടു ദിവസമായി ബാങ്ക് നിഫ്റ്റി ഗണ്യമായി ഉയർന്നത് ഈ പ്രതീക്ഷയിലാണ്. ഈ ഇരട്ട പ്രതീക്ഷ സഫലമാകുമോ എന്ന ചോദ്യം ഇന്ന് ഉയരാം. പത്താം തീയതി കാലാവധി തീരുന്ന ഗവർണർ ദാസിൻ്റെ കാലാവധി നീട്ടുമോ ഇല്ലയോ എന്നതിൽ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,515 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,520 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യുഎസ് വിപണി ഇന്നലെ റെക്കോർഡ് ഉയരത്തിലായി. ഡൗ ആദ്യമായി 45,000 നു മുകളിൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പിയും റെക്കോർഡ് ക്ലോസിംഗിലാണ്. നാസ്ഡാക് 20,000-ൽ നിന്ന് 262 പോയിൻ്റ് മാത്രം താഴെ എത്തി. ടെക്നോളജി ഓഹരികളുടെ കുതിപ്പാണു വിപണിയെ കയറ്റിയത്. യുഎസ് സമ്പദ്ഘടന ''എടുത്തുപറയത്തക്കവിധം മികച്ച നിലയിലാണ് '' എന്നു ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്നലെ പറഞ്ഞതും വിപണിക്ക് ഉണർവായി. ഒക്ടോബറിലെ സ്വകാര്യമേഖലാ തൊഴിൽവളർച്ച പ്രതീക്ഷയിലും കുറവായി. 1.63 ലക്ഷം പ്രതീക്ഷിച്ചിടത്ത് 1.46 ലക്ഷം മാത്രം. 18-ാം തീയതി പലിശ കുറയ്ക്കാൻ ഫെഡറൽ റിസർവിന് ഈ കുറവും സഹായിക്കാം.

ഡൗ ജോൺസ് സൂചിക 308.51 പോയിൻ്റ് (0.69%) ഉയർന്ന് 45,014.04 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 36.61 പോയിൻ്റ് (0.61%) കയറി 6086.49 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 254.21 പോയിൻ്റ് (1.30%) നേട്ടത്തിൽ 19,735.12 ൽ ക്ലോസ് ചെയ്തു.

പ്രതീക്ഷയിലും മികച്ച റിസൽട്ട് സെയിൽസ് ഫോഴ്സ് ഓഹരിയെ 11 ശതമാനം കയറ്റി. എൻവിഡിയ മൂന്നര ശതമാനം ഉയർന്നു. ആപ്പിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയവയും കയറി.

യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു. ഡൗ 0.06 ഉം എസ് ആൻഡ് പി 0.12 ഉം നാസ്ഡാക് 0.19 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

നിക്ഷേപനേട്ടം 4.184 ശതമാനം മാത്രം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കയറി. ഡിസംബർ 18 നു ഫെഡ് പലിശ 0.25 ശതമാനം കുറയ്ക്കാൻ 76 ശതമാനം സാധ്യത വിപണി കാണുന്നതാണ് കടപ്പത്രങ്ങളെ കയറ്റിയത്.

യൂറോപ്യൻ വിപണികൾ നാലാം ദിവസവും ഉയർന്നു. ഫ്രാൻസിലെ മന്ത്രിസഭ അവിശ്വാസത്തിലൂടെ പുറത്തായത് ഫ്രഞ്ച് സാമ്പത്തിക വളർച്ച കുറയാനിടയാക്കും എന്നു വിപണിആശങ്കപ്പെടുന്നു.

ഏഷ്യൻ വിപണികൾ ഇന്നു കുതിപ്പിലാണ്. യുഎസ് വിപണിയുടെ കയറ്റമാണു പ്രചോദനം. ജപ്പാനിൽ നിക്കൈ അര ശതമാനം കയറി. പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്യുന്ന ദക്ഷിണ കൊറിയയിൽ സൂചിക ആദ്യം ഉയർന്ന ശേഷം നഷ്ടത്തിലായി. ഓസ്ട്രേലിയൻ സൂചിക അര ശതമാനം ഉയർന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച ചാഞ്ചാട്ടങ്ങൾക്കു ശേഷം നാമമാത്ര നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിയൽറ്റിയും പലിശ കുറയാനുള്ള സാധ്യത പ്രതീക്ഷിച്ചു നല്ല കയറ്റം നടത്തി. വാഹനങ്ങളും എഫ്എംസിജിയും താഴ്ചയിലായി.

മുഖ്യസൂചികകൾ പേരിനു മാത്രം ഉയർന്നപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനം കുതിച്ചു.

വിദേശ നിക്ഷേപകർ ഇന്നലെയും വാങ്ങലുകാരായി. അവർ ബുധനാഴ്ച 1797.60 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 900.62 കോടി രൂപയുടെ അറ്റ വിൽപന നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയിൽ 2352 ഓഹരികൾ ഉയർന്നപ്പോൾ 1617 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1712 എണ്ണം ഉയർന്നു, താഴ്ന്നത് 1106 എണ്ണം.

നിഫ്റ്റി 10.30 പോയിൻ്റ് (0.04%) കൂടി 24,467.55 ൽ അവസാനിച്ചു. സെൻസെക്സ് 110.58 പോയിൻ്റ് (0.14%) ഉയർന്ന് 80,956.33 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 1.08 ശതമാനം (571.15 പോയിൻ്റ്) കുതിച്ച് 53,266.90 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 1.05 ശതമാനം കയറി 58,112.40 ലും സ്മോൾ ക്യാപ് സൂചിക 0.89 ശതമാനം ഉയർന്ന് 19,173.55 ലും ക്ലോസ് ചെയ്തു.

തുടർച്ചയായി നാലു ദിവസം കയറി ബുള്ളിഷ് പ്രവണതയിൽ ആയെങ്കിലും വിപണി തിരിച്ചിറങ്ങില്ല എന്നു പറയാറായിട്ടില്ല. പലിശക്കാര്യത്തിലെ അമിതപ്രതീക്ഷയ്ക്ക് അനുസരിച്ചു റിസർവ് ബാങ്ക് പ്രവർത്തിച്ചില്ലെങ്കിൽ നാളെ വിപണി ഉലയാം. പലിശയും കരുതൽപണ അനുപാതവും കുറച്ചാൽ വിപണിക്കതു ബോണസ് ആകും. നിഫ്റ്റി 24,550 -24,800 ലെ തടസമേഖല മറികടക്കാൻ ഏറെ ശ്രമപ്പെടും എന്നാണ് ഇന്നലത്തെ വ്യാപാരം കാണിക്കുന്നത്. ഇന്നലെ 24,573 വരെ കയറിയെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

നിഫ്റ്റിക്ക് ഇന്ന് 24,390 ലും 24,340 ലും പിന്തുണ കിട്ടാം. 24,550 ഉം 24,60.0 ഉം തടസങ്ങൾ ആകാം.

റെക്കോര്‍ഡിട്ട് ഫെഡറല്‍ ബാങ്ക്

ഫെഡറൽ ബാങ്ക് ഓഹരി 216.28 രൂപവരെ കയറി റെക്കോർഡ് കുറിച്ചിട്ട് 2.78 ശതമാനം നേട്ടത്തോടെ 215.80 ൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 4.59 ശതമാനം ഉയർന്ന് 25.50 രൂപയിൽ അവസാനിച്ചു. ധനലക്ഷ്മി ബാങ്ക് 12.91 ശതമാനം കുതിച്ച് 38.39 രൂപയിൽ എത്തി.

അദാനി ഗ്രൂപ്പിലെ ഭൂരിപക്ഷം കമ്പനികളും ഇന്നലെ താഴ്ചയിലായിരുന്നു. വിവാദത്തിൽ പെട്ട അദാനി ഗ്രീനും അദാനി എനർജിയും മാത്രമാണ് ഉയർന്നത്. സിഡ്നിയിൽ ജിക്യുജി പാർട്നേഴ്സ് ഓഹരി ഇന്നലെ 2.3 ശതമാനം കയറി. ഇന്നു രാവിലെ 2.8 ശതമാനം ഉയർന്നാണു വ്യാപാരം.

മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയത്തിനുള്ള 18 ശതമാനം ജിഎസ്ടി അഞ്ചു ശതമാനമാക്കാൻ മന്ത്രിമാരുടെ സമിതി ശിപാർശ ചെയ്തു. നിവാ ബൂപാ ഓഹരി രണ്ടു ദിവസം കൊണ്ട് 32.4 ശതമാനം കുതിച്ചു. ഇന്നലെ മാത്രം 20 ശതമാനം കയറി.

പുതിയ പ്രതിരോധ ഓർഡുകളുടെ പ്രതീക്ഷയിൽ ഗാർഡൻ റീച്ചും മസഗാേൺ ഡോക്കും അഞ്ചു ശതമാനം വരെ കയറിയെങ്കിലും കൊച്ചിൻ ഷിപ്പ് യാർഡ് ഇന്നലെ 0.86 ശതമാനമേ ഉയർന്നുള്ളൂ.

ബജാജ് ഓട്ടാേ അഞ്ചു മാസം മുൻപ് അവതരിപ്പിച്ച ഫ്രീഡം സിഎൻജി ബൈക്കുകൾക്ക് വില കുറച്ചത് ഓഹരിയെ തരം താഴ്ത്താൻ വിദേശ ബ്രോക്കറേജുകളെ പ്രേരിപ്പിച്ചു. ഓഹരി 1.77 ശതമാനം താണു. സെപ്റ്റംബർ ഒടുവിലെ 12,666 രൂപയിൽ നിന്ന് 29 ശതമാനം താഴെ 9000 രൂപയിലാണ് ഓഹരി ഇപ്പോൾ. ചില ബ്രോക്കറേജുകൾ ഓഹരി വാങ്ങാൻ ശിപാർശ ചെയ്യുന്നുണ്ട്.

അദാനി ഗ്രൂപ്പ് സിമൻ്റ് ബിസിനസ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്റ്റാർ സിമൻ്റിനെ ഏറ്റെടുക്കാൻ അംബുജ സിമൻ്റ്സ് ശ്രമം തുടങ്ങി. കുമാർ മംഗലം ബിർലായുടെ അൾട്രാ ടെക് സിമൻ്റ്സും സിംഘാനിയമാരുടെ ജെകെ ലക്ഷ്മി സിമൻ്റും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സിമൻ്റ് പ്ലാൻ്റുകൾ തുടങ്ങുന്ന സമയമാണിത്. ഇപ്പോൾ ആ മേഖലയിലെ ഏറ്റവും വലിയ സിമൻ്റ് കമ്പനിയാണു സ്റ്റാർ. ഭജങ്ക കുടുംബമാണ് സ്റ്റാറിൻ്റെ 66.47 ശതമാനം ഓഹരിയുടെ ഉടമകൾ. അദാനി ഗ്രൂപ്പുമായി ചർച്ച നടക്കുന്നതായി ഭജങ്ക കുടുംബം പറഞ്ഞിട്ടില്ല. 77 ലക്ഷം ടൺ പ്രതിവർഷ ശേഷിയുണ്ട് സ്റ്റാറിന്. 2030-ഓടെ 250 ലക്ഷം ടണ്ണിലേക്കു വർധിപ്പിക്കാനാണ് പ്രൊമോട്ടർമാരുടെ പ്ലാൻ. മേഘാലയയിലാണ് സ്റ്റാറിൻ്റെ പ്രധാന പ്ലാൻ്റ്. അൾട്രാടെക്കും ജെകെ ലക്ഷ്മിയും മേഘാലയയിലാണ് പ്ലാൻ്റുകൾ സ്ഥാപിക്കുന്നത്.

ബ്രിട്ടീഷ് ടെലികോം കമ്പനി വോഡഫോൺ, ഇൻഡസ് ടവേഴ്സിലെ തങ്ങളുടെ മൂന്നു ശതമാനം ഓഹരി വിൽക്കുന്നു. 2840 കോടി രൂപയാണു പ്രതീക്ഷ. വിൽപനത്തുക വോഡഫോൺ ഐഡിയ, ഇൻഡസ് ടവേഴ്സിനു നൽകാനുള്ള കുടിശികയിലേക്കു നൽകും. മുൻപ് ടവേഴ്സിൽ 18 ശതമാനം ഓഹരി വോഡഫോണിന് ഉണ്ടായിരുന്നു. കഴിഞ്ഞ ജൂണിൽ അതു മൂന്നു ശതമാനമായി കുറച്ചു.

ഇന്ദ്രപ്രസ്ഥ ഗ്യാസ് ബോണസ് ഇഷ്യു ഡിസംബർ 10 -നു പ്രഖ്യാപിക്കും.

കയറിയിറങ്ങി സ്വർണം

സ്വർണവില ബുധനാഴ്ച അൽപം ഉയർന്നു ക്ലോസ് ചെയ്തു. ഔൺസിന് 9.00 ഡോളർ കയറി സ്വർണം ക്ലോസ് ചെയ്തത് 2650.40 ഡോളറിൽ. ഇന്നു രാവിലെ സ്വർണം 2648 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ തിങ്കളാഴ്ച സ്വർണവില മാറ്റമില്ലാതെ പവന് 57,040 രൂപയിൽ തുടർന്നു..

വെള്ളിവില ഔൺസിന് 31.27 ഡോളറിലേക്ക് ഉയർന്നു.

കറൻസി വിപണിയിൽ ഡോളർ കാര്യമായ മാറ്റമില്ലാതെ തുടർന്നു. ഡോളർ സൂചിക ഇന്നലെ106.32 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106. 31 ലേക്കു താണു.

രൂപ ബുധനാഴ്ചയും ഇടിവിലായി. ഡോളർ അഞ്ചു പൈസ കൂടി 84.74 രൂപയിൽ ക്ലാേസ് ചെയ്തു. രൂപ കുറച്ചു കൂടി ദുർബലമാകും എന്നാണ് സൂചന.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) സമ്മേളനം ഉൽപാദനം കുറയ്ക്കൽ ചർച്ച ചെയ്തു. തീരുമാനം ഇന്നു പ്രഖ്യാപിക്കും. അതു പ്രമാണിച്ചു കയറിയ വില ഇന്നലെ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 72.35 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 72.31 ഡോളറിലേക്ക് താഴ്ന്നു. ഡബ്ല്യുടിഐ ഇനം 68.76 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.08 ഉം ഡോളറിൽ നിൽക്കുന്നു.

ബിറ്റ് കോയിൻ ഒരു ലക്ഷം ഡോളറിനരികെ

ക്രിപ്റ്റോ കറൻസികൾ വീണ്ടും കുതിക്കുന്നു. ബിറ്റ് കോയിൻ ഇന്ന് 98,950 ഡോളറിനടുത്ത് എത്തി. ഒരു ലക്ഷം ഡോളർ ഈ ദിവസങ്ങളിൽ എത്തുമെന്നാണ് സംസാരം. ഡോണൾഡ് ട്രംപ് ഭരണം തുടങ്ങിയാൽ ഒന്നോ രണ്ടോ ലക്ഷം ബിറ്റ് കോയിൻ വാങ്ങി യുഎസ് റിസർവിൽ ചേർക്കും എന്നാണു കിംവദന്തി. ഈഥർ ഇന്ന് 3830 ഡോളറിലേക്കു കയറി.

മിക്ക വ്യാവസായിക ലോഹങ്ങളും ഇന്നലെ ഉയർന്നു. ചെമ്പ് 0.45 ശതമാനം താഴ്ന്നു ടണ്ണിന് 8969.82 ഡോളറിൽ എത്തി. അലൂമിനിയം 1.30 ശതമാനം ഉയർന്ന് ടണ്ണിന് 2640.35 ഡോളർ ആയി. സിങ്ക് 0.31 ശതമാനം താഴ്ന്നു. ടിൻ 0.26 ഉം നിക്കൽ 0.57 ഉം ലെഡ് 1.13 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 ഡിസംബർ 04, ബുധൻ)

സെൻസെക്സ് 30 80,956.33 +0.14%

നിഫ്റ്റി50 24,467.45 +0.04%

ബാങ്ക് നിഫ്റ്റി 53,266.90 +1.08%

മിഡ് ക്യാപ് 100 58,112.40 +1.05%

സ്മോൾ ക്യാപ് 100 19,173.55 +0.89%

ഡൗ ജോൺസ് 45,014.04 +0.69%

എസ് ആൻഡ് പി 6086.49 +0.61%

നാസ്ഡാക് 19,735.12 +1.30%

ഡോളർ($) ₹84.74 +₹0.05

ഡോളർ സൂചിക 106.32 -0.05

സ്വർണം (ഔൺസ്) $2650.40 +$09.00

സ്വർണം(പവൻ) ₹57,040 +₹00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.31 -$01.34

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it