രാഷ്ട്രീയ- സാമ്പത്തിക അനിശ്ചിതത്വങ്ങൾ തുടരുന്നു; വിപണിക്ക്‌ നെഗറ്റീവ് സൂചനകൾ; രൂപ കൂടുതൽ ദുർബലമായി


വിപണി കൂടുതൽ താഴും എന്ന സൂചനയോടെയാണ് ഇന്നു വ്യാപാരം തുടങ്ങുന്നത്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കുന്നു. നാളെ ഉച്ചയോടെ ചിത്രം വ്യക്തമാകും ആരു ജയിക്കും, ജേതാവിന് സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷ പിന്തുണ കിട്ടുമോ എന്നൊക്കെയുളള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നതു വരെ വിപണിയിലെ ചാഞ്ചാട്ടം തുടരും. യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശ തീരുമാനം വ്യാഴാഴ്ച വരും. അതിലെ സമീപനവും വിപണിഗതിക്കു നിർണായകമാണ്.

ഒക്ടോബറിൽ മനുഫാക്ചറിംഗ് മേഖല ഉണർവ് കാണിച്ചതായി പിഎംഐ സർവേ കാണിച്ചു. പക്ഷേ മറ്റ് ആശങ്കകളും അനിശ്ചിതത്വങ്ങളും ഉള്ളതിനാൽ അതു വിപണിയെ സഹായിക്കില്ല. രൂപ കൂടുതൽ ദുർബലമായതും വിദേശികൾ വിൽപന തുടരുന്നതും വിപണിയെ താഴ്ത്തുന്ന ഘടകങ്ങൾ ആണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,092 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,060 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച താഴ്ന്നു. യുഎസ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വം ആണു കാരണം. അനിശ്ചിതത്വത്തിൻ്റെ ആശങ്കയിൽ തിങ്കളാഴ്ച യുഎസ് വിപണി താഴ്ന്നു. ചരിത്രം പറയുന്നതു തെരഞ്ഞെടുപ്പിനെ തുടർന്നുള്ള ആഴ്ചയിൽ ഓഹരികൾ ഇടിയുമെന്നും അടുത്ത രണ്ടു മാസം കൊണ്ടു തിരിച്ചു കയറുമെന്നും ആണ്. പ്രസിഡൻ്റാകുന്ന ആളിൻ്റെ പാർട്ടിക്കു സെനറ്റിലും പ്രതിനിധി സഭയിലും ഭൂരിപക്ഷം കിട്ടുമോ എന്നും യുഎസ് വിപണി ആകാംക്ഷയോടെ ഉറ്റു നോക്കുന്നു. വ്യാഴാഴ്ച യുഎസ് ഫെഡ് പലിശ നിരക്ക് കാൽ ശതമാനം കുറയ്ക്കും എന്ന വിശ്വാസത്തിലാണ് വിപണി.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 257.59 പോയിൻ്റ് (0.61%) താഴ്ന്ന് 41,794.60 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 16.11 പോയിൻ്റ് (0.28%) കുറഞ്ഞ് 5712.69-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 59.93 പോയിൻ്റ് (0.33%) നഷ്ടത്തോടെ 18,179.98 ൽ ക്ലോസ് ചെയ്തു.

തെരഞ്ഞെടുപ്പ് ദിവസമായതോടെ യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നേരിയ ഇടിവ് കാണിക്കുന്നു. ഡൗ 0.03 ഉം എസ് ആൻഡ് പി 0.04 ഉം നാസ്ഡാക് 0.02 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.291 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് കയറി. ഇന്നു രാവിലെ നിക്ഷേപനേട്ടം 4.303 ശതമാനമായി ഉയർന്നു.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ സൂചിക രാവിലെ ഒരു ശതമാനത്തോളം കയറി.

ഇന്ത്യൻ വിപണി

ആഗോള ആശങ്കകളും വിദേശികൾ വിൽപന തുടരുന്നതും കമ്പനികളുടെ ഫലങ്ങൾ മോശമായതും എല്ലാം ചേർന്നു തിങ്കളാഴ്ച ഇന്ത്യൻ വിപണിയെ ചോരപ്പുഴയാക്കി. വിപണിമൂല്യത്തിൽ ആറു ലക്ഷം രൂപ നഷ്ടമായി. നിഫ്റ്റി 23,816.15 വരെ ഇടിഞ്ഞിട്ട് 309.00 പോയിൻ്റ് (1.27%) നഷ്ടത്തോടെ 23,995.35 ൽ അവസാനിച്ചു. 78,232.60 വരെ താഴ്ന്ന സെൻസെക്സ് 941.88 പോയിൻ്റ് (1.18%) നഷ്ടവുമായി 78,782.24 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.89 ശതമാനം ഇടിഞ്ഞ് 51,215.25 ൽ അവസാനിച്ചു.

എല്ലാ മേഖലകളും നഷ്ടത്തിലായി. ഓയിൽ - ഗ്യാസ്, റിയൽറ്റി, മീഡിയ, എഫ്എംസിജി, മെറ്റൽ, ധനകാര്യ സേവനം, കൺസ്യൂമർ ഡ്യൂറബിൾ, ഓട്ടോ എന്നിവയാണു കൂടുതൽ നഷ്ടത്തിലായത്.

കഴിഞ്ഞ ആറു മാസം കൊണ്ട് 218 ശതമാനം കുതിച്ച കിറ്റെക്സ് ലിമിറ്റഡ് ഇന്നലെ അഞ്ചു ശതമാനം കയറി 643.95 രൂപയിൽ എത്തി.

ഫെഡറൽ ബാങ്ക് ഓഹരി ഇന്നലെ 207.60 രൂപ എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടു താഴ്ന്ന് 203.80 രൂപയിൽ ക്ലോസ് ചെയ്തു. ബ്രോക്കറേജുകൾ വാങ്ങൽ ശിപാർശ നൽകിയിട്ടുള്ള ഈ ഓഹരി ഒരു വർഷം കൊണ്ട് 43 ശതമാനം ഉയർന്നു. നുവാമ 235 രൂപയും സെൻട്രം ബ്രോക്കിംഗ് 250 രൂപയുമാണ് ലക്ഷ്യവില ഇട്ടിട്ടുള്ളത്.

തിങ്കളാഴ്ച വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 4329.79 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2936.08 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിപണിയിൽ അനിശ്ചിതത്വം തുടരുകയാണ്. പ്രതിരോധനിലകൾ തകർന്ന വിപണിയിൽ നിഫ്റ്റി 23,500 ലേക്കു പതിക്കുമോ എന്നാണു പുതിയ ചോദ്യം. നാളത്തെ യുഎസ് തെരഞ്ഞെടുപ്പു ഫലവും വ്യാഴാഴ്ചത്തെ ഫെഡ് തീരുമാനവും ആണു തുടർന്നുള്ള ദിവസങ്ങളിൽ ഗതി നിയന്ത്രിക്കുക. കമ്പനികളുടെ റിസൽട്ട് പ്രതീക്ഷയിലും മോശമാണു താനും.

നിഫ്റ്റിക്ക് ഇന്ന് 23,850 ഉം 23,735 ഉം പിന്തുണ നൽകാം. 24,235 ഉം 24,350 ഉം തടസങ്ങളാകും.

സ്വർണം കിതയ്ക്കുന്നു

രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണം ഇന്നലെ കയറിയിറങ്ങി. ഒടുവിൽ ചെറിയ മാറ്റത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ച ഔൺസിന് 2737.10 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 2735 ഡോളറിലാണ്.

കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ പവന് 58,960 രൂപയിൽ തുടർന്നു. വെള്ളി ഔൺസിന് 32.32 ഡോളറിൽ നിൽക്കുന്നു.

ഡോളർ സൂചിക തിങ്കളാഴ്ച താഴ്ന്ന് 103.89 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 103.95 ലേക്കു കയറി.

രൂപ ഇന്നലെ ദുർബലമായി. ഡോളർ നാലു പൈസ കയറി 84.12 രൂപയിൽ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപകർ വിൽപന തുടരുന്നതും വിദേശനാണ്യ ശേഖരം അൽപം കുറഞ്ഞതും ഡോളർ സൂചികയുടെ കയറ്റവും രൂപയുടെ ക്ഷീണത്തിനു കാരണമാണ്.

ക്രൂഡ് ഓയിൽ വില അൽപം കയറി. ഒപെക് പ്ലസ് ഉൽപാദനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുന്നതു കാത്തിരിക്കുകയാണു വിപണി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 75.13 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 74.97 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 71.35 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.13 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റാേ കറൻസികൾ ഇടിവ് തുടർന്നു. ബിറ്റ്കോയിൻ വീണ്ടും ഒരു ശതമാനത്തിലധികം താഴ്ന്ന് 67,850 ഡോളറിനു താഴെ എത്തി. ഈഥർ 2400 ഡോളറിലായി.

വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിൽ തുടരുന്നു. ചൈന പുതിയ ഉത്തേജകം പ്രഖ്യാപിക്കുമോ എന്നാണു വിപണി നോക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വവും വിപണിയെ അലട്ടുന്നു. ചെമ്പ് 0.63 ശതമാനം ഉയർന്ന് ടണ്ണിന് 9504.50 ഡോളറിൽ എത്തി. അലൂമിനിയം 0.63 ശതമാനം ഉയർന്ന് ടണ്ണിന് 2616.64 ഡോളർ ആയി. ടിൻ 0.20 ശതമാനം ഉയർന്നു. ലെഡ് 1.04 ഉം നിക്കൽ 0.85 ഉം സിങ്ക് 1.10ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 നവംബർ 04, തിങ്കൾ)

സെൻസെക്സ് 30 78,782.24 -1.18%

നിഫ്റ്റി50 23,995.35 -1.27%

ബാങ്ക് നിഫ്റ്റി 51,215.25 -0.89%

മിഡ് ക്യാപ് 100 55,784.55 -1.26%

സ്മോൾ ക്യാപ് 100 18,424.65 -1.97%

ഡൗ ജോൺസ് 41,794.60 -0.61%

എസ് ആൻഡ് പി 5712.69 -0.28%

നാസ്ഡാക് 18,179.98 -0.33%

ഡോളർ($) ₹84.12 +₹0.04

ഡോളർ സൂചിക 103.89 -0.39

സ്വർണം (ഔൺസ്) $2737.10 +$00.60

സ്വർണം (പവൻ) ₹58,960 ₹00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $75.13 +$00.96

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it