തിരിച്ചു കയറാന്‍ വിപണി, യു.എസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തില്‍, ഏഷ്യന്‍ വിപണികള്‍ കുതിച്ചു, മാന്ദ്യഭീതി അനാവശ്യമെന്നു വിലയിരുത്തല്‍; ക്രൂഡ് ഓയില്‍ കയറുന്നു

ആഗോള വിപണികള്‍ മാന്ദ്യഭീതിയില്‍ ഇടിഞ്ഞ തിങ്കളാഴ്ചയില്‍ നിന്നു ശക്തമായ തിരിച്ചു കയറ്റം ഇന്നു തുടങ്ങി. യു.എസ് ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നു നീങ്ങിയപ്പോള്‍ ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ കുതിച്ചു കയറി. ഇന്ത്യന്‍ വിപണിയും മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു സൂചന. മികച്ച ഓഹരികള്‍ മിതമായ വിലയ്ക്കു വാങ്ങാം എന്ന നിലയായി.

മാന്ദ്യം ഉണ്ടാകില്ലെന്നു സൂചിപ്പിക്കുന്ന പുതിയ സര്‍വേ ഫലങ്ങള്‍ യു.എസില്‍ പുറത്തുവന്നിട്ടുണ്ട്. ഓഗസ്റ്റില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും എന്നും വിലയിരുത്തല്‍ ഉണ്ടായി. ആവശ്യമെങ്കില്‍ യു.എസ് ഫെഡിന് അടിയന്തരമായി പലിശ കുറയ്ക്കാന്‍ കഴിയും. അങ്ങനെയൊരു സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും പലിശ കുറയ്ക്കല്‍ സെപ്റ്റംബറില്‍ മതിയാകുമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് ഇന്നലെ വിലയിരുത്തി. ടെക് ഓഹരികളിലെ ഇടിവും അമിതമാണെന്ന് വിപണി ഇപ്പോള്‍ കണക്കാക്കുന്നു.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,124 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,320 ലേക്കു കയറിയിട്ട് 24,275 ലേക്കു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച 2.2 ശതമാനം ഇടിഞ്ഞു. തുടക്കത്തില്‍ മൂന്നു ശതമാനത്തിലധികം താഴ്ന്നിട്ട് അല്‍പം തിരിച്ചു കയറുകയായിരുന്നു.

യു.എസ് വിപണി തിങ്കളാഴ്ച വലിയ തകര്‍ച്ചയിലായി. ഡൗ ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞു. 2022 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ താഴ്ചയാണ് ഇന്നലത്തേത്. എന്‍വിഡിയയും ആപ്പിളും അടക്കം ടെക് ഭീമന്മാര്‍ വലിയ തകര്‍ച്ചയിലായി.

എന്നാല്‍ വിപണി ക്ലോസ് ചെയ്ത ശേഷം ഫ്യൂച്ചേഴ്‌സിലും അനൗപചാരിക വ്യാപാരത്തിലും ഓഹരികള്‍ ഉയര്‍ന്നു. സാമ്പത്തികമാന്ദ്യത്തെപ്പറ്റി ഉയര്‍ന്ന ആശങ്ക കാര്യമില്ലാത്തതാണെന്നു കാണിക്കുന്ന കണക്കുകള്‍ പുറത്തുവന്നു.

ജൂലൈയിലെ സേവന മേഖലയുടെ പിഎംഐ പ്രതീക്ഷയിലും മികച്ചതായി. 50.9 പ്രതീക്ഷിച്ച സ്ഥാനത്ത് 51.4. ജൂണില്‍ സൂചിക 48.8 ആയിരുന്നു. ഈ സര്‍വേയിലെ തൊഴില്‍ സൂചിക അഞ്ചു പോയിന്റ് കുതിച്ച് 51.1 ആയി. പുതിയ ഓര്‍ഡറുകളും വര്‍ധിച്ചു. ഇതെല്ലാം പോസിറ്റീവ് ആണ്. വെള്ളിയാഴ്ച തൊഴില്‍ കണക്കുകള്‍ നല്‍കിയ ചിത്രത്തില്‍ നിന്നു ഗണ്യമായി വ്യത്യാസമുള്ള ചിത്രമാണിത്. അതു ഫ്യൂച്ചേഴ്‌സ് വ്യാപാരത്തില്‍ കാണാം.

സെപ്റ്റംബറില്‍ യു.എസ് ഫെഡ് പലിശനിരക്കില്‍ അര ശതമാനം കുറവു വരുത്തും എന്ന നിഗമനത്തിലാണ് ഇപ്പോള്‍ വിപണികള്‍.

2022 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ ത്രിദിന വീഴ്ചയാണ് ഓഹരി സൂചികകളില്‍ കണ്ടത്. മൂന്നു ദിവസം കൊണ്ട് ഡൗ 5.24ഉം നാസ്ഡാക് 7.95ഉം എസ് ആന്‍ഡ്പി 6.08ഉം ശതമാനം ഇടിഞ്ഞു. നാസ്ഡാക് തിരുത്തല്‍ മേഖലയിലായി. എസ്ആന്‍ഡ്പി തിരുത്തലിന്റെ വക്കിലാണ്.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 1033.99 പോയിന്റ് (2.60%) തകര്‍ച്ചയോടെ 38,703.30ല്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 160.23 പോയിന്റ് (3.00%) ഇടിഞ്ഞ് 5186.33 ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 576.08 പോയിന്റ് (3.43%) നഷ്ടത്തില്‍ 16,200.10ല്‍ വ്യാപാരം അവസാനിപ്പിച്ചു.

യു.എസ് ഫ്യൂച്ചേഴ്‌സ് കയറ്റത്തിലാണ്. ഡൗ 0.58 ഉം എസ്ആന്‍ഡ്പി 0.93 ഉം നാസ്ഡാക് 1.26 ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.

തിങ്കളാഴ്ച ഏഷ്യന്‍ വിപണികള്‍ വലിയ തകര്‍ച്ചയിലായി. ജപ്പാനില്‍ നിക്കൈ 1987 ഒക്ടോബറിലെ കറുത്ത തിങ്കളിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവ് (12.4%) രേഖപ്പെടുത്തി. 2024 ലെ മുഴുവന്‍ നേട്ടവും നഷ്ടമായി. ജാപ്പനീസ് കറന്‍സി ജനുവരിക്കു ശേഷമുളള ഏറ്റവും ഉയര്‍ന്ന നിലയിലായി. ദിവസങ്ങള്‍ കൊണ്ടു യെന്‍ 11 ശതമാനമാണു കയറിയത്.

ബാങ്ക് ഓഫ് ജപ്പാന്‍ കഴിഞ്ഞ മാസം അവസാനം പലിശനിരക്ക് കൂട്ടിയതാണ് യെന്‍ കയറാനും ഓഹരികള്‍ ഇടിയാനും കാരണം. പലിശ നിരക്കു പൂജ്യത്തിനടുത്ത് ആയിരുന്ന ജപ്പാനില്‍ നിന്നു വായ്പ എടുത്തു മറ്റു വിപണികളില്‍ നിക്ഷേപിച്ചു ലാഭമെടുത്തിരുന്ന യെന്‍ കാരി ട്രേഡ് തടസപ്പെട്ടു. ജാപ്പനീസ് പണം നിക്ഷേപിച്ചിരുന്ന എല്ലാ വിപണികളിലും ഇതു വലിയ കോളിളക്കം ഉണ്ടാക്കി. ദക്ഷിണ കൊറിയന്‍ വിപണി 8.77 ശതമാനം താഴ്ന്നു; തായ്‌വാന്‍ എട്ടു ശതമാനം ഇടിഞ്ഞു.

എന്നാല്‍ ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ ശക്തമായി തിരിച്ചുകയറി. ജപ്പാനില്‍ നിക്കൈ എട്ടു ശതമാനത്തിലധികം ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. കൊറിയന്‍ സൂചികകള്‍ നാലു ശതമാനത്തിലധികം കയറി

ഇന്ത്യന്‍ വിപണി

ആഗോള ചുഴലിക്കാറ്റ് ഇന്നലെ ഇന്ത്യന്‍ വിപണിയെ മൂന്നു ശതമാനത്തോളം വലിച്ചു താഴ്ത്തി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരി സൂചികകള്‍ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു. മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറച്ചു തകര്‍ച്ചയേ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായുള്ളു. എല്ലാ വ്യവസായ മേഖലകളും നഷ്ടം കാണിച്ചു. ലോഹങ്ങള്‍, റിയല്‍റ്റി, മീഡിയ, വാഹനങ്ങള്‍, ഓയില്‍-ഗ്യാസ്, ഐടി എന്നിവ തകര്‍ച്ചയുടെ മുന്നില്‍ നിന്നു.

തിങ്കളാഴ്ച സെന്‍സെക്‌സ് 2222.55 പോയിന്റ് (2.74%) തകര്‍ച്ചയോടെ 78,759.40ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 662.10 പോയിന്റ് (2.68%) ഇടിഞ്ഞ് 24,055.60ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 2.45% (1258.05 പോയിന്റ്) താഴ്ന്ന് 50,092.10ല്‍ അവസാനിച്ചു.

മിഡ് ക്യാപ് സൂചിക 3.55 ശതമാനം ഇടിഞ്ഞ് 55,857.25ലും സ്‌മോള്‍ ക്യാപ് സൂചിക 4.57% താഴ്ന്ന് 17,942.00ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 10,073.75 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 9155.55 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഏഷ്യന്‍ വിപണികള്‍ തിരിച്ചു കയറുന്നതും യു.എസ് ഫ്യൂച്ചേഴ്‌സ് ഉയരുന്നതും ഇന്ത്യന്‍ വിപണിയെ ഇന്ന് നേട്ടത്തിലാക്കും എന്നാണു പ്രതീക്ഷ.
ഇന്നു നിഫ്റ്റി സൂചികയ്ക്ക് 23,930 ലും 23,820ലും പിന്തുണ ഉണ്ട്. 24,100ലും 24,385ലും തടസം ഉണ്ടാകാം.

ബംഗ്ലാദേശില്‍ ഷെയ്ക്ക് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ പട്ടാള നീക്കവും പ്രക്ഷോഭവും ഇന്ത്യാ വിരുദ്ധരുടെ കൈയിലേക്ക് ഭരണം എത്തുന്നു എന്ന് ഉറപ്പാക്കുന്നു. ബംഗ്ലാദേശില്‍ വലിയ നിക്ഷേപം നടത്തിയ ഇന്ത്യന്‍ വസ്ത്ര നിര്‍മാണ കമ്പനികള്‍ക്കും അവിടത്തെ ഊര്‍ജ മേഖലയില്‍ വലിയ മുതല്‍ മുടക്കു നടത്തിയ അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികള്‍ക്കും ക്ഷീണമാകും. അടുത്ത ബംഗ്ലാ ഭരണകൂടം ചൈനാ പക്ഷപാതിയാകുമോ ഭരണത്തില്‍ ജമാ അത്ത് ഇ ഇസ്ലാമി സ്വാധീനം ഉറപ്പിക്കുമോ എന്നൊെക്കെയുള്ള ചോദ്യങ്ങള്‍ ഇന്ത്യയെ അലട്ടുന്നവയാണ്. ഇന്ത്യ-ബംഗ്ലാ വാണിജ്യവും പഴയതുപോലെ സുഗമം ആകില്ല.

സ്വര്‍ണം ചാഞ്ചാടുന്നു

തിങ്കളാഴ്ച സ്വര്‍ണം വലിയ ചാഞ്ചാട്ടത്തിലായി. ഔണ്‍സിന് 2458 ഡോളര്‍ വരെ കയറിയിട്ട് 2360 ഡോളറിലേക്ക് ഇടിഞ്ഞു. ഒടുവില്‍ 1.25 ശതമാനം താഴ്ന്ന് 2411.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2415 ഡോളറിലേക്കു കയറി. ചാഞ്ചാട്ടം ഇന്നും തുടരാം.

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ മാറ്റമില്ലാതെ പവന് 51,760 രൂപയില്‍ തുടര്‍ന്നു. ഇന്നു വില കുറയുമെന്നാണു വിപണി സൂചന.

വെള്ളിവില ഔണ്‍സിന് 27.47 ഡോളറിലേക്കു താഴ്ന്നു. ഡോളര്‍ സൂചിക ഇന്നലെ 102.69 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 102.82 ലേക്കു കയറി.

രൂപ ഇന്നലെ വലിയ താഴ്ചയിലായി. വിദേശനിക്ഷേപകര്‍ വില്‍പനക്കാരായതാണു രൂപയെ ദുര്‍ബലമാക്കിയത്. ഡോളര്‍ 10 പൈസ കയറി 83.85 രൂപയില്‍ ക്ലോസ് ചെയ്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷഭീതി നിലനില്‍ക്കുകയാണെങ്കിലും ക്രൂഡ് ഓയില്‍ വില ഇന്നലെ താഴ്ന്നു. മാന്ദ്യഭീതി കൂടുതല്‍ ശക്തമായതാണു കാരണം. മാന്ദ്യഭീതി മാറിയതോടെ ഇന്നു രാവിലെ ക്രൂഡ് ഓയില്‍ ഒന്നര ശതമാനത്തിലധികം കയറി. ഇന്നലെ 76.30 ഡോളറില്‍ ക്ലോസ് ചെയ്ത ബ്രെന്റ് ഇനം ഇന്നു രാവിലെ 77.44 ഡോളറിലേക്ക് ഉയര്‍ന്നു. ഡബ്ല്യുടിഐ ഇനം 74.20 ഉം യു.എ.ഇയുടെ മര്‍ബന്‍ ക്രൂഡ് 75.94 ഉം ഡോളറിലാണ്.

മാന്ദ്യ ഭീതിയില്‍ വ്യാവസായിക ലോഹങ്ങള്‍ വീണ്ടും ഇടിഞ്ഞു. ചെമ്പ് 3.97 ശതമാനം നഷ്ടത്തില്‍ ടണ്ണിന് 8620.35 ഡോളറില്‍ എത്തി. അലൂമിനിയം 1.15 ശതമാനം താഴ്ന്ന് ടണ്ണിന് 2249.85 ഡോളറായി. നിക്കല്‍, സിങ്ക്, ടിന്‍, ലെഡ് എന്നിവ നാലു ശതമാനത്തിിലധികം ഇടിഞ്ഞു.

വാരാന്ത്യത്തില്‍ ഇടിഞ്ഞ ക്രിപ്റ്റാേ കറന്‍സികള്‍ അല്‍പം തിരിച്ചു കയറി. ബിറ്റ് കോയിന്‍ 55,900 ഡോളറിനു താഴെ എത്തി. ഈഥര്‍ 2530 ഡോളറിലാണ്.

വിപണിസൂചനകള്‍
(2024 ഓഗസ്റ്റ് 5, തിങ്കള്‍)

സെന്‍സെക്‌സ് 30 78,759.40 -2.74%

നിഫ്റ്റി50 24,055.60 -2.68%

ബാങ്ക് നിഫ്റ്റി 50,092.10 -2.45%

മിഡ് ക്യാപ് 100 55,857.25 -3.55%

സ്‌മോള്‍ ക്യാപ് 100 17,942.00 -4.57%

ഡൗ ജോണ്‍സ് 30 38,703.30 -2.60%

എസ് ആന്‍ഡ് പി 500 5186.33 -3.00%

നാസ്ഡാക് 16,200.10 -3.43%

ഡോളര്‍($) ?83.85 +?0.10

ഡോളര്‍ സൂചിക 102.69 -0.53

സ്വര്‍ണം (ഔണ്‍സ്) $2411.40 -$32.70

സ്വര്‍ണം (പവന്‍) ?51,760 ?00

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $76.30 -$00.98
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it