പ്രതീക്ഷയോടെ ബുള്ളുകള്‍; ജി.ഡി.പി വളര്‍ച്ചയുടെ ഗതി എങ്ങോട്ട്?; ക്രൂഡ് ഓയില്‍ വില വീണ്ടും കയറി; വിദേശ സൂചനകള്‍ നെഗറ്റീവ്

2025 ലെ ആദ്യവ്യാപാര ദിനങ്ങളിൽ നേട്ടം ഉണ്ടാക്കിയ ഇന്ത്യൻ വിപണി മൂന്നാം ദിവസം താഴ്ന്നു. എങ്കിലും പുതു വർഷത്തിൻ്റെ ആദ്യ ആഴ്ച നേട്ടത്തിൽ അവസാനിച്ചു. ആ നേട്ടം തുടരാനുളള ആഗ്രഹത്തിലാണു ബുള്ളുകൾ ഇന്നു വിപണിയിൽ എത്തുക.

നാളെ 2024-25 ജിഡിപി വളർച്ച സംബന്ധിച്ച ആദ്യ എസ്റ്റിമേറ്റ് പുറത്തുവരും. ആ നിഗമനം ബജറ്റ് തയാറാക്കലിൻ്റെ അടിസ്ഥാനമാകും. വളരെ കുറഞ്ഞ നിഗമനമാണെങ്കിൽ വിപണി നെഗറ്റീവായി പ്രതികരിക്കും. വ്യവസായ വളർച്ചക്കണക്ക് വെള്ളിയാഴ്ച പുറത്തുവിടും. സർവീസസ് പിഎംഐ ഇന്ന് അറിയാം.

യുഎസിൽ ഈയാഴ്ച വരുന്ന മൂന്നു തൊഴിൽ കണക്കുകളാണു വിപണിയെ നയിക്കുക.

ക്രൂഡ് ഓയിൽ വില കയറിക്കയറി പോകുകയാണ്. ആശങ്കാജനകമായ നിലയിലേക്ക് ഉയരുമോ എന്ന് ഈയാഴ്ച അറിയാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,098 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,135 ലേക്കു കയറി. വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച താഴ്ന്നു. ഇറ്റാലിയൻ കാർ കമ്പനി സ്റ്റെല്ലാൻ്റിസിൻ്റെ 2024 ലെ ഉൽപാദനം 46 ശതമാനം താണ് 1956 ലെ നിലവാരത്തിലായി എന്നറിയിച്ചു. ഓഹരി 3.8 ശതമാനം ഇടിഞ്ഞു. ജർമനിയിൽ തൊഴിലില്ലായ്മ വർധിച്ച് ആറു ശതമാനം ആയി. 28.07 ലക്ഷം പേരാണ് അവിടെ തൊഴിൽരഹിതർ.

യുഎസ് വിപണി വെള്ളിയാഴ്ച ഉയർന്നു. എസ് ആൻഡ് പി 500 രണ്ടു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നേട്ടം കുറിച്ചു. എൻവിഡിയ 4.45 ശതമാനവും ടെസ്‌ല എട്ടര ശതമാനവും ഉയർന്നതു വിപണിക്കു കുതിപ്പായി. ചൈനയിൽ വിൽപന കുറഞ്ഞു എന്ന റിപ്പോർട്ട് ആപ്പിളിനെ വീണ്ടും താഴ്ത്തി.

ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 339.86 പോയിൻ്റ് (0.80%) കയറി 42,732.13 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 73.92 പോയിൻ്റ് (1.2 6%) കുതിച്ച് 5942.47 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 340. 88 പോയിൻ്റ് (1.77%) നേട്ടത്തോടെ 19,621.68 ൽ ക്ലോസ് ചെയ്തു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, നിക്ഷേപനേട്ടം 4.63 ശതമാനം കിട്ടുന്ന നിലയിലേക്ക് താഴ്ന്നു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നഷ്ടത്തിലാണ്. ഡൗ ജോൺസ് 0.06 ഉം എസ് ആൻഡ് പി 0.05 ഉം നാസ്ഡാക് 0.07 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

ഏഷ്യൻ വിപണികൾ ഇന്ന് കയറ്റത്തിലാണ്. ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും ചെെനയിലും വിപണി മിതമായ നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ 0.70 ശതമാനം താഴ്ന്നു.

വിൽപന കൂടി, സൂചികകൾ താഴ്ന്നു

2025 ലെ ആദ്യ രണ്ടു ദിവസവും കുതിച്ചു കയറിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച താഴ്ന്നു. ഒരു ശതമാനം വരെ ഇടിഞ്ഞിട്ടു പിന്നീട് അൽപം നഷ്ടം കുറച്ചു. വിദേശ നിക്ഷേപകർ വലിയ വിൽപനക്കാരായതാണു വിപണിയെ താഴ്ത്തിയത്.

വെള്ളിയാഴ്ച ഐടി, ബാങ്ക്, ധനകാര്യ, ഹെൽത്ത് കെയർ, ഫാർമ, റിയൽറ്റി മേഖലകൾ വിൽപന സമ്മർദത്തിൽ താഴ്ന്നു. മീഡിയ, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി മേഖലകൾ ഉയർന്നു.

നിഫ്റ്റി 183.90 പോയിൻ്റ് (0.76%) താഴ്ന്ന് 24,004.75 ൽ അവസാനിച്ചു. സെൻസെക്സ് 720.60 പോയിൻ്റ് (0.90%) ഇടിഞ്ഞ് 79,223.11 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 616.75 പോയിൻ്റ് (1.20%) നഷ്ടത്തോടെ 50,988.80 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.30 ശതമാനം കുറഞ്ഞ് 57,931.05 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.24 ശതമാനം താഴ്ന്ന് 19,033.70 ൽ ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 4227.25 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 820.60 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2032 ഓഹരികൾ ഉയർന്നപ്പോൾ 1965 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1470 എണ്ണം ഉയർന്നു, താഴ്ന്നത് 1349 എണ്ണം.

വിപണിയിലെ മനാേഭാവം മാറിയെങ്കിലും ലാഭമെടുക്കൽ പ്രവണതയും വിദേശനിക്ഷേപകരുടെ വർധിച്ച വിൽപനയും ഓഹരികളെ താഴ്ത്തി. നിഫ്റ്റി 24,000 നു മുകളിൽ ക്ലോസ് ചെയ്തത് ബുള്ളുകൾക്കു ചെറിയ പ്രതീക്ഷ നൽകി. ഇന്നും 24,000 നു മുകളിൽ നിന്നാൽ വരും ദിവസങ്ങളിൽ കയറ്റം തുടരാനാകും.

നിഫ്റ്റിക്ക് ഇന്ന് 23,975 ലും 23,925 ലും പിന്തുണ കിട്ടാം. 24,145 ഉം 24,200 ഉം തടസങ്ങൾ ആകാം.

വളർച്ചയും നിഗമനങ്ങളും

ചൊവ്വാഴ്ച 2024-25 ലെ ജിഡിപി സംബന്ധിച്ച ഒന്നാമത്തെ മുൻകൂർ എസ്റ്റിമേറ്റ് പുറത്തുവിടും. ബജറ്റ് രൂപീകരണത്തിനു വേണ്ട കണക്ക് മാത്രമാകും അത്. എങ്കിലും വളർച്ച പ്രതീക്ഷ ഇപ്പോഴത്തെ നിഗമനങ്ങളേക്കാൾ കൂടുതലാകും എന്ന കണക്കുകൂട്ടൽ പലർക്കുമുണ്ട്.

റിസർവ് ബാങ്കിൻ്റെ നിഗമനം 2024-25 ൽ 6.6 ശതമാനം വളർച്ചയാണ്. എസ്ബിഐ അടക്കമുള്ള ബാങ്കുകളും റേറ്റിംഗ് ഏജൻസികളും 6.3 മുതൽ 6.8 വരെ ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. 2023-24 ൽ 8.2 ശതമാനമായിരുന്നു വളർച്ച. അക്കൊല്ലം ആദ്യ പകുതിയിൽ 8.2ഉം രണ്ടാം പകുതിയിൽ 8.1ഉം ശതമാനം ആയിരുന്നു വളർച്ച.

ഈ ധനകാര്യ വർഷം ആദ്യപകുതിയിലെ വളർച്ച ആറു ശതമാനം മാത്രമാണ്. രണ്ടാം പാദത്തിൽ 5.4 ശതമാനത്തിലേക്കു താഴ്ന്ന വളർച്ച നിരക്ക് മൂന്നും നാലും പാദങ്ങളിൽ ഏഴു ശതമാനത്തിനു മുകളിലേക്കു കയറിയാൽ മാത്രമാണ് 6.5 ശതമാനം വാർഷിക വളർച്ച എങ്കിലും സാധ്യമാകൂ. മൂന്നാം പാദ വളർച്ചക്കണക്ക് ഫെബ്രുവരി 28-നു മാത്രമേ പ്രസിദ്ധീകരിക്കൂ. 2024-25 ലെ ഒന്നാമത്തെ ഇടക്കാല എസ്റ്റിമേറ്റ് മേയ് 31 നു പ്രസിദ്ധീകരിക്കും.

മൂന്നാം പാദ വളർച്ചയും ലാഭവും കുറയും

കമ്പനികളുടെ മൂന്നാം പാദ റിസൽട്ടുകൾ ഈയാഴ്ച മുതൽ വരും. വ്യാഴാഴ്ച ടിസിഎസും ടാറ്റാ എൽക്സിയും റിസൽട്ട് പുറത്തു വിടും. പ്രതികൂല ഘടകങ്ങൾ പലതുണ്ടായിരുന്നെങ്കിലും ഐടി സേവന കമ്പനികൾ വളർച്ച തോതിൽ നിലനിർത്തും എന്നാണു ബ്രോക്കറേജുകൾ കണക്കാക്കുന്നത്. വലിയ കമ്പനികൾക്കു ചെറിയ വളർച്ചയേ പ്രതീക്ഷയുള്ളു. വരുമാന വളർച്ച (ഡോളറിൽ) ടിസിഎസിന് 0.4ഉം ഇൻഫോസിസിന് ഒന്നും എച്ച്സിഎലിന് 3.7 ഉം ശതമാനം ആകുമെന്നു മോട്ടിലാൽ ഓസ്വാൾ കണക്കാക്കുന്നു. ഇടത്തരം കമ്പനികളായ കോഫോർജും പെർസിസ്റ്റൻ്റും നാലു ശതമാനം വളർന്നേക്കും. ഇൻഫിക്കും മെെൻഡ് ട്രീക്കും ലാഭമാർജിൻ കുറയാം. കമ്പനികൾ ഭാവി വരുമാന പ്രതീക്ഷ നേരിയ തോതിൽ കൂട്ടുമെന്നാണ് എംകേ ഗ്ലോബൽ കരുതുന്നത്.

ബാങ്കുകളുടെ മൂന്നാം പാദ വളർച്ചയും ലാഭവും കുറവായിരിക്കും എന്നു നുവാമ റിസർച്ച് വിലയിരുത്തുന്നു. മൈക്രോ ഫിനാൻസ് വിഭാഗത്തിൽ കിട്ടാക്കടങ്ങളും പ്രശ്നകടങ്ങളും കൂടും. പലിശ മാർജിൻ കുറയുന്നതു വലിയ ബാങ്കുകളുടെ ലാഭവളർച്ച കുറയ്ക്കും. പൊതുമേഖലാ ബാങ്കുകൾ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ഫെഡറൽ തുടങ്ങിയ ബാങ്കുകൾക്ക് ആസ്തി നിലവാരത്തിൽ ആശങ്ക ഇല്ലെന്നു നുവാമ പറയുന്നു. എച്ച്ഡിഎഫ്സി ബാങ്കിന് മൂന്നാം പാദത്തിൽ വായ്പാ വളർച്ച മൂന്നു ശതമാനം മാത്രമായി. ബാങ്കിലെ നിക്ഷേപങ്ങൾ 15.8 ശതമാനം വർധിച്ചു.

എഫ്എംസിജി കമ്പനികൾ മൂന്നാം പാദത്തിൽ കുറഞ്ഞ വളർച്ചയും കുറഞ്ഞ ലാഭവും മാത്രമേ പ്രതീക്ഷിക്കുന്നുള്ളു.

കമ്പനികൾ, വാർത്തകൾ

മൂന്നാം പാദത്തിൽ ബജാജ് ഫിനാൻസിന് പുതിയ വായ്പകൾ 22 ശതമാനം കൂടി. നിക്ഷേപങ്ങൾ 19 ശതമാനം വർധിച്ചു. ആസ്‌തികൾ 28 ശതമാനം ഉയർന്നു.

ഫാഷൻ വസ്ത്രങ്ങൾ വിൽക്കുന്ന നെെകാ (എഫ്എസ്എൻ ഇ കൊമേഴ്‌സ്) 25 ശതമാനത്തിലധികം വരുമാന വളർച്ച മൂന്നാം പാദത്തിൽ പ്രതീക്ഷിക്കുന്നു.

മൂന്നാം പാദത്തിൽ ഇന്ത്യൻ ബാങ്കിൻ്റെ വായ്പകൾ 9.6ഉം നിക്ഷേപം 7.3 ഉം മൊത്തം ബിസിനസ് 8.3 ഉം ശതമാനം വർധിച്ചു.

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് നിക്ഷേപം 18.84 ശതമാനം കൂടിയപ്പോൾ വായ്പകൾ 9.25 ശതമാനമേ വർധിച്ചുള്ളു. ഇക്വിറ്റാസിന് നിക്ഷേപം 25.8 ശതമാനം കൂടിയപ്പോൾ വായ്പകൾ 13.94 ശതമാനം മാത്രം വർധിച്ചു. 16 ശതമാനം നിക്ഷേപം വർധിച്ച ഉജ്ജീവൻ സ്മോൾ ഫിനാൻസിനു വായ്പാവർധന 10 ശതമാനം മാത്രം.

സ്വർണം കിതച്ചു

സ്വർണവില അൽപം താഴ്ന്നാണു വാരാന്ത്യത്തിലേക്കു നീങ്ങിയത്. സ്വർണം ഔൺസിന് 17.8 ഡോളർ കുറഞ്ഞ് 2640.40 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 2648 ഡോളർ വരെ കയറി. യുഎസിലെ മനുഫാക്ചറിംഗ് പിഎംഐ പ്രതീക്ഷിച്ച 48.2 നു പകരം 49.3 ആയി. ഇതു പലിശ കുറയ്ക്കൽ സാധ്യത അകലെയാക്കി എന്ന വ്യാഖ്യാനമാണു സ്വർണത്തെ താഴ്ത്തിയത്.

കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില 640 രൂപ വർധിച്ച് പവന് 58,080 രൂപ ആയി. ശനിയാഴ്ച വില 360 രൂപ കുറഞ്ഞ് 57,720 രൂപയിൽ എത്തി.

വെള്ളിവില ഔൺസിന് 29.69 ഡോളറിലേക്ക് കയറി.

ഡോളർ കയറ്റം തുടരുന്നു

വെള്ളിയാഴ്ച കറൻസി വിപണിയിൽ ഡോളർ സൂചിക അൽപം താഴ്ന്നു 108.95 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 109.07 ലേക്കു കയറിയിട്ട് 108.96 ആയി.

രൂപ വെള്ളിയാഴ്ചയും ദുർബലമായി. ഡോളർ 85.77 രൂപ എന്ന റെക്കോർഡ് വിലയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ മുന്നോട്ട്

ക്രൂഡ് ഓയിൽ വിപണി കയറ്റം തുടരുകയാണ്. വെള്ളിയാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 76.51 ഡോളറിലെത്തി ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 76.63 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 74.12 ഉം യുഎഇയുടെ മർബൻ ക്രൂഡ് 76.88 ഉം ഡോളറിൽ നിൽക്കുന്നു. 2025 ലെ ചൈനീസ് ഉത്തേജക പദ്ധതി വളർച്ചനിരക്ക് കൂട്ടും എന്ന വിലയിരുത്തലാണ് ക്രൂഡ് ഓയിലിനെ ഇപ്പോൾ കയറ്റുന്നത്.

ക്രിപ്റ്റോകൾ ഉയരുന്നു

ക്രിപ്റ്റോ കറൻസികൾ വീണ്ടും കയറി. ബിറ്റ്കോയിൻ 98,700 ഡോളർ വരെ എത്തിയിട്ട് 98,000 ലേക്കു താണു. ഈഥർ വില 3660 ഡോളർ വരെ കയറിയിട്ട് 3615 ആയി.

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്നദിശകളിലായി. ചെമ്പ് 0.88 ശതമാനം കയറി ടണ്ണിന് 8767.79 ഡോളറിൽ എത്തി. അലൂമിനിയം 1.41 ശതമാനം താഴ്ന്ന് ടണ്ണിന് 2493.35 ഡോളർ ആയി. ടിൻ 1.44 ശതമാനം ഉയർന്നു. സിങ്ക് 2.12 ഉം നിക്കൽ 1.61 ഉം ലെഡ് 0.89 ഉം ശതമാനം ഇടിഞ്ഞു.

വിപണി സൂചനകൾ

(2024 ജനുവരി 03, വെള്ളി)

സെൻസെക്സ് 30 79,223.11 -0.90%

നിഫ്റ്റി50 24,004.75 -0.76%

ബാങ്ക് നിഫ്റ്റി 50,988.80 -1.20%

മിഡ് ക്യാപ് 100 57,931.05 -0.30%

സ്മോൾ ക്യാപ് 100 19,033.70 -0.24%

ഡൗ ജോൺസ് 42,732.10 +0.80%

എസ് ആൻഡ് പി 5942.47 +1.26%

നാസ്ഡാക് 19,621.70 +1.77%

ഡോളർ($) ₹85.77 +₹0.02

ഡോളർ സൂചിക 108.92 -0.47

സ്വർണം (ഔൺസ്) $2640.40 -$17.80

സ്വർണം(പവൻ) ₹58,080 +₹640.00

(ശനി ₹57,720 -₹360.00)

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.51 +$00.59

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it