ട്രംപ് വിജയത്തിലെ ആവേശം നീങ്ങുന്നു; ഏഷ്യൻ വിപണികൾ താഴ്ചയിൽ; രൂപ വീണ്ടും ദുര്‍ബലമാകാന്‍ സാധ്യത
ഡോണാൾഡ് ട്രംപിൻ്റെ വിജയവും വാഴ്ചയും വരുത്താവുന്ന മാറ്റങ്ങളുടെ ഒരു ചെറിയ സൂചന മാത്രമാണ് ഇന്നലെ കണ്ടത്. യുഎസ് ഓഹരിവിപണി കുതിച്ചു കയറി. ഡോളർ ഉയർന്നു. കടപ്പത്ര വിലകൾ ഇടിഞ്ഞു. കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം കുതിച്ചുയർന്നു. സ്വർണം കുത്തനെ ഇടിഞ്ഞു. വ്യാവസായിക ലോഹങ്ങൾ താഴ്ന്നു. ക്രിപ്റ്റോ കറൻസികൾ റോക്കറ്റ് വേഗത്തിൽ കുതിച്ചു കയറി.ഇപ്പോഴത്തെ കുതിപ്പ് കുറച്ചു കഴിയുമ്പോൾ കിതപ്പായി മാറാം. ട്രംപ് ചുങ്കം വർധിപ്പിക്കുമ്പോൾ യുഎസിൽ വിലക്കയറ്റം കൂടും. അതു പലിശ കൂട്ടാൻ കാരണമാകും. വാഗ്ദാനം ചെയ്ത നികുതി കുറയ്ക്കൽ കമ്മി വർധിപ്പിക്കും. അതും പലിശ കൂട്ടും. വളർച്ചനിരക്ക് കുറഞ്ഞെന്നും വരാം.
ഏതായാലും തൽക്കാലം യുഎസ് വിപണി കുതിപ്പിലാണ്. ട്രംപ് മുൻപു ഭരിച്ചതിൻ്റെ ആഘാതം അനുഭവിച്ച യൂറോപ്പിൽ ഓഹരികൾ ഇടിയുകയാണ് ചെയ്തത്. വലിയ ആഘാതം ഏൽക്കാവുന്ന ചൈനയിലും ഓഹരികൾ താഴ്ന്നു. യുക്രെയ്നിലെ യുഎസ് ഇടപെടൽ കുറയും എന്ന പ്രതീക്ഷ റഷ്യയെ സന്തോഷിപ്പിക്കുന്നു. ഇസ്രയേലിൽ പ്രധാനമന്ത്രി നെതന്യാഹുവിനു ട്രംപ് വിജയം സന്തോഷമാകുമ്പോൾ ഇറാനിൽ ആശങ്ക വളരുന്നു. ഇതെല്ലാം വരും നാളുകളിൽ രാജ്യാന്തര ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്താം.
ഇന്ത്യ മുമ്പേ സുഹൃത്തായ ട്രംപിൻ്റെ തിരിച്ചു വരവിൽ സന്തോഷിക്കുന്നു. ഇന്നലെ ഓഹരിവിപണിയിൽ അതു കണ്ടു. എന്നാൽ എച്ച് വൺ ബി വീസയും സ്റ്റുഡൻ്റ് വീസയും നൽകുന്നതിലും ഇറക്കുമതിച്ചുങ്കത്തിലും ആശങ്ക ഉണ്ട്. ഈ വിഷയങ്ങൾ വരും ദിവസങ്ങളിൽ വിപണിയെ ബാധിക്കും. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെയും വലിയ വിൽപനക്കാരായിരുന്നു. അവരുടെ സമീപനം മാറാത്തതും രൂപയുടെ വലിയ ഇടിവും ഇന്ത്യൻ വിപണിയുടെ മുന്നോട്ടുള്ള നീക്കത്തിനു തടസമാകും.
ഇന്നു രാത്രി യുഎസ് ഫെഡറൽ റിസർവ് പലിശ കാൽ ശതമാനം കുറയ്ക്കും എന്നു വിപണി പ്രതീക്ഷിക്കുന്നുണ്ട്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,492 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,450 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ തുടക്കത്തിൽ കയറിയെങ്കിലും ട്രംപ് വന്നാൽ ഉണ്ടാകുന്ന വാണിജ്യയുദ്ധങ്ങളും മറ്റും വിലയിരുത്തിയപ്പോൾ താഴ്ന്നു.
ബുധനാഴ്ച യുഎസ് വിപണി ആഘോഷത്തിലായിരുന്നു. 2021 നു ശേഷമുള്ള ഏറ്റവും മികച്ച കയറ്റമാണ് ഓഹരികൾ നടത്തിയത്. എല്ലാ സൂചികകളും റെക്കോർഡ് ഉയരത്തിൽ എത്തി.
ട്രംപിനു വേണ്ടി പരസ്യമായി നിലകൊണ്ട ഇലോൺ മസ്കിൻ്റെ ടെസ്‌ല കമ്പനിയുടെ ഓഹരികൾ 15 ശതമാനം കുതിച്ചു. മസ്ക് ട്രംപിൻ്റെ ഭരണകൂടത്തിൽ ചേരുമോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.
ട്രംപ് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും മേലുള്ള നിയന്ത്രണങ്ങൾ കുറയ്ക്കുമെന്നാണു പ്രതീക്ഷ. ജെപി മോർഗൻ ചേയ്സ്, വെൽസ് ഫാർഗോ തുടങ്ങിയ വലിയ ബാങ്കുകൾ 10 ശതമാനത്തിലധികം ഉയർന്നു. ഇറക്കുമതിച്ചുങ്കം കൂട്ടുന്ന ട്രംപിൻ്റെ നയം ചെറുകിട- ഇടത്തരം കമ്പനികളെ സഹായിക്കും എന്ന പ്രതീക്ഷയിൽ അത്തരം കമ്പനികൾ ഉൾപ്പെട്ട റസൽ 2000 സൂചിക ഇന്നലെ ആറു ശതമാനം കുതിച്ചു. ട്രംപിൻ്റെ നയങ്ങൾ ഫാേഡ് മോട്ടോർ കമ്പനിക്കും ജനറൽ മോട്ടോഴ്സിനും നേട്ടമാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക വിലയിരുത്തി.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 1508.05 പോയിൻ്റ് (3.57%) കുതിച്ച് 43,729.93 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 146.28 പോയിൻ്റ് (2.53%) ഉയർന്ന് 5929.04 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 544.29 പോയിൻ്റ് (2.95%) കയറ്റത്തോടെ 18,983.47 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കാര്യമായ മാറ്റം കാണിക്കുന്നില്ല. യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.43 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് താഴ്ന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ഇന്നലെ രണ്ടര ശതമാനം കുതിച്ച ജപ്പാനിലെ നിക്കെെ സൂചിക രാവിലെ 0.85 ശതമാനത്തോളം താഴ്ന്നു.
ഇന്ത്യൻ വിപണി
ട്രംപിൻ്റെ തിരിച്ചു വരവിൽ ഇന്ത്യൻ വിപണി ഇന്നലെ വലിയ ആവേശം കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും തമ്മിലുള്ള അടുപ്പവും ചൈനയോടു ട്രംപിനുള്ള എതിർപ്പും ഇന്ത്യക്കു നേട്ടമാകും എന്നാണു വിപണി കണക്കാക്കുന്നത്. ഇറക്കുമതിച്ചുങ്കം, വീസ, ആണവ - മിസൈൽ സാങ്കേതിക വിദ്യകളിലെ സഹകരണം തുടങ്ങിയ വിഷയങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാനാകും എന്നു വിപണി കരുതുന്നു.
നിഫ്റ്റി 270.75 പോയിൻ്റ് (1.12%) നേട്ടത്തോടെ 24,484.05 ൽ അവസാനിച്ചു. സെൻസെക്സ് 901.50 പോയിൻ്റ് (1.13%) കയറ്റവുമായി 80,378.13 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.21 ശതമാനം (110.15 പോയിൻ്റ്) ഉയർന്ന് 52,317.40 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 2.21 ശതമാനം കുതിച്ച് 57,355.80 ലും സ്മോൾ ക്യാപ് സൂചിക 2.18 ശതമാനം കയറി 18,906.10 ലും ക്ലോസ് ചെയ്തു.
ഐടി, റിയൽറ്റി, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യുറബിൾസ്, മെറ്റൽ, ഓട്ടോ മേഖലകളാണ് ഇന്നലെ വിപണിയെ ഉയർത്തിയത്. ടിസിഎസും ഇൻഫോസിസും നാലു ശതമാനം വീതം കുതിച്ചു.
ബുധനാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 4445.59 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4889.33 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണിയിൽ അനിശ്ചിതത്വം മാറിയിട്ടില്ല. നിഫ്റ്റി 24,500 നു മുകളിൽ കരുത്തോടെ കടന്നാലേ മുന്നേറ്റം തുടരാനാകൂ. അങ്ങനെ കടന്നാൽ 24,800 - 25,000 ലെവലിലേക്കു നീങ്ങാം. 24,400 സംരക്ഷിച്ചില്ലെങ്കിൽ 23,200 ലേക്കു പതിക്കാം. നിഫ്റ്റിക്ക് ഇന്ന് 24,280 ഉം 24,200 ഉം പിന്തുണ നൽകാം. 24,540 ഉം 24,615 ഉം തടസങ്ങളാകും.
സ്വർണം ഇടിഞ്ഞു
ഡോണാൾഡ് ട്രംപിൻ്റെ മികവുറ്റ വിജയം സ്വർണത്തെ ഇടിച്ചിട്ടു. വില മൂന്നു ശതമാനത്തിലധികം താഴ്ന്നു. അഞ്ചു മാസത്തിനിടയിലെ ഏറ്റവും വലിയ വിലത്തകർച്ചയോടെ സ്വർണം മൂന്നു മാസം മുൻപത്തെ വിലയിൽ എത്തി.
തെരഞ്ഞടുപ്പിനെ തുടർന്ന് അനിശ്ചിതത്വം നിലനിൽക്കും എന്ന ആശങ്കകൾ മാറിയതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിന്നു സ്വർണം മാറി. ഡോളറിന്റെ കുതിച്ചു കയറ്റം അതിലേക്കു നിക്ഷേപകരെ ആകർഷിച്ചു. ഡോളർ കൂടുതൽ ശക്തമാകുന്നതിനെ ട്രംപ് അനുകൂലിക്കുന്നതു സ്വർണത്തിനു ഹ്രസ്വകാലത്തിൽ ക്ഷീണം വരുത്തും. ഇറക്കുമതിച്ചുങ്കം കൂട്ടുന്നതടക്കമുള്ള ട്രംപിൻ്റെ നയങ്ങൾ വിലക്കയറ്റം വർധിപ്പിക്കുന്നതാണ്. പലിശ കുറയ്ക്കൽ അധികം നീണ്ടു നിൽക്കില്ല എന്നർഥം. അതും സ്വർണത്തിനു ദോഷമാകും.
ഇന്നലെ സ്വർണം ഔൺസിന് 84.50 ഡോളർ (3.08%) കുറഞ്ഞ് 2660 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 2650 ഡോളറിനു താഴെ എത്തി.
കേരളത്തിൽ സ്വർണവില ഇന്നലെ പവന് 80 രൂപ കൂടി 58,920 രൂപയായി. ഇന്നു വിലയിൽ വലിയ ഇടിവുണ്ടാകും.
വെള്ളി വില നാലര ശതമാനം താഴ്ന്ന് ഔൺസിന് 31.14 ഡോളറിൽ എത്തി.
ഡോളർ സൂചിക ബുധനാഴ്ച ഒന്നേമുക്കാൽ ശതമാനം കുതിച്ച് 105.44 വരെ എത്തിയിട്ട് 105. 09 ൽ ക്ലാേസ് ചെയ്തു. ട്രംപിൻ്റെ നയപരിപാടികൾ പ്രഖ്യാപിക്കുന്നതിനനുസരിച്ച് സൂചിക ഇനിയും ഉയരും. ഇന്നു രാവിലെ സൂചിക 105.19ലാണ്.
ഡോളർ കയറിയപ്പോൾ രൂപ ദുർബലമായി. ഡോളർ 17 പൈസ കയറി 84.28 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു രൂപ കൂടുതൽ ദുർബലമാകാം.
ക്രൂഡ് ഓയിൽ വില നാമമാത്രമായി താഴ്ന്നു. ട്രംപിൻ്റെ വിജയ വാർത്തയുടെ തുടക്കത്തിൽ ബാരലിന് ഒരു ഡോളർ താഴ്ന്ന വില പിന്നീടു തിരിച്ചു കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 75.46 ഡോളറിൽ നിന്ന് 75.14 ഡോളറിലെത്തി ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 75.26 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 71.96 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.34 ഉം ഡോളറിൽ നിൽക്കുന്നു.
ട്രംപ് വിജയിച്ചതോടെ ക്രിപ്റ്റാേ കറൻസികൾ വലിയ കുതിപ്പ് നടത്തി. ക്രിപ്റ്റോകൾക്ക് കൂടുതൽ അംഗീകാരം കിട്ടുമെന്നു പരക്കെ ധാരണ ഉണ്ട്. ഇലോൺ മസ്ക് ട്രംപിനൊപ്പം ഉള്ളതും ക്രിപ്റ്റോകളെ സഹായിക്കും. ട്രൂപ് ധനകാര്യ മേഖലയിൽ നിയന്ത്രണങ്ങൾ കുറയ്ക്കുന്നതും ക്രിപ്റ്റോകളുടെ വ്യാപനത്തിനു സഹായിക്കും.
ബിറ്റ്കോയിൻ ഇന്നലെ 10 ശതമാനം ഉയർന്ന് 76,493.86 ഡോളർ എന്ന റെക്കോർഡ് കുറിച്ചു. പിന്നീട് അൽപം താഴ്ന്നു. ഈഥർ 2730 ഡോളറിലെത്തി.
ഡോളർ വലിയ കയറ്റം നടത്തിയതു വ്യാവസായിക ലോഹങ്ങളെ വീഴ്ത്തി. ചൈനീസ്, യൂറോപ്യൻ ഉൽപന്നങ്ങൾക്കു ട്രംപ് ചുങ്കം കൂട്ടിയേക്കും എന്നതും ലോഹങ്ങൾക്കു തിരിച്ചടിയാകും.
ചെമ്പ് 3.62 ശതമാനം ഇടിഞ്ഞ് ടണ്ണിന് 9250.40 ഡോളറിൽ എത്തി. അലൂമിനിയം 1.68 ശതമാനം താഴ്ന്ന് ടണ്ണിന് 2615.35 ഡോളർ ആയി. ടിൻ 2.02 ഉം ലെഡ് 1.03 ഉം നിക്കൽ 2.20 ഉം സിങ്ക് 3.19 ഉം ശതമാനം ഇടിഞ്ഞു.
വിപണിസൂചനകൾ
(2024 നവംബർ 06, ബുധൻ)
സെൻസെക്സ് 30 80,378.13 +1.13%
നിഫ്റ്റി50 24,484.05 +1.12%
ബാങ്ക് നിഫ്റ്റി 52,317.40 +0.21%
മിഡ് ക്യാപ് 100 57,355.80 +2.21%
സ്മോൾ ക്യാപ് 100 18,906.10 +2.18%
ഡൗ ജോൺസ് 43,729.93 +3.57%
എസ് ആൻഡ് പി 5929.04 +2.53%
നാസ്ഡാക് 18,983.47 +2.95%
ഡോളർ($) ₹84.28 +₹0.17
ഡോളർ സൂചിക 105.09 +1.79
സ്വർണം (ഔൺസ്) $2660.00 -$84.50
സ്വർണം (പവൻ) ₹58,920 +₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $75.14 -$00.32