തിരിച്ചുകയറ്റത്തിനു ശ്രമം പ്രതീക്ഷിച്ച് വിപണി; എക്സിറ്റ് പോളും റിസൽട്ടും പണ നയവും നിർണായക ഘടകങ്ങൾ; റിസർവ് ബാങ്ക് അപ്രതീക്ഷിത നീക്കം നടത്തുമോ ? ഏഷ്യൻ വിപണികൾ ഉയരുന്നു
വിദേശികളുടെ നിരന്തര വിൽപന, യുദ്ധഭീതി എന്നിവയ്ക്കു പുറമേ രാഷ്ട്രീയവും ഇന്ത്യൻ വിപണിയെ ഭീഷണിപ്പെടുത്തുന്നു. എങ്കിലും തുടർച്ചയായ അഞ്ചു ദിവസത്തെ ഇടിവിനു ശേഷം ഇന്നു വിപണി തിരിച്ചു കയറാൻ ശ്രമിക്കും എന്നാണു നിഗമനം. ഏഷ്യൻ വിപണികൾ ഉയർന്നതും അനുകൂല ഘടകമാണ്. നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങളും റിസർവ് ബാങ്കിൻ്റെ പണനയവും വരും ദിവസങ്ങളിൽ വിപണിഗതി നിർണയിക്കും.
രണ്ടു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ പ്രതിപക്ഷത്തിൻ്റെ മുന്നേറ്റം സൂചിപ്പിക്കുന്നത് കേന്ദ്രസർക്കാർ വരും ദിനങ്ങളിൽ കൂടുതൽ ദുർബലമാകും എന്ന സൂചനയാണു നൽകുന്നത്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന മഹാരാഷ്ട്രയിലും കേന്ദ്ര ഭരണകക്ഷിക്ക് കാര്യങ്ങൾ അനുകൂലമല്ല എന്നാണു റിപ്പോർട്ടുകൾ. സാമ്പത്തിക രംഗത്ത് ഉറച്ച തീരുമാനങ്ങൾ നടപ്പാക്കാൻ ഗവണ്മെൻ്റിനു കഴിയാതെ വരും എന്ന ആശങ്ക ഇതോടെ ബലപ്പെടുകയാണ്.
എക്സിറ്റ് പോൾ പോലെയാണോ ജനവിധി എന്നു നാളെ അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ അനുസരിച്ചു വിപണി നീങ്ങിയതു നഷ്ടക്കച്ചവടമായ ഓർമ ഉള്ളതിനാൽ ഇന്നു വിപണി കരുതലോടെയേ നീങ്ങൂ.
ബുധനാഴ്ച റിസർവ് ബാങ്ക് പണനയം പ്രഖ്യാപിക്കും. ഇതുവരെയുള്ള സൂചനകൾ പലിശനിരക്ക് ഇത്തവണ കുറയ്ക്കുകയില്ല എന്നാണ്. പക്ഷേ യുഎസ് പലിശ അര ശതമാനം കുറച്ചതും ചൈന പലിശ കുറയ്ക്കൽ അടക്കം ഉത്തേജകം പ്രഖ്യാപിച്ചതും ഇന്ത്യക്കു വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. വിദേശനിക്ഷേപകർ ഇന്ത്യയെ വിട്ട് ചൈനയിലേക്കു പോകുന്നതും രൂപ ദുർബലമാകുന്നതും ചെറിയ കാര്യങ്ങളല്ല. റിസർവ് ബാങ്ക് അപ്രതീക്ഷിത പലിശ കുറയ്ക്കൽ പ്രഖ്യാപിച്ച് വിപണിയെ ഞെട്ടിക്കുമോ എന്നു ചോദിക്കുന്നവർ കുറവല്ല.
ഇന്ത്യയിലെ ചില്ലറവിലക്കയറ്റ കണക്ക് ശനിയാഴ്ചയേ പുറത്തുവരികയുള്ളൂ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,241 ൽ ക്ലാേസ് ചെയ്തു. ഇന്ന് 25,265 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച ഉയർന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കനത്ത ചുങ്കം ചുമത്താനുള്ള യൂറോപ്യൻ യൂണിയൻ്റെ തീരുമാനം വാഹന ഓഹരികളെ ഉയർത്തി.
യുഎസ് വിപണികൾ വെള്ളിയാഴ്ച തിരിച്ചുകയറി ആഴ്ച നേട്ടത്തോടെ അവസാനിപ്പിച്ചു. ഡൗ ജോൺസ് റെക്കോർഡും കുറിച്ചു. സെപ്റ്റംബറിൽ യുഎസിലെ കാർഷികേതര ജോലികൾ പ്രതീക്ഷയേക്കാൾ വളരെ കൂടുതലായതാണു വിപണിയെ കുതിക്കാൻ സഹായിച്ചത്. ഒന്നര ലക്ഷം പ്രതീക്ഷിച്ച സ്ഥാനത്ത് 2.54 ലക്ഷമാണ് സെപ്റ്റംബറിൽ വർധിച്ചത്. തൊഴിലില്ലായ്മ 4.1 ശതമാനമായി കുറയുകയും ചെയ്തു. യുഎസ് സമ്പദ്ഘടന മാന്ദ്യത്തിൽ വീഴാതെ വിലക്കയറ്റ ഭീഷണിയിൽ നിന്നു രക്ഷപ്പെടും എന്ന ഫെഡറൽ റിസർവ് ചെയർമാൻ്റെ നിലപാടു സാധൂകരിക്കുന്നതായി തൊഴിൽ കണക്ക്.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 341.16 പോയിൻ്റ് (0.81%) കയറി 42,352.80 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 51.13 പോയിൻ്റ് (0.90%) നേട്ടത്തോടെ 5751.07 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 219.37 പോയിൻ്റ് (1.22%) ഉയർന്ന് 18,137.80 ൽ ക്ലോസ് ചെയ്തു.
ടെസ്ല, ആമസോൺ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ടെക് ഓഹരികൾ കുതിച്ചു.
ഈയാഴ്ച യുഎസ് ചില്ലാവിലക്കയറ്റ കണക്ക് വരുന്നതു വിപണിയെ സ്വാധീനിക്കും. ഫെഡ് മിനിറ്റ്സും ഈയാഴ്ച വരും.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ അൽപം ഉയർന്നു. ഡൗ 0.03 ഉം എസ് ആൻഡ് പി 0.01 ഉം നാസ്ഡാക് 0.05 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.977 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് ഇടിഞ്ഞു. നവംബറിൽ ഫെഡ് പലിശ നിരക്കിൽ 0.25 ശതമാനം മാത്രം കുറവേ വരുത്തൂ എന്നാണു വിപണി ഇപ്പോൾ കണക്കാക്കുന്നത്.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജാപ്പനീസ് വിപണി രണ്ടു ശതമാനം ഉയർന്നു. കയറിയിട്ട് പിന്നീടു താണു. ജാപ്പനീസ് കറൻസി യെൻ കൂടുതൽ ദുർബലമായി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച വലിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം ഒരു ശതമാനത്തോളം ഇടിഞ്ഞു. രാവിലെ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം ഗണ്യമായി കയറിയിട്ടാണു വീണ്ടും ഇടിഞ്ഞത്. ഇതോടെ കഴിഞ്ഞ ആഴ്ച വിപണിമൂല്യത്തിലുണ്ടായ നഷ്ടം 18 ലക്ഷം കോടി രൂപയിലധികമായി. 2022 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നഷ്ടമാണിത്.
ചൈനയിലെ പുതിയ ഉത്തേജക പ്രഖ്യാപനങ്ങളെ തുടർന്ന് വിദേശ നിക്ഷേപകർ ചൈനയിൽ നിക്ഷേപിക്കാനായി പണം പിൻവലിക്കുന്നതാണ് ഇന്ത്യൻ വിപണിയെ ഉലയ്ക്കുന്നത്. ചൈനീസ് വിപണി രണ്ടാഴ്ച കൊണ്ട് 30 ശതമാനത്തോളം ഉയർന്നു.
കഴിഞ്ഞ മൂന്നു വ്യാപാര ദിവസങ്ങളിൽ മാത്രം വിദേശികൾ 30,718 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിന്നു പിൻവലിച്ചു. വെള്ളിയാഴ്ച അവർ 9896.95 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 8905.08 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും വലിയ ഇടിവിലായിരുന്നു. ഐടിയും പൊതുമേഖലാ ബാങ്കുകളും ഒഴികെ എല്ലാ വ്യവസായ മേഖലകളും നഷ്ടത്തിലായി. റിയൽറ്റി കഴിഞ്ഞയാഴ്ച 7.92 ശതമാനം ഇടിഞ്ഞപ്പോൾ വാഹന കമ്പനികളുടെ സൂചിക 5.94 ശതമാനം താഴ്ന്നു.
വെള്ളിയാഴ്ച എൻഎസ്ഇയിൽ 1055 ഓഹരികൾ ഉയർന്നപ്പോൾ 1779 ഓഹരികൾ താണു. ബിഎസ്ഇയിൽ 1458 എണ്ണം കയറി, 2496 എണ്ണം താഴ്ന്നു.
വെള്ളിയാഴ്ച സെൻസെക്സ് 808.65 പാേയിൻ്റ് (0.98%) ഇടിഞ്ഞ് 81,688.45 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 235.50 പോയിൻ്റ് (0.93%) നഷ്ടത്തോടെ 25,014.60 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 383.15 പോയിൻ്റ് (0.74%) താഴ്ന്ന് 51,412.05 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.93 ശതമാനം ഇടിഞ്ഞ് 58,474.45 ലും സ്മോൾ ക്യാപ് സൂചിക 1.02% താഴ്ന്ന് 18,758.65 ലും വ്യാപാരം അവസാനിപ്പിച്ചു.
സെപ്റ്റംബർ 27 ലെ ഉയർന്ന നിലയിൽ നിന്ന് അഞ്ചു ശതമാനം താഴ്ചയിലാണു മുഖ്യ സൂചികകൾ ഇപ്പോൾ. തുടർച്ചയായ അഞ്ചു ദിവസം ഇടിഞ്ഞ വിപണി ഇന്നും താഴുകയാണെങ്കിൽ തിരുത്തൽ നീണ്ടു നിൽക്കാൻ സാധ്യത ഉണ്ട്. ഉയർച്ചയിൽ വിൽപന എന്ന തന്ത്രത്തിലേക്കു ഫണ്ടുകളും വലിയ നിക്ഷേപകരും മാറിയതായാണു കാണുന്നത്.
25,000 നു താഴോട്ടു നിഫ്റ്റി വീണാൽ വിൽപന സമ്മർദം വർധിക്കും. 24,750ലെ പിന്തുണയിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ വലിയ തിരുത്തലിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ യുദ്ധഭീതിയും വിദേശികളുടെ വിറ്റൊഴിയലും ചേർന്നുണ്ടാകുന്ന വിപണിതകർച്ച പിടിച്ചു നിർത്താൻ ആഭ്യന്തര ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും ശ്രമിക്കും എന്ന പ്രതീക്ഷയിലാണ് ബുള്ളുകൾ.
ഇന്നു നിഫ്റ്റിക്ക് 24,960 ലും 24,840 ലും പിന്തുണ ഉണ്ട്. 25,350 ഉം 25,475 ഉം തടസങ്ങളാകും.
സ്വർണം താഴ്ന്നു
വെള്ളിയാഴ്ച അൽപം താഴ്ന്ന സ്വർണം ഇന്നു രാവിലെ വീണ്ടും താഴുകയാണ്. വെള്ളിയാഴ്ച ഔൺസിന് 2654.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2649 ഡോളറിലേക്കു താണു.
കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച 80 രൂപ കൂടി പവന് 56,960 രൂപ എന്ന റെക്കോർഡ് കുറിച്ചു.
വെള്ളിവില അൽപം കയറി ഔൺസിന് 32.10 ഡോളർ ആയി.
ഡോളർ വീണ്ടും കയറി. ഡോളർ സൂചിക വെള്ളിയാഴ്ച 102.52 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.50 ലേക്കു താണു.
ഇന്ത്യൻ രൂപ വെള്ളിയാഴ്ച പിടിച്ചു നിന്നു. ഡോളർ നിരക്കുമാറ്റമില്ലാതെ 83.97 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു ഡോളർ സൂചിക ഉയർന്നു നിന്നാൽ ഡോളർ 84 രൂപയ്ക്കു മുകളിലേക്കു കയറാം.
കഴിഞ്ഞയാഴ്ച കുതിച്ചു കയറിയ ക്രൂഡ് ഓയിൽ വില ഇന്നു താഴുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 78.14 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.64 ഡോളറിലായി. ഡബ്ല്യുടിഐ ഇനം 74.08 ഉം യുഎഇയുടെ മർബൻ ക്രൂഡ് 77.07 ഉം ഡോളറിലാണ്. പശ്ചിമേഷ്യൻ സംഘർഷം എണ്ണകേന്ദ്രങ്ങളിലേക്കു വ്യാപിക്കാത്തതാണ് ആശ്വാസഘടകം.
ക്രിപ്റ്റാേ കറൻസികൾ തിരിച്ചു കയറി. ബിറ്റ്കോയിൻ 63,900 ഡോളറിനു മുകളിലായി. ഈഥർ 2500 ഡോളറിൽ എത്തി.
വ്യാവസായിക ലോഹങ്ങൾ മിക്കതും വാരാന്ത്യത്തിൽ ഉയർന്നു. ചെമ്പ് 0.11 ശതമാനം കയറി ടണ്ണിന് 9796.24 ഡോളറിൽ എത്തി. അലൂമിനിയം 1. 33 ശതമാനം ഉയർന്ന് ടണ്ണിന് 2668.57 ഡോളർ ആയി. സിങ്ക് 0.30 ഉം ലെഡ് 0.70 ഉം ശതമാനം ഉയർന്നു. നിക്കൽ 1.77 ഉം ടിൻ 0.01ഉം ശതമാനം കുറഞ്ഞു.
വിപണിസൂചനകൾ
(2024 ഒക്ടോബർ 04 വെള്ളി)
സെൻസെക്സ് 30 81,688.45 -0.98%
നിഫ്റ്റി50 25,014.60 -0.93%
ബാങ്ക് നിഫ്റ്റി 51,462.05 -0.74%
മിഡ് ക്യാപ് 100 58,474.45 -0.93%
സ്മോൾ ക്യാപ് 100 18,758.65 -1.02%
ഡൗ ജോൺസ് 30 42,352.80
+0.81%
എസ് ആൻഡ് പി 500 5751.07 +0.90%
നാസ്ഡാക് 18,137.80 +1.22%
ഡോളർ($) ₹83.97 +₹0.00
ഡോളർ സൂചിക 102.52 +0.58
സ്വർണം (ഔൺസ്) $2654.30 -$02.20
സ്വർണം (പവൻ) ₹56,960 +₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $78.14 +$00.49