വിപണി ചാഞ്ചാട്ടം തുടരാം; വിലക്കയറ്റവും മൽഹോത്രയുടെ സമീപനവും നിർണായകം; ഡോളറും സ്വര്‍ണവും കുതിപ്പില്‍

ഡോളറും സ്വർണവും കുതിച്ചു പായുന്നു. യുഎസിലും ഏഷ്യയിലും ഓഹരികൾ താഴുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണിയും കഴിഞ്ഞ ദിവസങ്ങളിലെ ദുർബലവ്യാപാരമാണ് ഇന്നു പ്രതീക്ഷിക്കുന്നത്. ഇന്നു സ്ഥാനമേൽക്കുന്ന റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നയപരിപാടികളും നാളെ അറിയുന്ന ചില്ലറവിലക്കയറ്റ നിരക്കും ആകും ഇനി വിപണിഗതി നിർണയിക്കുക. നവംബറിലെ വിലക്കയറ്റം 5.53 ശതമാനം ആകുമെന്നാണു റോയിട്ടേഴ്സ് സർവേയിലെ നിഗമനം. ഒക്ടോബറിൽ 6.2 ശതമാനം ആയിരുന്നു. യുഎസ് ചില്ലറവിലക്കയറ്റം ഇന്നു രാത്രി അറിയാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,654 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,690 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യുഎസ് വിപണി ചാെവ്വാഴ്ചയും ഇടിവിലായി. ഇന്നു നവംബറിലെ ചില്ലറവിലക്കയറ്റ കണക്ക് വരുന്നതിലാണു വിപണിയുടെ ശ്രദ്ധ അത്രയും. അടുത്തയാഴ്ച ഫെഡറൽ റിസർവിൻ്റെ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി ചേരുമ്പോൾ നിരക്ക് കുറയ്ക്കാൻ തക്ക വിധം വിലക്കയറ്റം കുറയുമോ എന്നതാണു വിഷയം. വിലക്കയറ്റം 2.7 ശതമാനം ആകുമെന്നാണു വിപണിയുടെ നിഗമനം. മൂന്നു പ്രധാന സൂചികകളും ചെറുകിട കമ്പനികളുടെ റസൽ 2000 വും താഴ്ചയിലായി.

ക്വാണ്ടം കംപ്യൂട്ടിംഗിൽ കുതിച്ചു ചാട്ടത്തിനു സഹായിക്കുന്ന പുതിയ ചിപ്പ് ആവിഷ്കരിച്ചതായി ഗൂഗിൾ അറിയിച്ചു. ഇതേ തുടർന്ന് ഗൂഗിളിൻ്റെ മാതൃകമ്പനി ആൽഫബെറ്റ് ആറു ശതമാനത്തോളം കയറി. വില്ലോ എന്ന പുതിയ ചിപ്പ് വാണിജ്യ ഉപയോഗത്തിനു തക്ക നിലവാരത്തിലല്ല. അതിൽ ബിറ്റു (0,1) പകരം ഉപയോഗിക്കുന്ന ക്യുബിറ്റുകൾ (qbit) തണുപ്പിച്ചു നിർത്താൻ തന്നെ വലിയ ഊർജം ആവശ്യമുണ്ട്. 105 ക്യൂബിറ്റ് ആണു വില്ലോയിൽ ഉള്ളത്. പ്രായോഗിക ക്വാണ്ടം കംപ്യൂട്ടറിലേക്ക് എത്താൻ ലക്ഷക്കണക്കിനു ക്യുബിറ്റുകൾ വേണം. ഇങ്ങനെ പരിമിതികൾ ഉണ്ടെങ്കിലും ശരിയായ ദിശയിലുളള കുതിപ്പ് എന്നാണു വിദഗ്ധർ ഈ ആവിഷ്കാരത്തെ വിശേഷിപ്പിച്ചത്.

ഓറക്കിളിൻ്റെ പാദവരുമാനം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

ഇന്നലെ ഡൗ ജോൺസ് സൂചിക 154.10 പോയിൻ്റ് (0.35%) താഴ്ന്ന് 44,247.83 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 17.94 പോയിൻ്റ് (0.30%) നഷ്ടത്തോടെ 6034.91 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 49.45 പോയിൻ്റ് (0.25%) താഴ്ചയോടെ 19,687.24 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു. ഡൗ 0.08 ഉം എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.08 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

നിക്ഷേപനേട്ടം 4.23 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും ഇടിഞ്ഞു. പലിശ കുറയ്ക്കൽ വെെകുമോ എന്നു കടപ്പത്ര വിപണിയിൽ ആശങ്കയുണ്ട്.

യൂറോപ്യൻ സൂചികകൾ തുടർച്ചയായ എട്ടു ദിവസത്തെ ഉയർച്ചയ്ക്കു ശേഷം ചൊവ്വാഴ്ച ഇടിഞ്ഞു.. ജർമൻ സൂചിക അൽപം താഴ്ന്നപ്പോൾ ഫ്രഞ്ച്, യുകെ സൂചികകൾ ഒരു ശതമാനത്തിലധികം നഷ്ടത്തിലായി.

ഏഷ്യൻ വിപണികൾ ഇന്നു പൊതുവേ താഴ്ചയിലാണ്. ജപ്പാനിൽ നിക്കൈ കാൽ ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിൽ സൂചിക ഉയർന്നു തുടങ്ങിയിട്ടു താണു. ഓസ്ട്രേലിയൻ സൂചിക തുടക്കത്തിലേ താഴ്ന്നു.

ഇന്ത്യൻ വിപണി വീണ്ടും താഴ്ന്നു

ചൊവ്വാഴ്ച ഇന്ത്യൻ വിപണി നാമമാത്ര മാറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ചു. മുഖ്യ സൂചികകൾ ഭിന്ന ദിശകളിലായി. തലേ വ്യാപാര ദിവസങ്ങൾ പോലെ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടം കുറിച്ചു. സെൻസെക്സ് 81,182 നും 81,726 നുമിടയിൽ കയറിയിറങ്ങി. നിഫ്റ്റി 24,510 മുതൽ 24,678 വരെ ചാഞ്ചാടി.

നിഫ്റ്റി ഇന്നലെ 8.95 പോയിൻ്റ് (0.04%) താഴ്ന്ന് 24,610.05 ൽ അവസാനിച്ചു. സെൻസെക്സ് 1.59 പോയിൻ്റ് (0.00%) നേട്ടത്തോടെ 81,510.05 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.32 ശതമാനം (169.95 പോയിൻ്റ്) ഉയർന്ന് 53,577.70 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.23 ശതമാനം കയറി 59,135.40 ലും സ്മോൾ ക്യാപ് സൂചിക 0.28 ശതമാനം ഉയർന്ന് 19,583.20 ലും ക്ലോസ് ചെയ്തു

വിദേശ നിക്ഷേപകർ ഇന്നലെയും വാങ്ങലുകാരായി. അവർ ക്യാഷ് വിപണിയിൽ 1285.96 കോടി രൂപയുടെ അറ്റ വാങ്ങൽ നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 605.79 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം എൻഎസ്ഇയിൽ കയറ്റത്തിന് അനുകൂലമായി തുടരുന്നു. എങ്കിലും അവ തമ്മിലുള്ള അകലം കുറഞ്ഞു. ബിഎസ്ഇയിൽ ഇറക്കമാണു മുന്നിൽ. 1963 ഓഹരികൾ ഉയർന്നപ്പോൾ 2010 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1448 എണ്ണം ഉയർന്നു, താഴ്ന്നത് 1371 എണ്ണം.

റിയൽറ്റിയും ഐ ടിയും പൊതുമേഖലാ ബാങ്കുകളുമാണ് ഇന്നലെ നല്ല നേട്ടം കാഴ്ചവച്ചത്. മീഡിയയും ഓയിൽ - ഗ്യാസും താഴ്ചയിലായി.

തുടർച്ചയായ മൂന്നാം ദിവസവും നിഫ്റ്റി താഴ്ന്നു ക്ലോസ് ചെയ്തു. നിഫ്റ്റി 24,700 - 24,800 പ്രതിരോധമേഖല കടന്നാലേ ബുള്ളിഷ് മുന്നേറ്റം തുടരാൻ പറ്റൂ എന്ന നില തുടരുന്നു. 24,500ലെ പിന്തുണയ്ക്കും മാറ്റമില്ല. നിഫ്റ്റിക്ക് ഇന്ന് 24,535 ലും 24,495 ലും പിന്തുണ കിട്ടാം. 24,665 ഉം 24,765 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

ഇന്ത്യൻ ഓവർസീസ് ബാങ്കിന് 2015-16 അസസ്മെൻ്റ് വർഷത്തെ റീഫണ്ടായി 1359.29 കോടി രൂപ നൽകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

എച്ച്ജി ഇൻഫ്രാ എൻജിനിയറിംഗിനു യുപിയിൽ 763 കോടി രൂപയുടെ റോഡ് നവീകരണ കരാർ ലഭിച്ചു.

നിർമിതബുദ്ധി ഉപയോഗിച്ചുളള ഡവലപ്പർ പ്ലാറ്റ്ഫോം തയാറാക്കുന്ന ഗിറ്റ്ഹബുമായി സഹകരണ കരാർ ഉണ്ടാക്കിയതായി എൽടിഐ മൈൻഡ് ട്രീ അറിയിച്ചു.

250 കോടി രൂപയുടെ ഇ വി പാനലുകൾ നൽകാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്ന് സാക്ഷി മെഡ്ടെക് ആൻഡ് പാനൽസിന് ഓർഡർ ലഭിച്ചു.

ടൈൽ, സ്ലാബ് വിൽപനയിലുള്ള യുകെ കമ്പനിയായ ക്ലിൻ എജിഎലുമായി സംയുക്ത സംരംഭം തുടങ്ങാൻ ഏഷ്യൻ ഗ്രാനിറ്റോ ഇന്ത്യ കരാർ ഉണ്ടാക്കി.

ഏഷ്യൻ പെയിൻ്റ്സിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം അഞ്ചിൽ നിന്ന് ഏഴു ശതമാനമായി ഉയർത്തി.

2,700 ഡോളർ കടന്നു സ്വർണം

സ്വർണവില വീണ്ടും മികച്ച കുതിപ്പ് നടത്തി. വ്യാപാരത്തിനിടെ ഔൺസിന് 2700 ഡോളർ കടന്നെങ്കിലും പിന്നീടു താഴ്ന്ന് 2694.80 ഡോളറിൽ ക്ലോസ് ചെയ്തു. നേട്ടം 1.32 ശതമാനം. ഇന്നു രാവിലെ 2,703 ഡോളറിലേക്കു കയറിയിട്ടു ചാഞ്ചാടി. ഫെബ്രുവരി അവധിവില 2,719 ഡോളർ ആയി.

ചെെനീസ് കേന്ദ്ര ബാങ്ക് സ്വർണം വാങ്ങൽ പുനരാരംഭിച്ചതും പലിശ കുറയ്ക്കൽ പ്രതീക്ഷയും സ്വർണത്തെ ഉയർത്തുന്ന ഘടകങ്ങളാണ്. 2025-ൽ കൂടുതൽ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുമെന്നു വിപണി പ്രതീക്ഷിക്കുന്നു.

അടുത്ത വർഷം സ്വർണം ഔൺസിന് 3,000 ഡോളർ എത്തുമെന്നു ബാങ്ക് ഓഫ് അമേരിക്കയും ഗോൾഡ്മാൻ സാക്സും പ്രവചിച്ചിട്ടുണ്ട്. ഹെറായുസ് പ്രെഷ്യസ് മെറ്റൽസ് ഫൊർകാസ്റ്റ് 2025 പറയുന്ന വില 2950 ഡോളറാണ്.

കേരളത്തിൽ ചൊവ്വാഴ്ച സ്വർണവില പവന് 600 രൂപ കൂടി 57,040 രൂപയിൽ എത്തി. ഇന്നും വില ഗണ്യമായി കൂടും.

വെള്ളിവില ഔൺസിന് 32 ഡോളറിലേക്ക് കയറി.

ഡോളർ കയറി, രൂപ വീണു

കറൻസി വിപണിയിൽ ഡോളർ ഇന്നലെയും കയറി. ഡോളർ സൂചിക 0.24 ശതമാനം കൂടി 106.40 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.36 ലേക്കു താണു.

രൂപ ചൊവ്വാഴ്ച കൂടുതൽ ദുർബലമായി. ഡോളർ 12 പൈസ നേട്ടത്തിൽ 84.85 രൂപ എന്ന റെക്കോർഡിൽ ക്ലാേസ് ചെയ്തു. നോൺ ഡെലിവറേബിൾ ഫോർവേഡ് (എൻഡിഎഫ്) വ്യാപാരത്തിൽ ഡോളർ 84.96 രൂപയായി. പുതിയ റിസർവ് ബാങ്ക് ഗവർണർ രൂപയുടെ പ്രതിദിന മാറ്റത്തിൽ അധികം ഇടപെടുകയില്ല എന്നാണു വിപണി കരുതുന്നത്.

ഡോളർ താമസിയാതെ 85 രൂപയിലേക്കു കയറും എന്നാണു വിപണി കരുതുന്നത്. രൂപ താഴുന്നതിൽ കയറ്റുമതിക്കാർ സന്തോഷത്തിലാണ്.

ക്രൂഡ് ഓയിൽ വില വലിയ മാറ്റമില്ലാതെ തുടരുന്നു. .ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 72.19 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 72.28 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 68.65 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.09 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ താഴുന്നു

വലിയ കുതിപ്പിനു ശേഷം ക്രിപ്റ്റോ കറൻസികൾ ലാഭമെടുക്കൽ മൂലം ഇടിയുകയാണ്. ഇന്നലെ ബിറ്റ് കോയിൻ വില 97,000 ഡോളറിനു താഴെയായി. ഈഥർ വില 3,630 ഡോളറിൽ എത്തി.

വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലാണ്. ചെമ്പ് 0.09 ശതമാനം താഴ്ന്നു ടണ്ണിന് 9,100.87 ഡോളറിൽ എത്തി. അലൂമിനിയം 0.81 ശതമാനം ഉയർന്നു ടണ്ണിന് 2,609.00 ഡോളർ ആയി. സിങ്ക് 0.17 ഉം നിക്കൽ 1.45 ഉം ശതമാനം താഴ്ന്നു. ടിൻ 1.89 ഉം ലെഡ് 0.12 ഉം ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 ഡിസംബർ 10, ചൊവ്വ)

സെൻസെക്സ് 30 81,510.05 +0.00%

നിഫ്റ്റി50 24,610.05 -0. '4%

ബാങ്ക് നിഫ്റ്റി 53,577.70 +0.32%

മിഡ് ക്യാപ് 100 59,135. 40 +0.23%

സ്മോൾ ക്യാപ് 100 19,583.20 +0.28%

ഡൗ ജോൺസ് 44,247.91 -0.35%

എസ് ആൻഡ് പി 6034.91 -0.30%

നാസ്ഡാക് 19,687.24 -0.25%

ഡോളർ($) ₹84.85 +₹0.12

ഡോളർ സൂചിക 106.40 +0.25

സ്വർണം (ഔൺസ്) $2694.80 +$34.10

സ്വർണം(പവൻ) ₹57,640 +₹600

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.11 -$00.03

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it