വളർച്ചത്തോത് കുറയുമെന്ന് എൻവിഡിയ; എക്സിറ്റ് പോൾ ആവേശമായില്ല; വിപണിയിൽ വീണ്ടും ആശങ്ക
സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപി സഖ്യത്തിന് മുൻതൂക്കം പ്രവചിച്ച എക്സിറ്റ് പോളുകൾക്കു മീതേ ഗൗതം അദാനിക്കെതിരായ കേസിൻ്റെ കരിനിഴൽ വീഴുമോ? ഇന്നു വിപണി നേരിടുന്ന ചോദ്യം അതാണ്. വിപണി കഴിഞ്ഞ ദിവസം തുടക്കമിട്ട തിരിച്ചു കയറ്റം ഇന്നു വീണ്ടും ഇറക്കത്തിലേക്കു തിരിയുമോ എന്ന് ആശങ്കയുണ്ട്. നിർമിത ബുദ്ധി ഭീമൻ എൻവിഡിയ വളർച്ച കുറയുന്നു എന്നു മുന്നറിയിപ്പ് നൽകിയതും വിപണിയെ വിഷമിപ്പിക്കും.
മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളിലെ ബിജെപി മുന്നേറ്റം വിപണി ആഗ്രഹിച്ചതു തന്നെയാണ്. പക്ഷേ മുൻ എക്സിറ്റ് ഫലങ്ങളുടെ അനുഭവം വിപണിക്ക് ആവേശം പകരുന്നില്ല.
അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിക്കും കൂട്ടാളികകൾക്കുമെതിരേ ന്യൂയോർക്ക് ഫെഡറൽ കോടതിയിൽ ഇന്നലെയാണു കുറ്റപത്രം സമർപ്പിച്ചത്. ലോകത്തിലെ അതിസമ്പന്നരിൽ ഒരാളായ അദാനി സോളർ പദ്ധതികൾക്കായി ഇന്ത്യാ ഗവണ്മെൻ്റിലെ ചിലർക്ക് 25 കോടി ഡോളർ (2100 കോടി രൂപ) കൈക്കൂലി നൽകി എന്നു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സഹോദര പുത്രൻ സാഗർ അദാനി, അദാനി ഗ്രീൻ എനർജിയിലെ എക്സിക്യൂട്ടീവ് വിനീത് ജയിൻ, അസ്വർ പവർ ഗ്ലോബലിലെ മുൻ എക്സിക്യൂട്ടീവുമാരായ രഞ്ജിത് ഗുപ്ത, രൂപേഷ് അഗർവാൾ, കനേഡിയൻ നിക്ഷേപ സ്ഥാപനമായ സിഡിപിക്യു വിൻ്റെ സിറിൾ കബാനെസ്, സൗരഭ് അഗർവാൾ, ദീപക് മൽഹോത്ര എന്നിവരാണ് മറ്റു പ്രതികൾ.
കൈക്കൂലി നൽകി സൗരോർജ വിൽപന കരാർ ഉണ്ടാക്കിയാൽ 200 കോടി ഡോളറിലധികം ലാഭം ഉണ്ടാക്കാമെന്ന് അദാനി അമേരിക്കയിലും കാനഡയിലുമുള്ള നിക്ഷേപകരെ ധരിപ്പിച്ചു എന്നും അവരിൽ നിന്നു 17.5 കോടി ഡോളർ സമാഹരിച്ചു എന്നുമാണു കേസ്. ബ്രൂക്ക്ലിനിലെ കോടതിയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണു കുറ്റപത്രം സമർപ്പിച്ചത്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,659 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,570 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്ന് അൽപം മാത്രം ഉയർന്നാേ നഷ്ടത്തിലോ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യുഎസ് വിപണി ഭിന്നദിശകളിൽ നീങ്ങി. ബുധനാഴ്ച ഡൗജോൺസ് അൽപം ഉയർന്നു, എസ് ആൻഡ് പി നാമമാത്രമായി കയറി, നാസ്ഡാക് അൽപം താഴ്ന്നു. രാജ്യാന്തര സംഘർഷങ്ങളും ട്രംപിൻ്റെ ഭരണകൂടത്തെ സംബന്ധിച്ച സന്ദേഹങ്ങളും ഡോളറിൻ്റെ കയറ്റവും ഒക്കെ വിപണിയെ അനിശ്ചിതത്വത്തിലാക്കി.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 139.53 പോയിൻ്റ് (0.32%) ഉയർന്ന് 43,408.47 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 0.13 പോയിൻ്റ് (0.00%) ഉയർന്ന് 5917.11 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 21.33 പോയിൻ്റ് (0.11%) താഴ്ന്ന് 18,966.14 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ ഉയർച്ച കാണിക്കുന്നു. ഡൗ 0.1 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.11 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
പ്രതീക്ഷയേക്കാൾ മികച്ച മൂന്നാം പാദ റിസൽട്ടാണ് നിർമിതബുദ്ധി പ്രോസസറുകളുടെ കമ്പനിയായ എൻവിഡിയ ഇന്നലെ വിപണി സമയത്തിനു ശേഷം പുറത്തു വിട്ടത്. വരുമാനം 94 ശതമാനവും അറ്റാദായം 110 ശതമാനവും വർധിച്ചു. വരുമാന വർധന കഴിഞ്ഞ പാദങ്ങളെ അപേക്ഷിച്ചു പകുതിയിൽ താഴെയായി. ഒന്നാം പാദത്തിൽ 262ഉം രണ്ടാം പാദത്തിൽ 265ഉം ശതമാനമായിരുന്നു വരുമാന വർധന. നാലാം പാദ വരുമാന പ്രതീക്ഷ കുറവാണ്. 70 ശതമാനം മാത്രം. കഴിഞ്ഞ വർഷം നാലാം പാദ വളർച്ച 265 ശതമാനം ഉണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വളർച്ചത്താേത് തുടരാൻ പറ്റുകയില്ല എന്നത് ഓഹരിയെ ഇന്നലെ വിപണിക്കു ശേഷമുള്ള വ്യാപാരത്തിൽ രണ്ടു ശതമാനം താഴ്ത്തി. ഇന്നു കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം.
കമ്പനിയുടെ ചിപ്പുകൾക്കും ഗ്രാഫിക് പ്രോസസർ യൂണിറ്റുകൾക്കും ഗെയിമിംഗിനും ഡിമാൻഡ് കുറഞ്ഞിട്ടില്ല. പുതിയ ബ്ലായ്ക്ക് വെൽ ചിപ്പുകൾക്ക് മൈക്രോസോഫ്റ്റ്, ഓറക്കിൾ, ഓപ്പൺ എഐ തുടങ്ങിയവയിൽ നിന്നു വലിയ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.
ഇന്നലെ റീട്ടെയിൽ വമ്പന്മാരായ വോൾമാർട്ടും ടാർഗറ്റും റിസൽട്ട് പുറത്തുവിട്ടു. ടാർഗറ്റ് ലക്ഷ്യത്തിൽ എത്തിയില്ല. വിപണിപങ്ക് കുറഞ്ഞു. ഓഹരി 21.4 ശതമാനം ഇടിഞ്ഞു. ബ്രോക്കറേജുകൾ ലക്ഷ്യവില താഴ്ത്തി. വോൾമാർട്ട് വിപണിപങ്ക് കൂട്ടി. ലാഭം വർധിച്ചു. നാലാം പാദ വിൽപന ലക്ഷ്യവും ലാഭ പ്രതീക്ഷയും ഉയർത്തി. ഓഹരി റെക്കോർഡ് കുറിച്ചു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.41 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് മാറി. പലിശ നിരക്ക് ഉയർന്നു നിൽക്കും എന്ന നിഗമനം വിപണി കൈവിട്ടിട്ടില്ല.
യൂറോപ്യൻ വിപണികൾ ഇന്നലെയും താഴ്ന്നു. യുക്രെയ്ൻ സംഘർഷം വർധിക്കുന്നതാണു പ്രധാന വിഷയം.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. എൻവിഡിയ റിസൽട്ടും അദാനിക്കെതിരായ കേസും വിപണികളിൽ ആശങ്ക പരത്തി. ജപ്പാനിലെ നിക്കെെ സൂചിക 0.75 ശതമാനം താഴ്ന്നു.
ഇന്ത്യൻ വിപണി
ചൊവ്വാഴ്ച ഇന്ത്യൻ വിപണി ശക്തമായ തിരിച്ചുകയറ്റത്തിനു തുടക്കം കുറിച്ചെങ്കിലും ഉച്ചയ്ക്കു ശേഷം നേട്ടത്തിൻ്റെ ഗണ്യമായ ഭാഗം നഷ്ടമാക്കി ചെറിയ കയറ്റത്തിൽ ക്ലോസ് ചെയ്തു. യുക്രെയ്ൻ റഷ്യയിലേക്കു യുഎസ് മിസൈൽ അയക്കുന്നതിനെ പറ്റിയുള്ള ആശങ്കകളാണു വിപണിയെ ബാധിച്ചത്. മുഖ്യ സൂചികകൾ 0.3 ശതമാനം ഉയർന്ന് അവസാനിച്ചപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തോളം നേട്ടം കുറിച്ചു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം വീണ്ടും കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2410 ഓഹരികൾ ഉയർന്നപ്പോൾ 1559 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1693 എണ്ണം ഉയർന്നു, താഴ്ന്നത് 1133 എണ്ണം.
ചൊവ്വാഴ്ച രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കുതിച്ചു കയറി. ഒടുവിൽ ചെറിയ നേട്ടത്തിൽ ഒതുങ്ങി. നിഫ്റ്റി 23,780.65 വരെ കയറിയിട്ട് 23,464.8 വരെ താഴ്ന്നു. സെൻസെക്സ് 78,451.65 വരെ കുതിച്ചിട്ട് 77,411 വരെ ഇടിഞ്ഞു.
നിഫ്റ്റി 64.70 പോയിൻ്റ് (0.28%) ഉയർന്ന് 23,518.50 ൽ അവസാനിച്ചു. സെൻസെക്സ് 239.37 പോയിൻ്റ് (0.31%) കയറി 77,578.38 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.52 ശതമാനം (262.70 പോയിൻ്റ്) കയറി 50,626.50 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.93 ശതമാനം ഉയർന്ന് 54,548.25 ലും സ്മോൾ ക്യാപ് സൂചിക 0.97 ശതമാനം കയറി 17,677.35 ലും ക്ലോസ് ചെയ്തു.
മീഡിയ, ഓട്ടോ, റിയൽറ്റി, ഫാർമ, കൺസ്യൂമർ ഡ്യുറബിൾസ്, ഐടി, ഹെൽത്ത് കെയർ തുടങ്ങിയവ നല്ല നേട്ടം ഉണ്ടാക്കി. മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ, ഓയിൽ - ഗ്യാസ് എന്നിവ നഷ്ടത്തിലായി.
ഫെഡറൽ ബാങ്ക് ഓഹരി 210.60 എന്ന റെക്കോർഡ് കുറിച്ചിട്ട് 2.77 ശതമാനം നേട്ടത്തോടെ 205.80 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി 0.35 ശതമാനം ഉയർന്ന് 22.88 രൂപയിലും സിഎസ്ബി ബാങ്ക് 1.67 ശതമാനം കയറി 307.10 രൂപയിലും ധനലക്ഷ്മി ബാങ്ക് 2.06 ശതമാനം നേട്ടത്തോടെ 31.64 രൂപയിലും വ്യാപാരം അവസാനിപ്പിച്ചു.
കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി അഞ്ചു ശതമാനം ഉയർന്ന് 635.30 രൂപയിൽ ക്ലോസ് ചെയ്തു.
കൊച്ചിൻ ഷിപ്പ് യാർഡ് 4.04 ശതമാനം കയറി 1354 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
മണപ്പുറം ഫിനാൻസ് ഓഹരി നാമമാത്രമായി താഴ്ന്ന് 153.89 രൂപയിൽ ക്ലാേസ് ചെയ്തു.
കഴിഞ്ഞ ദിവസം കുതിച്ചു കയറി മുത്തൂറ്റ് ഫിനാൻസ് ഓഹരി 1912.95 രൂപ വരെ ഉയർന്നിട്ട് ചെറിയ നേട്ടത്തോടെ1891.80 രൂപയിൽ ക്ലോസ് ചെയ്തു.
ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3411.73 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2783.89 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി സൂചിക 200 ദിവസ എക്സ്പൊണൻഷ്യൽ മൂവിംഗ് ആവരേജിനു (23,540) താഴെയാണ് ക്ലാേസ് ചെയ്തത്. ഇന്നും താഴ്ന്നു വ്യാപാരം തുടർന്നാൽ 23,200 ലേക്കുള്ള പതനം തുടരും. 23,800 ൽ വലിയ പ്രതിരോധം ഉണ്ട്. നിഫ്റ്റിക്ക് ഇന്ന് 23,470 ലും 23,395 ലും പിന്തുണ കിട്ടാം. 23,710 ഉം 23,785 ഉം തടസങ്ങൾ ആകാം.
സ്വർണം 2650 ഡോളർ കടന്നു
യുക്രെയ്ൻ യുദ്ധം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്കു കടന്നതു സ്വർണത്തെ ഉയരങ്ങളിലേക്കു നയിച്ചു. ഈയാഴ്ച ഇതുവരെ ഔൺസിന് 90 ഡോളർ വർധിച്ചു. ബുധനാഴ്ച ഔൺസിന് 2650.60 ഡോളറിലാണു ക്ലോസ് ചെയ്തത്. അണ്വായുധ പ്രയോഗ ഭീഷണി സുരക്ഷിത നിക്ഷേപം എന്ന നിലയിലെ സ്വർണത്തിൻ്റെ ഡിമാൻഡ് വീണ്ടും കൂട്ടി. ട്രംപ് ഭരണം സ്വർണത്തെ വീണ്ടും കയറ്റുമെന്നും 2025ലെ ക്രിസ്മസിനു മുൻപ് സ്വർണം ഔൺസിന് 3000 ഡോളർ കടക്കുമെന്നും നിക്ഷേപബാങ്ക് ഗോൾഡ്മാൻ സാക്സ് പ്രവചിച്ചതും വില കൂടുന്നതിനു സഹായിച്ചു.
ബുധനാഴ്ച ഔൺസിന് 18.80 ഡോളർ കയറി 2650.60 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 2656 ഡോളറിൽ എത്തി.
കേരളത്തിൽ സ്വർണവില ചൊവ്വാഴ്ച പവന് 560 രൂപ വർധിച്ച് 56,520 രൂപയായി. ബുധനാഴ്ച 400 രൂപ കൂടി 56,920 രൂപയിൽ എത്തി. മൂന്നു ദിവസം കൊണ്ടു വില 1440 രൂപ വർധിച്ചു. ഇന്നും വില കയറും.
വെള്ളിവില ഔൺസിന് 30.96 ഡോളറിലേക്കു കയറി.
കറൻസി വിപണിയിൽ ഡോളർ വീണ്ടും കയറ്റത്തിലായി. ഡോളർ സൂചിക ബുധനാഴ്ച കുതിച്ചു കയറി 106.68 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 106.58 ലാണ്.
ഡോളർ സമ്മർദത്തിനിടയിൽ രൂപ ചൊവ്വാഴ്ച അൽപം താഴ്ന്നു.
ഡോളർ രണ്ടു പൈസ കൂടി 84.41 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ചെറിയ കയറ്റിറക്കങ്ങൾക്കു ശേഷം ബുധനാഴ്ച 73.12 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 73.06 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 68.87 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.16 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റാേ കറൻസികൾ വീണ്ടും കയറി. ബിറ്റ് കോയിൻ 94,989.99 ഡോളർ വരെ എത്തി റെക്കോർഡ് കുറിച്ചു. പിന്നീടു താഴ്ന്നു. ഒരാഴ്ച മുൻപ് 3327 ഡോളർ വരെ എത്തിയ ഈഥർ ഇന്നലെ 3070 ഡോളർ ആയി.
അലൂമിനിയം ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ബുധനാഴ്ച ഉയർന്നു. ചെമ്പ് 0.02 ശതമാനം കയറി ടണ്ണിന് 8967.85 ഡോളറിൽ എത്തി. അലൂമിനിയം 0.35 ശതമാനം താഴ്ന്നു ടണ്ണിന് 2633.43 ഡോളർ ആയി. സിങ്ക് 1.10 ഉം നിക്കൽ 1.11 ഉം ലെഡ് 3.0 6 ഉം ടിൻ 1.83 ഉം ശതമാനം ഉയർന്നു.
വിപണിസൂചനകൾ
(2024 നവംബർ 19, ചൊവ്വ)
സെൻസെക്സ് 30 77,578.38 +0.31%
നിഫ്റ്റി50 23,518.50 +0.28%
ബാങ്ക് നിഫ്റ്റി 50,626.50 +0.52%
മിഡ് ക്യാപ് 100 54,548.25 +0.93%
സ്മോൾ ക്യാപ് 100 17,677.35 +0.97%
ഡൗ ജോൺസ് 43,268.94 -0.28%
എസ് ആൻഡ് പി 5916.98 +0.40%
നാസ്ഡാക് 18,987.47 +1.04%
ഡോളർ($) ₹84.41 +₹0.02
ഡോളർ സൂചിക 106.15 -0.13
സ്വർണം (ഔൺസ്) $2631.80 +$19.90
സ്വർണം(പവൻ) ₹56,520 +₹560
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.31 +$00.16
(2024 നവംബർ 20, ബുധൻ)
ഡൗ ജോൺസ് 43,408.47 +0.32%
എസ് ആൻഡ് പി 5917.11 +0.400%
നാസ്ഡാക് 18,966.14 -0.11%
ഡോളർ സൂചിക 106.68 +0.47
സ്വർണം (ഔൺസ്) $2650.60 +$18.80
സ്വർണം(പവൻ) ₹56,960 +₹440
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.12 -$00.19