കുതിപ്പിനു പ്രതിബന്ധങ്ങൾ ഏറെ; വിൽപന സമ്മർദം കുറയുന്നില്ല; ആശങ്ക കൂട്ടി ടി.സി.എസ് റിസൽട്ട്

വിപണി ഉയരാൻ ശ്രമിക്കും തോറും വിൽപന സമ്മർദം കൂടുകയാണ്. ഇന്നലെ വിലക്കയറ്റം കൂടിയതു യുഎസ് വിപണിയെ നാമമാത്രമായി താഴ്ത്തി. ടിസിഎസ് റിസൽട്ട് ഐടി കമ്പനികളുടെ വരുമാനവും ലാഭവും കുറയുമെന്നു സൂചിപ്പിച്ചു. ഐടി കമ്പനികളുടെ എഡിആർ വില ഇടിഞ്ഞതു നൽകുന്ന സൂചന നെഗറ്റീവ് ആണ്. നിഫ്റ്റി കമ്പനികളുടെ രണ്ടാം പാദ ഇപിഎസ് വളർച്ച ഒറ്റയക്കത്തിൽ ഒതുങ്ങുമെന്ന ബ്രോക്കറേജ് റിപ്പോർട്ടുകളും വിപണിക്കു മേൽ നിഴലാകും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,062 ൽ ക്ലാേസ് ചെയ്തു. ഇന്ന് 25,095 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ചെറിയ താഴ്ചയിൽ അവസാനിച്ചു. ജർമനി തുടർച്ചയായ രണ്ടാം വർഷവും മാന്യത്തിലാകുമെന്ന് ജർമൻ ധനമന്ത്രി പ്രസ്താവിച്ചു. ഈ വർഷം 0.2 ശതമാനം കണ്ട് ജിഡിപി ചുരുങ്ങും.

ചില്ലറ വിലക്കയറ്റം പ്രതീക്ഷയേക്കാൾ കൂടിയതിനെ തുടർന്നു യുഎസ് വിപണികൾ വ്യാഴാഴ്ച നാമമാത്രമായി താഴ്ന്നു. സെപ്റ്റംബറിലെ വിലക്കയറ്റം 2.4 ശതമാനമാണ്. പ്രതീക്ഷിച്ചത് 2.3 ശതമാനം. ഇന്ധന, ഭക്ഷ്യ വിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 3.3 ശതമാനമായി. ഓഗസ്റ്റിൽ ഇത് 3.2 ശതമാനമായിരുന്നു. വിലക്കയറ്റം കൂടി നിൽക്കുന്നതു പലിശ കുറയ്ക്കൽ വൈകിക്കും എന്ന സംശയം വിപണിയിൽ ഉണ്ടാക്കി. കഴിഞ്ഞ മാസത്തെ കുറയ്ക്കൽ കൂടുതലായി എന്ന് ഫെഡ് കമ്മിറ്റിയിൽ പലർക്കും അഭിപ്രായമുള്ളതും ഈ ധാരണയെ ബലപ്പെടുത്തി.

ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 57.88 പോയിൻ്റ് (0.14%) താഴ്ന്ന് 42,454.12 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 11.99 പോയിൻ്റ് (0.21%) കുറഞ്ഞ് 5780.05 -ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 9.57 പോയിൻ്റ് (0.05%) താഴ്ന്ന് 18,282.05 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡൗ 0.04 ഉം എസ് ആൻഡ് പി 0.07 ഉം നാസ്ഡാക് 0.09 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.06 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലാണ്.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദ ശകളിലാണ്. ജാപ്പനീസ് വിപണിയിൽ നിക്കൈ 0.70 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയിൽ പലിശ കാൽ ശതമാനം കുറച്ചു. ചൈനീസ് വിപണി തുടക്കത്തിൽ താഴ്ന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ച ഉത്സാഹത്തോടെ ആരംഭിച്ചെങ്കിലും തുടർന്ന് ആ നേട്ടം നിലനിർത്താനായില്ല. ഫാർമ, ഹെൽത്ത് കെയർ, ഐടി മേഖലകളുടെ ദൗർബല്യം വിപണിയെ

താഴ്ത്തി. നിഫ്റ്റി 25,000 നു തൊട്ടുതാഴെ ക്ലാേസ് ചെയ്തു. മിഡ് ക്യാപ് ഓഹരികൾ രാവിലെ കയറിയെങ്കിലും പിന്നീടു താണു.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 4926.61 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഈ മാസം ഏഴു ദിവസം കൊണ്ട് അവരുടെ വിൽപന 54,231.90 കോടി രൂപയായി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 3878.33 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

വ്യാഴാഴ്ച എൻഎസ്ഇയിൽ 1560 ഓഹരികൾ ഉയർന്നപ്പോൾ 1220 ഓഹരികൾ താണു. ബിഎസ്ഇയിൽ 2199 എണ്ണം കയറി, 1730 എണ്ണം താഴ്ന്നു.

ഇന്നലെ സെൻസെക്സ് 144.31 പാേയിൻ്റ് (0.18%) കയറി 81,611.41 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 16.50 പോയിൻ്റ് (0.07%) ഉയർന്ന് 24,998.45 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 523.90 പോയിൻ്റ് (1.03%) കയറി 51,530.90 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.28 ശതമാനം കുറഞ്ഞ് 58,935.85 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 0.19% കയറി 18,900.00 ൽ വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിലെ വിൽപനസമ്മർദത്തിൽ പിടിച്ചു നിൽക്കാൻ ബുള്ളുകൾ പ്രയാസപ്പെടുന്നു. നിഫ്റ്റിയുടെ പിന്തുണ നിലവാരം 24,900 - 24,700 ലേക്കു താഴ്ന്നു. 25,300 കടക്കാനായാലേ വിപണിക്കു കുതിപ്പിൻ്റെ വഴിയിലാകാൻ പറ്റൂ. ഇന്നു നിഫ്റ്റിക്ക് 24,975 ലും 24,945 ലും പിന്തുണ ഉണ്ട്. 25,100 ഉം 25,135 ഉം തടസങ്ങളാകും.

ടിസിഎസ് റിസൽട്ട് തൃപ്തികരമാണെങ്കിലും ഭാവി വരുമാന പ്രതീക്ഷ അത്ര മികച്ചതല്ല. വടക്കേ അമേരിക്കയിൽ നിന്നുള്ള ബിസിനസിൽ രണ്ടു ശതമാനം കുറവുണ്ട്. മൊത്തം വരുമാനം ഡോളറിൽ 5.5 ശതമാനവും രൂപയിൽ 7.6 ശതമാനവും കൂടി. ലാഭം തലേവർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടിയെങ്കിലും തലേ പാദത്തെ അപേക്ഷിച്ച് 1.1 ശതമാനം കുറഞ്ഞു.

ഇന്ത്യൻ ഐടി കമ്പനികളുടെ എഡിആറുകൾ ഇന്നലെ രാത്രി ന്യൂയോർക്കിൽ രണ്ടര ശതമാനത്തിലധികം താണു.

തിരിച്ചു കയറി സ്വർണം

കഴിഞ്ഞ ഏഴു വ്യാപാരദിനങ്ങളിൽ തുടർച്ചയായി താഴ്ന്ന സ്വർണം ഇന്നലെ തിരിച്ചു കയറി. ഒരു ശതമാനം ഉയർന്ന് ഔൺസിന് 2634 ഡോളർ വരെ എത്തി. പിന്നീട് 2630.90 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2637 ഡോളറിലേക്കു കയറി. യുഎസ് ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും അൽപം കൂടുതലായത് പലിശ കുറയ്ക്കൽ വൈകിക്കും എന്ന ധാരണയിലാണു വിപണി നീങ്ങുന്നത്.

കേരളത്തിൽ സ്വർണവില ഇന്നലെ പവന് 40 രൂപ കുറഞ്ഞ് 56,200 രൂപയായി. ഇന്നു വില ഗണ്യമായി കൂടും.

വെള്ളിവില ഉയർന്ന് ഔൺസിന് 31.15 ഡോളർ ആയി.

പലിശ കുറയ്ക്കൽ സാവകാശമേ നടക്കൂ എന്ന ധാരണയിൽ ഡോളർ ഉയർന്ന നിലയിൽ തുടർന്നു. ഡോളർ സൂചിക വ്യാഴാഴ്ച 102.99 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 102.91 ലേക്കു താഴ്ന്നു.

ഇന്ത്യൻ രൂപ വ്യാഴാഴ്ച ചെറിയ നേട്ടത്തിനു ശേഷം അൽപം താഴ്ന്ന് അവസാനിച്ചു. ഡോളർ ഒരു പൈസ കയറി 83.97 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ വില വീണ്ടും കയറി. പശ്ചിമേഷ്യൻ സംഘർഷ ഭീതിയാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ മൂന്നംശതമാനം കയറി 79.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 78.85 ഡോളറിലേക്കു താണു. ഡബ്ല്യുടിഐ ഇനം 75.40 ഉം യുഎഇയുടെ മർബൻ ക്രൂഡ് 78.68 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ വീണ്ടും താഴ്ന്നു. ബിറ്റ്കോയിൻ 60,300 ഡോളറിനു താഴെയായി. ഈഥർ 23 90 ഡോളറിനു താഴെ തുടരുന്നു.

ഇന്നലെ വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് 0.24 ശതമാനം താഴ്ന്നു ടണ്ണിന് 9507.00 ഡോളറിൽ എത്തി. അലൂമിനിയം 0.37 ശതമാനം കയറി ടണ്ണിന് 2550.44 ഡോളർ ആയി. ലെഡ് 0.61 ഉം നിക്കൽ 0.65 ഉം ടിൻ 0.07 ഉം ശതമാനം താഴ്ന്നു. സിങ്ക് 0.53 ശതമാനം കയറി.

വിപണിസൂചനകൾ

(2024 ഒക്ടോബർ 10, വ്യാഴം)

സെൻസെക്സ് 30 81,611.41 +0.18%

നിഫ്റ്റി50 24,998.45 +0.07%

ബാങ്ക് നിഫ്റ്റി 51,530.90 +1.03%

മിഡ് ക്യാപ് 100 58,935.85 -0.28%

സ്മോൾ ക്യാപ് 100 18,900.00 +0.19%

ഡൗ ജോൺസ് 30 42,454.12

-0.14%

എസ് ആൻഡ് പി 500 5780.05 -0.21%

നാസ്ഡാക് 18,282.05 -0.05%

ഡോളർ($) ₹83.97 +₹0.01

ഡോളർ സൂചിക 102.99 +0.06

സ്വർണം (ഔൺസ്) $2630.90 +$22.20

സ്വർണം (പവൻ) ₹56,200 -₹40

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.40 +$02.82

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it