വിദേശ സൂചനകള്‍ നെഗറ്റീവ്; വിദേശികള്‍ വില്‍പന കൂട്ടി; വിലക്കയറ്റ കണക്കുകള്‍ ആശ്വാസമായില്ല; വിപണി താഴോട്ടെന്ന് സൂചന

വിപണി താഴ്ചയിലേക്കു യാത്ര തുടരുകയാണ്. യുഎസ്, ഏഷ്യൻ വിപണികളിലെ താഴ്ച അതിനു സഹായിക്കും. ഇന്നലെ വന്ന ചില്ലറ വിലക്കയറ്റ കണക്കും വ്യവസായ ഉൽപാദ ഉൽപാദന കണക്കും ചെറിയ ആശ്വാസം മാത്രമേ നൽകുന്നുള്ളു. ചില്ലറവിലക്കയറ്റം 5.48 ശതമാനമായി. ഒക്ടോബറിലെ 6.21 ൽ നിന്നു ഗണ്യമായി കുറവ്. ഭക്ഷ്യവിലക്കയറ്റം ഇപ്പോഴും 9.4 ശതമാനം ഉണ്ട്. കാതൽ വിലക്കയറ്റത്തിലെ താഴ്ചയും ആശ്വാസകരമായില്ല. വ്യവസായ ഉൽപാദനം 3.5 ശതമാനം വർധിച്ചതും കാര്യമായ ഉണർവ് കാണിക്കുന്നില്ല. മനുഫാക്ചറിംഗ് വളർച്ച 4.2 ശതമാനം മാത്രം. യന്ത്ര നിർമാണവും എഫ്എംസിജി ഉൽപാദനവും നാമമാത്ര വളർച്ചയേ കാണിക്കുന്നുള്ളു.

പലിശ കുറയ്ക്കാൻ തക്ക കാര്യങ്ങൾ ചില്ലറവിലയിൽ ഇല്ല എന്നാണു വിലയിരുത്തൽ. ഇന്നു മൊത്ത വിലക്കയറ്റ കണക്കു വരും. 2.2 ശതമാനം ആയി കുറയും എന്നാണു സൂചന.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,544 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,540 നു താഴെയായി. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യുഎസ് വിപണി ഇന്നലെ ഇടിഞ്ഞു. ഡൗ ജോൺസ് തുടർച്ചയായ ആറാം ദിവസം താഴ്ന്നപ്പോൾ ടെക്നോളജി ഓഹരികൾ കൂട്ടമായി ഇടിഞ്ഞത് എസ് ആൻഡ് പിയെയും നാസ്ഡാക് കോംപസിറ്റിനെയും വീഴ്ത്തി. നാസ്ഡാക് 20,000നു താഴെ വന്നു. നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആണ് ഇന്നലെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിയടിച്ചു വ്യാപാരം ഉദ്ഘാടനം ചെയ്തത്.

നവംബറിലെ മൊത്തവിലക്കയറ്റം പ്രതീക്ഷിച്ച 0.2 ശതമാനത്തിനു പകരം 0.4 ശതമാനം കൂടി. ചില്ലറവിലക്കയറ്റവും കുറഞ്ഞിട്ടില്ല. എങ്കിലും അടുത്തയാഴ്ച പലിശ കാൽ ശതമാനം കുറയ്ക്കുമെന്നാണു വിപണി കരുതുന്നത്. എന്നാൽ 2025 ൽ പ ലിശ കുറയ്ക്കൽ വൈകും എന്ന നിഗമനത്തിലാണു വിപണി. അത് ഓഹരികളിൽ പ്രതിഫലിച്ചു.

ട്രംപിൻ്റെ വിജയത്തിനു ശേഷമുള്ള ഓഹരികുതിപ്പ് പരിധി കടന്നെന്നും ഇപ്പോഴത്തെ വിലയെ ന്യായീകരിക്കുന്ന വിധം 2025-ൽ കമ്പനികളുടെ ലാഭം വർധിക്കുകയില്ലെന്നും നല്ലൊരു

വിഭാഗം അനാലിസ്റ്റുകൾ കരുതുന്നുണ്ട്. അവർ ഉയർന്ന വിലയിൽ വിറ്റു ലാഭമെടുത്തു പണം കൈയിൽ കരുതാനാണ് ഉപദേശിക്കുന്നത്. അവർ അടുത്ത വർഷം വിപണിയിൽ ഗണ്യമായ തിരുത്തൽ പ്രതീക്ഷിക്കുന്നുണ്ട്.

വരുമാന പ്രതീക്ഷ താഴ്ത്തിയ അഡോബ് സിസ്റ്റംസ് ഓഹരി 14 ശതമാനം ഇടിഞ്ഞു. എൻവിഡിയ അടക്കം ചിപ് ഓഹരികൾ ഇന്നലെ താഴ്ചയിലായി. ആപ്പിൾ മാത്രം ഉയർന്നു. ലാഭം പ്രതീക്ഷയിലധികം വർധിച്ചതും വരുമാന പ്രതീക്ഷ ഉയർത്തിയതും വിപണി അടച്ച ശേഷം ബ്രാേഡ് കോമിനെ 13 ശതമാനം ഉയർത്തി.

ഇന്നലെ ഡൗ ജോൺസ് സൂചിക 234.44 പോയിൻ്റ് (0.53%) താഴ്ന്ന് 43,914.12 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 32.94 പോയിൻ്റ് (0.82%) നഷ്ടത്തോടെ 6051.25 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 132.05 പോയിൻ്റ് (0.66%) ഇടിഞ്ഞ് 19,902.84 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്.. ഡൗ 0.08 ഉ ശതമാനം താഴ്ന്നും എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.45 ഉം ശതമാനം ഉയർന്നും നിൽക്കുന്നു.

നിക്ഷേപനേട്ടം 4.328 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും ഇടിഞ്ഞു.

യൂറോപ്യൻ സൂചികകൾ ഭിന്ന ദിശകളിലായി. ജർമൻ, യുകെ സൂചികകൾ ഉയർന്നു. ഫ്രഞ്ച്, യൂറോ സൂചികകൾ താഴ്ന്നു. പ്രതീക്ഷിച്ചതു പോലെ യൂറോപ്യൻ കേന്ദ്ര ബാങ്ക് ഇന്നലെ പലിശ കാൽശതമാനം കുറച്ചു.

ഏഷ്യൻ വിപണികൾ ഇന്നു താഴുകയാണ്. ജപ്പാനിൽ നിക്കൈ ഒരു ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിൽ സൂചിക കാൽ ശതമാനം താണു. ചൈനീസ് വിപണിയും ഇടിവിലാണ്.

ഇന്ത്യൻ വിപണി

വ്യാഴാഴ്ച ഇന്ത്യൻ വിപണി താഴോട്ടുള്ള യാത്ര സ്ഥിരീകരിച്ചു. മുഖ്യസൂചികകൾ ഗണ്യമായി താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഇന്നലെ താഴ്ചയിലായി.

സെൻസെക്സ് ഇന്നലെ 81,211 നും 81,681 നുമിടയിൽ കയറിയിറങ്ങി. നിഫ്റ്റി 24,527 മുതൽ 24,675 വരെ ചാഞ്ചാടി. സൂചികകളുടെ ഉയർന്ന നിലയും താഴ്ന്ന നിലയും ദിവസേന താഴുകയാണ്. വ്യാപാരത്തിന്റെ തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം വിപണി തുടർച്ചയായ താഴ്ചയിലായിരുന്നു.

നിഫ്റ്റി ഇന്നലെ 93.10 പോയിൻ്റ് (0.38%) ഇടിഞ്ഞ് 24,548.70 ൽ അവസാനിച്ചു. സെൻസെക്സ് 236.18 പോയിൻ്റ് (0.29%) നഷ്ടത്തോടെ 81,289.96 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.33 ശതമാനം (174.90 പോയിൻ്റ്) താഴ്ന്ന് 53,216.45 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.46 ശതമാനം താണ് 59,021.70 ലും സ്മോൾ ക്യാപ് സൂചിക 0.97 ശതമാനം ഇടിഞ്ഞ് 19,466.55 ലും ക്ലോസ് ചെയ്തു

വിദേശ നിക്ഷേപകർ വ്യാഴാഴ്ച വലിയ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 3560.01 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2646.65 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 1399 ഓഹരികൾ ഉയർന്നപ്പോൾ 2601 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 906 എണ്ണം ഉയർന്നു, താഴ്ന്നത് 1914 എണ്ണം.

ഐടിയും മെറ്റലും ഇന്നലെ ഉയർന്നു. മീഡിയ, ഓയിൽ - ഗ്യാസ്, എഫ്എംസിജി, വാഹന, പി എസ് യു ബാങ്ക്, റിയൽറ്റി തുടങ്ങി മിക്ക മേഖലകളും നല്ല നഷ്ടത്തിലായി.

യുഎസ് എഫ്ബിഐയുടെ ഡയറക്ടർ ക്രിസ്റ്റഫർ റേ രാജി പ്രഖ്യാപിച്ചതായ റിപ്പോർട്ടുകളെ തുടർന്ന് അദാനി ഗ്രീൻ അടക്കം ചില ഗ്രൂപ്പ് കമ്പനികൾ ആറു ശതമാനം വരെ കുതിച്ചു. റേയുടെ നിർദേശ പ്രകാരം ആയിരുന്നു അദാനിക്കെതിരായ അന്വേഷണവും കേസ് എടുക്കലും. ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ എഫ്ബിഐ ഡയറക്ടറായി ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

നിഫ്റ്റിക്ക് അഞ്ചാം ദിവസവും 24,700 ലെ പ്രതിരോധം കടക്കാൻ പറ്റിയിട്ടില്ല. മാത്രമല്ല കൂടുതൽ താഴാനുള്ള പ്രവണത കാണിക്കുകയും ചെയ്യുന്നു. 24,500ലെ പിന്തുണയ്ക്കു മാറ്റമില്ലെങ്കിലും 24,000 ലേക്കുള്ള ഒരു വീഴ്ച തള്ളിക്കളയാൻ പറ്റില്ല. നിഫ്റ്റിക്ക് ഇന്ന് 24,525 ലും 24, 440 ലും പിന്തുണ കിട്ടാം. 24,640 ഉം 24,675 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

റിലയൻസ് ഇൻഡസ്ട്രീസ് റഷ്യൻ സർക്കാർ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങാൻ ദീർഘകാല കരാർ ഉണ്ടാക്കുന്നു. പ്രതിദിനം അഞ്ചു ലക്ഷം വീപ്പ വച്ച് 10 വർഷത്തേക്കു ക്രൂഡ് നൽകാനാണു കരാർ. പ്രതിവർഷം 1300 കോടി ഡോളർ (1.1 ലക്ഷം കോടി രൂപ) ഇതിനു ചെലവാകും. കഴിഞ്ഞ വർഷം ഇന്ത്യ റഷ്യയിൽ നിന്ന് 4450 കോടി ഡോളറിനുളള ക്രൂഡ് ഓയിൽ വാങ്ങിയിരുന്നു. യുഎസ് പ്രസിഡൻ്റ് ബൈഡൻ റഷ്യക്കു പുതിയ ഉപരോധം പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പാേൾ ഈ കരാർ റഷ്യയെ ഉപരോധം മറികടക്കാൻ സഹായിക്കും. ലോക വിപണിയിലെ പ്രതിദിന ക്രൂഡ് ഓയിൽ വ്യാപാരത്തിൻ്റെ അഞ്ചു ശതമാനം ആണ് ഇതു വഴി റിലയൻസ് വാങ്ങുന്നത്.

റോസ്നെഫ്റ്റ് ഇന്ത്യയിൽ നയാര പെട്രോൾ പമ്പുകളും ഗുജറാത്തിലെ വാഡിനാറിൽ 200 ലക്ഷം ടൺ ശേഷിയുള്ള റിഫൈനറിയും നടത്തുന്നുണ്ട്. നയാര ബ്രാൻഡിൽ 6000 പമ്പുകൾ ഉണ്ട്. 1200 എണ്ണം കൂടി നിർമാണത്തിലാണ്. ഒരു റിഫൈനറി കൂടി ഇന്ത്യയിൽ തുടങ്ങാൻ കമ്പനി പങ്കാളിയെ തേടുകയാണ്.

പന്ത്രണ്ട് സുഖോയ് 30 എംകെഐ പോർ വിമാനങ്ങൾ നിർമിക്കാനുള്ള 13,500 കോടി രൂപയുടെ കരാർ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിനു പ്രതിരോധ മന്ത്രാലയം നൽകി. നാസിക്കിലെ പ്ലാൻ്റിലാണ് ഇതു നിർമിക്കുക.

നൂറു കെ9 വജ്ര പീരങ്കികൾ നിർമിക്കാൻ ലാർസൻ ആൻഡ് ടൂബ്രോയ്ക്ക് 7000 കോടി രൂപയുടെ കരാർ നൽകി.

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന് 1475 ബസ് ഷാസി നൽകാനുള്ള 345.58 കോടി രൂപയുടെ കരാർ അശോക് ലെയ്ലൻഡിനു ലഭിച്ചു.

ക്ലീൻ മാക്സ് എൻവിറോ എനർജി സൊലൂഷൻസ് കമ്പനിയുടെ ഉപകമ്പനിയായ ക്ലീൻ മാക്സ് കാസെയിൽ ഗോദ്റെജ് ഇൻഡസ്ട്രീസ് 26 ശതമാനം ഓഹരി വാങ്ങി.

ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ 401.7 കോടി രൂപയുടെ ജിഎസ്ടിയും അത്രയും തുക പിഴയും അടയ്ക്കാൻ ജിഎസ്ടി കമ്മീഷണർ ഉത്തരവായി. 2019-22 കാലയളവിലേതാണു നികുതി.

യന്ത്രത്തകരാർ മൂലം ഗ്രീൻപ്ലൈ ഇൻഡസ്ട്രീസിൻ്റെ വഡോദരയിലെ എംഡിഎഫ് പ്ലാൻ്റ് പ്രവർത്തനം നിർത്തി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉൽപാദനം പുനരാരംഭിച്ചേക്കും.

ടാറ്റാ മോട്ടോഴ്സ് ട്രക്കുകൾക്കും ബസുകൾക്കും ജനുവരി ഒന്നിനു രണ്ടു ശതമാനം വിലവർധന നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു.

സ്വർണം ഇടിവിൽ

സ്വർണവില കുതിപ്പ് നിർത്തി ഇടിഞ്ഞു. യുഎസ് നവംബർ മൊത്തവിലക്കയറ്റം പ്രതീക്ഷയിലും കൂടുതലായതും ലാഭമെടുക്കലും ആണു സ്വർണത്തെ 1.37 ശതമാനം താഴ്ത്തിയത്. ഔൺസിന് 1720 ഡോളർ വരെ എത്തിയ സ്വർണം 2680.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔൺസിന് 2690 ഡോളറിലേക്കു കയറി. ഫെബ്രുവരി അവധിവില 2712 ഡോളറിലായി.

കേരളത്തിൽ വ്യാഴാഴ്ച സ്വർണവില മാറ്റമില്ലാതെ പവന് 58,280 രൂപയിൽ തുടർന്നു. ഇന്നു വില ഗണ്യമായി കുറയും.

വെള്ളിവില ഔൺസിന് 30.88 ഡോളറിലേക്ക് താഴ്ന്നു.

രൂപയുടെ ക്ഷീണം തുടരുന്നു

കറൻസി വിപണിയിൽ ഡോളർ ഇന്നലെയും കയറി. ഡോളർ സൂചിക 0.26 ശതമാനം കൂടി 106.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 107. 06 ലേക്കു കയറി.

രൂപ വ്യാഴാഴ്ചയും ദുർബലമായി. രാവിലെ ഡോളർ 84.88 രൂപവരെ കയറി. ഒടുവിൽ ഡോളർ മൂന്നു പൈസ നേട്ടത്തിൽ 84.86 രൂപയിൽ ക്ലാേസ് ചെയ്തു. നോൺ ഡെലിവറേബിൾ ഫോർവേഡ് (എൻഡിഎഫ്) വ്യാപാരത്തിൽ ഡോളർ 84.97 രൂപയാണ്. ഇന്നും രൂപ ദുർബലമാകാം.

ചൈനീസ് യുവാൻ്റെ നിരക്ക് താഴുകയാണ്. ട്രംപിൽ നിന്നു വാണിജ്യയുദ്ധം പ്രതീക്ഷിക്കുന്ന ചൈന കറൻസിയെ ദുർബലമാക്കി നിർത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഒക്ടോബർ ആദ്യം ഒരു ഡോളറിന് ഏഴു യുവാൻ ലഭിച്ച സ്ഥാനത്ത് ഇന്നലെ 7.27 യുവാൻ ആയി. ട്രംപ് സ്ഥാനമേൽക്കും മുൻപ് ഡോളർ 7.5 യുവാനിൽ എത്തുമെന്നാണു നിഗമനം. യുവാനുമായുള്ള വിനിമയ നിരക്കിൽ വലിയ മാറ്റം വരാതെ ശ്രദ്ധിച്ചാണ് ഇന്ത്യയുടെ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നത്. ഇന്നലെ യുവാൻ 11.67 രൂപയിലാണ്. ഒരു വർഷമായി 11.45 -11.80 രൂപയിലാണു യുവാൻ. രണ്ടു മൂന്നു തവണ 12 രൂപ കടന്നെങ്കിലും പെട്ടെന്നു തന്നെ തിരിച്ചു പിടിച്ചു. യുവാൻ്റെ ഗതിക്ക് അനുസരിച്ചു ഡോളർ നിരക്ക് 85.00-86.00 രൂപയ്ക്കിടയിലേക്ക് കയറും എന്നാണു നിഗമനം.

ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ക്രൂഡ് ഓയിൽ മിച്ചമാണെന്ന രാജ്യാന്തര എനർജി ഏജൻസിയുടെ വിലയിരുത്തലാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 73.41 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.37 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 69.98 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.32 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ഉയർന്ന നിലയിൽ ലാഭമെടുക്കലിനുള്ള വിൽപന സമ്മർദം ക്രിപ്റ്റോ കറൻസികളെ ചാഞ്ചാടിക്കുന്നു. ബിറ്റ് കോയിൻ വില 1,00,100 ഡോളർ വരെ താഴ്ന്നു. ഈഥർ വില 3860 ഡോളറിൽ എത്തി.

വ്യാവസായിക ലോഹങ്ങൾ ഇപ്പോഴും ഭിന്നദിശകളിലാണ്. ചെമ്പ് 1.15 ശതമാനം താഴ്ന്നു ടണ്ണിന് 8972.45 ഡോളറിൽ എത്തി. അലൂമിനിയം 0.11 ശതമാനം ഉയർന്നു ടണ്ണിന് 2612.07 ഡോളർ ആയി. സിങ്ക് 1.60 ഉം ലെഡ് 2.31 ഉം ടിൻ 0.30 ഉം ശതമാനം താഴ്ന്നു. നിക്കൽ 2.57 ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 ഡിസംബർ 12, വ്യാഴം)

സെൻസെക്സ് 30 81,289.96 -0.29%

നിഫ്റ്റി50 24,548.70 -0.38%

ബാങ്ക് നിഫ്റ്റി 53,216.35 -0.33%

മിഡ് ക്യാപ് 100 59,021.70 -0.46%

സ്മോൾ ക്യാപ് 100 19,466.55 -0.97%

ഡൗ ജോൺസ് 43,914.12 -0.53%

എസ് ആൻഡ് പി 6051.25 -0.54%

നാസ്ഡാക് 19,902.84 -0.66%

ഡോളർ($) ₹84.86 +₹0.03

ഡോളർ സൂചിക 106.98 +0.27

സ്വർണം (ഔൺസ്) $2680.30 -$37.20

സ്വർണം(പവൻ) ₹58,280 +₹640

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.31 -$00.33

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it