ആശ്വാസ റാലി പ്രതീക്ഷിച്ച് വിപണി; അനിശ്ചിതത്വം ആഴ്ചകളോളം തുടരും; ക്രൂഡ് ഓയിൽ വിലക്കയറ്റത്തിന്‌ ശമനം

86 രൂപ കടന്ന് ഡോളർ; സ്വർണം താഴ്ന്നു; ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

വലിയ തകർച്ചയ്ക്കു ശേഷം ആശ്വാസറാലിയുടെ പ്രതീക്ഷയിലാണ് ഇന്നു വിപണി വ്യാപാരം തുടങ്ങുന്നത്. ഇതിനർഥം നീണ്ടു നിൽക്കുന്ന കയറ്റം ആരംഭിക്കും എന്നല്ല. ട്രംപിൻ്റെ സ്ഥാനമേൽക്കലും ബജറ്റും റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി യോഗവും കഴിയുന്നതു വരെ വിപണിയിൽ അനിശ്ചിതത്വം തുടരും.

ഇന്നലെ വലിയ തകർച്ചയിലായ രൂപ ഇന്നു ചെറിയ തോതിലെങ്കിലും തിരിച്ചു കയറുമോ എന്നാണു വിപണി നോക്കുന്നത്.

ഇന്നലെ ചില്ലറവിലക്കയറ്റം 5.2 ശതമാനമായി കുറഞ്ഞെങ്കിലും പ്രതീക്ഷയോളം താഴ്ന്നില്ല. പച്ചക്കറി വിലയിൽ അൽപം ശമനമേ വന്നുള്ളൂ. ഭക്ഷ്യ എണ്ണ ഉയർന്നു തന്നെ തുടരുന്നു.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയുടെ കയറ്റം തൽക്കാലം ശമിച്ചതായാണു സൂചന.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,263.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,290 ലേക്കു കയറിയിട്ടു താണു. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച താഴ്ന്നു ക്ലാേസ് ചെയ്തു. യുഎസ് ഡോളറിൻ്റെ കയറ്റവും പലിശനിരക്കിലെ പ്രതീക്ഷിക്കുന്ന ഉയർച്ചയും ആണു കാരണം.

യുഎസ് വിപണി തിങ്കളാഴ്ച ഭിന്ന ദിശകളിലായി. ഡൗ ജോൺസും എസ് ആൻഡ് പിയും ആശ്വാസറാലി നടത്തിയപ്പോൾ നാസ്ഡാക് താഴ്ന്നു. എൻവിഡിയ, ആപ്പിൾ, മെറ്റാ, മെെക്രോൺ തുടങ്ങിയവ താഴ്ചയിലായി.

തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 358.67 പോയിൻ്റ് (0.86%) കയറി 42,297.12 ലും എസ് ആൻഡ് പി 500 സൂചിക 9.18 പോയിൻ്റ് (0.16%) ഉയർന്ന് 5836.22 ലും നാസ്ഡാക് സൂചിക 73.53 പോയിൻ്റ് (0.38%) നഷ്ടത്തോടെ 19,088.10 ലും അവസാനിച്ചു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.16 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.44 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.79 ശതമാനം ആയി ഉയർന്നിട്ട് അൽപം താഴ്ന്നു.

ഏഷ്യൻ വിപണികൾ ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ 1.25 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സൂചികകൾ ഉയർന്നു. ചൈനീസ് സൂചികകളും താഴ്ചയിലായി.

ഇന്ത്യൻ വിപണി ഇടിഞ്ഞു

തിരുത്തൽ മേഖലയിലായ ഇന്ത്യൻ വിപണി ഇന്നലെ കൂടുതൽ താഴ്ന്നു. രൂപയുടെ ഇടിവും ഓഹരികളെ താഴ്ത്തുന്നതിൽ പങ്കു വഹിച്ചു. വിപണിമൂല്യം 13 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയ ഇന്നലത്തെ വ്യാപാരം സൂചികകളെ ഏഴു മാസം മുൻപത്തെ നിലയിൽ എത്തിച്ചു. ഇന്നു വിപണിയിൽ ആശ്വാസറാലി പ്രതീക്ഷിക്കുന്നുണ്ട്. എങ്കിലും കരടികളുടെ പിടിയിൽ നിന്നു വിപണി മുക്തമാകുകയില്ല. നല്ല ഓഹരികൾ ആദായവിലയിൽ വാങ്ങാൻ ദീർഘകാല നിക്ഷേപകർക്കു ശ്രമിക്കാം.

മുഖ്യ സൂചികകളേക്കാൾ കൂടുതൽ തകർച്ച മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്കാണ്. കഴിഞ്ഞ വർഷം വലിയ നേട്ടം കാണിച്ച ഈ ഓഹരികൾക്കു നവംബർ മുതൽ തുടരുന്ന ഇടിവ് കൂടുതൽ തീവ്രമായി. നിരവധി പൊതുമേഖലാ കമ്പനികളുടെ ഓഹരികൾ ഇടിയുകയാണ്.

തിങ്കളാഴ്ച നിഫ്റ്റി 345.55 പോയിൻ്റ് (1.47%) ഇടിഞ്ഞ് 23,085.95 ൽ അവസാനിച്ചു. സെൻസെക്സ് 1048.90 പോയിൻ്റ് (1.36%) കുറഞ്ഞ് 76,330.01 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 692.90 പോയിൻ്റ് (1.42%) താഴ്ന്ന് 48,041.25 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 4.02 ശതമാനം (2195.35 പോയിൻ്റ്) താഴ്ന്ന് 52,390.40 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 4.10 ശതമാനം (723.45 പോയിൻ്റ്) ഇടിഞ്ഞ് 16,922.10 ൽ ക്ലോസ് ചെയ്തു.

എല്ലാ വ്യവസായ മേഖലകളും ഇന്നലെ താഴ്ന്നു. റിയൽറ്റി, മീഡിയ, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ - ഗ്യാസ്, ഓട്ടോ, മേഖലകൾ ഗണ്യമായി ഇടിഞ്ഞു.

കല്യാൺ ജ്വല്ലേഴ്സ് ഓഹരി തുടർച്ചയായ ഏഴാം ദിവസവും ഇടിഞ്ഞു. ഇന്നലെ 8.50 ശതമാനം താഴ്ന്നു. എഫ്എസിടി 7.2ഉം കൊച്ചിൻ ഷിപ്പ് യാർഡ് അഞ്ചും ശതമാനം താഴ്ന്നു. ഇന്നലെ 4.04 ശതമാനം കുറഞ്ഞ ധനലക്ഷ്മി ബാങ്ക് അഞ്ചു ദിവസം കൊണ്ട് 18.56 ശതമാനമാണ് ഇടിഞ്ഞത്.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 4892.84 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 8066.07 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 26,250.30 കോടിയുടെ ഓഹരികൾ വിറ്റു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 508 ഓഹരികൾ ഉയർന്നപ്പോൾ 3621 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 326 എണ്ണം മാത്രം ഉയർന്നു, താഴ്ന്നത് 2525 എണ്ണം.

നിഫ്റ്റിക്ക് 23,000 ൽ പിന്തുണ പ്രതീക്ഷിക്കാം. ഉയരുന്ന പക്ഷം 23,200- 23,300 തടസമേഖലയാകും. നിഫ്റ്റിക്ക് ഇന്ന് 23,045 ലും 22,970 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,270 ഉം 23,340 ഉം തടസങ്ങൾ ആകാം.

റിസൽട്ടുകൾ മെച്ചമല്ല

എച്ച്സിഎൽ ടെക്നോളജീസ് മൂന്നാം പാദത്തിൽ വരുമാനം 3.6 ശതമാനവും ലാഭം എട്ടു ശതമാനവും വർധിപ്പിച്ചെങ്കിലും അനാലിസ്റ്റുകളുടെ പ്രതീക്ഷയോളം വന്നില്ല. ഭാവി പ്രതീക്ഷ അൽപം മെച്ചപ്പെടുത്തി.

ഏഞ്ചൽ വൺ വരുമാനം 19.2 ശതമാനം കൂടിയപ്പോൾ ലാഭം 8.1 ശതമാനമേ വർധിച്ചുള്ളൂ.

29.9 ശതമാനം വരുമാന വർധനയിൽ ലാഭം 33.2 ശതമാനം വർധിപ്പിക്കാൻ ആനന്ദ് റഠി വെൽത്തിനു കഴിഞ്ഞു

8.4 ശതമാനം വരുമാനം വർധിച്ചപ്പോൾ ഹിമാദ്രി സ്പെഷാലിറ്റി കെമിക്കൽ ലാഭം 30.5 ശതമാനം വർധിപ്പിച്ചു. ലാഭമാർജിൻ 2.9 ശതമാനം ഉയർന്നു.

വരുമാനം 7.5 ശതമാനം കൂടിയെങ്കിലും ഡെൽറ്റാ കോർപ് അറ്റാദായം 3.6 ശതമാനമേ കൂടിയുള്ളൂ.

കമ്പനികൾ, വാർത്തകൾ

മഹാനദി പവർ കമ്പനിയെ ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു എനർജിക്ക് അനുവാദം ലഭിച്ചു. 3600 മെഗാവാട്ടിൻ്റെ തെർമൽ പവർ പ്ലാൻ്റ് മഹാനദിക്ക് ഉണ്ട്.

ഐടിഐ ലിമിറ്റഡിനു രണ്ടു സ്ഥാപനങ്ങളിൽ നിന്നായി 65 കോടി രൂപയുടെ കരാറുകൾ ലഭിച്ചു.

ജനുവരിയിൽ ഇതുവരെ 561 കോടി രൂപയുടെ കരാറുകൾ ഭാരത് ഇലക്ട്രോണിക്സിനു കിട്ടി.

സ്വർണം താഴ്ന്നു

പലിശ കയറും എന്ന ധാരണയിൽ കുതിച്ച സ്വർണവില തിങ്കളാഴ്ച താഴ്ന്നു. ഡോളർ സൂചിക ഉയർന്നു 110 വരെ എത്തിയതു സ്വർണ ബുള്ളുകളെ നിരായുധരാക്കി. സ്വർണം ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഔൺസിന് 27.80 ഡോളർ താഴ്ന്ന് 2662.50 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2670 ലേക്കു കയറി.

കേരളത്തിൽ തിങ്കളാഴ്ച സ്വർണവില പവന് 200 രൂപ വർധിച്ച് 58,720 രൂപയിൽ എത്തി. ഇന്നു വില കുറയും.

വെള്ളിവില ഔൺസിന് 29.61 ഡോളറിലേക്ക് താഴ്ന്നു.

86 രൂപ കടന്ന് ഡോളർ

തിങ്കളാഴ്ച കറൻസി വിപണിയിൽ ഡോളർ സൂചിക കുതിച്ചു കയറി 110 കടന്നിട്ടു തിരിച്ചിറങ്ങി 109.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 109.58 വരെ താഴ്ന്നു.

രൂപ തിങ്കളാഴ്ച വലിയ ഇടിവിലായി. 0.70 ശതമാനം താഴ്ന്ന് ഒരു ഡോളറിന് 86.58 രൂപ വരെ എത്തി. 85 രൂപയിൽ എത്തി 16-ാം പ്രവൃത്തിദിവസമാണു ഡോളർ 86-ലേക്കു കയറിയത്. 84 രൂപയിൽ നിന്ന് 85 ലെത്താൻ 46 ദിവസവും 83 ൽ നിന്ന് 84ൽ എത്താൻ 478 പ്രവൃത്തി ദിവസം വേണ്ടി വന്നു. എന്നാൽ 2022 സെപ്റ്റംബർ - ഒക്ടോബറിൽ 26 പ്രവൃത്തി ദിവസത്തിനകം 79 രൂപയിൽ നിന്ന് 83 രൂപയിൽ ഡോളർ എത്തിയ ചരിത്രവും ഉണ്ട്.

ഇന്നു രൂപയുടെ മേൽ വലിയ സമ്മർദം ഉണ്ടാകില്ല എന്നാണു ഡോളർ സൂചികയിലെ ഇടിവ് കാണിക്കുന്നത്. ഫോർവേഡ് വിപണിയിൽ ഡോളർ 86.80 രൂപയിലാണ്.

ക്രൂഡ് ഓയിൽ താഴ്ന്നു

കുതിച്ചു കയറിയ ക്രൂഡ് ഓയിൽ വില ഇന്നലെ അൽപം താഴ്ന്നു. തിങ്കളാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 82 ഡോളറിനടുത്തു ചെന്നിട്ടു താഴ്ന്ന് 80.90 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 80.80 ഡോളർ വരെ താണു. ഡബ്ല്യുടിഐ ഇനം 78. 69 ഉം യുഎഇയുടെ മർബൻ ക്രൂഡ് 81.79 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

പലിശ, ഡോളർ തുടങ്ങിയവയുടെ ഗതി വ്യക്തമല്ലാത്തതിനാൽ ക്രിപ്റ്റോ കറൻസികൾ ഇന്നലെ ചാഞ്ചാട്ടത്തിലായി. ബിറ്റ് കോയിൻ മൂന്നു ശതമാനം ഇടിഞ്ഞു 91,000 ഡോളറിൽ എത്തിയ ശേഷം കയറി 94,500 നു മുകളിൽ വന്നു. ഈഥർ വില 3135 ഡോളറിലേക്കു വീണു.

നിക്കൽ ഒഴികെ എല്ലാവ്യാവസായിക ലോഹങ്ങളും തിങ്കളാഴ്ച ഇടിഞ്ഞു. ചെമ്പ് 0.14 ശതമാനം താഴ്ന്നു ടണ്ണിന് 8978.84 ഡോളർ ആയി. അലൂമിനിയം 0.03 ശതമാനം കുറഞ്ഞ് 2570.65 ഡോളറിൽ എത്തി. സിങ്ക് 1.19 ഉം ലെഡ് 0.71 ഉം ടിൻ 1.29ഉം ശതമാനം താഴ്ന്നു. നിക്കൽ 1.12 ശതമാനം ഉയർന്നു.

വിപണി സൂചനകൾ

(2024 ജനുവരി 13, തിങ്കൾ)

സെൻസെക്സ് 30 76,330.01 -1.36%

നിഫ്റ്റി50 23,085.95 -1.41%

ബാങ്ക് നിഫ്റ്റി 48,041.25 -1.42%

മിഡ് ക്യാപ് 100 52,390.40 -4.02%

സ്മോൾ ക്യാപ് 100 16,922.10 -4.10%

ഡൗ ജോൺസ് 42,297.12 +0.86%

എസ് ആൻഡ് പി 5836.22 +0.16%

നാസ്ഡാക് 19,088.10 -0.38%

ഡോളർ($) ₹86.58 +₹0.61

ഡോളർ സൂചിക 109.96 +0.30

സ്വർണം (ഔൺസ്) $2662.50 -$27.80

സ്വർണം(പവൻ) ₹58,720 +₹200.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $80.90 +$01.14

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it