പ്രതീക്ഷയോടെ ബുള്ളുകൾ; പിടി മുറുക്കാൻ കരടികൾ; വിദേശികൾ വിൽപന തുടരുന്നു; കമ്പനി റിസൽട്ടുകൾ ഗതി നിർണയിക്കും

വിപണി ബെയറിഷ് മനോഭാവത്തിൽ നിന്നു മാറാൻ മടിക്കുന്നു. കമ്പനികളുടെ രണ്ടാം പാദ റിസൽട്ട് അത്ര മെച്ചമാകില്ല എന്നതും വിദേശികൾ വിറ്റ് ചൈനയിലേക്കു ചേക്കേറുന്നതും വിപണിയെ കൂടുതൽ താഴ്ചയിലേക്കു നയിക്കാം. രാജ്യത്തു ചില്ലറവിലക്കയറ്റം വർധിക്കുന്നതും വിപണിക്കു ക്ഷീണം വരുത്തുന്ന കാര്യമാണ്. എങ്കിലും ഇന്നു തിരിച്ചുകയറ്റ പ്രതീക്ഷയിലാണു ബുള്ളുകൾ. യുഎസ് വിപണി വാരാന്ത്യത്തിൽ കുതിച്ചതിലാണ് അവരുടെ പ്രതീക്ഷ.

ചില്ലറ വിലക്കയറ്റം ഇന്നു വൈകുന്നേരം അറിയാം. കഴിഞ്ഞ രണ്ടു മാസങ്ങളിൽ നാലു ശതമാനത്തിനു താഴെ ആയിരുന്നു ചില്ലറ വിലക്കയറ്റം. എന്നാൽ സെപ്റ്റംബറിൽ അഞ്ചു ശതമാനത്തിനടുത്താകും വിലക്കയറ്റം എന്നാണു നിഗമനം. ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വില വർധനയാണു പ്രധാനകാരണം. കഴിഞ്ഞ വർഷം ഇതേ മാസം വിലക്കയറ്റം ഗണ്യമായി കുറഞ്ഞു നിന്നതും നിരക്ക് ഉയർന്നതായി കാണിക്കാൻ കാരണമാണ്.

റിലയൻസും ഇൻഫോസിസും അടക്കം പ്രമുഖ കമ്പനികൾ ഈയാഴ്ച രണ്ടാം പാദ റിസൽട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. റിലയൻസും എച്ച്സിഎലും ഇന്നും എച്ച്ഡിഎഫ്സി ലൈഫും എച്ച്ഡിഎഫ്സി എഎംസിയും നാളെയും റിസൽട്ട് പുറത്തുവിടും. ബജാജ് ഓട്ടോയും സൗത്ത് ഇന്ത്യൻ ബാങ്കും ബുധനാഴ്ചയും ഇൻഫാേസിസ്, വിപ്രോ, നെസ്‌ലെ, സിയറ്റ്, ജിയോജിത്, ധനലക്ഷ്മി ബാങ്ക്, ഹാവൽസ്, ടാറ്റാ കെമിക്കൽസ് തുടങ്ങിയവ വ്യാഴാഴ്ചയും റിസൽട്ട് പുറത്തുവിടും. എച്ച്ഡിഎഫ്സി ബാങ്കും ടെക് മഹീന്ദ്രയും ശനിയാഴ്ചയാണു ഫലം പുറത്തു വിടുന്നത്. വിപ്രാേ ഈയാഴ്ച ബോണസ് ഇഷ്യു പ്രഖ്യാപിക്കും എന്നു സൂചനയുണ്ട്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,140 ൽ ക്ലാേസ് ചെയ്തു. ഇന്ന് 25,085 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നേട്ടത്തിൽ അവസാനിച്ചു. ഓഗസ്റ്റിൽ യുകെ ജിഡിപി 0.2 ശതമാനം ഉയർന്നു. ജൂണിലും ജൂലൈയിലും വളർച്ച ഉണ്ടായിരുന്നില്ല.

മൊത്ത വിലക്കയറ്റം പ്രതീക്ഷയേക്കാൾ കുറവായത് യുഎസ് സമ്പദ്ഘടന മാന്ദ്യം കൂടാതെ വിലക്കയറ്റ ഭീഷണിയിൽ നിന്നു രക്ഷപ്പെടും എന്ന ധാരണ പരത്തി. അതും ബാങ്കുകളുടെ പ്രതീക്ഷയിലും മികച്ച രണ്ടാം പാദ റിസൽട്ടും വിപണിയെ ഉയരാൻ സഹായിച്ചു. ജെപി മോർഗൻ ചേയ്സ് 4.4 ഉം വെൽസ് ഫാർഗോ 5.6 ഉം ശതമാനം ഉയർന്നു. ഡൗ ജോൺസും എസ് ആൻഡ് പിയും റെക്കോർഡ് കുറിച്ചാണു ക്ലോസ് ചെയ്തത്.

ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 409.74 പോയിൻ്റ് (0.97%) ഉയർന്ന് 42,863.86 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 34.98 പോയിൻ്റ് (0.61%) കയറി 5815.03 -ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 60.89 പോയിൻ്റ് (0.33%) ഉയർന്ന് 18,342.05 ൽ ക്ലോസ് ചെയ്തു.

യുഎസ് വിപണി തുടർച്ചയായ അഞ്ചാം ആഴ്ചയിലും നേട്ടത്തോടെ അവസാനിച്ചു. ആഴ്ചയിൽ ഡൗവും എസ് ആൻഡ് പിയും 1.1 ശതമാനം വീതം കയറി, നാസ്ഡാക് 1.2 ശതമാനവും.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നഷ്ടത്തിലാണ്. ഡൗ 0.02 ഉം എസ് ആൻഡ് പി 0.06 ഉം നാസ്ഡാക് 0.16 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.096 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലാണ്.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്നദിശകളിലാണ്. ജാപ്പനീസ് വിപണി അവധിയിലാണ്. ചൈനീസ് വിപണി തുടക്കത്തിൽ ഉയർന്നു. ഹോങ് കോങ് വിപണി ഒരു ശതമാനത്തോളം താഴ്ന്നു. ചെെന അധിക ഉത്തേജക പദ്ധതി പ്രഖ്യാപിക്കാത്തതു വിദേശ നിക്ഷേപകർക്കു നിരാശയായി.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വെള്ളിയാഴ്ച താഴ്ചയോടെ ആരംഭിച്ച്‌ പിന്നീടു ചാഞ്ചാട്ടത്തിലായി. ഒടുവിൽ ചെറിയ നഷ്ടത്തിൽ മുഖ്യ സൂചികകൾ അവസാനിച്ചു. ബാങ്ക്, ധനകാര്യ, വാഹന, റിയൽറ്റി മേഖലകൾ താഴ്ന്നു. ഫാർമ, ഹെൽത്ത് കെയർ, മെറ്റൽ, ഐടി ഓഹരികൾ കയറി. അതേ സമയം മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഉയർന്നു.

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 4162.66 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഈ മാസം എട്ടു ദിവസം കൊണ്ട് അവരുടെ വിൽപന 58,394.56 കോടി രൂപയായി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3730. 87 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി.

വെള്ളിയാഴ്ച എൻഎസ്ഇയിൽ 1480 ഓഹരികൾ ഉയർന്നപ്പോൾ 1289 ഓഹരികൾ താണു. ബിഎസ്ഇയിൽ 2068 എണ്ണം കയറി, 1840 എണ്ണം താഴ്ന്നു.

വെള്ളിയാഴ്ച സെൻസെക്സ് 230.05 പാേയിൻ്റ് (0.28%) താഴ്ന്ന് 81,381.36 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 34.20 പോയിൻ്റ് (0.14%) കുറഞ്ഞ് 24,964.25 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 358.60 പോയിൻ്റ് (0.70%) താഴ്ന്ന് 51,172.30 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.47 ശതമാനം കയറി 59,212.70 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 0.58% ഉയർന്ന് 19,008.8.0 ൽ വ്യാപാരം അവസാനിപ്പിച്ചു.

1200 കോടി രൂപയ്ക്ക് ഹ്യൂബാക് പിഗ്മെൻ്റ് യൂണിറ്റ് വാങ്ങാൻ കരാറാക്കിയ സുദർശൻ കെമിക്കൽസിൻ്റെ ഓഹരി വെള്ളിയാഴ്ച 20 ശതമാനം വരെ കയറി. പുതിയ എംഡിയുടെ നിയമനം റിസർവ് ബാങ്ക് അംഗീകരിക്കുകയും ചില ബ്രോക്കറേജുകൾ ലക്ഷ്യവില ഉയർത്തുകയും ചെയ്തതോടെ ബന്ധൻ ബാങ്ക് ഓഹരി 12 ശതമാനം ഉയർന്നു.

വിപണിയിൽ വിൽപന സമ്മർദം തുടരുകയാണെങ്കിലും പ്രതീക്ഷയോടെയാണ് ബുള്ളുകൾ ഈയാഴ്ചയിലേക്കു കടക്കുന്നത്. എന്നാൽ 25,050 കരുത്തോടെ കടന്നാലേ വിപണി തിരിച്ചു കയറുന്നു എന്നു പറയാനാകൂ. 24,900 എന്ന പിന്തുണ നിലവാരം പിടിച്ചു നിർത്തുന്നതാണ് ആദ്യ വെല്ലുവിളി.

ഇന്നു നിഫ്റ്റിക്ക് 24,930 ലും 24,900 ലും പിന്തുണ ഉണ്ട്. 25,010 ഉം 25,040 ഉം തടസങ്ങളാകും.

സ്വർണം കുതിച്ചു

റെക്കോർഡ് നിലയിലേക്കു കുതിച്ചു കയറിയാണ് സ്വർണം വാരാന്ത്യത്തിലേക്കു കടന്നത്. വെള്ളിയാഴ്ച ഒരു ശതമാനം ഉയർന്ന് ഔൺസിന് 2657.70 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2648 ഡോളറിലേക്കു താഴ്ന്നു.

കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച 560 രൂപയും ശനിയാഴ്ച 200 രൂപയും കൂടി പവന് 56,960 രൂപ എന്ന റെക്കോർഡിൽ വീണ്ടും എത്തി.

വെള്ളിവില കയറിയിറങ്ങിയ ശേഷം ഔൺസിന് 31.15 ഡോളർ ആയി.

പലിശ കുറയ്ക്കൽ സാവകാശമേ നടക്കൂ എന്ന ധാരണയിൽ ഡോളർ കയറുകയാണ്. ഡോളർ സൂചിക വെള്ളിയാഴ്ച 102.89 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 103.04 ലേക്കു കുതിച്ചു കയറി.

ഇന്ത്യൻ രൂപ വെള്ളിയാഴ്ച കനത്ത ഇടിവിലായി. ഡോളർ ആദ്യമായി 84 രൂപയ്ക്കു മുകളിൽ എത്തി. ഒൻപതു പൈസ കയറി 84.06 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ഇന്നും രൂപ ദുർബലമാകാം. ക്രൂഡ് ഓയിൽ വിലക്കയറ്റവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും അടക്കം പല കാരണങ്ങൾ രൂപയെ സമ്മർദത്തിലാക്കുന്നുണ്ട്.

അമേരിക്കയിലെ ചുഴലിക്കാറ്റ് എണ്ണ സംഭരണികൾക്കും റിഫൈനറികൾക്കും നാശനഷ്ടം വരുത്താതെ കടന്നുപോയി. ഇസ്രയേൽ ഇറാനിലേക്ക് നേരിട്ട് ആക്രമണത്തിനു മുതിരുകയില്ലെന്ന പ്രതീക്ഷ ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ ഒന്നര ശതമാനത്തിലധികം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച മൂന്നര ശതമാനം കയറി 79.40 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 77.76 ഡോളറിലേക്കു താണു. ഡബ്ല്യുടിഐ ഇനം 74.31 ഉം യുഎഇയുടെ മർബൻ ക്രൂഡ് 77.72 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ ചാഞ്ചാടുന്നു ബിറ്റ്കോയിൻ 63,000 ഡോളറിനു മുകളിലെത്തിയിട്ട് ഇന്നു രാവിലെ 62,700 നു താഴെയായി. ഈഥർ 2460 ഡോളറിനു മുകളിലാണ്. .

ചൈന കൂടുതൽ ഉത്തേജന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങൾ കുതിച്ചു. ചെമ്പ് 0.94 ശതമാനം കയറി ടണ്ണിന് 9596.50 ഡോളറിൽ എത്തി. അലൂമിനിയം 3.21 ശതമാനം കുതിച്ച് ടണ്ണിന് 2632.42 ഡോളർ ആയി. ലെഡ് 1.95 ഉം നിക്കൽ 2.71 ഉം ടിൻ 1.80 ഉം സിങ്ക് 3.03 ഉം ശതമാനം ഉയർന്നു. എന്നാൽ വെള്ളിയാഴ്ച ചൈനീസ് ധനമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഉത്തേജക പദ്ധതികൾ വിശദീകരിച്ചില്ല. അതിനാൽ ചൈനയിലെ ഡാലിയൻ കമ്മോഡിറ്റീസ് എക്സ്ചേഞ്ചിൽ ഇന്നു രാവിലെ ലോഹങ്ങളുടെ വില ഇടിഞ്ഞു.

വിപണിസൂചനകൾ

(2024 ഒക്ടോബർ 11, വെള്ളി)

സെൻസെക്സ് 30 81,381.36 -0.28%

നിഫ്റ്റി50 24,964.25 -0.14%

ബാങ്ക് നിഫ്റ്റി 51,172.30 -0.70%

മിഡ് ക്യാപ് 100 59,212.70 +0.47%

സ്മോൾ ക്യാപ് 100 19,008.80 +0.57%

ഡൗ ജോൺസ് 30 42,863.86

+0.97%

എസ് ആൻഡ് പി 500 5815.03 +0.61%

നാസ്ഡാക് 18,342.94 +0.33%

ഡോളർ($) ₹84.06 +₹0.09

ഡോളർ സൂചിക 102.92 -0.01

സ്വർണം (ഔൺസ്) $2657.70 +$26.80

സ്വർണം (പവൻ) ₹56,960 +₹200

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.04 -$00.36

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it