പടിഞ്ഞാറൻ കാറ്റ് അനുകൂലം; ഏഷ്യൻ വിപണികൾ കയറി; ക്രൂഡ് ഓയിൽ 82 ഡോളറിൽ

സ്വർണം കുതിച്ചു; ക്രിപ്‌റ്റോകളും മുന്നോട്ട്; ഡോളറിന് ചാഞ്ചാട്ടം

അമേരിക്കയിൽ പലിശ കുറയ്ക്കലിനു വിദൂര സാധ്യത കാണിക്കുന്ന ചില്ലറ വിലക്കയറ്റ കണക്കു വന്നത് യുഎസ് വിപണികളെ ഉത്തേജിപ്പിച്ചു. അതിൻ്റെ ആവേശം ഇന്നു രാവിലെ ഏഷ്യൻ വിപണികളിൽ ഉണ്ടായി. ഇന്ത്യയും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണു പ്രതീക്ഷ.

അമേരിക്കൻ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഗണ്യമായി കുറഞ്ഞെങ്കിലും ഡോളർ സൂചികയിൽ വലിയ ഇടിവുണ്ടായില്ല. ക്രൂഡ് ഓയിൽ വീണ്ടും 82 ഡോളർ കടന്നതും ഇന്ത്യയുടെ ഡിസംബറിലെ കയറ്റുമതി ഒരു ശതമാനം താഴ്ന്നതും വിപണിക്കു പ്രതികൂല ഘടകങ്ങളാണ്. വിദേശ നിക്ഷേപകർ വിൽപന തുടരുകയാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,390 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,405 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു ഗണ്യമായ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ബുധനാഴ്ച ഗണ്യമായി ഉയർന്നു ക്ലാേസ് ചെയ്തു. യുകെയിലെ വിലക്കയറ്റം കുറഞ്ഞതും യുഎസ് വിലക്കയറ്റം ആശ്വാസകരമായതും വിപണികളെ ഒന്നര ശതമാനം ഉയർത്തി. അഞ്ചു മാസത്തിനിടയിലെ ഏറ്റവും മികച്ച ദിനമായി ബുധനാഴ്ച.

യുഎസ് വിപണി നവംബറിനു ശേഷമുള്ള ഏറ്റവും മികച്ച കയറ്റമാണ് ഇന്നലെ നടത്തിയത്. വിപണി തുറക്കും മുൻപ് ചില്ലറ വിലക്കയറ്റ കണക്ക് വന്നതേ ഫ്യൂച്ചേഴ്സിൽ ഡൗ 500 ലേറെ പോയിൻ്റ് കുതിച്ചു. ഗോൾഡ്മാൻ സാക്സും ജെപി മോർഗൻ ചേയ്സും പ്രതീക്ഷയിലും മികച്ച നേട്ടത്തോടെ പാദഫലങ്ങൾ പ്രസദ്ധീകരിച്ചതും വിപണിയെ ഉയർത്തി. ഗോൾഡ്മാൻ സാക്സ്, വെൽസ് ഫാർഗോ, സിറ്റി ഗ്രൂപ്പ് എന്നിവ ആറു ശതമാനം കുതിച്ചു. ടെസ്‌ല എട്ടും എൻവിഡിയ മൂന്നും ശതമാനം ഉയർന്നു. ക്വാണ്ടം കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട ഓഹരികൾ 40 ശതമാനം വരെ കുതിച്ചു.

ഡിസംബറിലെ ചില്ലറവിലക്കയറ്റം 2.9 ശതമാനം വർധിച്ചു. നവംബറിൽ 2.7 ശതമാനം ആയിരുന്നു. ഡിസംബറിൽ വർധന പതിവുള്ളതും പ്രതീക്ഷിച്ചതും ആയിരുന്നു. ഇന്ധന, ഭക്ഷ്യവിലകൾ ഒഴിവാക്കിയുള്ള കാതൽ വിലക്കയറ്റം 3.3 ൽ നിന്ന് 3.2 ശതമാനമായി കുറഞ്ഞതാണ് വിപണിയെ ആശ്വസിപ്പിച്ചത്. ഈ മാസം ചേരുന്ന ഫെഡ് കമ്മിറ്റി പലിശ കുറയ്ക്കുമെന്നു വിപണി കരുതുന്നില്ല. ജൂണിൽ കുറയ്ക്കൽ പുനരാരംഭിക്കും എന്നാണു പ്രതീക്ഷ.

ബുധനാഴ്ച ഡൗ ജോൺസ് സൂചിക 703.27 പോയിൻ്റ് (1.65%) കയറി 43,221.55 ലും എസ് ആൻഡ് പി 500 സൂചിക 107 പോയിൻ്റ് (1.83%) ഉയർന്ന് 5949.91 ലും നാസ്ഡാക് സൂചിക 466.84 പോയിൻ്റ് (2.45%) കുതിച്ച് 19,511.23ലും അവസാനിച്ചു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.13 ഉം എസ് ആൻഡ് പി 0.14 ഉം നാസ്ഡാക് 0.12 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.65 ശതമാനം ആയി ഇടിഞ്ഞു, കടപ്പത്ര വില ഉയർന്നു. നിക്ഷേപനേട്ടം ഏതാനും ദിവസമായി രണ്ടു വർഷത്തെ ഉയർന്ന നിരക്കിലായിരുന്നു.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ കുതിച്ചു. ജപ്പാനിൽ നിക്കൈ മുക്കാൽ ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും സൂചികകൾ ഒരു ശതമാനത്തിലധികം കയറി. ചൈനീസ് വിപണികളും നേട്ടത്തിലാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ചയും അൽപം ഉയർന്നു. വിദേശനിക്ഷേപകർ വിൽപന ഉയർന്ന തോതിൽ തുടർന്നത് നേട്ടം കൂടുതൽ മെച്ചപ്പെടുത്തുന്നതിനു തടസമായി. ഉയർന്ന മേഖലകൾ ദുർബലമായ കയറ്റമാണു കാഴ്ചവച്ചത്. ബാങ്ക് നിഫ്റ്റി ചാഞ്ചാട്ടങ്ങൾക്കു ശേഷം നേരിയ കയറ്റത്തിൽ അവസാനിച്ചു. ധനകാര്യ മേഖല നഷ്ടത്തിലുമായി.

ബുധനാഴ്ച നിഫ്റ്റി 37.15 പോയിൻ്റ് (0.16%) കയറി 23,213.20 ൽ അവസാനിച്ചു. സെൻസെക്സ് 224.45 പോയിൻ്റ് (0.29%) ഉയർന്ന് 76,724.08 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 22.55 പോയിൻ്റ് (0.05%) ഉയർന്ന് 48,751.70 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.41 ശതമാനം കയറി 53,899.00 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.58 ശതമാനം ഉയർന്ന് 17,353.95 ൽ ക്ലോസ് ചെയ്തു.

റിയൽറ്റിയും ഐടിയും കൺസ്യൂമർ ഡ്യൂറബിൾസുമാണ് ഇന്നലെ നേട്ടമുണ്ടാക്കിയ മേഖലകൾ. ഹെൽത്ത് കെയർ, ഫാർമ, മീഡിയ, ഓട്ടോ തുടങ്ങിയവ ഇടിഞ്ഞു.

തുടർച്ചയായ ഒൻപതു ദിവസം ഇടിഞ്ഞ കല്യാൺ ജ്വല്ലേഴ്സ് ഓഹരി ഇന്നലെ ഏഴു ശതമാനം നഷ്ടത്തിലായി. വില 554.90 രൂപ. രണ്ടാഴ്ച കൊണ്ട് 32 ശതമാനം ഇടിവാണ് ഓഹരിക്കുണ്ടായത്. തങ്ങളുടെ ഓഹരിവില കൂട്ടാൻ ഫണ്ടു മാനേജർമാരെ കമ്പനി സ്വാധീനിച്ചു എന്ന റിപ്പോർട്ട് കല്യാൺ എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പാടേ നിഷേധിച്ചു.

വിദേശ നിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 4533.49 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 3682.54 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി. വിദേശികൾ ഈ മാസം ഇതു വരെ 38,916.05 കോടിയുടെ ഓഹരികൾ വിറ്റു.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 2121 ഓഹരികൾ ഉയർന്നപ്പോൾ 1848 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1535 എണ്ണം ഉയർന്നു, താഴ്ന്നത് 1252 എണ്ണം.

നിഫ്റ്റി 23,350 മറികടന്നാൽ 23,450ലും 23,700ലും തടസം പ്രതീക്ഷിക്കണം. താഴുന്ന പക്ഷം 23,050 ൽ പിന്തുണ ഉണ്ട്. നിഫ്റ്റിക്ക് ഇന്ന് 23,160 ലും 23,125 ലും ഹ്രസ്വകാല പിന്തുണ കിട്ടാം. 23,275 ഉം 23,370 ഉം തടസങ്ങൾ ആകാം.

റിസൽട്ടുകൾ

റിലയൻസ്, ഇൻഫോസിസ്, മൈൻഡ് ട്രീ, ഹാവൽസ്, അലോക് ഇൻഡസ്ട്രീസ്, മാസ്ടെക്, ഡിബി കോർപ്, ഹാട്സൺ അഗ്രോ തുടങ്ങിയവ ഇന്നു റിസൽട്ട് പ്രസിദ്ധീകരിക്കും.

എച്ച്ഡിഎഫ്സി ലെെഫ് മൂന്നാം പാദ പ്രീമിയം വരുമാനം 10 ശതമാനം ഉയർത്തി. ലാഭം 13.66 ശതമാനം കൂടി.

എൽ ആൻഡ് ടി ടെക്നോളജി സർവസസിൻ്റെ മൂന്നാം പാദ വരുമാനം 3.1 ശതമാനം കൂടിയപ്പാേൾ ലാഭം 0.87 ശതമാനം മാത്രമേ കൂടിയുള്ളൂ.

സിയറ്റ് വരുമാനം 11.4 ശതമാനം കൂടിയെങ്കിലും ലാഭം 46.5 ശതമാനം ഇടിഞ്ഞു. ലാഭമാർജിൻ 14.1 ൽ നിന്നു 10.3 ശതമാനമായി താണു.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ലാഭം 146.7 ശതമാനം വർധിപ്പിച്ചു. അറ്റ നിഷ്ക്രിയ ആസ്തി കുറഞ്ഞു.

ഓറക്കിൾ ഫിനാൻഷൽ അറ്റാദായം 27 ശതമാനം താഴ്ന്നു.

കമ്പനികൾ, വാർത്തകൾ

റെയിൽ വികാസ് നിഗം (ആർവിഎൻഎൽ) ബിഎസ്എൻഎലിൽ നിന്നു 3622 കോടിയുടെ നിർമാണ കരാർ നേടി.

ഗെയിൽ ഇന്ത്യ സിംഗപ്പൂരിലെ സെഫെ മാർക്കറ്റിംഗുമായുള്ള തർക്കം തീർപ്പാക്കി. ഗെയിലിന് 28.5 കോടി ഡോളർ (2700 കോടിയാേളം രൂപ) ലഭിക്കും.

ആസാദ് എൻജിനിയറിംഗിന് ഗ്യാസ് ടർബൈൻ എൻജിനുകൾക്കായി അമേരിക്കയിൽ നിന്നു 960 കോടി രൂപയുടെ കരാർ ലഭിച്ചു.

സ്വർണം കുതിച്ചു

പലിശ കുറയ്ക്കൽ ചർച്ചകൾക്കു വീണ്ടും ജീവൻ വച്ചതോടെ സ്വർണം കുതിപ്പിലായി. 3000 ഡോളർ ലക്ഷ്യവില കണക്കാക്കിയുള്ള നീക്കങ്ങൾ സജീവമാണ്. ബുധനാഴ്ച ഔൺസിന് 19.10 ഡോളർ ഉയർന്ന് 2697.90 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2700 ഡോളറിലേക്കു കയറി.

കേരളത്തിൽ ചാെവ്വാഴ്ച സ്വർണവില പവന് 80 രൂപ കൂടി 58,720 രൂപയിൽ എത്തി. ഇന്നു വില ഗണ്യമായി കൂടാം.

വെള്ളിവില ഔൺസിന് 30.74 ഡോളറിലേക്ക് കയറി.

ഡോളർ സൂചിക ചാഞ്ചാടി

യുഎസ് ചില്ലറ വിലക്കയറ്റ കണക്ക് നൽകിയ സൂചന പലിശ കുറയ്ക്കലിന് അനുകൂലമായത് ഡോളറിനെ ഇന്നലെ അൽപം ക്ഷീണിപ്പിച്ചു. ഡോളർ സൂചിക ആദ്യം 108.60 വരെ താഴ്ന്നു. പിന്നീടു സൂചിക കയറി 109.09 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 109.04 വരെ താഴ്ന്നു.

രൂപ ബുധനാഴ്ച മികച്ച നേട്ടം ഉണ്ടാക്കി. ഡോളർ സൂചികയുടെ ഇടിവാണു സഹായിച്ചത്. രാവിലെ ഡോളർ 14 പൈസ താഴ്ന്ന് 86.49 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 86.36 രൂപയിലേക്കു താഴ്ന്നു ക്ലോസ് ചെയ്തു.

ഫോർവേഡ് വിപണിയിൽ ഡോളർ 86.51 രൂപയിലാണ്. ഇന്നു ഡോളർ അൽപം തിരിച്ചു കയറാൻ സാധ്യത ഉണ്ട്.

ക്രൂഡ് ഓയിൽ 82 ഡോളറിൽ

ക്രൂഡ് ഓയിൽ വില വീണ്ടും കയറി. അമേരിക്കൻ സ്റ്റോക്ക് നില കുറവായതാണു കാരണം. ബുധനാഴ്ച ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ മൂന്നര ശതമാനം കയറി 82.49 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 82.30 ഡോളർ വരെ താഴ്ന്നു. ഡബ്ല്യുടിഐ ഇനം 80.34 ഉം യുഎഇയുടെ മർബൻ ക്രൂഡ് 83.77 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ കുതിച്ചു

പലിശ കുറയാൻ വഴിതെളിഞ്ഞെന്ന വിയോരുത്തലിൽ ക്രിപ്റ്റോ കറൻസികൾ ഇന്നലെ കുതിച്ചു. ബിറ്റ് കോയിൻ 1,00,700 നു മുകളിൽ എത്തി. ഈഥർ വില 3450 ഡോളറിലേക്കു കയറി.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായിരുന്നു. ചെമ്പ് 0.22 ശതമാനം കയറി ടണ്ണിന് 9053.21 ഡോളറിലെത്തി. അലൂമിനിയം 1.72 ശതമാനം കുതിച്ച് 2601.58 ഡോളർ ആയി. ടിൻ 1.36 ഉം സിങ്ക് 1.37 ഉം ലെഡ് 0.50 ഉം ശതമാനം താഴ്ന്നു. നിക്കൽ 0.21 ശതമാനം ഉയർന്നു.

വിപണിസൂചനകൾ

(2024 ജനുവരി 15, ബുധൻ)

സെൻസെക്സ് 30 76,724.08 +0.29%

നിഫ്റ്റി50 23,213.20 +0.16%

ബാങ്ക് നിഫ്റ്റി 48,751.70 +0.05%

മിഡ് ക്യാപ് 100 53,899.00 +0.41%

സ്മോൾ ക്യാപ് 100 17,353.95 +0.56%

ഡൗ ജോൺസ് 43,221.55 +1.65%

എസ് ആൻഡ് പി 5949.91 +1.83%

നാസ്ഡാക് 19,511.23 +2.45%

ഡോളർ($) ₹86.36 -₹0.27

ഡോളർ സൂചിക 109.09 -0.18

സ്വർണം (ഔൺസ്) $2697.90 +$19.10

സ്വർണം(പവൻ) ₹58,720 +₹80.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $82.03 +$01.61

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it