ആവേശം തിരിച്ചു വരാതെ വിപണി; വ്യാപാര കമ്മി കുതിച്ചു; യുഎസ് പലിശ തീരുമാനം കാത്ത് വിദേശ നിക്ഷേപകര്‍

ഇന്ത്യൻ വിപണി തിങ്കളാഴ്ച താഴ്ന്നത് ഒറ്റപ്പെട്ട സംഭവമായി കാണാൻ ബുള്ളുകൾ ആഗ്രഹിക്കുന്നു. പക്ഷേ വെള്ളിയാഴ്ചത്തെ കുതിപ്പിനെ ഒറ്റപ്പെട്ടതായി കാണാനാണു കൂടുതൽ പേർ ശ്രമിക്കുന്നത്. ഏതായാലും കുതിപ്പിനു തക്ക സാഹചര്യത്തിലേക്കു വിപണി എത്തിയതായി തോന്നുന്നില്ല. ഇന്നലെ വിദേശഫണ്ടുകളും സ്വദേശി ഫണ്ടുകളും ഒരേ പോലെ വിൽപനക്കാരായി. വിദേശികൾ നാളെ യുഎസ് പലിശ തീരുമാനം വന്ന ശേഷമേ നിക്ഷേപഗതി തീരുമാനിക്കൂ.

മൊത്തവിലക്കയറ്റം നവംബറിൽ 1.89 ശതമാനമായി കുറഞ്ഞു. ഒക്ടോബറിൽ 2.4 ശതമാനമായിരുന്നു. ഭക്ഷ്യവിലകളിൽ വന്ന കുറവാണു സഹായമായത്. നവംബറിലെ വ്യാപാര കമ്മി 39 ശതമാനം കയറി 3780 കോടി ഡോളർ ആയി. ഉൽപന്ന കയറ്റുമതി 4.9 ശതമാനം കുറഞ്ഞ് 3210 കോടി ഡോളർ ആയപ്പോൾ ഇറക്കുമതി 27 ശതമാനം കൂടി 6995 കോടി ഡോളറിൽ എത്തി. സ്വർണ ഇറക്കുമതിയാണു കയറ്റുമതി വർധനയുടെ പ്രധാന ഘടകം. ഇന്നലെ രൂപയുടെ വിലയിടിവിന് ഈ കമ്മിയും കാരണമായി.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,705 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,665 ആയി. വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യുഎസ് വിപണി തിങ്കളാഴ്ചയും ഭിന്ന ദിശകളിലായി. ഡൗ ജോൺസ് തുടർച്ചയായ എട്ടാം ദിവസം താഴ്ന്നപ്പോൾ എസ് ആൻഡ് പി ചെറിയ തോതിലും നാസ്ഡാക് മികച്ച തോതിലും കയറി.

പ്രതീക്ഷയേക്കാൾ കൂടിയ ലാഭവും വരുമാന പ്രതീക്ഷയുമായി കഴിഞ്ഞ ദിവസം 24 ശതമാനം കുതിച്ച് വിപണിമൂല്യം ഒരു ലക്ഷം കോടി ഡോളറിനു മുകളിൽ എത്തിച്ച ബ്രോഡ്കോം ഇന്നലെ 11 ശതമാനം കൂടി ഉയർന്നു. ആപ്പിൾ, ആൽഫബെറ്റ്, ടെസ്‌ല എന്നിവ റെക്കോർഡ് തിരുത്തി. എൻവിഡിയ 1.7 ശതമാനം താഴ്ന്നതോടെ നവംബറിലെ ഉയരത്തിൽ നിന്ന് 10 ശതമാനത്തിലധികം ഇടിവിലായി.

ഇന്നാരംഭിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗം അടിസ്ഥാന പലിശ നിരക്കിൽ 25 ബേസിസ് പോയിൻ്റ് (കാൽ ശതമാനം) കുറയ്ക്കും എന്ന പ്രതീക്ഷ ശക്തമായി. ജിഡിപി വളർച്ച, പലിശഗതി എന്നിവ സംബന്ധിച്ച കമ്മിറ്റിയുടെ വിലയിരുത്തലാണു വിപണിയുടെ ഗതി നിർണയിക്കുക.

ഡൗ ജോൺസ് സൂചിക തിങ്കളാഴ്ച 110.58 പോയിൻ്റ് (0.25%) താഴ്ന്ന് 43,717.48 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 22.99 പോയിൻ്റ് (0.38%) നേട്ടത്തോടെ 6074.08 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 247.17 പോയിൻ്റ് (1.24%) കുതിച്ച് 20,173.89 എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.10 ഉം എസ് ആൻഡ് പി 0.11 ഉം നാസ്ഡാക് 0.05 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.

നിക്ഷേപനേട്ടം 4.403 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില വീണ്ടും ഇടിഞ്ഞു.

യൂറോപ്യൻ സൂചികകൾ തിങ്കളാഴ്ച താഴ്ന്നു. മൂഡീസ് ഫ്രാൻസിൻ്റെ റേറ്റിംഗ് താഴ്ത്തി. യൂറോ സോണിലും യുകെയിലും തൊഴിലില്ലായ്മ കൂടി. ജർമനിയിൽ ചാൻസലർ ഷോൾസ് വിശ്വാസവോട്ടിൽ പരാജയപ്പെട്ടതിനാൽ ഫെബ്രുവരിയിൽ അവിടെ തെരഞ്ഞെടുപ്പ് നടക്കും.

ഏഷ്യൻ വിപണികൾ ഇന്നു തുടക്കം നേട്ടത്തിലാണ്. ജപ്പാനിൽ നിക്കൈ 0.30 ശതമാനം കയറി. ദക്ഷിണ കൊറിയയിൽ സൂചിക താഴ്ന്നു. ചൈനീസ് സൂചികകൾ താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യൻ വിപണി തളർച്ചയിൽ

തിങ്കളാഴ്ച ഇന്ത്യൻ വിപണി 'സാന്താ റാലി'ക്ക് പകരം തളർച്ചയിലായി. താഴ്ന്നു തുടങ്ങിയ വിപണി ചെറിയ കയറ്റിറക്കങ്ങളോടെ താഴോട്ടുള്ള യാത്ര തുടർന്നു. ഐടിയും മെറ്റലും ഓയിൽ - ഗ്യാസും എഫ്എംസിജിയും ഇടിവിലായി. റിയൽറ്റി വലിയ കുതിപ്പാണ് നടത്തിയത്. മീഡിയ, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യൂറബിൾസ്, പി എസ് യു ബാങ്കുകൾ തുടങ്ങിയവ നേട്ടം ഉണ്ടാക്കി.

നിഫ്റ്റി തിങ്കളാഴ്ച 100.05 പോയിൻ്റ് (0.40%) താഴ്ന്ന് 24,668.25 ൽ അവസാനിച്ചു. സെൻസെക്സ് 384.55 പോയിൻ്റ് (0.47%) നഷ്ടത്തിൽ 81,748.57 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി കയറിയിറങ്ങിയ ശേഷം 2.45 പോയിൻ്റ് കുറഞ് 53,581.35 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.71 ശതമാനം കുതിച്ച് 59,443.05 ലും സ്മോൾ ക്യാപ് സൂചിക 0.64 ശതമാനം ഉയർന്ന് 19,531.05 ലും ക്ലോസ് ചെയ്തു

വിദേശ നിക്ഷേപകർ ഇന്നലെ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 278.70 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 234.25 കോടി രൂപയുടെ അറ്റ വിൽപനയും നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 2276 ഓഹരികൾ ഉയർന്നപ്പോൾ 1869 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1534 എണ്ണം ഉയർന്നു, താഴ്ന്നത് 1327 എണ്ണം.

നിഫ്റ്റിക്ക് 24,700 ലെ പിന്തുണനില നഷ്ടപ്പെടുത്തി. ഇനി 24,500 നു മുകളിൽ സമാഹരണമാകും സാധിക്കുക. 24,700 നു മുകളിൽ ക്ലോസ് ചെയ്ത ശേഷമേ 25,000 ലക്ഷ്യമിട്ടു നീങ്ങാൻ പറ്റൂ. .

നിഫ്റ്റിക്ക് ഇന്ന് 24,615 ലും 24,575 ലും പിന്തുണ കിട്ടാം. 24,755 ഉം 24,800 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

സീനിയർ മാനേജ്മെന്റിലെ ഒരാൾ രാജിവച്ചതു യഥാസമയം അറിയിക്കാത്തതിനു സെബി എച്ച്ഡിഎഫ്സി ബാങ്കിനു ശാസന നൽകി.

മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷനിൽ നിന്ന് 270 കോടി രൂപയുടെ കരാർ റെയിൽ വികാസ് നിഗമിനു ലഭിച്ചു.

ഛത്തീസ്ഗഢിൽ നിന്നു 187 കോടി രൂപയുടെ ട്രാൻസ്മിഷൻ ലൈൻ നിർമാണ കരാർ ടെക്സ്മാകോ റെയിൽ ആൻഡ് എൻജിനിയറിംഗിനു ലഭിച്ചു.

നിറ്റ്കോയുടെ ഫ്ലോറിംഗ് സാമഗ്രികൾക്കു പ്രസ്റ്റീജ് എസ്റ്റേറ്റ്സിൽ നിന്ന് 105.40 കോടി രൂപയുടെ കരാർ കിട്ടി. വേറൊരു 104 കോടിയുടെ കരാർ കൂടി പ്രതീക്ഷിക്കുന്നുണ്ട്.

വേദാന്ത ലിമിറ്റഡ് ഈ വർഷത്തെ നാലാമത്തെ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 8.5 രൂപ. മൊത്തം 3324 കോടി ചെലവാകും.

ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ഇൻഡസ് ടവേഴ്സിൻ്റെ അപ്പീൽ അനുവദിച്ചു. ഡിപ്രീസിയേഷൻ പോലുള്ള വിഷയങ്ങളിലായിരുന്നു തർക്കം. കമ്പനിയുടെ ബാധ്യതയിൽ 3500 കോടി രൂപയുടെ കുറവ് ഇതു വഴി വരും.

ലൂബ് ഓയിൽ, ബിറ്റുമിൻ എന്നിവയുടെ ഉൽപാദനം ഗണ്യമായി വർധിപ്പിക്കാൻ 4679 കോടി രൂപയുടെ പദ്ധതി എച്ച്പിസിഎൽ ബോർഡ് അംഗീകരിച്ചു.

സ്വർണം ചാഞ്ചാടുന്നു

യുഎസ് ഫെഡിൻ്റെ പലിശ തീരുമാനം അടുത്തതോടെ സ്വർണം ചെറിയ മേഖലയിലെ ചാഞ്ചാട്ടത്തിലായി. ഇന്നലെ സ്വർണം നേരിയ കയറ്റത്തോടെ ഔൺസിന് 2653.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം കയറി 2657 ഡോളർ ആയി.

കേരളത്തിൽ തിങ്കളാഴ്ച സ്വർണവില പവന് 57,120 രൂപയിൽ തുടർന്നു.

വെള്ളിവില ഔൺസിന് 30.49 ഡോളറിലേക്ക് താഴ്ന്നു.

രൂപ വീണ്ടും താണു

കറൻസി വിപണിയിൽ ഡോളർ ഉയരത്തിൽ തുടരുന്നു. തിങ്കളാഴ്ച ഡോളർ സൂചിക നാമമാത്രമായി താഴ്ന്ന് 106.86 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.78 ലേക്കു താഴ്ന്നു.

വെള്ളിയാഴ്ച കയറിയ രൂപ ഇന്നലെ വീണ്ടും താഴ്ന്നു. ഡോളർ ഏഴു പൈസ നേട്ടത്തോടെ 84.87 രൂപയിൽ ക്ലാേസ് ചെയ്തു. അവധി വിപണിയിൽ ഡോളർ 85.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 73.89 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.90 ഡോളർ ആയി . ഡബ്ല്യുടിഐ ഇനം 70.66 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.91 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ കയറുന്നു

ഏറെ ചാഞ്ചാട്ടം കണ്ട ഒരാഴ്ചയ്ക്കു ശേഷം ക്രിപ്റ്റോകൾ ഈയാഴ്ച കയറ്റത്തിലാണ്. ബിറ്റ് കോയിൻ ഇന്നലെ 1,07,229.38 ഡോളർ എത്തിയിട്ട് താഴ്ന്നു. ഈഥർ വില 4108.22 ഡോളർ വരെ എത്തി.

ചെമ്പ് ഒഴികെ എല്ലാ വ്യാവസായിക ലോഹങ്ങളും താഴ്ചയിലാണ്. ചെമ്പ് 0.02 ശതമാനം കയറി ടണ്ണിന് 8942.32 ഡോളറിൽ എത്തി. അലൂമിനിയം 1.95 ശതമാനം ഇടിഞ്ഞു ടണ്ണിന് 2566.50 ഡോളർ ആയി. സിങ്ക് 0.71 ഉം ലെഡ് 0.35 ഉം ടിൻ 1.02 ഉം നിക്കൽ 1.37 ഉം ശതമാനം താഴ്ന്നു. -

വിപണിസൂചനകൾ

(2024 ഡിസംബർ 16, തിങ്കൾ)

സെൻസെക്സ് 30 81,748.57 -0.47%

നിഫ്റ്റി50 24,668.30 -0.40%

ബാങ്ക് നിഫ്റ്റി 53,581.35 -0.00%

മിഡ് ക്യാപ് 100 59,443.05 +0.71%

സ്മോൾ ക്യാപ് 100 19,531.05 +0.64%

ഡൗ ജോൺസ് 43,717.48 -0.25%

എസ് ആൻഡ് പി 6074.08 +0.38%

നാസ്ഡാക് 20,173.89 +1.24%

ഡോളർ($) ₹84.86 +₹0.07

ഡോളർ സൂചിക 106.86 -0.14

സ്വർണം (ഔൺസ്) $2653.40 +$04.90

സ്വർണം(പവൻ) ₹57,120 ₹00.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.89 -$00.60

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it