യുഎസ് പലിശ തീരുമാനം ഇന്ന്; വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമോ; ഇന്ത്യയെ ബാധിക്കുമോ? വിപണി ആശങ്കയില്‍

വിപണിയുടെ താഴ്ചയ്ക്ക് വിരാമമിടാൻ യുഎസ് ഫെഡിൻ്റെ പലിശ തീരുമാനം സഹായിക്കുമോ? ഇന്ത്യൻ സമയം രാത്രിയിൽ വരുന്ന തീരുമാനത്തിൻ്റെ പ്രതിഫലനം നാളെയേ വിപണിയിൽ ഉണ്ടാകൂ. യുഎസ് ജിഡിപി വളർച്ചയും പലിശഗതിയും സംബന്ധിച്ച ഫെഡ് നിഗമനം നിക്ഷേപകരെ ഇന്ത്യയിൽ നിന്നു മടക്കി വിളിക്കുമോ ഇല്ലയോ എന്നാണ് എല്ലാവരും നോക്കുന്നത്. യുഎസിലെ വളർച്ച മെച്ചപ്പെടും എന്നായാൽ അങ്ങോട്ടു മടങ്ങാൻ പ്രേരണ ഉണ്ടാകും. മറിച്ചായാൽ ഇന്ത്യയിൽ തുടരും.

വിപണിക്ക് ഉയർന്നു നീങ്ങാൻ പ്രേരകമാകുന്ന കാര്യങ്ങൾ ഒന്നും കാണുന്നില്ല. ജിഡിപി വളർച്ച തിരിച്ചുകയറും എന്നു മന്ത്രിമാർ പറയുന്നുണ്ടെങ്കിലും വിപണി അതത്ര വിശ്വസിക്കുന്നില്ല.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,352 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,365 ആയി. വിപണി ഇന്നും നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യുഎസ് വിപണി ഇന്നലെയും താഴ്ന്നു. ഡൗ ജോൺസ് തുടർച്ചയായ ഒൻപതാം ദിവസം ഇടിവിലായി. 1978 നു ശേഷം ആദ്യമാണ് ഡൗ ഇത്ര ദിവസം തുടർച്ചയായി തഴുന്നത്. ഇന്നു യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശ തീരുമാനം കാത്താണു വിപണികൾ നിൽക്കുന്നത്. പലിശയിൽ കാൽ ശതമാനം കുറവ് എല്ലാവരും കണക്കാക്കുന്നു. ജിഡിപിയും പലിശയും സംബന്ധിച്ച ഫെഡിൻ്റെ നിഗമനം എന്ത് എന്നതാണു പ്രധാനമായി വിപണി അന്വേഷിക്കുന്നത്.

രണ്ടു വർഷമായി വിപണിയെ ത്രസിപ്പിച്ചു പോന്ന എൻവിഡിയ ഇന്നലെ 1.7 ശതമാനം താഴ്ന്നു. ടെസ്‌ല ഉയർന്നു. ടെസ്‌ല മേധാവി ഇലോൺ മസ്കിൻ്റെ സമ്പത്ത് 48,600 കോടി ഡോളർ ആയി. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ജെഫ് ബെസോസിൻ്റെ (25,000 കോടി ഡോളർ) യും മാർക്ക് സക്കർബർഗിൻ്റെ (21,900 കോടി ഡോളർ) യും സമ്പത്ത് ഒന്നിപ്പിച്ചാൽ ഉള്ളതിലും അധികമാണിത്.

ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 267.58 പോയിൻ്റ് (0.61%) താഴ്ന്ന് 43,449.90 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 23.47 പോയിൻ്റ് (0.39%) നഷ്ടത്തോടെ 6050.61 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 64.83 പോയിൻ്റ് (0.32%) താഴ്ന്ന് 20,109. 06 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.10 ഉം എസ് ആൻഡ് പി 0.05 ഉം ശതമാനം ഉയർന്നും നാസ്ഡാക് 0.08 ശതമാനം താഴ്ന്നും നിൽക്കുന്നു.

നിക്ഷേപനേട്ടം 4.389 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കയറി.

ഫ്രാൻസിലെ ഒഴിച്ചു യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ച ഇടിവിലായി.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ 0.55 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയയിൽ സൂചിക 0.60 ശതമാനം ഉയർന്നു.

ഇന്ത്യൻ വിപണി വീണ്ടും താഴ്ന്നു

ചൊവ്വാഴ്ചയും ഇന്ത്യൻ വിപണി തളർച്ചയിലായി. താഴ്ന്നു തുടങ്ങിയ വിപണി വ്യാപാരത്തിൽ ഉടനീളം ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലയ്ക്ക് അടുത്ത് അവസാനിച്ചു. എല്ലാ മേഖലകളും നഷ്ടത്തിലായി. ബാങ്കിംഗ്, ധനകാര്യ, എണ്ണ -വാതക, വാഹന, ലോഹ മേഖലകൾക്കായിരുന്നു കൂടുതൽ നഷ്ടം.

നിഫ്റ്റി ചൊവ്വാഴ്ച 332.25 പോയിൻ്റ് (1.35%) ഇടിഞ്ഞ് 24,336.00 ൽ അവസാനിച്ചു. സെൻസെക്സ് 1064.45 പോയിൻ്റ് (1.30%) നഷ്ടത്തിൽ 80,684.45 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 746.55 പോയിൻ്റ് (1.39%) കുറഞ്ഞ് 52,834.80 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.57 ശതമാനം താഴ്ന്ന് 59,101.90 ലും സ്മോൾ ക്യാപ് സൂചിക 0.68 ശതമാനം ഇടിഞ്ഞ് 19,398.45 ലും ക്ലോസ് ചെയ്തു

വിദേശ നിക്ഷേപകർ ഇന്നലെയും വലിയ വിൽപനക്കാരായി. അവർ ക്യാഷ് വിപണിയിൽ 6409.86 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2706.48 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി. ബിഎസ്ഇയിൽ 1521 ഓഹരികൾ ഉയർന്നപ്പോൾ 2502 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 955 എണ്ണം ഉയർന്നു, താഴ്ന്നത് 1862 എണ്ണം.

നിഫ്റ്റി എല്ലാ മൂവിംഗ് ആവരേജുകൾക്കും താഴെയായി. ഇനി 24,200 - 24,000 മേഖലയിൽ പിന്തുണ കണ്ടെത്തണം. നിഫ്റ്റിക്ക് ഇന്ന് 24,300 ലും 24,225 ലും പിന്തുണ കിട്ടാം. 24,545 ഉം 24,620 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

ബാറ്ററികളും എനർജി സ്റ്റോറേജ് സംവിധാനവും നിർമിക്കാനുള്ള പ്ലാൻ്റ് നിർമാണത്തിനു ജെഎസ്ഡബ്ല്യു എനർജി ദക്ഷിണ കൊറിയയിലെ എൽജി എനർജിയുമായി ചർച്ച നടത്തുന്നു. 10 ജിഗാവാട്ട് മണിക്കൂർ ശേഷിയുള്ള പ്ലാൻ്റിന് 1500 കോടി ഡോളർ ചെലവാകും.

റിന്യൂ ഗ്രീൻ എനർജി സാെലൂഷൻസിൽ 31.2 ശതമാനം ഓഹരി എടുക്കാൻ ജിൻഡൽ സോ കരാറിൽ ഏർപ്പെട്ടു. ഇതുവഴി ജിൻഡലിനു കുറഞ്ഞ നിരക്കിൽ വെെദ്യുതി ലഭിക്കും.

സംഘി ഇൻഡസ്ട്രീസും പെന്ന സിമൻ്റും കമ്പനിയിൽ ലയിപ്പിക്കാൻ അംബുജ സിമൻ്റ്സ് ബോർഡ് അംഗീകാരം നൽകി. ഇവ ചേരുമ്പോൾ അംബുജയുടെ സിമൻ്റ് ഉൽപാദന ശേഷി പ്രതിവർഷം10 കോടി ടൺ ആകും.

വാ ടെക് വാബാഗിനു സൗദി അറേബ്യയിൽ നിന്നു ലഭിച്ച 2700 കോടി രൂപയുടെ സമുദ്രജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ കരാർ റദ്ദായി. നടപടിക്രമങ്ങളിലെ പാളിച്ച മൂലമാണ് ഈ നടപടി.

സ്വർണം ചാഞ്ചാട്ടം തുടരുന്നു

യുഎസ് ഫെഡിൻ്റെ പലിശ തീരുമാനം ആസന്നമായതോടെ സ്വർണം ചെറിയ മേഖലയിലെ ചാഞ്ചാട്ടത്തിലായി. ഇന്നലെ സ്വർണം നേരിയ ഇടിവോടെ ഔൺസിന് 2647.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അൽപം കയറി 2649 ഡോളർ ആയി.

കേരളത്തിൽ തിങ്കളാഴ്ച സ്വർണവില പവന് 80 രൂപ വർധിച്ച് 57,200 രൂപയിൽ എത്തി.

വെള്ളിവില ഔൺസിന് 30.46 ഡോളറിലേക്ക് താഴ്ന്നു.

രൂപ താഴ്ച തുടരുന്നു

കറൻസി വിപണിയിൽ ഡോളർ ഉയരത്തിൽ തുടരുന്നു. ഇന്നലെ ഡോളർ സൂചിക നാമമാത്രമായി ഉയർന്ന് 106.96 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 106.93 ലേക്കു താഴ്ന്നു.

രൂപ ഇന്നലെ വീണ്ടും താഴ്ന്നു. ഡോളർ നാലു പൈസ നേട്ടത്തോടെ 84.90 രൂപ എന്ന റെക്കോർഡ് നിലയിൽ ക്ലാേസ് ചെയ്തു. വ്യാപാരത്തിനിടെ ഡോളർ 84.92 രൂപവരെ കയറി. അവധി വിപണിയിൽ ഡോളർ 85.00 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 73.19 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.23 ഡോളർ ആയി . ഡബ്ല്യുടിഐ ഇനം 70.10 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.26 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

കയറ്റങ്ങൾക്കു ശേഷം ക്രിപ്റ്റോകൾ ഇന്നലെ പല ദിശകളിലായി. ബിറ്റ് കോയിൻ ഇന്നലെ 1,06,000 ഡോളറിനടുത്തു നിൽക്കുന്നു. ഈഥർ വില ഇടിഞ്ഞ് 3880 ഡോളർ വരെ എത്തി.

വ്യാവസായിക ലോഹങ്ങൾ എല്ലാം ഇന്നലെ താഴ്ചയിലായി. ചൈന പ്രഖ്യാപിക്കുമെന്നു കരുതിയ ഉത്തേജക പദ്ധതി ഉണ്ടായില്ല. ചെമ്പ് 1.02 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8851.10 ഡോളറിൽ എത്തി. അലൂമിനിയം 0.99 ശതമാനം താഴ്ന്നു ടണ്ണിന് 2541.04 ഡോളർ ആയി. സിങ്ക് 1.35 ഉം ലെഡ് 0.28 ഉം ടിൻ 0.27 ഉം നിക്കൽ 1.3 3 ഉം ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 ഡിസംബർ 17, ചൊവ്വ)

സെൻസെക്സ് 30 80,684. 45 -1.30%

നിഫ്റ്റി50 24,336.00 -1.35%

ബാങ്ക് നിഫ്റ്റി 52,834.80 -1.39%

മിഡ് ക്യാപ് 100 59,101.90 -0.57%

സ്മോൾ ക്യാപ് 100 19,398.45 -0.68%

ഡൗ ജോൺസ് 43,449.90 -0.61%

എസ് ആൻഡ് പി 6050.61 -0.39%

നാസ്ഡാക് 20,109.06 -0.32%

ഡോളർ($) ₹84.90 +₹0.04

ഡോളർ സൂചിക 106.96 +0.10

സ്വർണം (ഔൺസ്) $2647.30 -$06.10

സ്വർണം(പവൻ) ₹57,200 +₹80.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.19 -$00.70

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it