തിരിച്ചു കയറാൻ വിപണി; വിദേശ സൂചനകൾ പോസിറ്റീവ്; ഏഷ്യൻ വിപണികൾ കയറുന്നു; ക്രൂഡ് ഓയിൽ 73 ഡോളറിനു മുകളിൽ
വിപണി ഇന്നലെയും തിരിച്ചു കയറ്റത്തിനു ശ്രമിച്ചു പരാജയപ്പെട്ടു. എന്നാൽ ബാങ്കുകളും ധനകാര്യ മേഖലകളും ഉയർന്നതും മിഡ് ക്യാപ് സൂചിക പിടിച്ചു നിന്നതും ഇന്നത്തെ വ്യാപാരത്തിൽ കയറ്റത്തിൻ്റെ പ്രതീക്ഷ പകരുന്നു. വിദേശ സൂചനകളും അനുകൂലമാണ്. ഏഷ്യൻ വിപണികൾ രാവിലെ കയറ്റത്തിലാണ്. ക്രൂഡ് ഓയിൽ വില 73 ഡോളറിനു മുകളിലായതു ശ്രദ്ധേയമാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,537 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,570 ലേക്കു കയറിയിട്ടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യുഎസ് വിപണി ആഴ്ചയുടെ തുടക്കത്തിൽ ഭിന്ന ദിശകളിലായി. ഡൗ
ജോൺസ് അൽപം താഴ്ന്നപ്പോൾ ടെസ്‌ലയുടെ കുതിപ്പിൽ നാസ്ഡാക് കയറി. എസ് ആൻഡ് പിയും ഉയർന്നു. ഇന്ന് ആമസോണും നാളെ എൻവിഡിയയും റിസൽട്ട് പുറത്തുവിടും. പ്രതീക്ഷ പോലെ വളർച്ച കണ്ടില്ലെങ്കിൽ വിപണി ഇടിയാനുള്ള സാധ്യത വർധിച്ചു.
ഇലോൺ മസ്കിൻ്റെ ടെസ്‌ലയെ സഹായിക്കുന്ന വിധം ഡ്രൈവറില്ലാ കാറുകളുടെ നിബന്ധനകൾ ട്രംപ് ഭരണകൂടം ലഘൂകരിക്കും എന്ന റിപ്പോർട്ട് ടെസ്‌ല ഓഹരിയെ ആറു ശതമാനം ഉയർത്തി.
ഇന്നലെ ഡൗ ജോൺസ് സൂചിക 55.39 പോയിൻ്റ് (0.13%) താഴ്ന്ന് 43,389.60 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 23.00 പോയിൻ്റ് (0.39%) നേട്ടത്തോടെ 5893.62 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 111.68 പോയിൻ്റ് (0.60%) കയറി 18,791.81 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ താഴ്ച കാണിക്കുന്നു. ഡൗ 0.11 ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.12 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.41 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് മാറി. പലിശ നിരക്ക് ഉയർന്നു നിൽക്കും എന്ന നിഗമനം വിപണി കൈവിട്ടിട്ടില്ല.
യൂറോപ്യൻ വിപണികൾ ഇന്നലെ ഭിന്ന ദിശകളിലായി.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിലെ നിക്കെെ സൂചിക 0.70 ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ സൂചിക അര ശതമാനം കയറി. കൊറിയൻ വിപണി ചെറിയ നേട്ടം കാണിച്ചു.
ഇന്ത്യൻ വിപണി
തിരുത്തൽ മേഖലയിൽ എത്തിയ ഇന്ത്യൻ വിപണി ഇന്നലെ വലിയ വീഴ്ചയിൽ നിന്നു കരകയറി. എങ്കിലും തുടർച്ചയായ ഏഴാം ദിവസവും താഴ്ന്ന നിഫ്റ്റി 200 ദിവസ മൂവിംഗ് ശരാശരിക്കു താഴെയായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ മൂന്നിൽ രണ്ടു ഭാഗവും 20 ശതമാനത്തിലധികം താഴ്ചയിലാണ്. കൊച്ചിൻ ഷിപ്പ് യാർഡ്, ചെന്നൈ പെട്രോളിയം തുടങ്ങിയവ റെക്കോർഡിൽ നിന്ന് 55 ശതമാനത്തിലധികം താഴ്ന്നു നിൽക്കുന്നു.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം വീണ്ടും താഴ്ചയ്ക്ക് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1569 ഓഹരികൾ ഉയർന്നപ്പോൾ 2532 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1103 എണ്ണം ഉയർന്നു, താഴ്ന്നത് 1752 എണ്ണം.
വ്യാഴാഴ്ച രാവിലെ നേരിയ നേട്ടത്തിൽ താഴ്ചയിൽ വ്യാപാരം തുടങ്ങിയ വിപണി വലിയ ചാഞ്ചാട്ടം നടത്തി.
നിഫ്റ്റി 23,606.8 വരെ കയറിയിട്ട് 23,350 വരെ താഴ്ന്നു. സെൻസെക്സ് 77,886.97 വരെ കുതിച്ചിട്ട് 76,965 വരെ ഇടിഞ്ഞു.
നിഫ്റ്റി 78.90 പോയിൻ്റ് (0.34%) കുറഞ്ഞ് 23,453.80 ൽ അവസാനിച്ചു. സെൻസെക്സ് 241.30 പോയിൻ്റ് (0.31%) താഴ്ന്ന് 77,339.01 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.37 ശതമാനം (184.25 പോയിൻ്റ്) കയറി 50,363.80 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക നാമമാത്ര മാറ്റത്തോടെ 54,044.80 ലും സ്മോൾ ക്യാപ് സൂചിക 0.53 ശതമാനം താഴ്ന്ന് 17,507.25 ലും ക്ലോസ് ചെയ്തു.
ഐടി ഓഹരികളാണ് ഇന്നലെ സൂചികകളെ വലിച്ചു താഴ്ത്തിയത്. ടിസിഎസ് 3.11 ഉം ഇൻഫോസിസ് 2.65 ഉം ശതമാനം ഇടിഞ്ഞു. ഐടി സൂചിക 2.32 ശതമാനം താഴ്ന്നു. ഡിസംബറിൽ യുഎസ് പലിശ നിരക്ക് കുറയ്ക്കില്ല എന്ന സൂചനയാണ് ഐടിക്കു വിനയായത്. ഓയിൽ - ഗ്യാസ്, മീഡിയ, ഹെൽത്ത് കെയർ, ഫാർമ മേഖലകളും താഴ്ചയിലായിരുന്നു.
മെറ്റൽ, റിയൽറ്റി, എഫ്എംസിജി, ഓട്ടോ മേഖലകൾ ഉയർന്നു.
നഗരങ്ങളിൽ വാതക വിതരണം നടത്തുന്ന കമ്പനികൾക്കു നിയന്ത്രിത വിലയിൽ നൽകുന്ന പ്രകൃതിവാതകത്തിൻ്റെ അളവ് വീണ്ടും 20 ശതമാനം കുറച്ചു. ആ കമ്പനികളുടെ ലാഭത്തിൽ 20 മുതൽ 30 വരെ ശതമാനം ഇടിവുണ്ടാകും. ഇന്ദ്രപ്രസ്ഥ ഗ്യാസ് 20 ഉം മഹാനഗർ ഗ്യാസ് 14.5 ഉം ഗുജറാത്ത് ഗ്യാസ് 6.8 ഉം ശതമാനം ഇടിഞ്ഞു.
അലൂമിനിയം കയറ്റുമതിക്കു നൽകിയിരുന്ന നികുതി ഇളവ് ചൈന റദ്ദാക്കി. ഇതു ലോകവിപണിയിൽ അലൂമിനിയം വില ഉയർത്തി. അലൂമിനിയം കമ്പനികൾക്ക് ഇന്നലെ കുതിപ്പായിരുന്നു.
രണ്ടാം പാദത്തിൽ ലാഭത്തിനു പകരം നഷ്ടം വന്ന ഹോനസ കൺസ്യൂമർ (മമ്മ എർത്ത്) ഓഹരി 20 ശതമാനം ഇടിഞ്ഞ് ഐപിഒ വിലയുടെ താഴെയായി. കമ്പനിയുടെ വളർച്ച രണ്ടു വർഷത്തേക്കു തീർത്തും മോശമായിരിക്കും എന്നു ചില ബ്രോക്കറേജുകൾ വിലയിരുത്തി.
ഫെഡറൽ ബാങ്ക് ഓഹരി 1.79 ശതമാനം കയറി 200.50 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി 1.83 ശതമാനം ഉയർന്ന് 22.85 രൂപയിലും സിഎസ്ബി ബാങ്ക് 0.18 ശതമാനം കയറി 300.15 രൂപയിലും ക്ലാേസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 0.91 ശതമാനം താഴ്ന്ന് 31.47 രൂപയിൽ അവസാനിച്ചു.
കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി 0.58 ശതമാനം താണ് 604.90 രൂപയിൽ ക്ലോസ് ചെയ്തു.
കൊച്ചിൻ ഷിപ്പ് യാർഡ് 0.41 ശതമാനം കുറഞ്ഞ് 1307 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
മണപ്പുറം ഫിനാൻസ് ഓഹരി 1.08 ശതമാനം താഴ്ന്ന് 153.95 രൂപയിൽ ക്ലാേസ് ചെയ്തു.
മികച്ച രണ്ടാം പാദ റിസൽട്ട് മുത്തൂറ്റ് ഫിനാൻസ് ഓഹരിയെ 6.45 ശതമാനം കയറ്റി 1890.45 രൂപയിൽ എത്തിച്ചു. കമ്പനി ഈ ധനകാര്യവർഷത്തെ ബിസിനസ് വളർച്ച പ്രതീക്ഷ ഉയർത്തി കമ്പനിയുടെ മൊത്തം ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു.
തിങ്കളാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 1903.40 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2330.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി സൂചിക 200 ദിവസ എക്സ്പൊണൻഷ്യൽ മൂവിംഗ് ആവരേജിനു താഴെയാണ്. താഴ്ന്നു വ്യാപാരം തുടർന്നാൽ 23,200 ലെ പിന്തുണ പരീക്ഷിച്ചെന്നു വരും. നിഫ്റ്റിക്ക് ഇന്ന് 23,370 ലും 23,310 ലും പിന്തുണ കിട്ടാം. 23,570 ഉം 23,630 ഉം തടസങ്ങൾ ആകാം.
സ്വർണം കയറുന്നു
ട്രംപ് വിജയം നൽകിയ ആഘാതത്തിൽ നിന്നു സ്വർണം കയറുകയാണ്. ഡോളർ കരുത്ത് അൽപം കുറഞ്ഞു. അമേരിക്കൻ മിസൈലുകൾ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലേക്കു യുക്രെയ്ൻ യുദ്ധം പ്രവേശിച്ചു. സ്വർണം ഒറ്റ ദിവസം കൊണ്ട് 1.9 ശതമാനം കയറി. തിങ്കളാഴ്ച ഔൺസിന് 48.60 ഡോളർ കയറി 2611.90 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 2616 ഡോളറിൽ എത്തി.
കേരളത്തിൽ സ്വർണവില തിങ്കളാഴ്ച പവന് 480 രൂപ വർധിച്ച് 55,960 രൂപയായി. ഇന്നും വില കയറും.
വെള്ളിവില ഔൺസിന് 31.12 ഡോളറിൽ എത്തി.
കറൻസി വിപണിയിൽ ഡോളർ കയറ്റം അൽപം കുറഞ്ഞു. ഡോളർ സൂചിക തിങ്കളാഴ്ച 0.40 ശതമാനം കുറഞ്ഞ് 106.28 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 106.21 ലാണ്.
ഡോളർ സമ്മർദത്തിനിടയിൽ രൂപ ഇന്നലെ നാമമാത്രമായി കയറി.
തിങ്കളാഴ്ച ഡോളർ ഒരു പൈസ കുറഞ്ഞ് 84.39 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. യുക്രെയ്ൻ സംഘർഷം പുതിയ ഘട്ടത്തിലേക്കു കടക്കുന്നതാണു കാരണം. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ മൂന്നു ശതമാനം കയറി 73.15 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും കയറി 73.37 ഡോളറിൽ എത്തി. ഡബ്ല്യുടിഐ ഇനം 69.01 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.50 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റാേ കറൻസികൾ വീണ്ടും കയറി. ബിറ്റ് കോയിൻ 91,050 വരെ ഉയർന്നു. ഈഥർ 3160 ഡോളർ ആയി.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിൽ നീങ്ങി. ചെമ്പ് 0.82 ശതമാനം കയറി ടണ്ണിന് 8954.64 ഡോളറിൽ എത്തി. അലൂമിനിയം 1.82 ശതമാനം താഴ്ന്നു ടണ്ണിന് 2607.80 ഡോളർ ആയി. സിങ്ക് 1.61 ഉം നിക്കൽ 1.29 ഉം ശതമാനം താഴ്ന്നു. ലെഡ് 1.02 ഉം ടിൻ 0.50 ഉം ശതമാനം ഉയർന്നു.
വിപണിസൂചനകൾ
(2024 നവംബർ 18, തിങ്കൾ)
സെൻസെക്സ് 30 77,339.01 -0.31%
നിഫ്റ്റി50 23,453.80 -0.34%
ബാങ്ക് നിഫ്റ്റി 50,363.80 +0.37%
മിഡ് ക്യാപ് 100 54,044.80 +0.00%
സ്മോൾ ക്യാപ് 100 17,507.25 -0.53%
ഡൗ ജോൺസ് 43,389.60 -0.13%
എസ് ആൻഡ് പി 5893.62 +0.39%
നാസ്ഡാക് 18,791.80 +0.60%
ഡോളർ($) ₹84.39 -₹0.01
ഡോളർ സൂചിക 106.28 -0.40
സ്വർണം (ഔൺസ്) $2611.90 +$48.60
സ്വർണം(പവൻ) ₹55,960 +₹480
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.15 +$02.11