റിസൽട്ടുകൾ വിപണിയെ നയിക്കും; ഹ്യുണ്ടായ് ലിസ്റ്റിംഗ് ശ്രദ്ധാകേന്ദ്രം; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ വിലയിടിവ് ആശ്വാസം
തിരുത്തലിൻ്റെ പടിവാതിൽക്കൽ നിന്നു തിരിച്ചു കയറുന്ന പ്രവണത ആവർത്തിച്ച വിപണി ഈയാഴ്ച കമ്പനി റിസൽട്ടുകളിലാണു വിപണിഗതിയെപ്പറ്റി സൂചനകൾ തേടുക. റിസൽട്ടുകൾ ആവേശകരമാകാൻ സാധ്യത കുറവാണ്.
വാരാന്ത്യത്തിൽ ഫലം പ്രഖ്യാപിച്ച എച്ച്ഡിഎഫ്സി ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും ഭാവിയെപ്പറ്റി അത്ര മികച്ച സൂചനയല്ല നൽകിയത്. രണ്ടു ബാങ്കുകളും അറ്റാദായത്തിൽ അഞ്ചു ശതമാനം കയറ്റമേ കാണിച്ചുള്ളു. ടെക് മഹീന്ദ്ര രണ്ടാം പാദത്തിൽ മികച്ച നേട്ടം കാണിച്ചതിനൊപ്പം ഭാവിവളർച്ച പ്രതീക്ഷ ഉയർത്തുകയും ചെയ്തു.
ഹ്യുണ്ടായ് ഇന്ത്യയുടെ ലിസ്റ്റിംഗും തുടർന്നുള്ള നീക്കവും വിപണിഗതിയെ സ്വാധീനിക്കും. റീട്ടെയിൽ നിക്ഷേപകർ മടിച്ചു നിന്നപ്പോൾ സ്ഥാപനങ്ങളാണ് ഹ്യുണ്ടായ് ഐപിഒയെ രക്ഷിച്ചത്. അമിത വിലയാണു ചോദിക്കുന്നത് എന്ന റീട്ടെയിൽ നിക്ഷേപകരുടെ വിലയിരുത്തലിനെ ശരിവയ്ക്കുന്ന രീതിയിൽ ഗ്രേ മാർക്കറ്റ് പ്രീമിയം ഒരു ശതമാനത്തിനു താഴെയായി.
ആഗോള വിപണികൾ ഉയർച്ച തുടരാനുള്ള സൂചനകൾ നൽകുന്നു. ചൈനയിൽ കൂടുതൽ ഉത്തേജക പദ്ധതികൾ പ്രഖ്യാപിക്കും എന്നു ധനമന്ത്രിയും കേന്ദ്ര ബാങ്ക് ഗവർണറും പറഞ്ഞതു ലോഹ വിപണിയെ ഉണർത്തി. ഡിമാൻഡ് കുറയുന്നതു കണക്കാക്കി ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ഔൺസിനു 2700 ഡോളറിനു മുകളിൽ ക്ലോസ് ചെയ്ത സ്വർണം വീണ്ടും കയറുമെന്ന സൂചനയാണു നൽകുന്നത്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,895 ൽ ക്ലാേസ് ചെയ്തു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച മിതമായ നേട്ടത്തിൽ അവസാനിച്ചു. തുടർച്ചയായി രണ്ട് ആഴ്ച പ്രതിവാര നേട്ടം ഉണ്ടായി. ടെക്നോളജി ഓഹരികളും ലക്ഷുറി കമ്പനി ഓഹരികളും നല്ല നേട്ടം കാണിച്ചു. ഗൂച്ചീ ഉടമയായ കെറിംഗിൻ്റെ ഓഹരി അഞ്ചു ശതമാനം വരെ കയറി.
യുഎസ് വിപണികൾ വെള്ളിയാഴ്ച ചെറിയ കയറ്റത്തോടെ ക്ലാേസ് ചെയ്തു. ഡൗ ജോൺസും എസ് ആൻഡ് പിയും പുതിയ റെക്കോർഡ് ഉയരത്തിൽ എത്തി. ഒപ്പം തുടർച്ചയായ ആറ് ആഴ്ച നേട്ടത്തോടെ അവസാനിച്ച് ഈ വർഷത്തെ ഏറ്റവും നീണ്ട പ്രതിവാര നേട്ടം വരച്ചു.
മൂന്നാം പാദത്തിൽ പ്രതീക്ഷയിലും മികച്ച ലാഭവും വരുമാനവും നേടിയ നെറ്റ്ഫ്ലിക്സ് 11 ശതമാനം കുതിച്ചു. പ്രോക്ടർ ആൻഡ് ഗാംബിളും പ്രതീക്ഷകളെ കവച്ചു വച്ചു. എസ് ആൻഡ് പി 500ലെ 70ലധികം കമ്പനികൾ ഇതുവരെ റിസൽട്ട് പുറത്തു വിട്ടു. ഇവയിൽ 75 ശതമാനവും പ്രതീക്ഷയിലധികം ലാഭവും വരുമാനവും ഉണ്ടാക്കി. വിപണിയുടെ ബുൾ കുതിപ്പ് തുടരാൻ സഹായിക്കുന്നതാണ് ഇക്കാര്യം.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 36.86 പോയിൻ്റ് (0.09%) ഉയർന്ന് 43,239.10 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 23.20 പോയിൻ്റ് (0.40%) കയറി 5864.67-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 115.94 പോയിൻ്റ് (0.63%) കയറി 18,489.55 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ ചെറിയ നേട്ടത്തിലാണ്. ഡൗ 0.11 ഉം എസ് ആൻഡ് പി 0.14 ഉം നാസ്ഡാക് 0.19 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.083 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു രണ്ടു മണിക്കൂറിനു ശേഷം ശക്തമായ തിരിച്ചു കയറ്റം നടത്തി. തിരുത്തലിലേക്കു നീങ്ങും മുൻപ് തിരിച്ചു കയറുന്ന സമീപകാല പ്രവണത വെള്ളിയാഴ്ചയും ആവർത്തിച്ചു.
ഐടി, എഫ്എംസിജി, ഓയിൽ - ഗ്യാസ് ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു.
മൈൻഡ് ട്രീ 6.06 ഉം ഇൻഫോസിസ് 4.22 ഉം എൽ ആൻഡ് ടി ടെക്നിക്കൽ സർവീസസ് 1.74 ഉം ടെക് മഹീന്ദ്ര 0.82 ഉം ശതമാനം ഇടിഞ്ഞു. അതേസമയം മികച്ച റിസൽട്ട് പുറത്തുവിടുകയും ബോണസ് ഇഷ്യു പ്രഖ്യാപിക്കുകയും ചെയ്ത വിപ്രോ അഞ്ചു ശതമാനം വരെ ഉയർന്നിട്ട് 3.6 ശതമാനം നേട്ടത്തിൽ അവസാനിച്ചു.
എഫ്എംസിജി മേഖലയിൽ പ്രോക്ടർ ആൻഡ് ഗാംബിൾ 3.54 ഉം ബ്രിട്ടാനിയ 1.98 ഉം നെസ്‌ലെ 1.21 ഉം ശതമാനം താഴ്ന്നു. ഹിന്ദുസ്ഥാൻ യൂണിലീവറും ഐടിസിയും താഴ്ചയിലായി.
നഗരങ്ങളിൽ പ്രകൃതിവാതകം വിതരണം ചെയ്യുന്ന കമ്പനികൾക്ക് നിയന്ത്രിത വിലയിൽ ലഭിച്ചിരുന്ന ആഭ്യന്തര പ്രകൃതിവാതകത്തിൻ്റെ അളവ് 20 ശതമാനം കുറച്ചു. ഇത് മഹാനഗർ ഗ്യാസിനെ 14.6 ശതമാനവും ഇന്ദ്രപ്രസ്ഥ ഗ്യാസിനെ 13 ശതമാനവും താഴ്ത്തി. രണ്ടു കമ്പനികളും 10 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഗുജറാത്ത് ഗ്യാസ്, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയവയും താഴ്ന്നു.
ബാങ്ക്, ധനകാര്യ, മെറ്റൽ സൂചികകൾ ഒന്നര ശതമാനത്തിലധികം വീതം ഉയർന്നു. മികച്ച മൂന്നാം പാദ റിസൽട്ടിനെ തുടർന്ന് ആക്സിസ് ബാങ്ക് 5.76 ശതമാനം കുതിച്ചു. ഐസിഐസിഐ ബാങ്ക് 2.90 ഉം ശ്രീറാം ഫിനാൻസ് 2.80ഉം ശതമാനം ഉയർന്നു.
ഉപകമ്പനിയായ ആശീർവാദ് മെെക്രാേ ഫിനാൻസ് വായ്പകൾ നൽകുന്നതു റിസർവ് ബാങ്ക് വിലക്കിയതിനെ തുടർന്ന് മണപ്പുറം ജനറൽ ഫിനാൻസ് ഓഹരി 15 ശതമാനത്തിലധികം ഇടിഞ്ഞു.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 5485.70 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഇതോടെ ഈ മാസം വിദേശികളുടെ വിൽപന 80,217.90 കോടി രൂപയായി. പ്രതിമാസ വിദേശിവിൽപനയിൽ ഇതു റെക്കോർഡ് ആണ്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5214.83 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. അവരുടെ പ്രതിമാസ നിക്ഷേപം 74,176.20 കോടിയിൽ എത്തി.
വെള്ളിയാഴ്ച എൻഎസ്ഇയിൽ 1352 ഓഹരികൾ ഉയർന്നപ്പോൾ 1419 ഓഹരികൾ താണു. ബിഎസ്ഇയിൽ 1839 എണ്ണം കയറി, 2110 എണ്ണം താഴ്ന്നു.
വെള്ളിയാഴ്ച സെൻസെക്സ് 218.14 പാേയിൻ്റ് (0.27%) ഉയർന്ന് 81,224.75 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 104.20 പോയിൻ്റ് (0.42%) കയറി 24,854.05 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 805.40 പോയിൻ്റ് (1.57%) കുതിച്ച് 52,094.20 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.31 ശതമാനം ഉയർന്ന് 58,649.12 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 0.06% കയറി 19,077.80 ൽ വ്യാപാരം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച വിപണി ഉയർന്നതു ബുള്ളുകൾ കരുത്തരായതു കൊണ്ടാണെന്നു നിക്ഷേപ വിദഗ്ധർ കരുതുന്നില്ല. ഈയാഴ്ച വരുന്ന നാനൂറിലേറെ കമ്പനി റിസൽട്ടുകൾ തന്നെയാകും വിപണിഗതിയെ നിയന്ത്രിക്കുക. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി, ഹിന്ദുസ്ഥാൻ യൂണിലീവർ, കോൾ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബിപിസിഎൽ, കോൾ ഇന്ത്യ തുടങ്ങിയവയുടെ റിസൽട്ട് ഈയാഴ്ച വരും. ഹ്യൂണ്ടായ് ഇന്ത്യയുടെ ഓഹരി നാളെ ലിസ്റ്റ് ചെയ്യുമ്പോൾ ഉയരുമാേ താഴുമോ എന്നതും വിപണിഗതിയെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്.
സ്വർണക്കുതിപ്പ് തുടരാം
സ്വർണത്തെ ദിവസേന പുതിയ റെക്കോർഡ് കുറിച്ച ആഴ്ചയാണു കടന്നു പോയത്. പലിശ കുറയ്ക്കൽ സംബന്ധിച്ച വ്യത്യസ്ത വ്യാഖ്യാനങ്ങളും യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പു സംബന്ധിച്ച അനിശ്ചിതത്വവും ആണു സ്വർണത്തെ ഔൺസിനു 2700 ഡോളറിനു മുകളിൽ കയറ്റിയത്. ഇനി 3000 ഡോളർ ആകും സ്വർണം ലക്ഷ്യം വയ്ക്കുക എന്നാണ് എല്ലാവരും കരുതുന്നത്. 2025 ൽ തന്നെ അതു സാധിക്കുമെന്നു കരുതുന്നവർ കുറവല്ല.
സമീപകാലത്തൊന്നും ഉണ്ടാകാത്ത വലിയ കുതിപ്പിലാണു സ്വർണം ഈ വർഷം. ഒരു വർഷം കൊണ്ട് ഒരൗൺസ് സ്വർണത്തിന് 773.90 ഡോളർ വർധിച്ചു. 39.73 ശതമാനം ഉയർച്ച. ഈ വർഷം ജനുവരി ഒന്നു മുതൽ ഇതുവരെ കയറ്റം 31.92 ശതമാനം. ഔൺസിന് 2063.20 ഡോളറിൽ നിന്ന് 2721.80 ഡോളറിലേക്ക്.
വെള്ളിയാഴ്ച സ്വർണം സ്പാേട്ട് വിപണിയിൽ ഔൺസിന് 2728 ഡോളർ വരെ എത്തിയിട്ട് 2721.80 ഡോളറിൽ ക്ലോസ് ചെയ്തു. ഡിസംബർ അവധിവില 2741 ഡോളർ വരെ കയറി.
കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച 640 രൂപ വർധിച്ച് പവന് 57,920 രൂപ എന്ന റെക്കോർഡിൽ എത്തി. ശനിയാഴ്ച 320 രൂപ കൂടി 58,240 രൂപയിൽ റെക്കോർഡ് എത്തിച്ചു.
വെള്ളിവില വെള്ളിയാഴ്ച ഔൺസിനു 2.02 ഡോളർ കയറി ഔൺസിന് 33.68 ഡോളർ ആയി. അഞ്ചു ശതമാനത്തിലധികം വർധനയാണ് കഴിഞ്ഞ ആഴ്ച ഉണ്ടായത്.
ഡോളർ വെള്ളിയാഴ്ച അൽപം താഴ്ന്നു. ഡോളർ സൂചിക 103.46 ൽ ക്ലാേസ് ചെയ്തു.
ഇന്ത്യൻ രൂപ വെള്ളിയാഴ്ച പിടിച്ചു നിന്നു. ഡോളർ മാറ്റമില്ലാതെ 84.09
രൂപയിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ വലിയ ഇടപെടൽ നടത്തി.
ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ഒന്നര ശതമാനം താഴ്ന്ന് 73.06 ഡോളറിലാണു ക്ലോസ് ചെയ്തത്. ഡബ്ല്യുടിഐ ഇനം 69.22 ഉം യുഎഇയുടെ മർബൻ ക്രൂഡ് 72.93 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ ഉയർന്നു നീങ്ങുന്നു. ബിറ്റ്കോയിൻ 68,400 ഡോളറിനു മുകളിലാണ്. ഈഥർ 2655 ഡോളർ വരെ കയറി.
പാർപ്പിട മേഖലയ്ക്കു ചൈന പ്രഖ്യാപിച്ച പാക്കേജിനു പുറമേ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നു ചൈനീസ് ധനമന്ത്രി അറിയിച്ചതും പലിശ ഇനിയും കുറയ്ക്കുമെന്ന് ചൈനീസ് കേന്ദ്ര ബാങ്ക് സൂചിപ്പിച്ചതും വെള്ളിയാഴ്ച വ്യാവസായിക ലോഹങ്ങളെ ഉയർത്തി. ചെമ്പ് 1.26 ശതമാനം കയറി ടണ്ണിന് 9502.86 ഡോളറിൽ എത്തി. അലൂമിനിയം 1.43 ശതമാനം ഉയർന്ന് ടണ്ണിന് 2590.10 ഡോളർ ആയി. ടിൻ 0.62 ഉം സിങ്ക് 2.47 ഉം നിക്കൽ 0.92 ഉം ശതമാനം വർധിച്ചു. ലെഡ് 0.15 ശതമാനം താഴ്ന്നു.
വിപണിസൂചനകൾ
(2024 ഒക്ടോബർ 18, വെള്ളി)
സെൻസെക്സ് 30 81,224.75 +0.27%
നിഫ്റ്റി50 24,854.05 +0.42%
ബാങ്ക് നിഫ്റ്റി 52,094.20 +1.57%
മിഡ് ക്യാപ് 100 58,649.12 +0.31%
സ്മോൾ ക്യാപ് 100 19,077.80 +0.06%
ഡൗ ജോൺസ് 30 43,275.91
+0.09%
എസ് ആൻഡ് പി 500 5864.67 +0.40%
നാസ്ഡാക് 18,489.55 +0.63%
ഡോളർ($) ₹84.07 +₹0.00
ഡോളർ സൂചിക 103.46 -0.37
സ്വർണം (ഔൺസ്) $2721.80 +$28.30
സ്വർണം (പവൻ) ₹57,920 +₹640
ശനി: (പവൻ) ₹58,240 +₹320
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.06 -$01.39