'അദാനി കാറ്റ്' അടങ്ങുമോ?; ഫണ്ടുകളും സ്ഥാപനങ്ങളും പണം ഇറക്കും; വിദേശികൾ വിൽപന കൂട്ടി; വിദേശവിപണി സൂചനകൾ പോസിറ്റീവ്
അദാനി കാറ്റിൽ നിന്നു മാറി യുഎസിലെ ഇന്നലത്തെ കുതിപ്പിനു പിന്നാലെ പോകാൻ ഇന്ന് ഇന്ത്യൻ വിപണി ശ്രമിക്കും.എന്നാൽ വിദേശ നിക്ഷേപകർ ഇന്നലത്തേതു പോലെ വലിയ വിൽപന തുടർന്നാൽ വീണ്ടും വിപണി താഴും. സ്വദേശി നിക്ഷേപ സ്ഥാപനങ്ങളും മ്യൂച്വൽ ഫണ്ടുകളും വലിയ തോതിൽ വാങ്ങാൻ ഉണ്ടാകും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,457 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,450 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്ന് നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യുഎസ് വിപണി വ്യാഴാഴ്ച ഭിന്ന രീതികളിൽ നീങ്ങി. ഡൗ ജോൺസ് കുതിച്ചു കയറി. എസ് ആൻഡ് പി അൽപം കയറി, നാസ്ഡാക് നാമമാത്രമായി ഉയർന്നു. ബാങ്കുകൾ, റീട്ടെയിൽ ചെയിനുകൾ, വലിയ യന്ത്ര നിർമാതാക്കൾ തുടങ്ങിയവ കുതിച്ചാണു ഡൗവിനെ കയറ്റിയത്. ട്രംപിൻ്റെ നയങ്ങൾ അവയെ സഹായിക്കും എന്നാണു വിലയിരുത്തൽ.
പ്രതീക്ഷയെ മറികടന്ന എൻവിഡിയ നാലാംപാദ വളർച്ച കുറവാകും എന്നു പറഞ്ഞതു രാവിലെ ഓഹരിയെ താഴ്ത്തിയെങ്കിലും പിന്നീട് അര ശതമാനം ഉയർന്ന് ക്ലോസ് ചെയ്തു. അതേസമയം ആൽഫബെറ്റും ആമസോണും താഴ്ന്നു. ഗൂഗിളിനെ മുറിക്കാനുള്ള സർക്കാർ ശ്രമമാണു വിഷയം.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 46188 പോയിൻ്റ് (1.06%) കുതിച്ച് 43,870.40 ൽ ക്ലോസ് ചെയ്തു.എസ് ആൻഡ് പി 31.60 പോയിൻ്റ് (0.53%) ഉയർന്ന് 5948.71 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 6.28 പോയിൻ്റ് (0.03%) കയറി 18,972.40 ൽ ക്ലോസ് ചെയ്തു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.416 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് മാറി. പലിശ നിരക്ക് ഉയർന്നു നിൽക്കും എന്ന നിഗമനം വിപണി തുടരുന്നു.
യൂറോപ്യൻ വിപണികൾ ഇന്നലെ ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കൈ 0.85 ശതമാനം ഉയർന്നു.
ഇന്ത്യൻ വിപണി
വ്യാഴാഴ്ച അദാനി കാറ്റിൽ ഇന്ത്യൻ വിപണി വല്ലാതെ ഉലഞ്ഞു. രാവിലെ വലിയ താഴ്ച ഉണ്ടായ ശേഷം വിപണി നഷ്ടം കുറച്ചു. സെൻസെക്സ് 76,802.73 വരെ ഇടിഞ്ഞ ശേഷം 355 പോയിൻ്റ് തിരിച്ചു കയറി. നിഫ്റ്റി 23,263 വരെ താഴ്ന്ന ശേഷം 86 പോയിൻ്റ് വീണ്ടെടുത്തു. മുഖ്യ സൂചികകൾ 0.72 ശതമാനം വരെ താഴ്ന്ന് അവസാനിച്ചപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അര ശതമാനത്തിൽ താഴെയേ ഇടിഞ്ഞുള്ളൂ.
ഇന്ത്യയിലെ ₹2,000 കോടി കൈക്കൂലിക്ക് കേസ് യു.എസില്‍! അതെങ്ങനെ?
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം വീണ്ടും ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 2410 ഓഹരികൾ ഉയർന്നപ്പോൾ 1559 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 828 എണ്ണം ഉയർന്നു, താഴ്ന്നത് 2010 എണ്ണം.
നിഫ്റ്റി 168.60 പോയിൻ്റ് (0.72%) ഇടിഞ്ഞ് 23,349.90 ൽ അവസാനിച്ചു. സെൻസെക്സ് 422.59 പോയിൻ്റ് (0.54%) താഴ്ന്ന് 77,155.79 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.50 ശതമാനം (253.60 പോയിൻ്റ്) താഴ്ന്ന് 50,372.90 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.30 ശതമാനം കുറഞ്ഞ് 54,385.35 ലും സ്മോൾ ക്യാപ് സൂചിക 0.46 ശതമാനം ഇടിഞ്ഞ് 17,596.60 ലും ക്ലോസ് ചെയ്തു.
റിയൽറ്റി, ഐടി, സ്വകാര്യ ബാങ്ക് എന്നിവ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. പൊതുമേഖലാ ബാങ്കുകൾക്കാണു കൂടുതൽ നഷ്ടം അദാനി ഗ്രൂപ്പിന് എസ്ബിഐയും മറ്റും നൽകിയ വായ്പകളെപ്പറ്റി വിപണിക്ക് ആശങ്കകൾ ഉണ്ട്.
വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ 5320.68 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4200.16 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഫെഡറൽ ബാങ്ക് ഓഹരി 211.44 എന്ന റെക്കോർഡ് കുറിച്ചിട്ട് 2.01 ശതമാനം നേട്ടത്തോടെ 210.80 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി 2.09 ശതമാനം താഴ്ന്ന് 22.45 രൂപയിൽ അവസാനിച്ചു.
കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരി വീണ്ടും അഞ്ചു ശതമാനം ഉയർന്ന് 667.05 രൂപയിൽ ക്ലോസ് ചെയ്തു.
കൊച്ചിൻ ഷിപ്പ് യാർഡ് 4.67 ശതമാനം ഇടിഞ്ഞ് 1296.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി സൂചിക ബെയറിഷ് ആണെന്നു ചാർട്ടുകൾ കാണിക്കുന്നു. ഇന്നും താഴ്ന്നു വ്യാപാരം തുടർന്നാൽ 23,200 ലേക്കു സൂചിക വീഴാം എന്നാണു വിലയിരുത്തൽ. ഉയർന്നാൽ 23,500-23,550 ൽ പ്രതിരോധം ഉണ്ട്. നിഫ്റ്റിക്ക് ഇന്ന് 23,280 ലും 23,225 ലും പിന്തുണ കിട്ടാം. 23,470 ഉം 23,525 ഉം തടസങ്ങൾ ആകാം.
അദാനിയുടെ വളർച്ചയ്ക്കു ഭീഷണി
അദാനി ഗ്രൂപ്പ് കമ്പനികൾ ഇന്നലെ 23.4 ശതമാനം വരെ ഇടിഞ്ഞു. ഗ്രൂപ്പിൻ്റെ വിപണിമൂല്യം 2.23 ലക്ഷം കോടി രൂപ കുറഞ്ഞു. അദാനിയുടെ സമ്പത്തിൽ വന്ന കുറവ് 1.02 ലക്ഷം കോടി രൂപ. ലോക സമ്പന്ന പട്ടികയിൽ 22-ാം സ്ഥാനത്തു നിന്ന് 25-ാം സ്ഥാനത്തേക്ക് അദാനി താഴ്ന്നു.
അദാനി ഗ്രൂപ്പിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നവ ആണ് എന്ന വിലയിരുത്തലിലാണ് വിപണി. ക്രിമിനൽ കേസ് എടുത്ത ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റീസുമായും സിവിൽ കേസ് എടുത്ത എസ്ഇസിയുമായും ഒത്തുതീർപ്പ് സാധ്യമാക്കുന്നതാണു യുഎസ് നിയമവ്യവസ്ഥ. കുറ്റം സമ്മതിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തു കൊണ്ടാകും ഇതു സാധിക്കുക. എന്നാൽ ഈ ഒത്തുതീർപ്പ് അമേരിക്കൻ നിക്ഷേപകരിൽ നിന്നു പണം സമാഹരിക്കാനുള്ള ഗ്രൂപ്പിൻ്റെ ഭാവിസാധ്യത കുറയ്ക്കും. അതു വഴി ഗ്രൂപ്പിൻ്റെ ബിസിനസ് വളർച്ച കുറയും. കഴിഞ്ഞ ദിവസം നടത്തിയ 60 കോടി ഡോളറിൻ്റെ ബോണ്ട് വിൽപന റദ്ദാക്കേണ്ടി വന്നു. കെനിയ അദാനി ഗ്രൂപ്പുമായുള്ള രണ്ടു കരാറുകൾ റദ്ദാക്കി. ഇതെല്ലാം സൂചനകളാണ്.
2022 മുതൽ തന്നെ അദാനി ഗ്രൂപ്പിന് ഈ അന്വേഷണത്തെപ്പറ്റി അറിവ് ഉണ്ടായിരുന്നു. ഗൗതം അദാനിയുടെ സഹോദരപുത്രനായ സാഗർ അദാനിയുടെ ഓഫീസിൽ യുഎസ് എഫ്ബിഐ 2023 ൽ അന്വേഷണം നടത്തുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് ഏജൻസികൾ ചില അന്വേഷണങ്ങൾ നടത്തുന്നതായി കഴിഞ്ഞ വർഷവും ഈ വർഷവും ബോണ്ടുകൾ വിറ്റപ്പോൾ ഇറക്കിയ പ്രോസ്‌പെക്ടസിൽ അദാനി ഗ്രീൻ എനർജി കമ്പനി പറഞ്ഞിരുന്നു.
ജിക്യുജി ചാഞ്ചാടുന്നു
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് തകർന്ന അദാനി ഗ്രൂപ്പ് ഓഹരികളെ രക്ഷിച്ച രാജീവ് ജയിനിൻ്റെ കമ്പനിയുടെ ഓഹരികളിൽ വലിയ ചാഞ്ചാട്ടമാണ്. ഓസ്ട്രേലിയയിലെ സിഡ്നി എക്സ്ച്രഞ്ചിലാണ് ജിക്യുജി പാർട്ട്നേഴ്സ് എന്ന നിക്ഷേപ കമ്പനി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ ആ ഓഹരി 26 ശതമാനം ഇടിഞ്ഞു. ഇന്ന് രാവിലെ 11 ശതമാനം കയറിയിട്ട് ഏഴു ശതമാനമായി നേട്ടം കുറഞ്ഞു. പിന്നീടു ചാഞ്ചാട്ടമായി.
ഈ നിക്ഷേപ സ്ഥാപനം അദാനി ഗ്രൂപ്പിലാണ് തങ്ങളുടെ ആസ്തിയുടെ പത്തു ശതമാനം നിക്ഷേപിച്ചിട്ടുള്ളത്. 2023 ജനുവരി - ഫെബ്രുവരിയിൽ തകർന്നടിഞ്ഞ ഓഹരികൾ വാങ്ങിക്കൂട്ടിയ ജയിൻ ആ നിക്ഷേപം വലിയ ലാഭമായി എന്നു പിന്നീട് പറഞ്ഞു. പുതിയ ആരോപണങ്ങൾ പരിശാേധിച്ച് ആവശ്യമെങ്കിൽ പോർട് ഫോളിയോയിൽ മാറ്റം വരുത്തുമെന്നു ജിക്യുജിയുടെ വക്താവ് സിഡ്നി എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്.
സ്വർണം മുന്നോട്ടു തന്നെ
യുക്രെയ്ൻ യുദ്ധം അടക്കമുള്ള കാര്യങ്ങൾ സ്വർണത്തെ വീണ്ടും കയറ്റുന്നു. ഈയാഴ്ച ഇതുവരെ ഔൺസിന് 110 ഡോളർ വർധിച്ചു. വ്യാഴാഴ്ച ഔൺസിന് 2669.70 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില 2678 ഡോളറിൽ എത്തി.
കേരളത്തിൽ സ്വർണവില വ്യാഴാഴ്ച പവന് 240 രൂപ വർധിച്ച് 57,160 രൂപയായി. ഇന്നും വില കയറും.
വെള്ളിവില ഔൺസിന് 30.75 ഡോളറിലേക്കു താഴ്ന്നു.
കറൻസി വിപണിയിൽ ഡോളർ വീണ്ടും കയറ്റത്തിലായി. ഡോളർ സൂചിക വ്യാഴാഴ്ചയും കുതിച്ചു കയറി 106.97 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 107.03 ലാണ്.
ഡോളർ സമ്മർദത്തിനിടയിൽ രൂപ വ്യാഴാഴ്ച ഇടിഞ്ഞു. ഡോളർ എട്ടു പൈസ കൂടി 84.49 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വ്യാഴാഴ്ച രണ്ടു ശതമാനം കയറി 74.37 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 74.40 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 70.28 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.59 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റാേ കറൻസികൾ റെക്കോർഡുകൾ തിരുത്തി കുതിക്കുകയാണ്. ബിറ്റ് കോയിൻ ഈ ദിവസങ്ങളിൽ തന്നെ ഒരു ലക്ഷം ഡോളറിൽ എത്തുമെന്ന മട്ടിലാണു കയറ്റം. ഇന്നലെ 99,046.94 ഡോളർ വരെ എത്തി റെക്കോർഡ് കുറിച്ചു. പിന്നീടു താഴ്ന്ന് 98,800 ആയി. ഈഥർ ഇന്നലെ 3389.90 ഡോളർ വരെ എത്തി. ട്രംപ് അധികാരമേൽക്കുന്ന ജനുവരി 20 നു താൻ പദവി ഒഴിയുമെന്ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) മേധാവി ഗാരി ഗെൻസ്ലർ അറിയിച്ചതാണു പുതിയ കുതിപ്പിനു കാരണം. ഗെൻസ്ലർ ക്രിപ്റ്റോകൾക്ക് എതിരാണ്. ട്രംപ് അനുകൂലവും. ട്രംപ് തൻ്റെ ഇഷ്ടത്തിനു നിൽക്കുന്ന ആളെ എസ്ഇസി യിൽ നിയമിക്കുന്നത് ക്രിപ്റ്റോകൾക്ക് അംഗീകാരം കിട്ടാൻ വഴി തുറക്കും എന്നാണു ധാരണ.
മിക്ക വ്യാവസായിക ലോഹങ്ങളും വ്യാഴാഴ്ച താഴ്ന്നു. ചെമ്പ് 0.25 ശതമാനം താണ് ടണ്ണിന് 8945.05 ഡോളറിൽ എത്തി. അലൂമിനിയം 0.11 ശതമാനം താഴ്ന്നു ടണ്ണിന് 2630.55 ഡോളർ ആയി. സിങ്ക് 0.29 ശതമാനം ഉയർന്നു. നിക്കൽ 2.06 ഉം ലെഡ് 1.50 ഉം ടിൻ 1.16 ഉം ശതമാനം താഴ്ന്നു..
വിപണിസൂചനകൾ
(2024 നവംബർ 21, വ്യാഴം)
സെൻസെക്സ് 30 77,155.79 -0.54%
നിഫ്റ്റി50 23,349.90 -0.72%
ബാങ്ക് നിഫ്റ്റി 50,372.90 -0.50%
മിഡ് ക്യാപ് 100 54,385.35 -0.30%
സ്മോൾ ക്യാപ് 100 17,596.60 -0.46%
ഡൗ ജോൺസ് 43,870.40 +1.06%
എസ് ആൻഡ് പി 5948.71 +0.53%
നാസ്ഡാക് 18,972.40 +0.03%
ഡോളർ($) ₹84.49 +₹0.08
ഡോളർ സൂചിക 106.97 +0.29
സ്വർണം (ഔൺസ്) $2669.70 +$19.10
സ്വർണം(പവൻ) ₹57,160 +₹ 240
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.37 +$01.25