വിപണി തിരുത്തൽ മേഖലയിലേക്ക്; കയറ്റത്തിനു വഴി കാണാതെ ബുള്ളുകൾ; ഹ്യുണ്ടായ് ലിസ്റ്റിംഗിൽ നിരാശ; സ്വർണം വീണ്ടും കയറി
തിരുത്തൽ മേഖലയിൽ കടക്കാതെ വിപണി തിരിച്ചുകയറും എന്ന പ്രതീക്ഷ തകിടം മറിക്കുന്നതായി ഇന്നലത്തെ വ്യാപാരം. നാലാഴ്ച മുമ്പത്തെ റെക്കോർഡ് നിലവാരത്തിൽ നിന്ന് ഏഴു ശതമാനം താഴ്ചയിലായി മുഖ്യ സൂചികകൾ. മിഡ്, സ്മോൾ ക്യാപ് സൂചികകൾ എട്ടു ശതമാനത്തിലധികം വീണു. വിദേശനിക്ഷേപകരുടെ ഈ മാസത്തെ വിൽപന 1000 കോടി ഡോളർ കടന്നു. ഹ്യുണ്ടായ് മോട്ടോർ ഓഹരി ലിസ്റ്റിംഗിൽ താഴ്ന്നതും വിപണി മനോഭാവം നെഗറ്റീവ് ആക്കി. ഈ വർഷത്തെ ജിഡിപി വളർച്ച സംബന്ധിച്ച സൂചനകളും അനുകൂലമല്ല. നഗരങ്ങളിൽ എഫ്എംസിജി വിൽപന വളർച്ച കുറഞ്ഞതായി നെസ്ലെ, ടാറ്റാ കൺസ്യൂമർ, പർലെ, ബ്രിട്ടാനിയ തുടങ്ങിയ കമ്പനികൾ പറയുന്നതും വിപണിയെ ആശങ്കപ്പെടുത്തുന്നു.
വിദേശ സൂചനകളും വിപണിക്ക് ആവേശം പകരുന്നതല്ല. യുഎസ് വിപണിയുടെ മുന്നേറ്റം താഴ്ന്ന നിലവാരത്തിലാകും എന്നു നിക്ഷേപ ബാങ്കുകൾ മുന്നറിയിപ്പ് നൽകിത്തുടങ്ങി.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,575 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,539 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നേരിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ചെറിയ നഷ്ടത്തിൽ അവസാനിച്ചു. സോഫ്റ്റ് വേർ ഭീമൻ സാപ് വരുമാന പ്രതീക്ഷ ഗണ്യമായി ഉയർത്തിയതു ടെക്നോളജി മേഖലയ്ക്കു കുതിപ്പായി. സാപ് ഓഹരി റെക്കോർഡിലായി.
യുഎസ് വിപണികൾ ചൊവ്വാഴ്ചയും ഭിന്നദിശകളിലായി. ഡൗവും എസ് ആൻഡ് പിയും തുടർച്ചയായ രണ്ടാം ദിവസവും താഴ്ന്നു. നാസ്ഡാക് മിതമായി ഉയർന്നു. പലിശ കുറയ്ക്കൽ ചർച്ചകൾ പലിശ കൂടാനുള്ള സാധ്യതയിലേക്കു കടന്നതാണു വിപണിയെ ഉലയ്ക്കുന്ന പുതിയ കാര്യം. കടപ്പത്ര വിപണി കുറച്ചു ദിവസമായി പലിശ കൂടും എന്ന നിഗമനത്തിലാണു നീങ്ങുന്നത്. പത്തു വർഷ യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.2 ശതമാനത്തിലേക്കു കയറിയത് അതു കൊണ്ടാണ്. ഓഹരിവിപണി ഇപ്പോഴും നവംബർ ആദ്യ ആദ്യം പലിശ കാൽ ശതമാനം കുറയ്ക്കുമെന്നു കണക്കാക്കുന്നുണ്ട്.
ഇന്നലെ ജനറൽ മോട്ടോഴ്സ് പ്രതീക്ഷയിലും മികച്ച മൂന്നാം പാദ റിസൽട്ട് പുറത്തു വിട്ടു. മാൾബറോ നിർമാതാക്കളായ ഫിലിപ്പ് മോറിസിൻ്റെ റിസൽട്ടും പ്രതീക്ഷയെ മറി കടന്നു. രണ്ട് ഓഹരികളും 10 ശതമാനം ഉയർന്നു. ഇന്നു ടെസ്‌ലയും കൊക്ക കോളയും റിസൽട്ട് പുറത്തുവിടും.
ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 6.71 പോയിൻ്റ് (0.02%) താഴ്ന്ന് 42,924.89 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 2.78 പോയിൻ്റ് (0.05%) കുറഞ്ഞ് 5851.20-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 33.12 പോയിൻ്റ് (0.18%) കയറി 18,573.13 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നഷ്ടത്തിലാണ്. ഡൗ 0.32 ഉം എസ് ആൻഡ് പി 0.14 ഉം നാസ്ഡാക് 0.19 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില, 4.222 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഇന്നു രാവിലെ കയറ്റത്തിലാണ്. ജപ്പാനിലെ ഏറ്റവും വലിയ ഐപിഒ യ്ക്കു ശേഷം ഇന്നു രാവിലെ ടോക്കിയോ മെട്രോ ഓഹരി 40 ശതമാനം നേട്ടത്തിൽ ലിസ്റ്റ് ചെയ്തതു ജാപ്പനീസ് വിപണിക്കു കരുത്തായി. ചൈനീസ് വിപണി താഴ്ന്നാണു തുടങ്ങിയത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചൊവ്വാഴ്ചയും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചിട്ടു വലിയ നഷ്ടത്തിലേക്കു വീണു. മിഡ് ക്യാപ് സൂചിക 2.61 ഉം സ്മോൾ ക്യാപ് സൂചിക 3.92 ഉം ശതമാനം ഇടിഞ്ഞു. വിശാലവിപണിയിൽ ഇന്നലെ ഒരോഹരി ഉയരുമ്പോൾ എട്ട് ഓഹരി താഴുന്നതായിരുന്നു നില. സെപ്റ്റംബർ 27 ലെ റെക്കോർഡ് നിലയിൽ നിന്ന് നിഫ്റ്റി ഏഴും സെൻസെക്സ് 6.7 ഉം ശതമാനം ഇടിഞ്ഞാണു നിൽക്കുന്നത്. മിഡ്, സ്മോൾ ക്യാപ് സൂചികകൾ എട്ടു ശതമാനത്തിലധികം ഇടിഞ്ഞു.
എല്ലാ മേഖലകളും വലിയ താഴ്ചയിലായി. പൊതുമേഖലാ ബാങ്കുകൾ 4.18 ഉം റിയൽറ്റി 3.38 ഉം മെറ്റൽ മൂന്നും വാഹനങ്ങൾ 2.47 ഉം കൺസ്യൂമർ ഡ്യൂറബിൾസ് 2.38 ഉം ഓയിൽ - ഗ്യാസ് 2.36 ഉം ശതമാനം ഇടിഞ്ഞു.
ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 3978.61 കോടി രൂപയുടെ അറ്റവിൽപന നടത്തി. ഇതോടെ ഈ മാസം വിദേശികളുടെ വിൽപന 86,458.34 കോടി രൂപയായി. പ്രതിമാസ വിദേശിവിൽപനയിൽ ഇതു റെക്കോർഡ് ആണ്. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി ഇന്നലെ 5869.06 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. അവരുടെ പ്രതിമാസ നിക്ഷേപം 83,271.17 കോടിയിൽ എത്തി.
തിങ്കളാഴ്ച എൻഎസ്ഇയിൽ 331 ഓഹരികൾ ഉയർന്നപ്പോൾ 2516 ഓഹരികൾ താണു. ബിഎസ്ഇയിൽ 494 എണ്ണം കയറി, 3499 എണ്ണം താഴ്ന്നു.
ഇന്നലെ സെൻസെക്സ് 930.55 പാേയിൻ്റ് (1.15%) നഷ്ടത്തിൽ 80,220.72 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 309 പോയിൻ്റ് (1.25%) ഇടിഞ്ഞ് 24,472.10 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 705.55 പോയിൻ്റ് (1.36%) താഴ്ന്ന് 51,257.15 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 2.61 ശതമാനം താഴ്ന്ന് 56,174.05 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 3.92% ഇടിഞ്ഞ് 18,061.00 ൽ വ്യാപാരം അവസാനിപ്പിച്ചു.
വിപണി ഉയരാൻ വഴികൾ കാണുന്നില്ല. വിദേശനിക്ഷേപകരുടെ വിൽപന നിർത്തില്ലാതെ തുടരുകയാണ്. അതിനിടെ പലിശ കുറയ്ക്കൽ വൈകും എന്ന ആശങ്കയും ഉയരുന്നു. പ്രഖ്യാപിത പിന്തുണ നിലവാരങ്ങളെല്ലാം തകർത്താണു സൂചികകൾ നിൽക്കുന്നത്. ഇപ്പോൾ കാണുന്ന 24,400 ലെ പിന്തുണ നഷ്ടമായാൽ 24,000- 23,900 നിലയിലേക്കാകും പതനം എന്നു വിദഗ്ധർ കരുതുന്നു. നിഫ്റ്റിക്ക് ഇന്ന് 24,430 ഉം 24,330 ഉം പിന്തുണ നൽകാം. 24,770 ഉം 24,870 ഉം തടസങ്ങളാകും.
അദാനി ഗ്രൂപ്പിലെ ഓഹരികൾ ഇന്നലെ താഴ്ചയിലായി. ഗ്രൂപ്പിലെ അംബുജ സിമൻ്റ്സ് 8100 കോടി രൂപയ്ക്ക് ഓറിയൻ്റ് സിമൻ്റിൻ്റെ 46.8 ശതമാനം ഓഹരി വാങ്ങാൻ കരാർ ഉണ്ടാക്കി. വേറേ 26 ശതമാനം ഓഹരി വാങ്ങാൻ ഓപ്പൺ ഓഫർ നടത്തും. ഓഹരി ഒന്നിന് 395 രൂപ നൽകും. സി.കെ. ബിർലയുടേതാണ് ഓറിയൻ്റ് സിമൻ്റ്.
സിമൻ്റ് വിപണിയിൽ ഒന്നാം സ്ഥാനത്താകാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. പുതിയ ഏറ്റെടുക്കൽ കഴിയുമ്പോൾ ഗ്രൂപ്പിൻ്റെ ശേഷി 974 ലക്ഷം ടൺ ആകും. ഒന്നാം സ്ഥാനത്തുളള ആദിത്യ ബിർല ഗ്രൂപ്പിൻ്റെ ശേഷി 1500 ലക്ഷം ടൺ ആണ്.
സ്വർണം കുതിച്ചു പായുന്നു
പലിശഗതി, യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച അനിശ്ചിതത്വം സ്വർണത്തെ ഉയരങ്ങളിലേക്ക് കയറ്റുകയാണ്. യുഎസ് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകും എന്ന ആശങ്കയുമുണ്ട്. ഇതോടെ ദിവസേന റെക്കോർഡ് തിരുത്തി കുതിച്ചു പായുകയാണു സ്വർണം. കേന്ദ്രബാങ്കുകളുടെ വാങ്ങലും സ്വർണവിലയെ ഉയർത്തുന്നു. പല പ്രമുഖ നിക്ഷേപ ബാങ്കുകളും വർഷാന്ത്യത്തിലേക്കു കണക്കാക്കിയ 2700 ഡോളർ വില മാസങ്ങൾ മുമ്പേ കടന്നു. 2025ലേക്കു ലക്ഷ്യമിട്ട 3000 ഡോളറിലേക്കു വില ഉടനേ എത്തുമോ എന്നതാണ് ഇപ്പോഴത്തെ തർക്കം.
ചൊവ്വാഴ്ച സ്വർണം ഔൺസിന് 2749.40 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ വില 2745 ഡോളറിലേക്കു താഴ്ന്നു. ഡിസംബർ അവധിവില 2758.70 ഡോളർ വരെ എത്തിയിട്ടു താഴ്ന്നു.
കേരളത്തിൽ സ്വർണവില ചാെവ്വാഴ്ച മാറ്റമില്ലാതെ പവന് 58,400 രൂപയിൽ തുടർന്നു. ഇന്നു വിലയിൽ വലിയ കുതിപ്പ് പ്രതീക്ഷിക്കാം.
വെള്ളിവില ഔൺസിനു 34.82 ഡോളർ വരെ എത്തി.
ഡോളർ ചൊവ്വാഴ്ചയും കയറി. ഡോളർ സൂചിക 104.08 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 104.15 ലേക്കു കയറി.
ഇന്ത്യൻ രൂപ ചൊവ്വാഴ്ച നാമമാത്രമായി താഴ്ന്നു. ഡോളർ മാറ്റമില്ലാതെ 84.08 രൂപ എന്ന റെക്കോർഡ് നിരക്കിൽ ക്ലോസ് ചെയ്തു. റിസർവ് ബാങ്ക് വിപണിയിൽ വലിയ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും ഡോളർ കയറ്റം തടയാനാവുന്നില്ല.
ക്രൂഡ് ഓയിൽ വില വീണ്ടും കയറുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ചൊവ്വാഴ്ച രണ്ടര ശതമാനം ഉയർന്ന് 76.04 ഡോളറിലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അര ശതമാനം താഴ്ന്ന് 75.67 ആയി. ഡബ്ല്യുടിഐ ഇനം 72.09 ഉം യുഎഇയുടെ മർബൻ ക്രൂഡ് 75.66 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ താഴ്ന്നു. ബിറ്റ്കോയിൻ 67,400 ഡോളറിനു താഴെയായി. ഈഥർ 2620 ഡോളർ വരെ താണു.
മിക്ക വ്യാവസായിക ലോഹങ്ങളും ഇന്നലെ ഉയർന്നു. ചെമ്പ് 0.74 ശതമാനം കയറി ടണ്ണിന് 9490.40 ഡോളറിൽ എത്തി. അലൂമിനിയം 1.49 ശതമാനം ഉയർന്ന് ടണ്ണിന് 2634.24 ഡോളർ ആയി. ടിൻ 1.60 ഉം നിക്കൽ 2.44 ഉം ശതമാനം ഇടിഞ്ഞു. ലെഡ് 1.61 ഉം സിങ്ക് 0.92 ഉം ശതമാനം കയറി.
വിപണിസൂചനകൾ
(2024 ഒക്ടോബർ 22, ചൊവ്വ)
സെൻസെക്സ് 30 80,220.72 -1.15%
നിഫ്റ്റി50 24,472.10 -1.25%
ബാങ്ക് നിഫ്റ്റി 51,257.15 -1.36%
മിഡ് ക്യാപ് 100 56,174.05 -2.61%
സ്മോൾ ക്യാപ് 100 18,061.00 -3.92%
ഡൗ ജോൺസ് 30 42,924.89
-0.02%
എസ് ആൻഡ് പി 500 5851.20 -0.05%
നാസ്ഡാക് 18,573.13 +0.18%
ഡോളർ($) ₹84.08 +₹0.01
ഡോളർ സൂചിക 104.08 +0.07
സ്വർണം (ഔൺസ്) $2749.40 +$29.50
സ്വർണം (പവൻ) ₹58,400 ₹00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $76.04 +$01.75