റെക്കോർഡുകൾ തിരുത്താൻ ബുള്ളുകൾ; വിദേശ സൂചനകൾ പോസിറ്റീവ്; ക്രൂഡ് ഓയിൽ താഴോട്ട്

ഇന്നലെ കൂടുതൽ സമയവും നഷ്ടത്തിലായിരുന്നെങ്കിലും മുഖ്യ സൂചികകൾ നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 85,000 നും നിഫ്റ്റി 26,000 നും മുകളിൽ ക്ലോസ് ചെയ്തു റെക്കോർഡുകൾ തിരുത്തി. എന്നാൽ മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ വലിയ ഇടിവുണ്ടായി. മുഖ്യ സൂചികകൾ ഇന്നും കയറ്റത്തിനാണ് ഒരുങ്ങുന്നത് എന്ന വിശ്വാസത്തിലാണു ബുള്ളുകൾ. വിദേശസൂചനകളും ഉയരുന്നതിന് അനുകൂലമാണ്.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 26,035 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 26,060 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ന്നു. ചെെനീസ് ഉത്തേജക പദ്ധതിയുടെ ആവേശം അവസാനിച്ചു. ഈ പദ്ധതി കൊണ്ടു വലിയ നേട്ടം ഇല്ലെന്നാണു വിലയിരുത്തൽ. ജർമൻ ബാങ്കായ കൊമേഴ്സ് ബാങ്കിനെ പിടിക്കാൻ ഇറ്റലിയിലെ യൂണിക്രെഡിറ്റ് നടത്തുന്ന നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്ന നിലയിലായി. ജർമനിയിൽ യൂറോസഖ്യ വിരുദ്ധ നിലപാട് വളരാനും കാരണമായി.

യുഎസ് വിപണി ബുധനാഴ്ച തുടക്കം മുതലേ ഇടിവിലായിരുന്നു. നാസ്ഡാക് നാമമാത്ര കയറ്റത്തിൽ അവസാനിച്ചപ്പോൾ ഡൗ 300-ഓളം പോയിൻ്റ് ഇടിഞ്ഞു. ഓഗസ്റ്റിൽ പുതിയ പാർപ്പിട വിൽപന കുറഞ്ഞതും ഉപഭോക്തൃ വിശ്വാസത്തിൽ ഇടിവുണ്ടായതും വിപണിയെ താഴ്ത്തി. മാന്ദ്യത്തെപ്പറ്റി വീണ്ടും സംസാരമുണ്ട്.

വ്യാപാരസമയത്തിനു ശേഷം പ്രതീക്ഷയിലും മെച്ചപ്പെട്ട റിസൽട്ട് പുറത്തുവിട്ട സെമികണ്ടക്ടർ കമ്പനി മെെക്രാേൺ 14 ശതമാനം കുതിച്ചു. കമ്പനി ബിസിനസ് പ്രതീക്ഷ ഉയർത്തിയതാണു കാരണം. എഐ ചിപ് നിർമാതാക്കളായ എൻവിഡിയ ഓഹരി രണ്ടര ശതമാനം ഉയർന്നത് കമ്പനിയുടെ വിപണിമൂല്യം മൂന്നു ലക്ഷം കോടി ഡോളറിനു മുകളിലാക്കി.

ഡൗ ജോൺസ് സൂചിക ഇന്നലെ 293.47 പോയിൻ്റ് (0.70%) ഇടിഞ്ഞ് 41,914.75 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 10.67 പോയിൻ്റ് (0.19%) താഴ്ന്ന് 5722.26 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 7.68 പോയിൻ്റ് (0.04%) കയറി 18,082.21 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റത്തിലാണ്. ഡൗ 0.10 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.49 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.785 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു നല്ല കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ 1.75 ശതമാനം ഉയർന്നു വ്യാപാരം തുടങ്ങി. ഉത്തേജക പാക്കേജിനെ തുടർന്നു ചൈനീസ് സൂചികകൾ കയറ്റത്തിലാണ്. ഓസ്ട്രേലിയൻ, കൊറിയൻ സൂചികകൾ ഉയർന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ഇന്നലെ താഴ്ന്നു തുടങ്ങിയിട്ട് അവസാന മണിക്കൂറിലെ കുതിപ്പിൽ നേട്ടത്തോടെ അവസാനിച്ചു. സൂചികകൾ ക്ലോസിംഗ് റെക്കോർഡും തിരുത്തി. വിപണിയിൽ വിൽപന സമ്മർദം ഉണ്ടെങ്കിലും ബുള്ളുകൾ കരുത്തോടെ തന്നെയാണു നീങ്ങുന്നത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നലെ തിരിച്ചടി നേരിട്ടു. അവയിൽ നിന്നു പിന്മാറാൻ റീട്ടെയിൽ നിക്ഷേപകർ ശ്രമിക്കുന്നതായാണു വിലയിരുത്തൽ.

വിദേശനിക്ഷേപകർ ഇന്നലെയും വിൽപനക്കാരായി. ക്യാഷ് വിപണിയിൽ വിദേശ ഫണ്ടുകൾ 973.94 കോടി രൂപയുടെ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1778.99 കോടിയുടെ ഓഹരികൾ വാങ്ങി.

സെൻസെക്സ് 85,247.42 ഉം നിഫ്റ്റി 26,032.80 ഉം വരെ കയറി റെക്കോർഡ് കുറിച്ചു.

ഇന്നലെ എൻഎസ്ഇയിൽ 1198 ഓഹരികൾ ഉയർന്നപ്പോൾ 1596 ഓഹരികൾ താണു. ബിഎസ്ഇയിൽ 1711 എണ്ണം കയറി, 2243 എണ്ണം താഴ്ന്നു.

ബുധനാഴ്ച സെൻസെക്സ് 255.83 പാേയിൻ്റ് (0.30%) ഉയർന്ന് 85,169.ടി ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 63.75 പോയിൻ്റ് (0.25%) കയറി 26,004.15 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.25% (133.05 പോയിൻ്റ്) നേട്ടത്തോടെ 54,101.65 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.63 ശതമാനം താഴ്ന്ന് 60,465.15 ലും സ്മോൾ ക്യാപ് സൂചിക 0.42% കുറഞ്ഞ് 19,357.75 ലും വ്യാപാരം അവസാനിപ്പിച്ചു.

പൊതുമേഖലാ ബാങ്കുകളും ഐടിയും എഫ്എംസിജിയും കൺസ്യൂമർ ഡ്യൂറബിൾസും ഓട്ടോയും താഴ്ന്നു. മീഡിയയും റിയൽറ്റിയും മെറ്റലും ധനകാര്യ മേഖലയും ഫാർമയും നേട്ടം ഉണ്ടാക്കി.

ഈസി ട്രിപ്പിൻ്റെ പ്രൊമോട്ടർമാരിൽ ഒരാൾ 10 ശതമാനം ഓഹരി വിറ്റത് ഓഹരിയെ 20 ശതമാനം വരെ താഴ്ത്തി.

പിബി ഫിൻടെക് ഇന്നലെ ആറു ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനി ആരോഗ്യസേവന മേഖലയിലേക്കു കടക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്വന്തമായി ഹോസ്പിറ്റൽ ശൃംഖല സ്ഥാപിക്കാനാണ് നീക്കം.

വമ്പൻ എഫ്എംസിജി കമ്പനികൾ നഷ്ടത്തിലായ ഇന്നലെ ഡാബർ ഓഹരി അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. യുബിഎസ് ഡാബറിനെ ഡൗൺഗ്രേഡ് ചെയ്തതാണു കാരണം.

തലേ ദിവസം വലിയ നേട്ടം ഉണ്ടാക്കിയ അസ്‌ട്രാ സെനക്ക ഇന്നലെ നാലര ശതമാനം ഇടിഞ്ഞു.

ബ്രോക്കറേജുകൾ നല്ല റിപ്പോർട്ട് നൽകിയതിനെ തുടർന്ന് സീ എൻ്റർടെയിൻമെൻ്റ് ഇന്നലെ ആറു ശതമാനത്തിലധികം കയറി.

വിപണിയുടെ ബുള്ളിഷ് മനോഭാവം ശക്തമായി തുടരുന്നു. നിഫ്റ്റി ഇന്ന് 26,000 നു മുകളിൽ നീങ്ങിയാൽ 26,200-26,300 മേഖലയിലേക്കുള്ള യാത്ര തുടരാം.

ഇന്നു നിഫ്റ്റിക്ക് 25,910 ലും 25,870 ലും പിന്തുണ ഉണ്ട്. 26,035 ഉം 26,070 ഉം തടസങ്ങളാകും.

സ്വർണം ഉയർന്നു തന്നെ

ലാഭമെടുക്കലുകാരുടെ വിൽപനയെ തുടർന്നു സ്വർണം ഇന്നലെ അൽപം താഴ്ന്നു. ഔൺസിന് 2657.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2660 ഡോളറിലാണ്. ഡിസംബർ അവധിവില 2694.90 ഡോളർ വരെ കയറി.

കേരളത്തിൽ സ്വർണവില ഇന്നലെ 480 രൂപകൂടി പവന് 56,480 രൂപ എന്ന റെക്കോർഡ് കുറിച്ചു.

വെള്ളിവില അൽപം താണ് ഔൺസിന് 31.87 ഡോളർ ആയി.

ഡോളർ വീണ്ടും കയറി. ഇന്നലെ ഡോളർ സൂചിക ഉയർന്ന് 100.91 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.94 ലേക്കു കയറി.

ഇന്ത്യൻ രൂപ ഇന്നലെ മെച്ചപ്പെട്ടു. ഡോളർ ഒൻപതു പെെസ കുറഞ്ഞ് 83.58 രൂപയിൽ ക്ലോസ് ചെയ്തു.

ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ചയിലായി. ചൈനീസ് ഉത്തേജക പദ്ധതി വേണ്ടത്ര ഫലപ്രദമല്ല എന്ന വിലയിരുത്തലും ലിബിയയിൽ നിന്നുള്ള കയറ്റുമതി സുഗമമായതും ആണു കാരണങ്ങൾ. ബ്രെൻ്റ് ഇനം ഇന്നലെ ഒന്നേമുക്കാൽ ശതമാനം താണ് 73.46 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.56 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 69.74 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.60 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ അൽപം താഴ്ന്നു. ബിറ്റ്കോയിൻ 63,000 ഡോളറിനു താഴെയായി. ഈഥർ 2570 ഡോളറിനു മുകളിലായി.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായി. ചെമ്പ് 0.17 ശതമാനം ഉയർന്നു ടണ്ണിന് 9618.00 ഡോളറിൽ എത്തി. അലൂമിനിയം 0.68 ശതമാനം താഴ്ന്ന് ടണ്ണിന് 2538.25 ഡോളർ ആയി. നിക്കൽ 0.76 ഉം സിങ്ക് 0.49 ഉം ശതമാനം ഉയർന്നു. ടിൻ 0.77 ഉം ലെഡ് 0.29 ഉം ശതമാനം താണു.

വിപണിസൂചനകൾ

(2024 സെപ്റ്റംബർ 25, ബുധൻ)

സെൻസെക്സ് 30 85,169.87 +0.30%

നിഫ്റ്റി50 26,004.15 +0.25%

ബാങ്ക് നിഫ്റ്റി 54,101.65 +0.25%

മിഡ് ക്യാപ് 100 60,465.15 -0.63%

സ്മോൾ ക്യാപ് 100 19,357.75 -0.42%

ഡൗ ജോൺസ് 30 41,914.75

-0.70%

എസ് ആൻഡ് പി 500 5722.26 -0.19%

നാസ്ഡാക് 18,082.21 +0.04%

ഡോളർ($) ₹83.59 -₹0.08

ഡോളർ സൂചിക 100.91 +0.44

സ്വർണം (ഔൺസ്) $2657.70 -$03.30

സ്വർണം (പവൻ) ₹56,480 +₹480

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.46 -$01.71

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it