ട്രംപിന്റെ നയങ്ങളും വിലക്കയറ്റവും ആശങ്ക കൂട്ടുന്നു; വിദേശ സൂചനകൾ നെഗറ്റീവ്; വിദേശികൾ വിൽപന തുടരുന്നു
വിപണിയിലെ അനിശ്ചിതത്വം മാറുന്നില്ല. അടുത്ത യുഎസ് ഭരണകൂടത്തിൻ്റെ നയങ്ങളും വിലക്കയറ്റ ഗതിയും ആശങ്കയാണു നൽകുന്നത്. സാമ്പത്തിക വളർച്ച ഉയർത്താൻ തക്ക നടപടികളെപ്പറ്റി ഒരു സൂചനയും ഇല്ലാത്തതു വിപണിയിൽ അനിശ്ചിതത്വം കൂട്ടുകയാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 23,962 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,984 വരെ കയറിയിട്ടു താഴ്ന്നു. വിപണി ഇന്നു ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
വെള്ളിയാഴ്ച യുഎസ് വിപണി താഴ്ന്നു തുടങ്ങി കൂടുതൽ താഴ്ന്ന് അവസാനിച്ചു. സാന്താ റാലി പുനരാരംഭിക്കാനായില്ല. ടെസ്‌ലയും ആമസോണും എൻവിഡിയയും മൈക്രാേസോഫ്റ്റും ആപ്പിളും ആൽഫബെറ്റും മെറ്റായും താഴ്ന്നു.
ഡൗ ജോൺസ് സൂചിക വെള്ളിയാഴ്ച 333.59 പോയിൻ്റ് (0.77%) ഇടിഞ്ഞ് 42,992.21 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 66.75 പോയിൻ്റ് (1.11%) താഴ്ന്ന് 5970.84 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 298.33 പോയിൻ്റ് (1.49%) നഷ്ടത്തോടെ 19,722.03 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.09 ഉം നാസ്ഡാക് 0.04 ഉം ശതമാനം താഴ്ന്നു.
നിക്ഷേപനേട്ടം 4.631 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില ഇടിഞ്ഞു. എഴുമാസത്തിനിടയി ഏറ്റവും ഉയർന്ന നിലയിലായി നിക്ഷേപനേട്ടം.
യൂറോപ്യൻ വിപണികൾ അവധിക്കു ശേഷം ഉയർന്നു ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കെെ 0.7 ശതമാനം താഴ്ന്നു. ദക്ഷിണ കൊറിയൻ വിപണി 0.5 ശതമാനം ഇടിഞ്ഞു. വ്യോമദുരന്തവും ആക്ടിംഗ് പ്രസിഡൻ്റിൻ്റെ ഇംപീച്ച്മെൻ്റും മ്യവസായ ഉൽപാദനത്തിലെ ഇടിവും കൊറിയൻ വിപണിയെ താഴ്ത്തി.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ച ഉയർന്ന് അവസാനിച്ചെങ്കിലും കയറ്റം ആവേശം പകരുന്നതായില്ല. വ്യാപാര വ്യാപ്തം കുറവായി. പ്രധാനമായും ഓട്ടോ, ഫാർമ കമ്പനികളാണു കയറ്റത്തെ സഹായിച്ചത്. 23,865 നും 23,695 നും ഇടയിൽ നിഫ്റ്റി നിൽക്കുകയാണ്. ഈ പരിധിയിൽ ഏതെങ്കിലും ഒന്നു മറികടന്നാലേ വിപണിക്കു ദിശാബോധം കൈവരൂ.
നിഫ്റ്റി 63.20 പോയിൻ്റ് (0.27%) ഉയർന്ന് 23,813.40 ൽ അവസാനിച്ചു. സെൻസെക്സ് 226.59 പോയിൻ്റ് (0.29%) കയറി 78,699.07 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 140.60 പോയിൻ്റ് (0.27%) നേട്ടത്തോടെ 51,311.30 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.26 ശതമാനം താഴ്ന്ന് 56,979.80 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.15 ശതമാനം കയറി 18,755.85 ൽ ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1323.29 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2544.64 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1864 ഓഹരികൾ ഉയർന്നപ്പോൾ 2108 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1436 എണ്ണം ഉയർന്നു, താഴ്ന്നത് 1400 എണ്ണം.
നിഫ്റ്റി 23,695-23,865 മേഖലയിൽ നിന്നു കടന്നാലേ വിപണിക്കു കയറ്റമാണോ ഇറക്കമാണോ വർഷാന്ത്യം ഒരുക്കിയിട്ടുള്ളത് എന്നറിയാനാകൂ. നിഫ്റ്റിക്ക് ഇന്ന് 23,790 ലും 23,710 ലും പിന്തുണ കിട്ടാം. 23,900 ഉം 23,940 ഉം തടസങ്ങൾ ആകാം.
കമ്പനികൾ, വാർത്തകൾ
ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അരുൺ ഖാണ്ഡേൽവാളും ചീഫ് ടെക്നോളജി ആൻഡ് പ്രൊഡക്ട് ഓഫീസർ സുവാേനിൽ ചാറ്റർജിയും രാജിവച്ചു.
പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രൊജക്ട്സ് ഹോസ്പിറ്റാലിറ്റി വിഭാഗം ഒറ്റ നിയന്ത്രണത്തിലാക്കാൻ മൂന്നു ഹോട്ടൽ പ്രോജക്ടുകൾ പ്രസ്റ്റീജ് ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സിൻ്റെ കീഴിലാക്കി.
കംപ്യൂട്ടർ ഏജ് മാനേജ്മെൻ്റ് സർവീസസിൻ്റെ ചീഫ് ടെക്നോളജി ഓഫീസർ പി. ശ്രീനിവാസ റെഡ്ഡി രാജിവച്ചു.
ഐഎൽ ആൻഡ് എഫ്എസ് എൻജിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്ക് ഭുവനേശ്വർ മെട്രോയുടെ 302 കോടി രൂപയുടെ ഉപകരാർ ലഭിച്ചു.
ഹാർലി ഡേവിഡ്സൺ എക്സ് 440 ൻ്റെ പുതിയ വേർഷനുകൾ നിർമിക്കാനും പുതിയ മോട്ടോർ സൈക്കിൾ രൂപപ്പെടുത്താനും ഹീറോ മോട്ടോ കോർപ് സഖ്യകരാർ നീട്ടി.
സിഗ്നിറ്റിയെ ലയിപ്പിക്കാനുളള സ്കീം കോഫോർജ് ഡയറക്ടർ ബോർഡ് അംഗീകരിച്ചു. സിഗ്നിറ്റിയുടെ അഞ്ച് ഓഹരിക്ക് ഒരു കോഫോർജ് ഓഹരി നൽകും.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ 355 കോടി രൂപയുടെ മെെക്രോ ഫിനാൻസ് കിട്ടാക്കടങ്ങൾ 52 കോടി രൂപയ്ക്ക് ഒരു അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനിക്കു വിൽക്കാൻ ബോർഡ് തീരുമാനിച്ചു.
റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൻ്റെ ഉപകമ്പനി പുനെ - സത്താറ ഹൈവേ നിർമാണത്തിൽ വീഴ്ച വരുത്തിയതിന് ആക്സിസ് ബാങ്കും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും കമ്പനിക്കു നോട്ടീസ് അയച്ചു.
കാൻസർ നിർണയ -ചികിത്സ രംഗങ്ങളിൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവനം നടത്തുന്ന കാർക്കിനോസ് ഹെൽത്ത് കെയറിനെ റിലയൻസ് ഇൻഡസ്ട്രീസ് 375 കോടി രൂപയ്ക്കു വാങ്ങി.
സ്വർണം താഴ്ന്നിട്ടു കയറുന്നു
സ്വർണവില വെള്ളിയാഴ്ച താഴ്ന്നു. സ്വർണം 12.90 ഡോളർ കുറഞ്ഞ് ഔൺസിന് 2621.30 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2624 ഡോളറിലേക്കു കയറി.
കേരളത്തിൽ വെള്ളിയാഴ്ച സ്വർണവില 200 രൂപ വർധിച്ച് പവന് 57, 200 രൂപ ആയി. ശനിയാഴ്ച 120 രൂപ താഴ്ന്ന് 57,080 രൂപയായി.
വെള്ളിവില ഔൺസിന് 29.40 ഡോളറിലേക്ക് താഴ്ന്നു.
രൂപക്ക് വീണ്ടും താഴ്ച
വ്യാഴാഴ്ച കറൻസി വിപണിയിൽ ഡോളർ അൽപം താഴ്ന്നു. ഡോളർ സൂചിക 108.00 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 107.98 ലേക്കു താഴ്ന്നു.
രൂപ വെള്ളിയാഴ്ച കൂടുതൽ ദുർബലമായി. ഡോളർ 85.81 രൂപ വരെ കയറി. പിന്നീട് രൂപ അൽപം മെച്ചപ്പെട്ട് 85.53 രൂപ നിലയിൽ ഡോളർ ക്ലാേസ് ചെയ്തു. ഫോർവേഡ് വിപണിയിൽ ഡോളർ 86 രൂപ കടന്നു. രൂപ ഇനിയും ദുർബലമാകും എന്നാണു സൂചന.
ക്രൂഡ് ഓയിൽ വീണ്ടും ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 74.17 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.80 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 70.44 ഉം യുഎഇയുടെ മർബൻ ക്രൂഡ് 76.01 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ ഇടിവിൽ
ക്രിപ്റ്റോ കറൻസികൾ താഴ്ന്ന നിലയിൽ തുടരുന്നു. ബിറ്റ്കോയിൻ 93,000 ഡോളർ വരെ താഴ്ന്നിട്ട് അൽപം കയറി. ഈഥർ വില 3360 ഡോളറിലായി.
വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ഭിന്ന ദിശകളിലായിരുന്നു. ചെമ്പ് 0.30 ശതമാനം കയറി ടണ്ണിന് 8871.75 ഡോളർ ആയി. അലൂമിനിയം 0.13 ശതമാനം കൂടി ടണ്ണിന് 2557.70 ഡോളറിൽ എത്തി. ലെഡ് 0.98 ഉം നിക്കൽ 1.17 ഉം സിങ്ക് 0.89 ഉം ശതമാനം താഴ്ന്നു. ടിൻ 0.08 ശതമാനം കയറി.
വിപണി സൂചനകൾ
(2024 ഡിസംബർ 27, വെള്ളി)
സെൻസെക്സ് 30 78,699.07 +0.29%
നിഫ്റ്റി50 23,813.40 +0.27%
ബാങ്ക് നിഫ്റ്റി 51,311.30 +0.27%
മിഡ് ക്യാപ് 100 56,979.80 -0.26%
സ്മോൾ ക്യാപ് 100 18,755.85 +0.15%
ഡൗ ജോൺസ് 42,992.21 -0.77%
എസ് ആൻഡ് പി 5970.84 -1.11%
നാസ്ഡാക് 19,722.03 -1.49%
ഡോളർ($) ₹85.53 +₹0.27
ഡോളർ സൂചിക 108.00 -0.08
സ്വർണം (ഔൺസ്) $2621.30 -$12.90
സ്വർണം(പവൻ) ₹57, 200 +₹200.00
ശനി ₹57,080 -₹120.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $74.17 +$00.92