സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ബുള്ളുകള്‍ തളരുന്നില്ല; കമ്പനി റിസള്‍ട്ടുകള്‍ മോശം
വിൽപനസമ്മർദം വിപണിയെ കയറ്റത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോഴും ബുള്ളുകൾ പിടിച്ചു നിൽക്കുന്നതാണു ചൊവ്വാഴ്ച കണ്ടത്. മാരുതിയുടെ റിസൽട്ട് പ്രതീക്ഷയിലും മോശമായത് വിപണി മനോഭാവത്തെ ഇന്നു ദുർബലമാക്കാം. അതേ സമയം യുഎസ് ഫ്യൂച്ചേഴ്സിലെ കുതിപ്പും ടെക് കമ്പനികളുടെ മികച്ച ഫലങ്ങളും ഐടി ഓഹരികളെ സഹായിക്കാം. വിദേശ നിക്ഷേപകർ വിൽപന കുറച്ചു വരുന്നതു ശുഭോദർക്കമാണ്. ഏഷ്യൻ വിപണികൾ ഇന്ന് കയറ്റത്തിലാണ്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,450 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,440 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച താഴ്ന്നു. മികച്ച റിസൽട്ടിൽ എച്ച്എസ്ബിസി നാലു ശതമാനം ഉയർന്നു. റിസൽട്ട് മികച്ചതായിട്ടും നൊവാർട്ടിസ് താഴ്ചയിലായി.
യുഎസ് വിപണി ഇന്നലെ ഭിന്ന ദിശകളിലായിരുന്നു. ഡൗ ജോൺസ് സൂചിക താഴ്ന്നപ്പോൾ മറ്റു രണ്ടു പ്രധാന സൂചികകൾ ഉയർന്നു.
ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 154.52 പോയിൻ്റ് (0.36%) താഴ്ന്ന് 42,233.05 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 9.40 പോയിൻ്റ് (0.16%) ഉയർന്ന് 5832.92-ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 145.56 പോയിൻ്റ് (0.78%) നേട്ടത്തോടെ 18,712.75 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ കയറ്റം കാണിക്കുന്നു. ഡൗ 0.16 ഉം എസ് ആൻഡ് പി 0.31 ഉം നാസ്ഡാക് 0.33 ഉം ശതമാനം ഉയർന്നു നിൽക്കുന്നു. വിപണി സമയത്തിനു ശേഷം പുറത്തുവന്ന ആൽഫബെറ്റ് റിസൽട്ട് പ്രതീക്ഷകളേക്കാൾ മികച്ചതായി. ആൽഫബെറ്റ് ഓഹരി 5.5 ശതമാനം കയറി. സ്നാപ് ഓഹരി പത്തും റെഡ്ഡിറ്റ് 24 ഉം ശതമാനം കുതിച്ചു. എന്നാൽ ചിപ് നിർമാണ കമ്പനി എഎംഡി നല്ല വളർച്ച കാണിച്ചിട്ടും ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.246 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് കയറി.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ സൂചിക ഒരു ശതമാനം ഉയർന്നു. ഓസ്ട്രേലിയൻ വിപണി അൽപം താണു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചൊവ്വാഴ്ച രാവിലെ താഴ്ന്നു വ്യാപാരം ആരംഭിച്ചിട്ടു ചാഞ്ചാട്ടങ്ങൾക്കു ശേഷം തരക്കേടില്ലാത്ത നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 79,421.35 വരെയും നിഫ്റ്റി 24,140.85 വരെയും താഴ്ന്ന ശേഷമാണ് ഉയർന്നു ക്ലോസ് ചെയ്തത്.
വാഹന, ഐടി, ഫാർമ, ഹെൽത്ത് കെയർ, എഫ്എംസിജി മേഖലകൾ ഇന്നലെ നഷ്ടത്തിലായി. ബാങ്ക്, ധനകാര്യ സേവന, റിയൽറ്റി, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ - ഗ്യാസ് മേഖലകൾ നേട്ടം ഉണ്ടാക്കി. പൊതുമേഖലാ ബാങ്കുകളുടെ സൂചിക 3.64 ശതമാനം ഉയർന്നു. എസ്ബിഐ 5.5 ശതമാനം ഉയർന്നു. മികച്ച രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് ഫെഡറൽ ബാങ്ക് ഓഹരി ഒൻപതു ശതമാനത്തോളം കുതിച്ച് 200 രൂപയ്ക്കു മുകളിൽ എത്തി.
ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 548.69 കോടി രൂപയുടെ അറ്റവിൽപനയേ നടത്തിയുള്ളു. ഇതോടെ ഈ മാസം വിദേശികളുടെ വിൽപന 1,04,018.94 കോടി രൂപയായി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 730.13 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. അവരുടെ പ്രതിമാസ നിക്ഷേപം 99,221.81 കോടിയിൽ എത്തി.
ചൊവ്വാഴ്ച എൻഎസ്ഇയിൽ 1730 ഓഹരികൾ ഉയർന്നപ്പോൾ 1064 ഓഹരികൾ താണു. ബിഎസ്ഇയിൽ 2189 എണ്ണം കയറി, 1679 എണ്ണം താഴ്ന്നു.
ചൊവ്വാഴ്ച സെൻസെക്സ് 363.99 പാേയിൻ്റ് (0.45%) നേട്ടത്തോടെ 80,369.03 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 127.70 പോയിൻ്റ് (0.52%) കയറി 24,466.85 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1061.40 പോയിൻ്റ് (2.07%) കുതിച്ച് 52,320.70 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.92 ശതമാനം കയറി 56,251.30 ൽ ക്ലോസ് ചെയ്തപ്പോൾ സ്മോൾ ക്യാപ് സൂചിക 0.76% ഉയർന്ന് 18,198.95 ൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലെയും നല്ല നേട്ടത്തിൽ വിപണി ക്ലോസ് ചെയ്തെങ്കിലും സൂചികയുടെ തുടർകയറ്റം ഉറപ്പായിട്ടില്ല. കമ്പനി റിസൽട്ടുകൾ പ്രതീക്ഷയിലും മോശമാണ്. നിഫ്റ്റി 24,500 നു മുകളിലേക്കു കരുത്തോടെ കയറി ക്ലോസ് ചെയ്താലേ മുന്നേറ്റം തുടരാനാകൂ.
നിഫ്റ്റിക്ക് ഇന്ന് 24,235 ഉം 24,155 ഉം പിന്തുണ നൽകാം. 24,495 ഉം 24,575 ഉം തടസങ്ങളാകും.
സ്വർണം കുതിപ്പിൽ
സ്വർണം കുതിച്ചു കയറുകയാണ്. ഡിസംബർ അവധിവില 2787 ഡോളറിനു മുകളിൽ കയറി. സ്പാേട്ട് വില ചൊവ്വാഴ്ച ഒരു ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 2775.60 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2779 ഡോളറിലാണ്.
ഈ വർഷം സ്വർണം ഇതുവരെ 40 ശതമാനത്തിലധികം കയറി. പലിശ കുറയുന്നതും കേന്ദ്ര ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതും സംഘർഷങ്ങളും ഒക്കെയാണു കുതിപ്പിനു കാരണം.
കേരളത്തിൽ സ്വർണവില ചാെവ്വാഴ്ച പവന് 480 രൂപ കയറി 59,000 രൂപ എന്ന റെക്കോർഡ് കുറിച്ചു. ഇന്നും വില ഗണ്യമായി വർധിക്കും.
വെള്ളിവില ഔൺസിനു 34.43 ഡോളറിൽ ക്ലോസ് ചെയ്തു.
ഡോളർ കയറ്റം മയപ്പെട്ടു. ഡോളർ സൂചിക അൽപം താഴ്ന്ന് 104.28 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 104.24 ലേക്കു താഴ്ന്നു.
ഇന്ത്യൻ രൂപ ചാെവ്വാഴ്ച ചെറിയ നേട്ടം ഉണ്ടാക്കി. ഡോളർ രണ്ടു പെെസ കുറഞ്ഞ് 84.06 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നലെ 71.12 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 71.26 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 67.39 ഉം യുഎഇയുടെ മർബൻ ക്രൂഡ് 70.59 ഉം ഡോളറിലാണ്.
ക്രിപ്റ്റാേ കറൻസികൾ കുതിച്ചു കയറി. ബിറ്റ്കോയിൻ അഞ്ചു ശതമാനത്തിലധികം ഉയർന്ന് 73,512.65 ൽ എത്തിയിട്ട് അൽപം താഴ്ന്നു. മാർച്ച് 14 ന് എത്തിയ 73,601.59 ആണു ബിറ്റ് കോയിനിൻ്റെ റെക്കോർഡ് വില. ഈഥറും അഞ്ചു ശതമാനം കയറി 2635 ഡോളറിനു മുകളിൽ എത്തി.
വ്യാവസായിക ലോഹങ്ങൾ ഇന്നലെയും ഭിന്നദിശകളിലായി. ചെമ്പ് 0.14 ശതമാനം താഴ്ന്ന് ടണ്ണിന് 9387.87 ഡോളറിൽ എത്തി. അലൂമിനിയം 0.42 ശതമാനം ഉയർന്ന് ടണ്ണിന് 2661.96 ഡോളർ ആയി. ടിൻ 0.67 ഉം നിക്കൽ 1.27 ഉം ലെഡ് 1.23 ഉം ശതമാനം താഴ്ന്നു. സിങ്ക് 1.81 ശതമാനം ഉയർന്നു.
വിപണിസൂചനകൾ
(2024 ഒക്ടോബർ 29, ചൊവ്വ)
സെൻസെക്സ് 30 80,369.03 +0.45%
നിഫ്റ്റി50 24,466.85 +0.52%
ബാങ്ക് നിഫ്റ്റി 52,320.70 +2.07%
മിഡ് ക്യാപ് 100 56,251.30 +0.92%
സ്മോൾ ക്യാപ് 100 18,198.95 +0.76%
ഡൗ ജോൺസ് 30 42,233.05
-0.36%
എസ് ആൻഡ് പി 500 5832.92 +0.16%
നാസ്ഡാക് 18,712.75 +0.78%
ഡോളർ($) ₹84.30 +₹0.22
ഡോളർ സൂചിക 104.28 -0.04
സ്വർണം (ഔൺസ്) $2775.60 +$32.80
സ്വർണം (പവൻ) ₹59,000 +₹480
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $71.12 -$00.30