Begin typing your search above and press return to search.
ആഗാേള വിപണികളിൽ ചാേരപ്പുഴ; ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങും; യുഎസിൽ വീണ്ടും മാന്ദ്യ ഭീതി; ഡോളർ കയറുന്നു
ആഗോള വിപണികളിലെ ചോരപ്പുഴ ഇന്ത്യൻ വിപണിയുടെ തുടക്കത്തിൽ ഇന്നു പ്രതീക്ഷിക്കുന്നുണ്ട്. യുഎസ് വിപണിയിൽ പലിശ കുറയ്ക്കലിൻ്റെ ആവേശം മാറിയപ്പോൾ സാമ്പത്തിക മാന്ദ്യ ഭീതി കടന്നു വരികയായിരുന്നു. വിപണികളിൽ ഇക്കൊല്ലം ഉണ്ടായ കയറ്റം കുമിളയാണെന്നു കരുതുന്നവർ കുറേ മാസങ്ങളായി തകർച്ചപ്രവചനം നടത്തി വരികയായിരുന്നു. അവരെ സാധൂകരിക്കുന്ന കണക്കുകളാണു യുഎസ് തൊഴിൽ, ഫാക്ടറി ഉൽപാദന മേഖലകളിൽ നിന്നു ലഭിച്ചത്.
യൂറോപ്യൻ, യുഎസ് വിപണികൾക്കു പിന്നാലെ ഇന്നു രാവിലെ ഏഷ്യൻ വിപണികളും ഇടിഞ്ഞു. ഡോളർ നിരക്ക് കൂടി. ക്രൂഡ് ഓയിൽ അൽപം താഴ്ന്നു.
ജി എസ് ടി പിരിവിലെ കുതിപ്പും ധനകമ്മിയിലെ കുറവും നിഫ്റ്റി 25,000 കടന്നതിൻ്റെ ആവേശവും നഷ്ടമാക്കാൻ പടിഞ്ഞാറൻ കാറ്റ് വഴി തെളിക്കും അത് എത്ര നീണ്ടു നിൽക്കും എന്നതാണ് അടുത്ത ചോദ്യം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,897 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,840 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്ന് കുത്തനേ താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച കുത്തനേ ഇടിഞ്ഞു. ജർമൻ, ഫ്രഞ്ച് സൂചികകൾ രണ്ടേകാൽ ശതമാനം താഴ്ന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് നാലു വർഷത്തിനു ശേഷം പലിശ നിരക്ക് കുറച്ചു. 5.25 -ൽ നിന്ന് അഞ്ചു ശതമാനമാക്കി. അതേ സമയം യുഎസ് തൊഴിൽ കണക്കുകൾ മാന്ദ്യസാധ്യത കാണിക്കുന്നതായി വിപണികൾ വിലയിരുത്തി. റോൾസ് റോയ്സ് വീണ്ടും ലാഭവീതം നൽകാനാരംഭിച്ചതും ലാഭപ്രതീക്ഷ വർധിപ്പിച്ചതും ഓഹരിയെ 11 ശതമാനം ഉയർത്തി സർവകാല റെക്കോർഡിൽ എത്തിച്ചു.
തലേന്നു കുതിച്ച യുഎസ് വിപണി വ്യാഴാഴ്ച വലിയ ഇടിവിലായി. തുടക്കത്തിൽ നേട്ടം കാണിച്ച വിപണി പിന്നീടു തുടർച്ചയായി താഴ്ന്നു.
യുഎസ് താെഴിൽ മേഖല ദുർബലമായി. തൊഴിലില്ലായ്മാ ആനുകൂല്യത്തിനുള്ള അപേക്ഷകൾ ഗണ്യമായി വർധിച്ചു. ഫാക്ടറി ഉൽപാദനവും കുറഞ്ഞു. ഇതെല്ലാം മാന്ദ്യത്തിലേക്കു നയിക്കും എന്ന ആശങ്ക വിപണിയിൽ ശക്തമായി. ഈ വർഷം വിപണി നടത്തിയ മുന്നേറ്റം കുമിള പോലെ പൊട്ടിത്തകരും എന്നു മുൻപു പ്രവചിച്ചിരുന്നവർ വീണ്ടും സജീവരായി. ഒറ്റ ദിവസം കാെണ്ടു വിപണി മനോഭാവം മാറിയ നിലയായി. പലിശ കുറയ്ക്കൽ സെപ്റ്റംബറിൽ തുടങ്ങും എന്നതിൽ തലേന്നു സന്തോഷം കാണിച്ച വിപണി ഇപ്പോൾ പലിശ കുറയ്ക്കൽ വെെകി എന്ന വിലയിരുത്തലിലേക്കു മാറി.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 494.82 പോയിൻ്റ് (1.21%) ഇടിഞ്ഞ് 40,347.97 ൽ അവസാനിച്ചു. എസ് ആൻഡ് പി 75.62 പോയിൻ്റ് (1.37%) താഴ്ന്ന് 5446.68 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 405.26 പാേയിൻ്റ് (2.30%) നഷ്ടത്തിൽ 17,194.40 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സും താഴ്ചയിലാണ്. ഡൗ 0.35 ഉം എസ് ആൻഡ് പി 0.41 ഉം നാസ്ഡാക് 0.61 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ആമസോണിൻ്റെ രണ്ടാം പാദ വരുമാനം പ്രതീക്ഷയിലും കുറവായതും മൂന്നാം പാദത്തിലെ വരുമാന -ലാഭ പ്രതീക്ഷകൾ താഴ്ത്തിയതും ഓഹരിയെ ഏഴു ശതമാനം ഇടിച്ചു. വരുമാന പ്രതീക്ഷ കുറച്ച ഇൻ്റൽ 15 ശതമാനം ജീവനക്കാരെ പിരിച്ചു വിടുമെന്നു പ്രഖ്യാപിച്ചത് ഓഹരിയെ 20 ശതമാനം താഴ്ത്തി. ആപ്പിൾ വരുമാനവും ലാഭവും പ്രതീക്ഷയേക്കാൾ മെച്ചമായെങ്കിലും ഓഹരി നാമമാത്ര നേട്ടമേ കാണിച്ചുള്ളു.
ജൂലൈയിലെ യുഎസ് തൊഴിൽ വർധനയുടെയും തൊഴിലില്ലായ്മയുടെയും കണക്ക് ഇന്നു വരും. ജൂണിലേക്കാൾ കുറവാകും പുതിയ തൊഴിൽസംഖ്യ എന്നാണു നിഗമനം. തൊഴിലില്ലായ്മ 4.1 ശതമാനത്തിൽ തുടരും എന്നു കരുതുന്നു.
ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിൽ വലിയ തകർച്ചയിലാണ്. ജപ്പാനിൽ നിക്കെെ അഞ്ചു ശതമാനത്തിലധികം താഴ്ന്നു. യെൻ കരുത്താർജിക്കുന്നതു കയറ്റുമതിക്കു പ്രതികൂലമാകുന്നതും വിപണിയുടെ ദൗർബല്യത്തിനു കാരണമാണ്. കൊറിയൻ സൂചിക മൂന്നു ശതമാനവും ഓസ്ട്രേലിയൻ വിപണി രണ്ടു ശതമാനവും ഇടിഞ്ഞു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ പുതിയ ഉയരങ്ങളിൽ എത്തി. നിഫ്റ്റി ആദ്യമായി 25,000 നു മുകളിൽ ഓപ്പൺ ചെയ്ത് ക്ലോസ് ചെയ്തു. 24 വ്യാപാര ദിനങ്ങൾ കൊണ്ടാണ് സൂചിക ആയിരം പോയിൻ്റ് കയറിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 20,000 എത്തിയ ശേഷം 11 മാസം തികയും മുൻപാണ് 5000 പോയിൻ്റ് (25 ശതമാനം) കുതിപ്പ്. 28 വർഷം മുൻപു രൂപപ്പെടുത്തിയ നിഫ്റ്റിയുടെ ഇതുവരെയുളള വാർഷിക ശരാശരി നേട്ടം 12.3 ശതമാനമാണ്. സെൻസെക്സ് 82,000 എന്ന നാഴികക്കല്ലും പിന്നിട്ടു.
സെൻസെക്സ് ഇന്നലെ 126.01 പാേയിൻ്റ് (0.15%) ഉയർന്ന് 81,867.55 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 59.75 പോയിൻ്റ് (0.24%) കയറി 25,010.90 ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 0.02% (10.60 പോയിൻ്റ്) കയറി 51,564.00 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.85 ശതമാനം ഇടിഞ്ഞ് 58,490.40 ൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.98% തകർന്ന് 18,949.95 ൽ വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 2,089.28 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 337.03 കോടി രൂപയുടെ ഓഹരികൾ വിറ്റു.
പാശ്ചാത്യ - ഏഷ്യൻ വിപണികളിലെ ചോരപ്പുഴ ഇന്ത്യയിലും ആവർത്തിക്കും എന്നാണു പലരും കരുതുന്നത്.
ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം ഉണ്ടാകും. എങ്കിലും 25,000 എന്ന ലക്ഷ്യം വിപണിക്കു പ്രാപ്യമാണ് എന്നു പരക്കെ പ്രതീക്ഷയുണ്ട്. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,930 ലും 24,850 ലും പിന്തുണ ഉണ്ട്. 25,100 ലും 25,170 ലും തടസം ഉണ്ടാകാം.
ഇൻഫോസിസ് ടെക്നോളജീസ് 32,000 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആരോപിച്ച് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഇന്നലെ വെെകുന്നേരം പിൻവലിച്ചു. നിയമത്തിൽ നിന്ന് ഒഴിവു നൽകുന്ന വ്യവസ്ഥ നോക്കാതെയാണു നോട്ടീസ് നൽകിയത് എന്നു വ്യക്തമാണ്. ഏതായാലും കേന്ദ്ര ജിഎസ്ടി അധികൃതരെ സമീപിക്കാനാണു കമ്പനിയോടു സംസ്ഥാന ജിഎസ്ടി അധികാരികൾ നിർദേശിച്ചത്.
വാഹന വിൽപന കണക്കുകൾ പ്രതീക്ഷയിലും മോശമായത് ഇന്നലെ വാഹന കമ്പനി ഓഹരികളെ താഴ്ത്തി.
സ്വർണം ഉയരത്തിൽ
ബുധനാഴ്ച ഒന്നര ശതമാനം കുതിച്ച സ്വർണം ഇന്നലെ താഴ്ന്നിട്ടു കയറി. 2,447.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,440 ഡോളറിലേക്കു താഴ്ന്നു. ലാഭമെടുക്കലുകാർ വിൽപന തുടരുമെങ്കിലും വില ക്രമേണ കുടും എന്നാണു സൂചന. ഡിസംബർ അവധിവില 2,490 ഡോളറിലാണ്.
കേരളത്തിൽ സ്വർണവില ഇന്നലെ പവന് 400 രൂപ വർധിച്ച് 51,600 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 28.35 ഡോളറിലേക്കു താണു..
ഡോളർ സൂചിക വ്യാഴാഴ്ച 104.42 ലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.40 ലാണ്.
രൂപ ഇന്നലെ നേരിയ നേട്ടം ഉണ്ടാക്കി. ഡോളർ ഒരു പെെസ താണ് 83.72 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ കുറഞ്ഞു
പശ്ചിമേഷ്യൻ സംഘർഷ ഭീതി നിലനിൽക്കുകയാണെങ്കിലും ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെൻ്റ് ഇനം 79.83 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ല്യുടിഐ ഇനം 76.67 ഉം യുഎഇയുടെ മർബൻ ക്രൂഡ് 78.80 ഉം ഡോളറിലാണ്.
യുഎസ് ഫെഡ് തീരുമാനത്തിൽ ഉയർന്ന വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഭിന്ന ദിശകളിലായി. ചെമ്പ് 1.14 ശതമാനം താഴ്ന്നു ടണ്ണിന് 8998 ഡോളറിൽ എത്തി. അലൂമിനിയം 0.26 ശതമാനം കയറി ടണ്ണിന് 2296.25 ഡോളറായി.
ക്രിപ്റ്റാേ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 64,800 ഡോളറിനടുത്തു തുടരുന്നു. ഈഥർ 3200 ഡോളറിനു താഴെയാണ്.
വിപണിസൂചനകൾ
(2024 ഓഗസ്റ്റ് 1, വ്യാഴം)
സെൻസെക്സ് 30 81,867.55 +0.15%
നിഫ്റ്റി50 25,010.90 +0.24%
ബാങ്ക് നിഫ്റ്റി 51,564.00 +0.02%
മിഡ് ക്യാപ് 100 58,490.40 -0.85%
സ്മോൾ ക്യാപ് 100 18,949.95 -0.98%
ഡൗ ജോൺസ് 30 40,348.00 -1.21%
എസ് ആൻഡ് പി 500 5446.68 -1.37%
നാസ്ഡാക് 17,194.20 -2.30%
ഡോളർ($) ₹83.72 -₹0.00
ഡോളർ സൂചിക 104.42 +0.33
സ്വർണം (ഔൺസ്) $2447.10 -$01.20
സ്വർണം (പവൻ) ₹51,600 +₹400
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.52 -$01.20
Next Story
Videos