നല്ല വാര്‍ത്തകളെ മറച്ച് ആശങ്കകള്‍, വിദേശ സൂചനകള്‍ നെഗറ്റീവ്, ഹിന്‍ഡന്‍ബര്‍ഗ് കനല്‍ അടങ്ങുന്നില്ല; സംഘര്‍ഷ ഭീതിയില്‍ ക്രൂഡ് ഓയില്‍

ചില്ലറ വിലക്കയറ്റം കുറഞ്ഞതും ഭാരതി എന്റര്‍പ്രൈസസ് ബ്രിട്ടീഷ് ടെലികോമിനെ സ്വന്തമാക്കാന്‍ നീങ്ങുന്നതും അടക്കം നല്ല വാര്‍ത്തകള്‍ പലതുണ്ട്. എങ്കിലും ആഗോളവും ദേശീയവുമായ ചില ആശങ്കകള്‍ വിപണിയെ ഉലയ്ക്കാം. ഇന്നലെയും നിഫ്റ്റി 24,400 കടന്നിട്ടു പിടിച്ചു നില്‍ക്കാനാവാതെ താഴ്ന്നത് വിപണിയുടെ മുന്നേറ്റം വൈകും എന്ന ധാരണ ജനിപ്പിച്ചിട്ടുണ്ട്. യു.എസ് വിപണിയും അനിശ്ചിതത്വം കാണിക്കുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി വര്‍ധിച്ചതും ക്രൂഡ് ഓയില്‍ വില 82 ഡോളര്‍ കടന്നതും വിപണിക്കു ശുഭസൂചനകളല്ല.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള കോളിളക്കം ഇന്നലെ രാവിലെ തന്നെ അവസാനിച്ചു എന്ന അവകാശവാദം പലരും ഉയര്‍ത്തി. പക്ഷേ ആ വിഷയത്തില്‍ അവസാനവാക്ക് ആയിട്ടില്ല എന്നാണു കൂടുതല്‍ പേര്‍ കരുതുന്നത്. അദാനി ഓഹരികള്‍ ഇന്നലെ ആദ്യം വലിയ താഴ്ചയിലായിട്ടു പിന്നീടു നഷ്ടം കുറച്ചിരുന്നു.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,370ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,330 ലേക്കു താണു. ഇന്ത്യന്‍ വിപണി ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണികള്‍

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ഭിന്ന ദിശകളിലായിരുന്നു. ചെറിയ നേട്ടവും നഷ്ടവുമായി സൂചികകള്‍ ക്ലോസ് ചെയ്തു.

യു.എസ് വിപണി തിങ്കളാഴ്ച ഉയര്‍ന്നു വ്യാപാരം തുടങ്ങിയിട്ടു താഴ്ന്ന് അവസാനിച്ചു. വിപണി അനിശ്ചിതത്വമാണു മുന്നില്‍ കാണുന്നത്. യു.എസ് ചില്ലറവിലക്കയറ്റവും റീട്ടെയില്‍ വില്‍പനയുമാണു വിപണി കാത്തിരിക്കുന്ന പ്രധാന കണക്കുകള്‍. വിലക്കയറ്റം കുറയും എന്നാണു സൂചന.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 140.53 പോയിന്റ് (0.36%) താഴ്ന്ന് 39,357.00ല്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 0.23 പോയിന്റ് (0.0%) കൂടി 5344.39ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 35.31 പോയിന്റ് (0.21%) നേട്ടത്തില്‍ 16,780.61ല്‍ വ്യാപാരം അവസാനിപ്പിച്ചു.

യു.എസ് ഫ്യൂച്ചേഴ്‌സ് ഇന്നു നേരിയ കയറ്റത്തിലാണ്. ഡൗ 0.09 ഉം എസ്ആന്‍ഡ്പി 0.07 ഉം നാസ്ഡാക് 0.13 ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.

ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ ഭിന്ന ദിശകളിലാണ്. ജപ്പാനില്‍ നിക്കൈ രണ്ടര ശതമാനം കുതിച്ചു കയറി. എന്നാല്‍ കൊറിയന്‍ വിപണി താഴ്ന്നു.

ഇന്ത്യന്‍ വിപണി


ഇന്ത്യന്‍ വിപണി തിങ്കളാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയിട്ട് പിന്നീടു നേട്ടത്തിലായെങ്കിലും ഒടുവില്‍ നേരിയ ഇടിവില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 80,106 ഉം നിഫ്റ്റി 24,472.80 ഉം വരെ ഉയര്‍ന്നിട്ടാണ് താഴ്ന്ന് അവസാനിച്ചത്. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ ചെറിയ തോതില്‍ ഉയര്‍ന്നു. മീഡിയ, പി.എസ്.യു ബാങ്ക്, എഫ്.എം.സി.ജി, ഓട്ടോ, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ ഇടിവിലായി. റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മെറ്റല്‍, ഓയില്‍-ഗ്യാസ് മേഖലകള്‍ കയറി.

തിങ്കളാഴ്ച സെന്‍സെക്‌സ് 56.99 പാേയിന്റ് (0.07%) താഴ്ന്ന് 79,648.92ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 20.50 പോയിന്റ് (0.08%) കുറഞ്ഞ് 24,347.00ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.19% (93.45 പോയിന്റ്) കയറി 50,577.95ല്‍ അവസാനിച്ചു.

മിഡ് ക്യാപ് സൂചിക 0.27 ശതമാനം ഉയര്‍ന്ന് 57,330.60ലും സ്‌മോള്‍ ക്യാപ് സൂചിക 0.19% കയറി 18,444.30ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപകര്‍ തിങ്കളാഴ്ച ക്യാഷ് വിപണിയില്‍ 4680.51 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4,477.73 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

നിഫ്റ്റിക്ക് 24,400ന്റെ പ്രതിരോധം മറികടക്കാന്‍ ഇന്നലെയും പറ്റിയില്ല. വിപണി കുറേ ദിവസം കൂടി സമാഹരണത്തിലാകും എന്നാണു വിലയിരുത്തല്‍.

ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,240ലും 24,185ലും പിന്തുണ ഉണ്ട്. 24,440ലും 24,505ലും തടസം ഉണ്ടാകാം.

ബി.ടിയെ സ്വന്തമാക്കാന്‍ എയര്‍ടെല്‍

ബ്രിട്ടീഷ് ടെലികോമില്‍ (ബി.ടി) ഭാരതി എന്റര്‍പ്രൈസസ് 24.5 ശതമാനം ഓഹരി വാങ്ങിയത് ഇന്നു വിപണിയില്‍ എയര്‍ടെലിനെ സഹായിക്കും. ബ്രിട്ടനിലെ ടെലികോം കമ്പനികളില്‍ രണ്ടാം സ്ഥാനത്താണു ബി.ടി. കമ്പനിയെ സ്വന്തമാക്കാനോ ബോര്‍ഡില്‍ സ്ഥാനം പിടിക്കാനോ ഉദ്ദേശിക്കുന്നില്ല എന്നു സുനില്‍ മിത്തല്‍ പറഞ്ഞതിനെ അധികമാരും വിശ്വസിക്കുന്നില്ല. 400 കോടി ഡോളര്‍ മുടക്കുന്നത് വെറുതേ ആയിരിക്കില്ല. 2001 വരെ ഭാരതി എയര്‍ടെലില്‍ 21 ശതമാനം ഓഹരി ബി.ടിക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ കാറ്റ് തിരിഞ്ഞു വീശുന്നു.

സ്വര്‍ണം കയറുന്നു

പശ്ചിമേഷ്യയിലെ സംഘര്‍ഷഭീതി സ്വര്‍ണത്തെ ഉയര്‍ത്തി. ഇന്നലെ സ്വര്‍ണം ഔണ്‍സിനു മൂന്നു ശതമാനം വര്‍ധിച്ച് 2473.90 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2465 ഡോളറിലേക്കു താണു. ഇനിയും കയറും എന്നാണു സൂചന. കേരളത്തില്‍ സ്വര്‍ണവില തിങ്കളാഴ്ച പവന് 200 രൂപ കയറി 51,760 രൂപയില്‍ എത്തി. ഇന്നു ഗണ്യമായ വിലക്കയറ്റം പ്രതീക്ഷിക്കാം.

വെള്ളിവില ഔണ്‍സിന് 28 ഡോളറിലേക്കു കയറി. ഡോളര്‍ സൂചിക ഇന്നലെ 103.14 ല്‍ തുടര്‍ന്നു. ഇന്നു രാവിലെ 103.22 ആയി. രൂപ തിങ്കളാഴ്ച ദുര്‍ബലമായി. എങ്കിലും റിസര്‍വ് ബാങ്കിന്റെ ഡോളര്‍ വില്‍പന ഡോളറിനെ 84 രൂപയിലേക്കു കയറാതെ പിടിച്ചു നിര്‍ത്തി. ഇന്നും രൂപ ദുര്‍ബലമായി മാറാം.

പശ്ചിമേഷ്യന്‍ സംഘര്‍ഷഭീതി വളര്‍ന്നതു ക്രൂഡ് ഓയില്‍ വിലയെ മൂന്നു ശതമാനം ഉയര്‍ത്തി. ബ്രെന്റ് ഇനം തിങ്കളാഴ്ച 82.04 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 82.42 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 79.66 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 80.80 ഉം ഡോളറിലാണ്.

വ്യാവസായിക ലോഹങ്ങള്‍ വീണ്ടും ഉയര്‍ന്നു. ചെമ്പ് 1.18 ശതമാനം ഉയര്‍ന്നു ടണ്ണിന് 8,908.00 ഡോളറില്‍ എത്തി. അലൂമിനിയം 0.43 ശതമാനം കയറി ടണ്ണിന് 2,309.75 ഡോളറായി. നിക്കല്‍ ഒഴികെ എല്ലാ ലോഹങ്ങളും കയറ്റത്തിലാണ്.

ക്രിപ്റ്റാേ കറന്‍സികള്‍ ചെറിയ ചാഞ്ചാട്ടത്തിലാണ്. ബിറ്റ്‌കോയിന്‍ 59,000 ഡോളറിനു താഴെയായി. ഈഥര്‍ 2700 ഡോളറിലാണ്.

വിലക്കയറ്റത്തിലെ കുറവ് കണക്കിലെ കളി

ജൂലൈയിലെ ചില്ലറ വിലക്കയറ്റം 59 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വിലക്കയറ്റം ഉയര്‍ന്ന നിലയില്‍ ആയിരുന്നതു മൂലമുള്ള നേട്ടം കൂടിയാണിത്. 2023 ജൂലൈയില്‍ 7.4 ശതമാനമായിരുന്നു വിലക്കയറ്റം. ഇത്തവണ അവിടെ നിന്നു 3.54 ശതമാനം മാത്രം കയറ്റമേ ഉള്ളൂ. ജൂണില്‍ 5.08 ശതമാനം ആയിരുന്നു.

ഭക്ഷ്യ വിലക്കയറ്റത്തില്‍ കുറവുള്ളതായി കണക്കുകള്‍ കാണിക്കുന്നു. എങ്കിലും ആശങ്കയുടെ അവസ്ഥ മാറിയിട്ടില്ല. ഭക്ഷ്യമേഖലയുടെ കയറ്റം 9.36ല്‍ നിന്ന് 5.42% ആയി. ധാന്യങ്ങളുടെ വിലക്കയറ്റം 8.14%, പയറുവര്‍ഗങ്ങളുടേത് 14.77%, മുട്ടയുടേത് 6.76% എന്നിങ്ങനെ ഉയര്‍ന്ന തോതില്‍ തുടരുന്നു.

നിലക്കയറ്റ ഭീഷണി ഒഴിവായി എന്നു കാണിക്കുന്നതല്ല ഈ കണക്കുകള്‍. മറിച്ചു തലേവര്‍ഷം വിലക്കയറ്റം കൂടുതലായിരുന്നതു കൊണ്ട് കണക്കില്‍ ഉണ്ടായ മാറ്റം മാത്രമാണ് ഇത്. ഇന്ധനവും ഭക്ഷ്യവും ഒഴിച്ചുള്ള കാതല്‍ വിലക്കയറ്റം 3.1ല്‍ നിന്ന് 3.4 ശതമാനത്തിലേക്കു കയറിയത് ശ്രദ്ധേയമായ കാര്യമാണ്.

വ്യവസായ ഉല്‍പാദനം ജൂണില്‍ ഗണ്യമായി കുറഞ്ഞു. മേയില്‍ 6.2 ശതമാനം വര്‍ധിച്ച സ്ഥാനത്ത് ജൂണില്‍ 4.2 ശതമാനമാണു വര്‍ധന. ഫാക്ടറി ഉല്‍പാദന വളര്‍ച്ച 26 ശതമാനം മാത്രമാണ്.

വിപണിസൂചനകള്‍
(2024 ഓഗസ്റ്റ് 12, തിങ്കള്‍)

സെന്‍സെക്‌സ് 30 79,648.92 -0.07%

നിഫ്റ്റി50 24,347.00 0.08%

ബാങ്ക് നിഫ്റ്റി 50,577.95 +0.19%

മിഡ് ക്യാപ് 100 57,330.60 +0.27%

സ്‌മോള്‍ ക്യാപ് 100 18,444.30 +0.19%

ഡൗ ജോണ്‍സ് 30 39,357.00 -0.36%

എസ് ആന്‍ഡ് പി 500 5344.39 +0.00%

നാസ്ഡാക് 16,780.60 +0.21%

ഡോളര്‍($) ?83.97 +?0.01

ഡോളര്‍ സൂചിക 103.14 0.00

സ്വര്‍ണം (ഔണ്‍സ്) $2473.90 +$42.20

സ്വര്‍ണം (പവന്‍) ? 51,760 +?200

ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.04 +$02.38
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it