കയറ്റം തുടരാൻ നിക്ഷേപകർ; വിൽപന സമ്മർദത്തിൽ അയവില്ല; വിദേശികൾ വീണ്ടും വാങ്ങലുകാർ; സ്വർണ വില താഴുന്നു

വിപണി തുടർച്ചയായ ഏഴാം ദിവസവും കയറാനുളള ആവേശം കാണിക്കുന്നുണ്ട്. എന്നാൽ വിദേശ സൂചനകൾ അത്ര കണ്ട് ആവേശകരമല്ല. വിൽപന സമ്മർദവും ഉണ്ട്. എന്നാൽ വിദേശനിക്ഷേപകർ വാങ്ങലുകാരായത് ബുള്ളുകൾക്കു കരുത്തു പകരുന്നു.
യുഎസ് വിപണി ഇന്നലെ താഴ്ന്നതും ഏഷ്യൻ വിപണികൾ രാവിലെ താഴ്ചയിൽ വ്യാപാരം തുടങ്ങിയതും ആവേശം കെടുത്തുന്ന കാര്യങ്ങളാണ്. ഗാസാ വെടി നിർത്തൽ നീക്കങ്ങൾ എങ്ങും എത്താത്തതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലായി. സെപ്റ്റംബറിൽ കാൽ ശതമാനം പലിശ കുറയ്ക്കലിനേ സാധ്യത ഉള്ളൂ എന്ന നിഗമനങ്ങളാണു യുഎസ് ഓഹരികളെയും സ്വർണത്തെയും ഇന്നലെ താഴ്ത്തിയത്. എന്നാൽ ഇന്നു യുഎസ് ഫ്യൂച്ചേഴ്സ് ഇന്ന് ഉയർച്ചയിലാണ്. പലിശ സംബന്ധിച്ചു ഫെഡ് ചെയർമാൻ്റെ സുപ്രധാന പ്രസ്താവന ഇന്നുണ്ടാകും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,817 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,840 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച ചെറിയ നേട്ടത്തിൽ ക്ലാേസ് ചെയ്തു.
യുഎസ് വിപണി വ്യാഴാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു ക്രമമായി താണു നഷ്ടത്തിൽ അവസാനിച്ചു. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ഇന്നു ജാക്സൺ ഹോൾ സമ്മേളനത്തിൽ എന്തു പറയും എന്ന ആശങ്കയാണു വിപണിയിൽ. സെപ്റ്റംബറിൽ പലിശ എത്ര കുറയ്ക്കും എന്ന സൂചനയാണ് വിപണി പ്രസംഗത്തിൽ പ്രതീക്ഷിക്കുന്നത്. ഇന്നലെ പുറത്തുവന്ന പാർപ്പിട വിൽപന കണക്ക് പ്രതീക്ഷകൾക്ക് അനുസൃതം ആയിരുന്നെങ്കിലും ചില ഘടകങ്ങൾ നെഗറ്റീവ് ആണെന്ന വ്യാഖ്യാനം ഉണ്ടായതും വിപണിയെ ബാധിച്ചു.
വ്യാഴാഴ്ച ഡൗ ജോൺസ് സൂചിക 177.71 പോയിൻ്റ് (0.43%) താഴ്ന്ന് 40,712. 80 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 50.21 പോയിൻ്റ് (0.89%) നഷ്ടത്തിൽ 5570.60 ൽ അവസാനിച്ചു. നാസ്ഡാക് 299.63 പാേയിൻ്റ് (1.67%) ഇടിഞ്ഞ് 17,619.30 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.12 ഉം എസ് ആൻഡ് പി 0.20 ഉം നാസ്ഡാക് 0.34 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ചയിലാണ്. ജപ്പാനിൽ നിക്കെെ 0.40 ശതമാനം ഉയർന്നു തുടങ്ങിയിട്ട് നഷ്ടത്തിലേക്കു മാറി. ദക്ഷിണ കാെറിയയിൽ കോസ്‌പി അര ശതമാനം താഴ്ന്നു.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി വ്യാഴാഴ്ച ഉയർന്നു വ്യാപാരം തുടങ്ങി ചെറിയ നേട്ടത്തിൽ അവസാനിച്ചു. ബാങ്ക്, ധനകാര്യ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, എഫ്എംസിജി മേഖലകൾ ഉയർന്നു. ഐടി, ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, മീഡിയ എന്നിവ നഷ്ടത്തിലായി.
വ്യാഴാഴ്ച സെൻസെക്സ് 147.89 പാേയിൻ്റ് (0.18%) ഉയർന്ന് 81,053.19 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 41.30 പോയിൻ്റ് (0.17%) നേട്ടത്തിൽ 24,811.50 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.59% (300.15 പോയിൻ്റ്) ഉയർന്ന് 50,985.70 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.69 ശതമാനം കയറി 58,844.85 ലും സ്മോൾ ക്യാപ് സൂചിക 0.17% ഉയർന്ന് 19,099.60 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 1371.79 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2971.80 കോടി രൂപയുടെ ഓഹരികളും വാങ്ങി.
വിപണി ബുള്ളിഷ് ആണ്. നിഫ്റ്റി 24,800 നു മുകളിൽ തുടർന്നാൽ 24,950 - 25,000 മേഖലയിൽ കടക്കും എന്നാണു വിലയിരുത്തൽ. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,790 ലും 24,770 ലും പിന്തുണ ഉണ്ട്. 24,855 ലും 24,875 ലും തടസം ഉണ്ടാകാം.

സ്വർണം താഴ്ന്നു, ക്രൂഡ് കയറി

പലിശക്കാര്യത്തിൽ ഫെഡ് ചെർമാൻ നിർണായക പ്രസ്താവന നടത്താനിരിക്കെ സ്വർണ, കടപ്പത്ര വിപണികൾ അനിശ്ചിതത്വത്തിലേക്കു മാറി. നിർണായക തീരുമാനങ്ങൾക്കു തൊട്ടു മുൻപ് വിപണികളിൽ ആശങ്ക കലർന്ന ചാഞ്ചാട്ടം മുൻപും ഉണ്ടായിട്ടുണ്ട്. പത്തു വർഷ യുഎസ് കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നലെ 3.875 ശതമാനം വരെ ഉയർന്നു.
പലിശ കുറയും എന്ന പ്രതീക്ഷയിൽ 2531.60 എന്ന റെക്കോർഡ് ഉയരത്തിൽ കഴിഞ്ഞ ദിവസം എത്തിയ സ്വർണം ഇന്നലെ പുതിയ ആശങ്കയിൽ ഇടിഞ്ഞു. ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദവും കാരണമായി. ചില നിക്ഷേപ വിദഗ്ധർ സെപ്റ്റംബറിൽ പലിശ 50 ബേസിസ് പോയിൻ്റ് (അര ശതമാനം) കുറയ്ക്കുമെന്നു പ്രചരിപ്പിച്ചിരുന്നു. അത്രയും ഉണ്ടാകില്ല എന്ന് ഉറപ്പായതും സ്വർണവിലയെ വലിച്ചു താഴ്ത്തി. ഇന്നലെ ഡോളർ തിരിച്ചു കയറിയതും വില താഴുന്നതിൽ പങ്കു വഹിച്ചു. ഡിസംബർ അവധിവില ഔൺസിന് 2518.90 ഡോളറിലേക്കു താഴ്ന്നു. സ്പോട്ട് വില 2479.34 ഡോളർ വരെ താഴ്ന്നിട്ട് 2485.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2490 ലേക്കു കയറി.
കേരളത്തിൽ ഇന്നലെ സ്വർണവില പവന് 240 രൂപ കുറഞ്ഞ് 53,440 രൂപയായി. ഇന്നു വില ഗണ്യമായി കുറയും എന്നാണു സൂചന.
വെള്ളിവില ഔൺസിന് 29.00 ഡോളറാണ്.
ഡോളർ സൂചിക തിരിച്ചുകയറി. 48 പോയിൻ്റ് ഉയർന്ന് 101.51 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.43 ലേക്കു താഴ്ന്നു.
രൂപ ഇന്നലെ കൂടുതൽ ദുർബലമായി. ഡോളർ മൂന്നു പൈസ ഉയർന്ന് 83.95 രൂപയിൽ അവസാനിച്ചു.
ക്രൂഡ് ഓയിൽ അൽപം ഉയർന്നു. ഗാസാ വെടി നിർത്തലിന് ഹമാസ് ഇനിയും സമ്മതം മൂളിയിട്ടില്ല. പുതിയ നീക്കം വിഫലമാകുമോ എന്നു വിപണി ശങ്കിക്കുന്നു. ബ്രെൻ്റ് ഇനം ഇന്നലെ ഒന്നര ശതമാനം കയറി 77.22 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.33 ഡോളറിലേക്ക് കയറി. ഡബ്ല്യുടിഐ ഇനം 73.16 ഉം യുഎഇയുടെ മർബൻ ക്രൂഡ് 76.77 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ഭിന്നദിശകളിലായിരുന്നു. ചെമ്പ് 0.82 ശതമാനം താഴ്ന്നു ടണ്ണിന് 9060.90 ഡോളറിലായി. അലൂമിനിയം 0.22 ശതമാനം താഴ്ന്ന് ടണ്ണിന് 2470.35 ഡോളറിൽ എത്തി. സിങ്ക്, ടിൻ, ലെഡ് എന്നിവ ഒരു ശതമാനം വരെ ഉയർന്നപ്പോൾ നിക്കൽ 1.85 ശതമാനം ഇടിഞ്ഞു.
ക്രിപ്റ്റാേ കറൻസികൾ ഇന്നലെ ചാഞ്ചാടി. ബിറ്റ്കോയിൻ 60,500 ഡോളറിലേക്കു താഴ്ന്നു. ഈഥർ ''2625 ഡോളറിലാണ്.

വിപണിസൂചനകൾ

(2024 ഓഗസ്റ്റ് 22, വ്യാഴം )
സെൻസെക്സ് 30 81,053.19 +0.18%
നിഫ്റ്റി50 24,811.50 +0.17%
ബാങ്ക് നിഫ്റ്റി 50,985.70 +0.59%
മിഡ് ക്യാപ് 100 58,844.85 +0.69%
സ്മോൾ ക്യാപ് 100 19,099.60 +0.17%
ഡൗ ജോൺസ് 30 40,712.80
+0.43%
എസ് ആൻഡ് പി 500 5570.60 -0.89%
നാസ്ഡാക് 17,619.30 -1.67%
ഡോളർ($) ₹83.95 +₹0.03
ഡോളർ സൂചിക 101.51 +0.48
സ്വർണം (ഔൺസ്) $2485.70 -$26.80
സ്വർണം (പവൻ) ₹ 53,440 -₹240
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $77.22 +$01.06
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it