Begin typing your search above and press return to search.
പലിശയിൽ ആവേശം; യുദ്ധഭീഷണിയിൽ ആശങ്ക; 25,000 ലക്ഷ്യമിട്ടു നിഫ്റ്റി; സ്വർണവില മുകളിലേക്ക്
പലിശ കുറയ്ക്കൽ പ്രതീക്ഷയിൽ ഉയരാൻ ഒരുങ്ങിയ വിപണിക്കു പശ്ചിമേഷ്യൻ സംഘർഷം ഭീഷണിയാണ്. അടുത്ത മാസം പലിശനിരക്കു കുറച്ചു തുടങ്ങും എന്ന യുഎസ് ഫെഡ് ചെയർമാൻ്റെ പ്രസ്താവന വെള്ളിയാഴ്ച യുഎസ് വിപണികളെ ഉയർത്തി. അതിൻ്റെ ബാക്കി ഇന്നു മറ്റു വിപണികളിലും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ നില രൂക്ഷമായതു ക്രൂഡ് ഓയിൽ വില ഉയർത്തുകയും വിപണികളിൽ ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്തു.
ബുധനാഴ്ച എൻവിഡിയയുടെ റിസൽട്ട് വരും. വരുമാനവും ലാഭവും ഇരട്ടിക്കും എന്നാണു പ്രതീക്ഷ. ജെൻസൻ ഹുവാങ്ങിൻ്റെ കമ്പനി കഴിഞ്ഞ പാദങ്ങളിൽ പ്രതീക്ഷയിലേറെ മികച്ച പ്രകടനമാണു കാഴ്ചവച്ചിട്ടുള്ളത്. അതിൽ നിന്നു മാറ്റമുണ്ടായാൽ എൻവിഡിയ മാത്രമല്ല ഐടി മേഖല മാെത്തം തകർച്ചയിലാകും.
യുഎസ് ഫെഡ് കാര്യമായി കണക്കിലെടുക്കുന്ന പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) ഈയാഴ്ച പുറത്തുവരും. ജൂലൈയിലെ പിസിഇ 2.7 ശതമാനം ഉയരുമെന്നാണു പാെതു നിഗമനം.
വ്യാഴാഴ്ച റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഓഹരി ഉടമകളുടെ പൊതുയോഗം ഉണ്ട്. കമ്പനിയുടെ സമീപഭാവിയിലെ മൂലധനനിക്ഷേപം അടക്കമുള്ള കാര്യങ്ങൾ അതിൽ വിശദീകരിക്കും എന്നാണ് പ്രതീക്ഷ..
അനിൽ അംബാനിയെയും 24 പേരെയും അഞ്ചു വർഷത്തേക്കു വിപണിയിൽ നിന്നു വിലക്കിയ സെബി ഉത്തരവ് കഴിഞ്ഞ ദിവസം ഗ്രൂപ്പ് കമ്പനികളുടെ വില ഇടിച്ചു. റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാ, റിലയൻസ് ഹോം ഫിനാൻസ് എന്നിവയാണു വിപണിയിൽ ഉള്ള കമ്പനികൾ. രണ്ടു വർഷം മുൻപു തന്നെ ഇവയുടെ ബോർഡിൽ നിന്ന് അനിൽ അംബാനിയെ നീക്കിയതാണ്. പിഴയും കൂടുതൽ പേരുടെ മേലുള്ള വിലക്കുമാണ് പുതിയ കാര്യങ്ങൾ.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,948 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,916 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നല്ല നേട്ടത്തിൽ ക്ലാേസ് ചെയ്തു. നിരക്കു കുറയ്ക്കേണ്ട സമയമായി എന്ന യുഎസ് ഫെഡ് ചെയർമാൻ്റെ പ്രസ്താവന വിപണിക്കു സഹായമായി. യൂറോയും പൗണ്ടും ബലപ്പെട്ടു. സിഇഒയെ മാറ്റിയ നെസ്‌ലെ രാവിലെ നാലു ശതമാനം ഇടിഞ്ഞെങ്കിലും പിന്നീടു നഷ്ടം കുറച്ചു. തലവനെ മാറിയതു കൊണ്ടു കുഴപ്പമില്ല എന്നായി വിലയിരുത്തൽ.
യുഎസ് വിപണി വെള്ളിയാഴ്ച ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ ഉയരത്തിൽ അവസാനിച്ചു.
പലിശ നിരക്ക് കുറയ്ക്കാൻ സമയമായി എന്നും സാമ്പത്തിക വിവരങ്ങൾ ആധാരമാക്കി നിരക്ക് ക്രമീകരിക്കും എന്നും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ജാക്സൺ ഹോൾ സമ്മേളനത്തിൽ വ്യക്തമാക്കി. അർഥശങ്കയ്ക്ക് കാര്യമില്ലാതെ പവൽ നയം വ്യക്തമാക്കിയത് വിപണിയിലെ അവശേഷിച്ച സംശയങ്ങൾ നീക്കി.
യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.795 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു കയറി. ഡോളർ സൂചിക താഴ്ന്നു. സ്വർണം ഉയർന്നു.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 462.30 പോയിൻ്റ് (1.14%) കുതിച്ച് 41,175.08 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 63.97 പോയിൻ്റ് (1.15%) നേട്ടത്തോടെ 5634.61 ൽ അവസാനിച്ചു. നാസ്ഡാക് 258.44 പാേയിൻ്റ് (1.47%) കയറി 17,877.79 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ ഉയർച്ചയിലാണ്. ഡൗ 0.03 ഉം എസ് ആൻഡ് പി 0.08 ഉം നാസ്ഡാക് 0.14 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ ഒരു ശതമാനം താഴ്ന്നു. ദക്ഷിണ കാെറിയയിൽ കോസ്‌പി അര ശതമാനം ഉയർന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി വെള്ളിയാഴ്ചയും ഉയർന്നു വ്യാപാരം തുടങ്ങി ചെറിയ നേട്ടത്തിൽ അവസാനിച്ചു. വിൽപന സമ്മർദം തുടരുകയാണ്. റിയൽറ്റി, ഐടി, മീഡിയ, മെറ്റൽ, ബാങ്ക്, ധനകാര്യ, ഓയിൽ -ഗ്യാസ് തുടങ്ങി മിക്ക മേഖലകളും താഴ്ചയിലായി.
വെള്ളിയാഴ്ച സെൻസെക്സ് 33.02 പാേയിൻ്റ് (0.04%) ഉയർന്ന് 81,086.21 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 11.68 പോയിൻ്റ് (0.05%) നേട്ടത്തോടെ 24,823.15 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.10% (52.25 പോയിൻ്റ്) താഴ്ന്ന് 50,933.45 ൽ ക്ലാേസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.49 ശതമാനം താണ് 58,555.30 ലും സ്മോൾ ക്യാപ് സൂചിക 0.11% കുറഞ്ഞ് 19,079.25 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ വെള്ളിയാഴ്ച ക്യാഷ് വിപണിയിൽ 1944.48 കോടി രൂപയുടെ ഓഹരികൾ വാങ്ങി. തലേന്നും അവർ വാങ്ങലുകാരായിരുന്നു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2896.02 കോടി രൂപയുടെ ഓഹരികളും വാങ്ങി.
വിപണി ബുള്ളിഷ് ആയാണ് കഴിഞ്ഞയാഴ്ച ക്ലാേസ് ചെയ്തത്. നിഫ്റ്റി കയറ്റം തുടർന്ന് 25,000 ഭേദിക്കും എന്നാണു വിലയിരുത്തൽ. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,785 ലും 24,765 ലും പിന്തുണ ഉണ്ട്. 24,850 ലും 24,870 ലും തടസം ഉണ്ടാകാം.
സ്വർണവും ക്രൂഡും കയറി
പലിശക്കാര്യത്തിൽ വ്യക്തത വന്നതോടെ സ്വർണം 2500 ഡോളറിനു മുകളിേലേക്കു തിരിച്ചു കയറി. ഈയാഴ്ച കയറ്റം തുടരുമെന്നു മിക്ക വിപണിനിരീക്ഷകരും കരുതുന്നു. കഴിഞ്ഞയാഴ്ച എത്തിയ 2531.75 ഡോളർ എന്ന റെക്കാേർഡ് കടന്നു പോകും എന്നാണു പൊതു നിഗമനം. വ്യാഴാഴ്ച വരുന്ന തൊഴിൽ കണക്കും രണ്ടാം പാദ ജിഡിപി കണക്കും പ്രതീക്ഷ പോലെ ആയാൽ വിപണി വലിയ ചലനമില്ലാതെ നീങ്ങും.
ഡിസംബർ അവധിവില ഔൺസിന് 2547 ഡോളറിലേക്കു കയറി. സ്പോട്ട് വില 2513.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 2516 ലേക്കു കയറി.
കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 53,280 രൂപയായി. ശനിയാഴ്ച 280 രൂപ വർധിച്ച് 53,560 രൂപയായി.
വെള്ളിവില ഔൺസിന് 29.90 ഡോളറാണ്.
ഡോളർ സൂചിക വെള്ളിയാഴ്ച കുത്തനേ താഴ്ന്നു. 79 പോയിൻ്റ് ഇടിഞ്ഞ് 100.72 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 100.58 ലേക്കു താഴ്ന്നു. യുഎസ് പലിശ നിരക്കു കുറയ്ക്കുമ്പോൾ ഡോളർ ഇനിയും താഴും.
രൂപ വെള്ളിയാഴ്ച അൽപം നേട്ടത്തിലായി. ഡോളർ ആറു പൈസ കുറഞ്ഞ് 83.89 രൂപയിൽ അവസാനിച്ചു. ഈയാഴ്ച രൂപ വീണ്ടും കയറുമെന്നാണു നിഗമനം. മറ്റു വികസ്വരരാജ്യങ്ങളുടെ കറൻസികളും കരുത്താർജിച്ചു വരികയാണ്. രൂപ കൂടുതൽ ബലപ്പെട്ടാൽ കയറ്റുമതിയെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ട് റിസർവ് ബാങ്കിൻ്റെ ഇടപെടൽ പ്രതീക്ഷിക്കുന്നുണ്ട്.
ക്രൂഡ് ഓയിൽ വീണ്ടും ഉയർന്നു. പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതാണു കാരണം. ബ്രെൻ്റ് ഇനം വെള്ളിയാഴ്ച രണ്ടര ശതമാനം കയറി 79.02 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 79.63 ഡോളറിലേക്ക് ഉയർന്നു. ഡബ്ല്യുടിഐ ഇനം 75.46 ഉം യുഎഇയുടെ മർബൻ ക്രൂഡ് 78.98 ഉം ഡോളറിലാണ്.
പലിശ കുറയ്ക്കൽ ഉറപ്പായതോടെ വ്യാവസായിക ലോഹങ്ങൾ കുതിച്ചു. ചെമ്പ് 1.24 ശതമാനം കയറി ടണ്ണിന് 9173.21 ഡോളറിലായി. അലൂമിനിയം 2.91 ശതമാനം കുതിച്ച് ടണ്ണിന് 2542.15 ഡോളറിൽ എത്തി. സിങ്ക്, ടിൻ, ലെഡ്, നിക്കൽ എന്നിവ 1.3 ശതമാനം വരെ ഉയർന്നു.
ക്രിപ്റ്റാേ കറൻസികൾ വെള്ളിയാഴ്ച കുതിച്ചു കയറി. ബിറ്റ്കോയിൻ ഏഴര ശതമാനം ഉയർന്ന് 64,750 ഡോളറിൽ എത്തി. ഈഥർ 2790 ഡോളറിൽ എത്തി.
വിപണിസൂചനകൾ
(2024 ഓഗസ്റ്റ് 23, വെള്ളി )
സെൻസെക്സ് 30 81,086.21 +0.04%
നിഫ്റ്റി50 24,823.15 +0.05%
ബാങ്ക് നിഫ്റ്റി 50,933.45 -0.10%
മിഡ് ക്യാപ് 100 58,555.30 -0.49%
സ്മോൾ ക്യാപ് 100 19,079.25 -0.11%
ഡൗ ജോൺസ് 30 41,175.08
+1.14%
എസ് ആൻഡ് പി 500 5634.61 +1.15%
നാസ്ഡാക് 17,877.79 +1.47%
ഡോളർ($) ₹83.89 -₹0.06
ഡോളർ സൂചിക 100.72 -0.79
സ്വർണം (ഔൺസ്) $2513.20 +$27.50
സ്വർണം (പവൻ) ₹ 53,560 +₹440
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.02 +$01.80
Next Story
Videos