കയറ്റം തുടരാൻ ബുള്ളുകൾ; വിദേശ സൂചനകൾ പോസിറ്റീവ്; ഡോളറും സ്വർണവും കയറുന്നു

വിപണി കയറ്റത്തിനുള്ള മൂഡിലാണ്. എന്നാൽ നിരന്തരമായ കയറ്റത്തിൽ ആശങ്കയുള്ളവരുടെ വിൽപന സമ്മർദം വിപണിയെ വലിച്ചു താഴ്ത്താനുള്ള സാധ്യത വർധിച്ചു വരികയാണ്. വിദേശ സൂചനകൾ അനുകൂലമാണ്. യുഎസിൽ ഡോണൾഡ് ട്രംപിൻ്റെ വിജയസാധ്യത വർധിച്ചതു ഡോളറിൻ്റെ വില ഉയർത്തുന്നുണ്ട്. വിലക്കയറ്റം രണ്ടു ശതമാനത്തിലേക്കു താണില്ലെങ്കിലും പലിശ കുറയ്ക്കുമെന്നു ഫെഡ് ചെയർമാൻ സൂചിപ്പിച്ചത് സ്വർണവിലയെ ഉയർത്തി.
മൊത്തവില ആധാരമാക്കിയുളള വിലക്കയറ്റം 16 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന 3.4 ശതമാനം ആയി.ഭക്ഷ്യവില 8.7 ശതമാനം ഉയർന്നു.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,620 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,640 ആയി. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞു. . ട്രംപ് വധശ്രമത്തിനു ശേഷമുള്ള സാഹചര്യം ആണു വിപണിയെ നയിച്ചത്.
യുഎസ് വിപണി തിങ്കളാഴ്ച ഉയർന്നു ക്ലോസ് ചെയ്തു. വധശ്രമം ഡോണൾഡ് ട്രംപിൻ്റെ വിജയം ഉറപ്പിച്ചു എന്ന വിലയിരുത്തലിലാണു വിപണികൾ. ട്രംപ് മീഡിയ ഓഹരി ഇന്നലെ 30 ശതമാനം കുതിച്ചു. എന്നാൽ വിപണി ക്ലോസ് ചെയ്ത ശേഷം 11 ശതമാനം താണു.
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക 210.82 പോയിൻ്റ് (0.53%) നേട്ടത്തിൽ 40,211.72 ൽ അവസാനിച്ചു. എസ് ആൻഡ് പി 15.87 പോയിൻ്റ് (0.28%) കയറി 5631.22 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 74.12 പോയിൻ്റ് (0.40%) ഉയർന്ന് 18,472.57ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.14 ഉം എസ് ആൻഡ് പി 0.17 ഉം നാസ്ഡാക് 0.25 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കൈ അര ശതമാനം കയറി. ചൈനീസ് വിപണി താഴ്ചയിലാണ്. ചെെനയുടെ രണ്ടാം പാദ ജിഡിപി പ്രതീക്ഷിച്ച അഞ്ചു ശതമാനത്തിനു പകരം 4.7 ശതമാനമേ വളർന്നുള്ളൂ.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കളാഴ്ച കുതിച്ചു കയറി. സെൻസെക്സ് തലേന്നത്തെ ഉയരത്തിൽ എത്തിയില്ലെങ്കിലും നിഫ്റ്റി 24,635. 05 എന്ന പുതിയ ഉയരം കുറിച്ചു. ഐടി സൂചിക നാമമാത്രമായി താഴ്ന്നെങ്കിലും മറ്റു മേഖലകൾ നല്ല നേട്ടത്തിലായി. പൊതുമേഖലാ ബാങ്കുകൾ 3.07 ശതമാനം കുതിച്ചു. ഓയിൽ -ഗ്യാസ്' 1.99 ഉം റിയൽറ്റി 1.34 ഉം ഹെൽത്ത് കെയർ 1.28 ഉം ഫാർമ 1.13 ഉം ഓട്ടോ 1.09 ഉം ശതമാനം ഉയർന്നു.
സെൻസെക്സ് 145.52 പോയിൻ്റ് (0.18%) കയറി 80,664.86 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 84.55 പോയിൻ്റ് (0.35%) ഉയർന്ന് 24,586.70 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.34% (177 പോയിൻ്റ്) നേട്ടത്തിൽ 52,455.90 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 0.86 ശതമാനം കുതിച്ച് 57,664.45 ലും സ്മോൾ ക്യാപ് സൂചിക 0.52% കയറി 19,047.70 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ തിങ്കളാഴ്ച ക്യാഷ് വിപണിയിൽ 2684.78 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 331 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി 24,600 നു മുകളിൽ ആദ്യമായി ക്ലോസ് ചെയ്തത് ബുള്ളുകൾക്ക് കരുത്തു പകരുന്നു. 24,900 -25,000 എന്നതായി അടുത്ത ലക്ഷ്യം. ഇന്നു സൂചികയ്ക്ക് 24,540 ലും 24,470 ലും പിന്തുണ ഉണ്ട്. 24,625 ലും 24,695 ലും തടസം ഉണ്ടാകാം.
സ്വർണം കയറി
സ്വർണവില ഇന്നലെ കയറി. വിലക്കയറ്റം രണ്ടു ശതമാനത്തിൽ എത്തുന്നതിനു മുൻപു തന്നെ നിരക്ക് കുറയ്ക്കാൻ ഫെഡ് തയാറായേക്കുമെന്നു ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞതു വിപണിയുടെ കയറ്റത്തിനു സഹായിച്ചു. ഔൺസിന് 2422.60 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2425 ഡോളറിലേക്കു കയറി.
കേരളത്തിൽ സ്വർണവില തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 54,000 രൂപയായി. ഇന്നു വില കയറാം.
വെള്ളിവില ഔൺസിന് 30.60 ഡോളറിലാണ്. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 99,000 രൂപയിൽ തുടർന്നു.
ഡോളർ സൂചിക തിങ്കളാഴ്ച ഉയർന്നു 104.19 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 104.27 ലേക്കു കയറി.
രൂപ തിങ്കളാഴ്ച താഴ്ന്നു. ഡോളർ അഞ്ചു പൈസ കൂടി 83.59 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില സാവധാനം താഴുന്നു. ബ്രെൻ്റ് ഇനം 84.85 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 84.72 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 81.77 ഉം യുഎഇയുടെ മർബൻ ക്രൂഡ് 84.39 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് 0.20 ശതമാനം താണു ടണ്ണിന് 9652.72 ഡോളറിൽ എത്തി. അലൂമിനിയം 1.07 ശതമാനം താഴ്ന്ന് ടണ്ണിന് 2458.10 ഡോളറായി. ലെഡും സിങ്കും ഉയർന്നു.
ക്രിപ്റ്റാേ കറൻസികൾ കുതിപ്പിലാണ്. ക്രിപ്റ്റോ അനുകൂലിയായ ട്രംപ് യുഎസ് പ്രസിഡൻ്റ് ആകും എന്ന വിശ്വാസമാണു കാരണം. ബിറ്റ്കോയിൻ ഏഴു ശതമാനം കയറി 65,000 ഡോളറിനടുത്ത് എത്തി. ഈഥർ 3500 ഡോളറിലേക്കു കയറി.
വാണിജ്യകമ്മി കൂടുന്നു
ഇന്ത്യയുടെ വാണിജ്യകമ്മി വർധിക്കുകയാണ്. ജൂണിൽ ഉൽപന്ന കയറ്റുമതി 2.55 ശതമാനം മാത്രം വർധിച്ചപ്പോൾ ഇറക്കുമതി അഞ്ചു ശതമാനം കൂടി. കമ്മി 9.4 ശതമാനം ഉയർന്നു. കയറ്റുമതി 3520 കോടി ഡോളറും ഇറക്കുമതി 5620 കോടി ഡോളറും ആയി.
പത്തു വർഷത്തിനുള്ളിലെ രണ്ടാമത്തെ വലിയ കയറ്റുമതിയാണു ജൂണിലേത്. 2022 ജൂണിലെ 4230 കോടി ഡോളർ ആണ് ഇതിലും കൂടിയത്.
സേവന കയറ്റുമതി കൂടി പെടുത്തിയാൽ ഏപ്രിൽ - ജൂണിലെ കയറ്റുമതി 20,030 കോടി ഡോളർ ആണ്. 2022-23 ആദ്യപാദത്തിലെ 19,710 കോടി ഡോളറിനെയാണു മറി കടന്നത്. ഒന്നാം പാദത്തിലെ വാണിജ്യകമ്മി 6230 കോടി ഡോളർ ആയി. വാണിജ്യകമ്മി കൂടുന്നതു കറൻ്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കും. കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ ജിഡിപിയുടെ ഒരു ശതമാനം ആയിരുന്ന കറൻ്റ് അക്കൗണ്ട് കമ്മി 1.4 ശതമാനമാകും എന്നാണു സൂചന.
വിപണിസൂചനകൾ
(2024 ജൂലെെ 15, തിങ്കൾ)
സെൻസെക്സ് 30 80,664.86 +0.18%
നിഫ്റ്റി50 24,586.70 +0.35%
ബാങ്ക് നിഫ്റ്റി 52,455.90 +0.34%
മിഡ് ക്യാപ് 100 57,664.45 +0.86%
സ്മോൾ ക്യാപ് 100 19,047.70 +0.52%
ഡൗ ജോൺസ് 30 40,211.70 +0.53%
എസ് ആൻഡ് പി 500 5631.22 +0.28%
നാസ്ഡാക് 18,472.60 +0.40%
ഡോളർ($) ₹83.59 +₹0.04
ഡോളർ സൂചിക 104.19 +0.10
സ്വർണം (ഔൺസ്) $2422.60 +$11.00
സ്വർണം (പവൻ) ₹54,000 -₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $84.85 -$00.18
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it