Begin typing your search above and press return to search.
എല്ലാ കണ്ണുകളും ബജറ്റിലേക്ക്, ധനമന്ത്രി അധികവരുമാനം എന്തു ചെയ്യും? കമ്മി കുറച്ചാല്‍ വിപണിക്കു സന്തോഷം; ബൈഡന്റെ പിന്മാറ്റത്തില്‍ ഏഷ്യന്‍ വിപണികള്‍ക്ക് ഇടിവ്
2024-25 ലെ സമ്പൂര്‍ണ ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നതിലാണു വിപണിയുടെ ശ്രദ്ധ മുഴുവന്‍. യുഎസ് രാഷ്ട്രീയ മാറ്റവും കമ്പനികളുടെ റിസല്‍ട്ടുകളും പ്രധാനമാണെങ്കിലും ബജറ്റിനോളം വരില്ല. ഇടക്കാല ബജറ്റില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന് ഉറപ്പായി. ഈ അധിക വരുമാനം എന്തിന് ഉപയോഗിക്കും എന്നതിലാണ് എല്ലാവരുടെയും ആകാംക്ഷ. കമ്മി കുറയ്ക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും അധിക വരുമാനം ഉപയോഗിച്ചാല്‍ വിപണി സന്തുഷ്ടമാകും. ജനപ്രിയ പരിപാടികള്‍ക്ക് കൂടുതല്‍ തുക അനുവദിച്ചാല്‍ വിപണിക്ക് നല്ല അഭിപ്രായം ഉണ്ടാവില്ല. കമ്മി കുറയ്ക്കുന്നത് രാജ്യത്തിന്റെ റേറ്റിംഗ് കൂട്ടാന്‍ സഹായിക്കും.
റിലയന്‍സിന്റെ റിസല്‍ട്ട് പ്രതീക്ഷയിലും താഴെ ആയതു വിപണിയില്‍ പ്രതിഫലനം ഉണ്ടാക്കാം. എച്ച്ഡിഎഫ്‌സി ബാങ്ക് റിസല്‍ട്ട് മികച്ചതായി.
വിദേശവിപണികള്‍
അമേരിക്കയില്‍ പ്രസിഡന്റ് ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു മാറിയത് രാഷ്ട്രീയ അനിശ്ചിതത്വത്തിനാണു വഴി തുറന്നത്. ഏഷ്യന്‍ വിപണികള്‍ രാവിലെ വലിയ താഴ്ചയിലായി. എന്നാല്‍ യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നു.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,416.50 ല്‍ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,400 ലാണ്. ഇന്ത്യന്‍ വിപണി ഗണ്യമായ താഴ്ചയില്‍ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച താഴ്ന്നു. മൈക്രാേസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നങ്ങളാണു വിപണിയെ വലിച്ചു താഴ്ത്തിയത്.
യുഎസ് വിപണി വെള്ളിയാഴ്ച ഒരു ശതമാനത്തോളം ഇടിഞ്ഞു. വിന്‍ഡോസ് തകരാറിലായതു യാത്ര അടക്കം നിരവധി മേഖലകളെ താഴ്ത്തി. വിന്‍ഡോസില്‍ പ്രശ്‌നം ഉണ്ടാക്കിയ ക്രൗഡ് സ്‌ട്രൈക്കിന്റെ ഓഹരി 11 ശതമാനം ഇടിഞ്ഞു.
ഞായറാഴ്ച ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു കമലാ ഹാരീസിനു പിന്തുണ പ്രഖ്യാപിച്ചതോടെ വിപണി കയറും എന്നാണു ഫ്യൂച്ചേഴ്‌സ് കാണിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദമാണു ബൈഡന്‍ പിന്മാറാന്‍ കാരണം. ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയം കഴിയുകയും കമലാ ഹാരിസിന്റെയും ട്രംപിന്റെയും ജന പിന്തുണ വ്യക്തമാകുകയും ചെയ്യും വരെ യുഎസ് രാഷ്ട്രീയ സാഹചര്യം വിപണിക്കു ചാഞ്ചാട്ടമാകും നല്‍കുക. ട്രംപ് അനായാസം ജയിക്കും എന്ന മുന്‍ധാരണ വിപണി മാറ്റിവയ്ക്കും.
വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 377.49 പോയിന്റ് (0.93%) നഷ്ടത്തില്‍ 40,287.50 ല്‍ അവസാനിച്ചു. എസ് ആന്‍ഡ് പി 39.59 പോയിന്റ് (0.71%) ഇടിഞ്ഞ് 5505 ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 144 28 പോയിന്റ് (0.81%) താഴ്ന്ന് 17,726.90 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.20 ഉം എസ് ആന്‍ഡ് പി 0.33 ഉം നാസ്ഡാക് 0.56 ഉം ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങി. ഓസ്‌ട്രേലിയയിലും ദക്ഷിണ കൊറിയയിലും ജപ്പാനിലും സൂചികകള്‍ ഒരു ശതമാനം ഇടിഞ്ഞു.
ഇന്ത്യന്‍ വിപണി
ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച വലിയ നഷ്ടത്തില്‍ ക്ലാേസ് ചെയ്തു. സെന്‍സെക്‌സ് 80,499 വരെയും നിഫ്റ്റി 24,508 വരെയും താഴ്ന്നു. മെറ്റല്‍, ഓട്ടോ, റിയല്‍റ്റി, ഓയില്‍ - ഗ്യാസ്, ഹെല്‍ത്ത്, ഫാര്‍മ മേഖലകളാണു വിപണിയെ താഴ്ത്തിയത്.
സെന്‍സെക്‌സ് 738.81പോയിന്റ് (0.91%) ഇടിഞ്ഞ് 80,604.65 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 269.95 പോയിന്റ് (1.09%) താഴ്ന്ന് 24,530.90ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.67% (355.10 പോയിന്റ്) ഇടിഞ്ഞ് 52,265.60 ല്‍ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 2.11 ശതമാനം താഴ്ന്ന് 55,908.30 ലും സ്‌മോള്‍ ക്യാപ് സൂചിക 2.29% ഇടിഞ്ഞ് 18,397.75 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകര്‍ വെള്ളിയാഴ്ചയും വാങ്ങല്‍ തുടര്‍ന്നു. ക്യാഷ് വിപണിയില്‍ അവര്‍ 1506.12 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 461.56 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
തലേന്നത്തെ നേട്ടങ്ങള്‍ മുഴുവനും നഷ്ടപ്പെടുത്തിയാണു വെള്ളിയാഴ്ച വിപണി ഇടിഞ്ഞത്. ബജറ്റ് വരുന്നതു പ്രമാണിച്ചു നിക്ഷേപകര്‍ കരുതലോടെയേ ഇന്നു നീങ്ങൂ.
ഇന്നു സൂചികയ്ക്ക് 24,500 ലും 24, 415 ലും പിന്തുണ ഉണ്ട്. 24,765 ലും 24,850 ലും തടസം ഉണ്ടാകാം.
സ്വര്‍ണം ചാഞ്ചാടുന്നു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചിത്രം മാറിയ സാഹചര്യത്തില്‍ സ്വര്‍ണം ചാഞ്ചാട്ടത്തിലാണ്. കഴിഞ്ഞയാഴ്ച 2401.80 ഡോളറിലേക്കു താഴ്ന്നു ക്ലോസ് ചെയ്ത സ്വര്‍ണം ഇന്നു രാവിലെ 2412 ഡോളര്‍ വരെ കയറി. പിന്നീട് അല്‍പം താണു. യു എസ് രാഷ്ട്രീയ ചിത്രം തെളിയും വരെ സ്വര്‍ണം ചാഞ്ചാട്ടം തുടരും.
കേരളത്തില്‍ സ്വര്‍ണവില വെള്ളിയാഴ്ച പവന് 360 രൂപ കുറഞ്ഞ് 54,520 രൂപയായി. ശനിയാഴ്ച 54,240 രൂപയിലേക്കു താണു.
വെള്ളിവില ഔണ്‍സിന് 29.30 ഡോളറിലാണ്. കേരളത്തില്‍ വെള്ളി കിലോഗ്രാമിനു 96,000 രൂപയിലേക്കു താഴ്ന്നു.
ഡോളര്‍ സൂചിക വ്യാഴാഴ്ച ഉയര്‍ന്നു 104.40ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.28ലാണ്.
രൂപ വെള്ളിയാഴ്ച നാമമാത്രമായി താണു. ഡോളര്‍ ഒരു പൈസ കൂടി 83.66 രൂപയില്‍ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍ വില വാരാന്ത്യത്തില്‍ താഴ്ന്നിട്ട് ഇന്നു രാവിലെ കയറ്റത്തിലായി. ബ്രെന്റ് ഇനം വെള്ളിയാഴ്ച 82. 63 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 82.99 ഡോളറിലേക്കു കയറ. ഡബ്ല്യുടിഐ ഇനം 80.55 ഉം യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 82.09 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ചയും ഇടിഞ്ഞു. ചൈനീസ് ഡിമാന്‍ഡ് കുറയുമെന്നാണു വിപണി കരുതുന്നത്. ചെമ്പ് 1.37 ശതമാനം താണു ടണ്ണിന് 9213.35 ഡോളറില്‍ എത്തി. അലൂമിനിയം 1.38 ശതമാനം താഴ്ന്ന് ടണ്ണിന് 2352.15 ഡോളറായി. ടിന്‍ 3.11ഉം ലെഡ് 2.45 ഉം സിങ്ക് 0.77 ഉം ശതമാനം ഇടിഞ്ഞു.
ക്രിപ്റ്റാേ കറന്‍സികള്‍ വീണ്ടും കയറുകയാണ്. ട്രംപ് ജയിക്കുന്നതു ക്രിപ്‌റ്റോകള്‍ക്കു നല്ല കാലം നല്‍കും എന്നാണു വിലയിരുത്തല്‍. ബിറ്റ്‌കോയിന്‍ 68,250 ഡോളറിനടുത്ത് എത്തി. ഈഥര്‍ 3540 ഡോളറിലേക്കു കയറി.
വിപണിസൂചനകള്‍
(2024 ജൂലൈ 19, വെള്ളി)
സെന്‍സെക്‌സ് 30 80,604.65 -0.91%
നിഫ്റ്റി50 24,530.90 -1.09%
ബാങ്ക് നിഫ്റ്റി 52,265.60 -0.67%
മിഡ് ക്യാപ് 100 55,908.30 -2.11%
സ്‌മോള്‍ ക്യാപ് 100 18,397.75 -2.29%
ഡൗ ജോണ്‍സ് 30 40,287.50 -0.93%
എസ് ആന്‍ഡ് പി 500 5505.00 -0.71%
നാസ്ഡാക് 17,726.90 -0.81%
ഡോളര്‍($) ₹83.66 +?0.01
ഡോളര്‍ സൂചിക 104.40 +0.23
സ്വര്‍ണം (ഔണ്‍സ്) $2401.80 -$43.30
സ്വര്‍ണം (പവന്‍) ₹54,240 -?280
ക്രൂഡ് (ബ്രെന്റ്) ഓയില്‍ $82.63 -$02.55
Next Story
Videos