ബജറ്റില്‍ കമ്മി കുറച്ചാല്‍ വിപണിക്കു സന്തോഷം; വിൽപന സമ്മർദം പ്രതീക്ഷിക്കാം; ലോഹങ്ങൾ വീണ്ടും താഴ്ച്ചയിൽ

നിർമല സീതാരാമൻ 11 മണിക്ക് അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റാണ് ഇന്നു വിപണിയുടെ താരം. ബജറ്റ് വിപണി പ്രതീക്ഷിക്കും പോലെ ആയാൽ നല്ല കുതിപ്പും ഒപ്പം ലാഭമെടുത്തു മാറാനുള്ള വിൽപന സമ്മർദവും തുടരും. ബജറ്റിലെ വരുമാന പ്രതീക്ഷകൾ വളർച്ചയെ സംബന്ധിച്ച സർക്കാർ നിഗമനം കാണിക്കും. ബജറ്റ് കമ്മി കുറയ്ക്കലിനാണോ ക്ഷേമപദ്ധതികൾക്കാണോ മുൻഗണന നൽകുന്നത് എന്നും ബജറ്റ് പ്രസംഗത്തിൻ്റെ ആദ്യഭാഗത്തു നിന്നു മനസിലാക്കാം. അതനുസരിച്ചാകും വിപണിയുടെ പ്രതികരണം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,543 ൽ ക്ലാേസ് ചെയ്തു.ഇന്നു രാവിലെ 24,560 ലാണ്. ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച നല്ല നേട്ടം ഉണ്ടാക്കി. യുഎസ് രാഷ്ട്രീയ സാഹചര്യം മാറിയതു വിപണിക്ക് രസിച്ചു. റിസൽട്ട് മോശമായതിനെ തുടർന്നു റയാൻ എയർ 17 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി തിങ്കളാഴ്ച നേട്ടത്തിലായി. ഡൗ 0.32 ശതമാനം ഉയർന്നപ്പോൾ എസ് ആൻഡ് പി 1.08 ഉം നാസ്ഡാക് 1.58 ഉം ശതമാനം കയറി. പ്രസിഡൻ്റ് ജോ ബെെഡൻ മത്സത്തിൽ നിന്നു പിന്മാറിയതു വിപണിക്ക് ഇഷ്ടമായി.
ഇന്നലെ ഡൗ ജോൺസ് സൂചിക 127.91 പോയിൻ്റ് നേട്ടത്തിൽ 40,415.41 ൽ അവസാനിച്ചു. എസ് ആൻഡ് പി 59.41 പോയിൻ്റ് കയറി 5564.11 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 280.63 പോയിൻ്റ് കുതിച്ച് 18,007.57 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നഷ്ടത്തിലാണ്. ഡൗ 0.08 ഉം എസ് ആൻഡ് പി 0.15 ഉം നാസ്ഡാക് 0.26 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിൽ വ്യാപാരം തുടങ്ങി. ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും സൂചികകൾ അര ശതമാനത്തിലധികം ഉയർന്നു.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി തിങ്കളാഴ്ച ചെറിയ നഷ്ടത്തിൽ ക്ലാേസ് ചെയ്തു. സെൻസെക്സ് 80,100 വരെ താണിട്ട് 80,900 വരെ കയറി. നിഫ്റ്റി 24,362 വരെ താഴ്ന്നിട്ട് 24,595 വരെ കയറി. മെറ്റൽ, ഓട്ടോ, ഹെൽത്ത്, ഫാർമ മേഖലകളാണു വിപണിയെ വലിയ താഴ്ചയിൽ നിന്ന് ഉയർത്തിയത്.
രാവിലത്തെ താഴ്ചയിൽ നിന്ന് ഇൻട്രാ ഡേയിൽ സെൻസെക്സ് 800 പോയിൻ്റും നിഫ്റ്റി 133 പോയിൻ്റും ഉയർന്നു. സെൻസെക്സ് 102.57 പോയിൻ്റ് (0.13%) താഴ്ന്ന് 80,502.08 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 21.65 പോയിൻ്റ് (0.09%) താഴ്ന്ന് 24,509.25 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.03% (14.80 പോയിൻ്റ്) കയറി 52,280.40 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക 1.28 ശതമാനം കുതിച്ച് 56,624.65 ലും സ്മോൾ ക്യാപ് സൂചിക 0.90% കയറി 18,563.05 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ തിങ്കളാഴ്ച വാങ്ങൽ തുടർന്നു. ക്യാഷ് വിപണിയിൽ അവർ 3444.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1652.34 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ബജറ്റ് പ്രമാണിച്ചു നിക്ഷേപകർ കരുതലോടെയേ ഇന്നു രാവിലെ നീങ്ങൂ. ബജറ്റ് വന്ന ശേഷമേ പുതിയ പാെസിഷനുകൾ എടുക്കാൻ ഫണ്ടുകളും നിക്ഷേപകരും തയാറാകൂ. ഇന്നലെ നിഫ്റ്റി 24,500 നിലനിർത്തിയതു നല്ല സൂചനയാണ്. ഇന്നു സൂചികയ്ക്ക് 24,400 ലും 24,345 ലും പിന്തുണ ഉണ്ട്. 24,530 ലും 24,630 ലും തടസം ഉണ്ടാകാം.
സ്വർണം ചാഞ്ചാടുന്നു
സ്വർണം ദിശാബോധം നഷ്ടപ്പെട്ട നിലയിലാണ്. യു എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ആർക്ക് അനുകൂലമാകും എന്നറിഞ്ഞിട്ടേ വിപണി ഗതി നിർണയിക്കൂ. ഇന്നലെ ചെറിയ മേഖലയിൽ സ്വർണം കയറി ഇറങ്ങി. സ്വർണം ഇന്നു രാവിലെ ഔൺസിന് 2403 ഡോളർ വരെ കയറി.
കേരളത്തിൽ സ്വർണവില തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 54,160 രൂപയായി.
വെള്ളിവില ഔൺസിന് 29.30 ഡോളറിലാണ്. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 96,000 രൂപയിലാണ്.
ഡോളർ സൂചിക തിങ്കളാഴ്ച താഴ്ന്ന് 104.31 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.28 ലാണ്.
ക്രൂഡ് ഓയിൽ താഴ്ന്നു
ക്രൂഡ് ഓയിൽ വില ഇന്നലെയും താഴ്ന്നു. ബ്രെൻ്റ് ഇനം 82.31 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ല്യുടിഐ ഇനം 79.78 ഉം യുഎഇയുടെ മർബൻ ക്രൂഡ് 81.91 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ വീണ്ടും ഇടിഞ്ഞു. ചൈനീസ് ഡിമാൻഡ് കുറയുന്നതാണു പ്രശ്നം. ചെമ്പ് 1.33 ശതമാനം താണു ടണ്ണിന് 9090.51 ഡോളറിൽ എത്തി. അലൂമിനിയം 1.7 ശതമാനം താഴ്ന്ന് ടണ്ണിന് 2311.98 ഡോളറായി. ടിൻ 1.76 ഉം ലെഡ് 2.36 ഉം സിങ്ക് 2.06 ഉം നിക്കൽ 1.57 ഉം ശതമാനം ഇടിഞ്ഞു.
ക്രിപ്റ്റാേ കറൻസികൾ ഉയർന്നു നിൽക്കുന്നു. ബിറ്റ്കോയിൻ 67,700 ഡോളറിനു മുകളിലാണ്. ഈഥർ 3450 ഡോളറിലേക്കു താണു.
വിപണിസൂചനകൾ
(2024 ജൂലെെ 22, തിങ്കൾ)
സെൻസെക്സ് 30 80,502.08 -0.13%
നിഫ്റ്റി50 24,509.25 -0.09%
ബാങ്ക് നിഫ്റ്റി 52,280.40 +0.03%
മിഡ് ക്യാപ് 100 56,624.65 +1.28%
സ്മോൾ ക്യാപ് 100 18,563.05 +0.90%
ഡൗ ജോൺസ് 30 40,415.40 +0.32%
എസ് ആൻഡ് പി 500 5564.41 +1.08%
നാസ്ഡാക് 18,007.60 +1.58%
ഡോളർ($) ₹83.66 ₹0.00
ഡോളർ സൂചിക 104.31 +0.03
സ്വർണം (ഔൺസ്) $2397.60 -$01.40
സ്വർണം (പവൻ) ₹54,160 -₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $82.40 -$00.23
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it