Begin typing your search above and press return to search.
ആശങ്കകൾ അകലെ; വിപണിയിൽ ആവേശം; കുതിപ്പ് തുടരാൻ ബുള്ളുകൾ; വിൽപന സമ്മർദം കുറയില്ല; ഫെഡ് തീരുമാനത്തിൽ കണ്ണുനട്ട് വിപണി
പാെതുവേ ആശങ്കകൾ നീങ്ങി തെളിഞ്ഞ മാനവുമായാണ് ഈ ആഴ്ച വ്യാപാരം ആരംഭിക്കുന്നത്. ഇന്ത്യയിലും അമേരിക്കയിലും വിപണികൾ ഉയർന്നാണു കഴിഞ്ഞ വാരം ക്ലോസ് ചെയ്തത്. ഇന്നും ആവേശകരമായ തുടക്കം പ്രതീക്ഷിക്കുന്നു.
സിമൻ്റ് വിപണിയിൽ തങ്ങളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിച്ചു കൊണ്ട് ഇന്ത്യാ സിമൻ്റ്സിനെ ഏറ്റെടുക്കാൻ കുമാർ മംഗലം ബിർലയുടെ അൾട്രാ ടെക് കരാർ ഉണ്ടാക്കിയതു സിമൻ്റ് വിപണിയെ ചലിപ്പിക്കും.
ബുധനാഴ്ച യുഎസ് ഫെഡ് നയം പ്രഖ്യാപിക്കുന്നതാണ് ഈയാഴ്ചയിലെ പ്രധാന സംഭവം. നിരക്കിൽ ഇത്തവണ മാറ്റമൊന്നും പ്രഖ്യാപിക്കാൻ ഇടയില്ല. എന്നാൽ സെപ്റ്റംബറിൽ നിരക്ക് കുറയ്ക്കുന്നതായി ഫെഡ് സൂചന നൽകും എന്നു പ്രതീക്ഷയുണ്ട്.
പ്രമുഖ യുഎസ് ഐടി കമ്പനികൾ ഈയാഴ്ച റിസൽട്ട് പുറത്തുവിടുന്നതും വിപണിയെ സ്വാധീനിക്കും..
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,960 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 25,080 ലാണ്. ഇന്ത്യൻ വിപണി ഇന്നു വലിയ നേട്ടത്താേടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നല്ല കയറ്റത്തിൽ അവസാനിച്ചു.
യുഎസ് വിപണി വെള്ളിയാഴ്ച ഉയർന്നു വ്യാപാരം തുടങ്ങി ഒരു ശതമാനത്തിലധികം നേട്ടത്തിൽ ക്ലോസ് ചെയ്തു. ടെക് ഓഹരികളുടെ ദൗർബല്യത്തിൽ നാസ്ഡാക് കഴിഞ്ഞയാഴ്ച 2.1 ശതമാനവും എസ് ആൻഡ് പി 0.8 ശതമാനവും താഴ്ന്നു. ഡൗ 0.8 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് ഓഹരികളുടെ റസൽ 2000 സൂചിക 3.5 ശതമാനം കയറി.
ഈയാഴ്ച വമ്പൻ ടെക് കമ്പനികളുടെ റിസൽട്ട് വരും. മെെക്രോസോഫ്റ്റ്, മെറ്റ പ്ലാറ്റ്ഫോംസ്, ആപ്പിൾ, ആമസോൺ, എഎംഡി എന്നിവയുടെ റിസൽട്ടുകൾ വ്യാഴാഴ്ചയോടെ പ്രസിദ്ധീകരിക്കും.
ബുധനാഴ്ച യുഎസ് ഫെഡറൽ റിസർവ് പണനയ അവലോകന ഫലം പുറത്തുവിടും. ഇത്തവണ നിരക്കുകളിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. എന്നാൽ സെപ്റ്റംബറിൽ നിരക്കു കുറച്ചു തുടങ്ങുമെന്ന ശക്തമായ വിശ്വാസം വിപണിയിൽ ഉണ്ട്.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 654.27 പോയിൻ്റ് (1.64%) കുതിച്ച് 40,589.30 ൽ അവസാനിച്ചു. എസ് ആൻഡ് പി 59.88 പോയിൻ്റ് (1.11%) കയറി 5459.10 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 176.16 പോയിൻ്റ് (1.03%) ഉയർന്ന് 17,357.90 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിലാണ്. ഡൗ 0.24 ഉം എസ് ആൻഡ് പി 0.25 ഉം നാസ്ഡാക് 0.35 ഉം ശതമാനം കയറി നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു നല്ല കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ രണ്ടേകാൽ ശതമാനം കുതിച്ചു. ഓസ്ട്രേലിയയിലും ദക്ഷിണ കൊറിയയിലും സൂചികകൾ ഒരു ശതമാനം ഉയർന്നു. ചെെനയിലും സൂചികകൾ കയറി.
ഇന്ത്യൻ വിപണി
മൂന്നു ദിവസത്തെ തുടർച്ചയായ വിൽപനയ്ക്കു ശേഷം വെള്ളിയാഴ്ച വിദേശനിക്ഷേപകർ വാങ്ങലുകാരായി. ജൂലെെയിൽ വിദേശികൾ 400 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. വിദേശികൾക്കൊപ്പം സ്വദേശി ഫണ്ടുകളും റീട്ടെയിൽ നിക്ഷേപകരും രംഗത്തു വന്നതോടെ വെള്ളിയാഴ്ച വിപണി കുതിച്ചു കയറി. താഴ്ന്ന നിലയിൽ നിന്ന് സെൻസെക്സ് 1414 ഉം നിഫ്റ്റി 450 ഉം പോയിൻ്റ് ഉയർന്നാണ് ക്ലോസ് ചെയ്തത്. ആഴ്ചയിൽ നിഫ്റ്റി 1.24 ഉം സെൻസെക്സ് 0.9ഉം ശതമാനം നേട്ടം ഉണ്ടാക്കി. നിഫ്റ്റി 24,861.15 ൽ റെക്കോർഡ് കുറിച്ചാണു കഴിഞ്ഞ വാരം ക്ലോസ് ചെയ്തത്. ക്ലോസിംഗും റെക്കോർഡ് നിലയിലാണ്.
സെൻസെക്സ് 1292.92 പാേയിൻ്റ് (1.62%) നേട്ടത്തിൽ 81,332.72 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 428.75 പോയിൻ്റ് (1.76%) കുതിച്ച് 24,834.85 ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 0.80% (407.20 പോയിൻ്റ്) കയറി 51,295.95 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 1.81 ശതമാനം കുതിച്ച് 57,768.10 ലും സ്മോൾ ക്യാപ് സൂചിക 0.97% കയറി 18,854.00 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 2546.38 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2774.3 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
മാജിക് നമ്പരിലേക്ക് നിഫ്റ്റി
വിപണിയിൽ ബുള്ളുകൾ കൂടുതൽ സജീവമാകുമെന്നാണു പ്രതീക്ഷ. ലാഭമെടുക്കലുകാരുടെ വിൽപനയും വർധിക്കും. നിഫ്റ്റി 25,000 എന്ന മാജിക്കൽ ലക്ഷ്യത്തിലേക്കു കയറാനാണ് ഒരുങ്ങുന്നത്. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,530 ലും 24,425 ലും പിന്തുണ ഉണ്ട്. 24,875 ലും 24,980 ലും തടസം ഉണ്ടാകാം.
കൊച്ചിൻ ഷിപ്പ് യാർഡും മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സും വെള്ളിയാഴ്ച നാമമാത്രമായി ഉയർന്നു. ഗാർഡൻ റീച്ച് രണ്ടു ശതമാനത്തോളം താണു.
ആർവിഎൻഎൽ, ഇർകോൺ, റെയിൽടെൽ തുടങ്ങിയ റെയിൽവേ ഓഹരികൾ വെള്ളിയാഴ്ച താഴ്ന്നു. ടെക്സ്മാകോ റെയിലും ടെക്സ്മാകോ ഇൻഫ്രാസ്ട്രക്ചറും താഴ്ചയിലായി.
കഴിഞ്ഞയാഴ്ച 16 ശതമാനം ഉയർന്ന ബോറോസിൽ റിന്യൂവബിൾസ് ഇനിയും നല്ല കുതിപ്പ് നടത്തുമെന്ന അഭ്യൂഹത്തിലാണു വിപണി. സോളർ ഗ്ലാസ് അടക്കം റിന്യൂവബിൾ എനർജി മേഖലയിലെ നിർണായക ഉൽപന്നങ്ങൾ നിർമിക്കുന്നതാണു കമ്പനി.
ഇന്ത്യാ സിമൻ്റ്സിനെ ബിർല സ്വന്തമാക്കി
ദക്ഷിണേന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വർധിപ്പിച്ചുകൊണ്ട് ആദിത്യ ബിർല ഗ്രൂപ്പ് ഇന്ത്യാ സിമൻ്റ്സിനെ സ്വന്തമാക്കുന്നു. സിമൻ്റ് ബിസിനസിൽ അദാനി ഗ്രൂപ്പിനെ വീണ്ടും പിന്തള്ളുന്നതാണു കുമാർ മംഗലം ബിർലയുടെ തന്ത്രപരമായ നീക്കം. നേരത്തേ ഇന്ത്യാ സിമൻ്റ്സിൽ 27 ശതമാനം ഓഹരി സ്വന്തമാക്കിയ ബിർല ഇപ്പോൾ ഇന്ത്യാ സിമൻ്റ്സിൻ്റെ പ്രൊമോട്ടർ എൻ. ശ്രീനിവാസൻ്റെയും കുടുംബത്തിൻ്റെയും 32.72 ശതമാനം ഓഹരി കൂടി വാങ്ങാൻ കരാറായി. ബിർലയുടെ അൾട്രാടെക് സിമൻ്റ് വഴി ആണ് ഓഹരി വാങ്ങൽ. ക്രമേണ 26 ശതമാനം ഓഹരിക്ക് ഓപ്പൺ ഓഫർ നടത്തും. 3954 കാേടി രൂപയ്ക്കാണ് ശ്രീനിവാസൻ ഓഹരികൾ വിറ്റത്. ഒരോഹരിക്ക് 390 രൂപ വിലയായി.
സ്വർണം വീണ്ടും കയറുന്നു
കഴിഞ്ഞയാഴ്ച കുത്തനേ ഇടിഞ്ഞ സ്വർണം വെള്ളിയാഴ്ച ഗണ്യമായ നേട്ടത്തിലാണ് അവസാനിച്ചത്. യുഎസിലെ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) ആധാരമാക്കിയുള്ള ചില്ലറവിലക്കയറ്റം കുറഞ്ഞു. ഇത് സെപ്റ്റംബറിൽ പലിശനിരക്കു കുറയ്ക്കാൻ യുഎസ് ഫെഡിനെ സഹായിക്കും എന്ന നിഗമനമാണു സ്വർണത്തെ തിരിച്ചു കയറ്റിയത്. വെള്ളിയാഴ്ച ഔൺസിനു 2387.10 ഡോളറിൽ സ്വർണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2400 ഡോളറിലേക്കു വില കുതിച്ചു കയറി. ഇനിയും കയറി പുതിയ റെക്കോർഡ് കുറിക്കാൻ ഇപ്പോഴത്തെ കുതിപ്പിനു കഴിയുമെന്നാണു വിലയിരുത്തൽ.
കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച 800 കുറഞ്ഞ് പവന് 50,400 രൂപയിൽ എത്തി. ശനിയാഴ്ച 200 രൂപ വർധിച്ച് 50,600 രൂപയായി. ഇന്നു വില ഉയരും എന്നാണു സൂചന.
വെള്ളിവില ഔൺസിന് 28.08 ഡോളറിലേക്കു കയറി. കേരളത്തിൽ വെള്ളി കിലോഗ്രാമിന് 89,000 രൂപയിൽ തുടർന്നു.
ഡോളർ സൂചിക വെള്ളിയാഴ്ച 104.32 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.26 ലേക്കു താഴ്ന്നു.
രൂപ വീണ്ടും ദുർബലമായി. ഡോളർ വെള്ളിയാഴ്ച മൂന്നു പെെസ കയറി 83.73 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില വാരാന്ത്യത്തിൽ ഇടിഞ്ഞു. ബ്രെൻ്റ് ഇനം 81.45 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 81.23 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 77.14 ഉം യുഎഇയുടെ മർബൻ ക്രൂഡ് 80.02 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങളുടെ വിലത്തകർച്ചയുടെ തോത് കുറഞ്ഞു. ചെമ്പ് 0.09 ശതമാനം താണു ടണ്ണിന് 8995.25 ഡോളറിൽ എത്തി. അലൂമിനിയം 0.23 ശതമാനം കയറി ടണ്ണിന് 2279.65 ഡോളറായി. ടിൻ 1.12 ഉം ലെഡ് 1.74 ഉം സിങ്ക് 0.40 ഉം നിക്കൽ 0.24 ഉം ശതമാനം ഉയർന്നു.
ക്രിപ്റ്റാേ കറൻസികൾ വീണ്ടും നേട്ടം ഉണ്ടാക്കി. ബിറ്റ്കോയിൻ 68,720 ഡോളറിലേക്ക് ഉയർന്നു. ഈഥർ 3300 ഡോളറിലേക്കു തിരിച്ചു കയറി.
വിപണിസൂചനകൾ
(2024 ജൂലെെ 26, വെള്ളി)
സെൻസെക്സ് 30 81,332.72 +1.62%
നിഫ്റ്റി50 24,834.85 +1.76%
ബാങ്ക് നിഫ്റ്റി 51,295.95 +0.80%
മിഡ് ക്യാപ് 100 57,768.10 +1.81%
സ്മോൾ ക്യാപ് 100 18,854.00 +0.97%
ഡൗ ജോൺസ് 30 40,589.30 +1.64%
എസ് ആൻഡ് പി 500 5459.10 +1.11%
നാസ്ഡാക് 17,357.90 +1.03%
ഡോളർ($) ₹83.73 +₹0.03
ഡോളർ സൂചിക 104.32 -0.04
സ്വർണം (ഔൺസ്) $2387.10 +$22.70
സ്വർണം (പവൻ) ₹50,600 -₹600
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $81.45 -$00.88
Next Story
Videos