യുഎസ് പലിശ തീരുമാനം കാത്തു വിപണികൾ; കുതിപ്പിനു തടസം ലാഭമെടുക്കൽ; ഡോളർ കയറ്റത്തിൽ; ക്രൂഡ് ഓയിലും സ്വർണവും താഴോട്ട്

യുഎസ് ഫെഡ് തീരുമാനം അടുക്കും തോറും വിപണികൾ ആശങ്കയിലായി. നാളെ യുഎസിലും ജപ്പാനിലും വ്യാഴാഴ്ച ഇംഗ്ലണ്ടിലും പണനയ അവലോകനങ്ങൾ പ്രഖ്യാപിക്കും. ഫെഡ് നിരക്ക് കൂട്ടുകയില്ലെങ്കിലും ബാങ്ക് ഓഫ് ജപ്പാൻ നിരക്ക് കൂട്ടുമെന്നാണു പ്രതീക്ഷ.
ഇന്ത്യൻ വിപണി ഇന്നലെ നല്ല കയറ്റത്തോടെ തുടങ്ങി റെക്കോർഡ് കുറിച്ചെങ്കിലും പിന്നീടു വിൽപന സമ്മർദത്തിൽ താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നും വിപണിയിൽ വിൽപന സമ്മർദം തുടരും. എങ്കിലും 25,000 ലേക്കു നിഫ്റ്റിയെ കയറ്റാൻ ബുള്ളുകൾ ശ്രമിക്കാതിരിക്കില്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,878 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,870 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി അൽപം താഴ്ചയിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ തിങ്കളാഴ്ച താഴ്ന്നു. പ്രതീക്ഷയിലും മികച്ച റിസൽട്ട് ഫിലിപ്സ് ഓഹരിയെ 14 ശതമാനം കയറ്റി. വിൽപന കുറഞ്ഞതു ഹെെനകൻ ഓഹരിയെ എട്ടു ശതമാനം താഴ്ത്തി.
യുഎസ് വിപണി തിങ്കളാഴ്ച ഭിന്ന ദിശകളിലായി. ഈയാഴ്ച പ്രമുഖ ടെക് കമ്പനികളുടെ റിസൽട്ട് വരാനുണ്ട്. നാളെ ഫെഡ് തീരുമാനവും അറിയാം.
മോർഗൻ സ്റ്റാൻലി റേറ്റിംഗ് ഉയർത്തി വാങ്ങൽ ശിപാർശ നൽകിയതിനെ തുടർന്ന് ടെസ്ല ഓഹരി 5.6 ശതമാനം ഉയർന്നു. പ്രതീക്ഷയിലും മികച്ച റിസൽട്ട് ഓൺ സെമികണ്ടക്ടർ ഓഹരിയെ 11.5 ശതമാനം കയറ്റി.
തിങ്കളാഴ്ച ഡൗ ജോൺസ് സൂചിക ചാഞ്ചാട്ടങ്ങൾക്കു ശേഷം 49.41 പോയിൻ്റ് (0.12%) താഴ്ന്ന് 40,539.93 ൽ അവസാനിച്ചു. എസ് ആൻഡ് പി 4.44 പോയിൻ്റ് (0.08%) കയറി 5463.54 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 12.32 പോയിൻ്റ് (0.07%) ഉയർന്ന് 17,370.20 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് താഴ്ചയിലാണ്. ഡൗ 0.16 ഉം എസ് ആൻഡ് പി 0.15 ഉം നാസ്ഡാക് 0.20 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിൽ താഴ്ന്നു. ജപ്പാനിൽ നിക്കെെ അര ശതമാനം താഴ്ചയിലാണ്.
ഇന്ത്യൻ വിപണി
നിഫ്റ്റി 25,000 ൽ താെട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയ ശേഷം ഇന്നലത്തെ നേട്ടം അപ്പാടെ നഷ്ടപ്പെടുത്തിയാണ് അവസാനിച്ചത്. പ്രധാന സൂചികകൾ നാമമാത്ര നേട്ടത്തിൽ റെക്കോർഡ് ക്ലോസിംഗ് രേഖപ്പെടുത്തി.
സെൻസെക്സ് 23.12 പാേയിൻ്റ് (0.03%) ഉയർന്ന് 81,355.84 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 1.25 പോയിൻ്റ് (0.01%) കൂടി 24,836.10 ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 0.22% (110.30 പോയിൻ്റ്) കയറി 51,406.25 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 1.03 ശതമാനം കുതിച്ച് 58,362.05 ലും സ്മോൾ ക്യാപ് സൂചിക 1.00% കയറി 19,043.40 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ 2474.54 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5665.54 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്നലെ രാവിലെ വിപണിയിൽ ബുള്ളുകൾ ആവേശത്തിലായിരുന്നു. എന്നാൽ ഉച്ചയ്ക്കു ശേഷം വിൽപന സമ്മർദത്തിൽ അവർക്കു പിന്മാറേണ്ടി വന്നു. ഇന്നും ലാഭമെടുക്കലുകാരുടെ വിൽപന ഉണ്ടാകും. എങ്കിലും 25,000 എന്ന മാജിക്കൽ ലക്ഷ്യത്തിലേക്കു കയറാൻ നിഫ്റ്റി ശ്രമിക്കും. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,785 ലും 24,735 ലും പിന്തുണ ഉണ്ട്. 24,855 ലും 25,005 ലും തടസം ഉണ്ടാകാം.
പിഎസ് യു ബാങ്കുകളും റിയൽറ്റിയും ഓയിൽ -ഗ്യാസും ഇന്നലെ ഗണ്യമായ നേട്ടം ഉണ്ടാക്കി.
ഹിമാചൽ പ്രദേശ് സർക്കാരിൻ്റെ ഒരു വലിയ കരാർ ലഭിച്ച ആർവിഎൻഎൽ ഇന്നലെ 10 ശതമാനം കുതിച്ച് 607.55 രൂപയിൽ എത്തി. ഇനിയും കയറും എന്നാണു വിപണിയിലെ സംസാരം. ഇർകോൺ 9.6 ശതമാനം കുതിച്ച് 300.95 രൂപയിൽ ക്ലാേസ് ചെയ്തു. ഐആർഎഫ്സി 7.26 ശതമാനം ഉയർന്നു.
ഭാരത് ഡെെനാമിക്സ്, ബിഇഎംഎൽ, ഭാരത് ഇലക്ട്രോണിക്സ്, ഭെൽ, എച്ച്എഎൽ തുടങ്ങിയവ ഇന്നലെ മികച്ച കയറ്റം കാഴ്ചവച്ചു.
ഭാരത് ഇലക്ട്രോണിക്സ് അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 46 ശതമാനം വർധിച്ചെങ്കിലും തലേ പാദം വച്ചു നോക്കുമ്പോൾ 56 ശതമാനം കുറഞ്ഞു. റിസൽട്ടിനു ശേഷം ഓഹരി അഞ്ചു ശതമാനം ഉയർന്നു. കമ്പനിക്ക് 76,705 കാേടി രൂപയുടെ ഓർഡറുകൾ കെെവശമുണ്ട്.
ഇന്ത്യ സിമൻ്റ്സിനെ വാങ്ങാനുള്ള കുമാർ മംഗലം ബിർലയുടെ നീക്കത്തിനു വിപണിയുടെ തംസ് അപ്. അൾട്രാടെക് സിമൻ്റ് രണ്ടു ശതമാനത്തോളം ഉയർന്നു. ഇന്ത്യാ സിമൻ്റ്സ് രാവിലത്തെ നേട്ടം നഷ്ടപ്പെടുത്തി നാമമാത്ര കയറ്റത്തിൽ അവസാനിച്ചു. അൾട്രാടെക്കിനു വിദേശ ബ്രോക്കറേജുകൾ ഉയർന്ന ലക്ഷ്യവില കുറിച്ചു. ഇന്ത്യാ സിമൻ്റ്സിനു നൽകുന്ന വില കൂടുതലാണെന്നു ചിലർ വിലയിരുത്തി. എന്നാൽ ഭീമമായ ലൈം സ്റ്റോൺ നിക്ഷേപവും കാപ്റ്റീവ് പവർ പ്ലാൻ്റുകളും ഒക്കെ ചേരുമ്പോൾ വില ന്യായമാണെന്നു മറ്റു ചിലർ ചൂണ്ടിക്കാട്ടി.
സ്വർണം ഇടിയുന്നു
കഴിഞ്ഞയാഴ്ചത്തെ താഴ്ചയിൽ നിന്നു കയറാനുള്ള ശ്രമത്തിൽ സ്വർണം പരാജയപ്പെട്ടു. ഡോളർ കരുത്തു കൂട്ടിയതും ക്രൂഡ് ഓയിൽ താഴ്ന്നതും വിലയെ ബാധിച്ചു. ഈയാഴ്ച യുഎസ് ഫെഡും ബാങ്ക് ഓഫ് ജപ്പാനും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നയതീരുമാനം എടുക്കും. ഫെഡ് നിരക്ക് കൂട്ടുകയില്ലെന്നാണു നിഗമനം. ബാങ്ക് ഓഫ് ജപ്പാൻ നിരക്ക് ഉയർത്തുമെന്നാണു ധാരണ. ഇന്നു യു എസിലെ താെഴിൽ കണക്കു പുറത്തുവിടുന്നതും സ്വർണ വിലയെ സ്വാധീനിക്കും.
സ്വർണം ഇന്നലെ നേരിയ താഴ്ചയോടെ ഔൺസിന് 2384.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2377 ഡോളറിലേക്കു താണു.
കേരളത്തിൽ സ്വർണവില ഇന്നലെ പവനു 120 രൂപ കൂടി 50720 രൂപയിൽ എത്തി.
വെള്ളിവില ഔൺസിന് 27.74 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ വെള്ളി കിലോഗ്രാമിന് 89,000 രൂപയിൽ തുടർന്നു.
ഡോളർ സൂചിക തിങ്കളാഴ്ച 104.56 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104.60 ലേക്കു കയറി.
രൂപ ഇന്നലെ കയറിയിറങ്ങി. ഡോളർ തിങ്കളാഴ്ച 83.73 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില വീണ്ടും താണു. ബ്രെൻ്റ് ഇനം 79.84 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 79.60 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 75.63 ഉം യുഎഇയുടെ മർബൻ ക്രൂഡ് 78.65 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങളുടെ തകർച്ച തുടരുകയാണ്. ചെമ്പ് ഒരു ശതമാനം താണു ടണ്ണിന് 8905.25 ഡോളറിൽ എത്തി. അലൂമിനിയം 1.28 ശതമാനം താഴ്ന്നു ടണ്ണിന് 2250.50 ഡോളറായി. ടിൻ ഒഴികെ മറ്റു ലോഹങ്ങൾ ഉയർന്നു.
ക്രിപ്റ്റാേ കറൻസികൾ ചാഞ്ചാടി. ബിറ്റ്കോയിൻ 66,000 ഡോളറിൽ എത്തിയിട്ട് 66,000 ലേക്ക് ഉയർന്നു. ഈഥർ 3400 വരെ കയറിയിട്ട് 3300 ഡോളറിലേക്കു തിരിച്ചിറങ്ങി.
വിപണിസൂചനകൾ
(2024 ജൂലെെ 29, തിങ്കൾ)
സെൻസെക്സ് 30 81,355.84 +0.03%
നിഫ്റ്റി50 24,836.10 +0.01%
ബാങ്ക് നിഫ്റ്റി 51,406.25 +0.22%
മിഡ് ക്യാപ് 100 58,362.05 +1.03%
സ്മോൾ ക്യാപ് 100 19,043.40 +1.00%
ഡൗ ജോൺസ് 30 40,539.90 -0.12%
എസ് ആൻഡ് പി 500 5463.54 +0.08%
നാസ്ഡാക് 17,370.20 + 0.07%
ഡോളർ($) ₹83.73 +₹0.00
ഡോളർ സൂചിക 104.56 +0.24
സ്വർണം (ഔൺസ്) $2384.10 -$02.40
സ്വർണം (പവൻ) ₹50,720 +₹120
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $79.84 -$01.61
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it