പലിശ തീരുമാനം നിർണായകം; നിഫ്റ്റിയിൽ 25,000 ലക്ഷമിട്ട് നിക്ഷേപകർ; വിദേശികൾ വിൽപന തുടരുന്നു; സ്വർണം കയറുന്നു

വിപണികൾ പലിശ തീരുമാനങ്ങൾ കാത്തിരിക്കുന്ന ദിവസമാണിത്. വിപണിഗതി നിർണയിക്കുന്ന തീരുമാനങ്ങൾ ഇന്നും നാളെയുമായി ഉണ്ടാകും. അതിനിടയിലും ഇന്ത്യൻ നിക്ഷേപകർ വിപണിയെ ഉയർത്താൻ ശ്രമിക്കും. പതിവുപോലെ വിൽപന സമ്മർദവും ഉണ്ടാകും.
ഇന്നു രാവിലെ ബാങ്ക് ഓഫ് ജപ്പാനും രാത്രി യുഎസ് ഫെഡറൽ റിസർവ് ബോർഡും (ഫെഡ്) നാളെ ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ തീരുമാനം പ്രഖ്യാപിക്കും. ജപ്പാനിൽ പലിശ 0.25 ശതമാനം വർധിപ്പിക്കാനും ഇംഗ്ലണ്ടിൽ കുറയ്ക്കാനുമാണു സാധ്യത. ഫെഡ് ഇത്തവണ നിരക്കു കുറയ്ക്കുകയില്ലെങ്കിലും സെപ്റ്റംബറിൽ നിരക്കു കുറയ്ക്കും എന്ന സൂചന നൽകിയേക്കും. നിരക്കു തീരുമാനങ്ങൾ പ്രതീക്ഷ പാേലെ വന്നാൽ ഇന്ത്യയിലടക്കം വിപണികൾ പോസിറ്റീവ് ആയി നീങ്ങും. സ്വർണവിലയും പലിശ തീരുമാനത്തെ ആശ്രയിച്ചാകും നീങ്ങുക.
പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നത് ക്രൂഡ് ഓയിൽ വിലയെ ഉയർത്തുന്നുണ്ട്.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 24,911 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,940 ലേക്കു കയറി. ഇന്ത്യൻ വിപണി അൽപം ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ഉയർന്നു. ജോണി വോക്കർ നിർമാതാക്കളായ ഡിയാജിയോ 2020 നു ശേഷം ആദ്യമായി വിൽപനയിൽ കുറവ് കാണിച്ചു. ഓഹരിവില അഞ്ചു ശതമാനം ഇടിഞ്ഞു. 150 കോടി ഡോളറിൻ്റെ ഓഹരികൾ തിരികെ വാങ്ങും എന്ന പ്രഖ്യാപനത്തെ തുടർന്നു സ്റ്റാൻഡാർഡ് ചാർട്ടേഡ് ആറു ശതമാനം കുതിച്ചു. യൂറോപ്യൻ യൂണിയൻ്റെ രണ്ടാം പാദ ജിഡിപി വളർച്ച 0.3 ശതമാനമായി ഉയർന്നു. 0.2 ശതമാനമായിരുന്നു നിഗമനം. ഒന്നാം പാദത്തിലും 0.3% വളർന്നതാണ്.
യുഎസ് വിപണി ചാെവ്വാഴ്ചയും ഭിന്ന ദിശകളിൽ നീങ്ങി. ഡൗ സൂചിക അര ശതമാനം ഉയർന്നപ്പോൾ ടെക് റിസൽട്ടുകളെപ്പറ്റിയുള്ള ആശങ്കയിൽ എസ് ആൻഡ് പി 0.50% വും നാസ്ഡാക് 1.28% വും ഇടിഞ്ഞു.
ചൊവ്വാഴ്ച ഡൗ ജോൺസ് സൂചിക 203.40 പോയിൻ്റ് (0.50%) കയറി 40,743.33 ൽ അവസാനിച്ചു. എസ് ആൻഡ് പി 27.10 പോയിൻ്റ് (0.50%) താഴ്ന്ന് 5436.44 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 222.78 പോയിൻ്റ് (1.28%) ഇടിഞ്ഞ് 17,147.42 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഭിന്ന ദിശകളിലാണ്. ഡൗ 0.34 ശതമാനം താഴ്ന്നും എസ് ആൻഡ് പി 0.20 ഉം നാസ്ഡാക് 0.67 ഉം ശതമാനം ഉയർന്നും നിൽക്കുന്നു.
വിപണിക്കു ശേഷം മെെക്രാേസോഫ്റ്റ് പ്രസിദ്ധീകരിച്ച റിസൽട്ട് പ്രതീക്ഷയിലും മികച്ചതായി. എന്നാൽ അവരുടെ ക്ലൗഡ് ബിസിനസ് പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് ഓഹരി ആറു ശതമാനം ഇടിഞ്ഞു. അഡ്വാൻസ്ഡ് മെെക്രോ ഡിവൈസസ് (എഎംഡി) റിസൽട്ട് ഉയർന്ന ലാഭവും വരുമാനവും കാണിച്ചതിനെ തുടർന്ന് ഏഴു ശതമാനം കുതിച്ചു. ഇതിൻ്റെ ചുവടു പിടിച്ച് എൻവിഡിയ നാലു ശതമാനം കയറി
ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിൽ ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ ഒരു ശതമാനം താഴ്ന്നു. ഭക്ഷിണ കൊറിയയിലും ഓസ്ട്രേലിയയിലും വിപണി ഉയർന്നു. സാംസംഗ് ലാഭവും വിറ്റുവരവും ഗണ്യമായി വർധിപ്പിച്ച റിസൽട്ട് പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ വിപണി
ഒരിക്കൽ കൂടി ഇന്ത്യൻ വിപണി രാവിലത്തെ നേട്ടങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ട് ക്ലോസ് ചെയ്തു. ഉയർന്ന നിലവാരത്തിൽ ലാഭമെടുക്കാനുള്ള വിൽപന സമ്മർദമാണു വിപണിയെ താഴ്ത്തിയത്. എങ്കിലും ക്ലോസിംഗ് നിരക്കുകൾ റെക്കോർഡ് ആയിരുന്നു.
സെൻസെക്സ് 99.56 പാേയിൻ്റ് (0.18%) ഉയർന്ന് 81,455.40 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 21.20 പോയിൻ്റ് (0.09%) കൂടി 24,857.30 ൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 0.18% (93.05 പോയിൻ്റ്) കയറി 51,499.30 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.45 ശതമാനം കുതിച്ച് 58,623.40 ലും സ്മോൾ ക്യാപ് സൂചിക 0.86% കയറി 19,207.55 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ക്യാഷ് വിപണിയിൽ വലിയ വിൽപനക്കാരായി. 5598.64 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5565.10 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഇന്നും ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം ഉണ്ടാകും. എങ്കിലും 25,000 എന്ന ലക്ഷ്യത്തിലേക്കു കയറാൻ നിഫ്റ്റി ശ്രമം തുടരും. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,800 ലും 24,660 ലും പിന്തുണ ഉണ്ട്. 24,950 ലും 25,050 ലും തടസം ഉണ്ടാകാം.
സ്വർണം
കേന്ദ്ര ബാങ്കുകളുടെ പണനയ തീരുമാനം അടുക്കും തോറും സ്വർണവിപണി ആകാംക്ഷയിലും ഒപ്പം ആശങ്കയിലുമാണ്. ഇന്നലെ സ്വർണവില ഒരു ശതമാനത്തിലധികം ഉയർന്നു. ഔൺസിന് 2411.40 ഡോളറിൽ ക്ലോസ് ചെയ്തു.
കേരളത്തിൽ സ്വർണവില ഇന്നലെ പവനു 160 രൂപ കുറഞ്ഞ് 50560 രൂപയിൽ എത്തി. ഇന്നു വില കൂടും.
വെള്ളിവില ഔൺസിന് 28.30 ഡോളറിലേക്കു കയറി. കേരളത്തിൽ വെള്ളി കിലോഗ്രാമിന് 89,000 രൂപയിൽ തുടർന്നു.
ഡോളർ സൂചിക തിങ്കളാഴ്ച 104.55 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 104. 39 ലേക്കു താഴ്ന്നു.
രൂപ ഇന്നലെയും കയറിയിറങ്ങി. ഡോളർ 83.73 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞിട്ടു കയറി. ബ്രെൻ്റ് ഇനം 78.63 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 79.10 ഡോളറിലാണ്. ഇസ്രയേൽ- ഹമാസ് പോരാട്ടം രൂക്ഷമായതാണു കയറ്റത്തിനു കാരണം. ഡബ്ല്യുടിഐ ഇനം 75.31 ഉം യുഎഇയുടെ മർബൻ ക്രൂഡ് 78.35 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങളുടെ തകർച്ചയ്ക്കു ശമനമായില്ല. ചെമ്പ് 1.09 ശതമാനം താണു ടണ്ണിന് 8808.50 ഡോളറിൽ എത്തി. അലൂമിനിയം 1.16 ശതമാനം താഴ്ന്നു ടണ്ണിന് 2224.50 ഡോളറായി. നിക്കൽ ഒഴികെ മറ്റു ലോഹങ്ങളും താഴ്ന്നു.
ക്രിപ്റ്റാേ കറൻസികൾ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബിറ്റ്കോയിൻ 66,000 ഡോളറിനടുത്തു തുടരുന്നു. ഈഥർ 3260 ഡോളറിലാണ്.
വിപണിസൂചനകൾ
(2024 ജൂലെെ 30, ചാെവ്വ)
സെൻസെക്സ് 30 81,455.40 +0.12%
നിഫ്റ്റി50 24,857.30 +0.09%
ബാങ്ക് നിഫ്റ്റി 51,499.30 +0.18%
മിഡ് ക്യാപ് 100 58,623.40 +0.40%
സ്മോൾ ക്യാപ് 100 19,207.55 +0.86%
ഡൗ ജോൺസ് 30 40,743.33 -0.50%
എസ് ആൻഡ് പി 500 5436.44 -0.50%
നാസ്ഡാക് 17,147.42 -1.28%
ഡോളർ($) ₹83.73 +₹0.00
ഡോളർ സൂചിക 104.55 +0.10
സ്വർണം (ഔൺസ്) $2411.40 +$27.30
സ്വർണം (പവൻ) ₹50,560 -₹160
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $78.63 -$01.21
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it