റേറ്റിംഗ് താഴ്ത്തലിനു വിമർശനം; തകർച്ച ആവർത്തിക്കില്ലെന്നു പ്രതീക്ഷ; ലോഹങ്ങൾക്ക് ഇടിവ്

അമേരിക്കയുടെ റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്ന് വിപണികൾ ചോരപ്പുഴയിലായി. എന്നാൽ റേറ്റിംഗിന്റെ പേരിൽ യുഎസ് കടപ്പത്ര വിലകൾ അസാധാരണമായി താഴുകയാേ ബാങ്കിംഗ് പ്രതിസന്ധി ഉണ്ടാവുകയാേ ചെയ്യില്ലെന്ന് വിപണികൾ കണക്കാക്കുന്നു. ഇന്ന് ഏഷ്യൻ വിപണികൾ നഷ്ടത്തിലാണു തുടങ്ങിയതെങ്കിലും വലിയ തകർച്ച ആവർത്തിക്കില്ലെന്നാണു പ്രതീക്ഷ.

ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വ രാത്രി 19,500ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 19,530 വരെ കയറി. ഇന്ത്യൻ വിപണി ഇന്നും ദുർബല നിലയിൽ വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി സൂചിപ്പിക്കുന്നത്.

യൂറോപ്യൻ സൂചികകൾ ഇന്നലെ വലിയ നഷ്ടത്തിലായി. പ്രധാന സൂചികകൾ 1.4 ശതമാനം വരെ താണു.

ഡൗ ജോൺസ് താഴ്ന്നു

ബുധനാഴ്ച ഡൗ ജോൺസ് 348.16 പോയിന്റ് (0.98%) താഴ്ന്ന് 35,282.52 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 63.34 പോയിന്റ് (1.38%) ഇടിഞ്ഞ് 4513.39 ൽ എത്തി. നാസ്ഡാക് 310.47 പോയിന്റ് (2.17%) ഇടിഞ്ഞ് 13,973.45 ൽ ക്ലോസ് ചെയ്തു.

യു.എസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലാണ്. ഡൗ ഫ്യൂച്ചേഴ്സ് 0.22 ശതമാനവും നാസ്ഡാക് ഫ്യൂച്ചേഴ്സ് 0.24 ശതമാനവും എസ് ആൻഡ് പി ഫ്യൂച്ചേഴ്സ് 0.19 ശതമാനവും കയറി. റേറ്റിംഗ് താഴ്ത്തിയെങ്കിലും കടപ്പത്ര വിപണി ഉലയാത്തത് പ്രത്യാഘാതം പരിമിതമാകുമെന്നു കാണിക്കുന്നു.

ജൂലൈയിൽ യുഎസ് സ്വകാര്യമേഖല 3.24 ലക്ഷം തൊഴിലുകൾ കൂട്ടി. ഇതു വിപണി കണക്കാക്കിയതിന്റെ ഇരട്ടിയോളം വരും. സർക്കാരിന്റെ അടക്കമുള്ള കണക്ക് നാളെ വരും.

യുഎസ് റേറ്റിംഗ് താഴ്ത്തലിനെ തുടർന്ന് ജപ്പാൻ അടക്കം ഏഷ്യൻ വിപണികൾ ഇന്നലെ വലിയ നഷ്ടത്തിലായിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയതും നഷ്ടത്തിലാണ്. ജപ്പാനിൽ നിക്കെെ സൂചിക ഇന്നും 1.6 ശതമാനം താണു. കൊറിയൻ വിപണി 0.30 ശതമാനവും ഓസ്ട്രേലിയൻ വിപണി 0.90 ശതമാനവും താഴ്ന്നു. ചെെനീസ് വിപണികളും നഷ്ടത്തിലാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി ബുധനാഴ്ച താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു വലിയ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് ഒരവസരത്തിൽ ആയിരത്തോളം പോയിന്റ് നഷ്ടത്തിലായിരുന്നു. പിന്നീടു 350 പോയിന്റ് കിരിച്ചു കയറി. നിഫ്റ്റി താഴ്ചയിൽ നിന്നു 100 പോയിന്റ് തിരികെക്കയറിയാണ് ക്ലോസ് ചെയ്തത്.

സെൻസെക്സ് 676.53 പോയിന്റ് (1.02%) ഇടിഞ്ഞ് 65,782,78-ലും നിഫ്റ്റി 207 പോയിന്റ് (1.05%) താഴ്ന്ന് 19,526.55 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.33 ശതമാനം ഇടിഞ്ഞ് 37,232.70ൽ ക്ലോസ് ചെയ്തപ്പാേൾ സ്മോൾ ക്യാപ് സൂചിക 1.58 ശതമാനം തകർന്ന് 11,556.05 ൽ ക്ലോസ് ചെയ്തു.

വിദേശനിക്ഷേപകർ ഇന്നലെ വലിയ വിൽപനക്കാരായി. അവർ 1877.84 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2.39 കോടിയുടെ ഓഹരികളും വിറ്റു.

നിഫ്റ്റി ഇപ്പോഴത്തെ സമാഹരണ മേഖലയായ 19,500 - 20,000 ന്റെ താഴത്തെ പരിധി നിലനിർത്തിയത് ആശ്വാസകരമായി ചിലർ കാണുന്നു. ഈ പിന്തുണ നഷ്ടപ്പെട്ടാൽ കൂടുതൽ ആഴത്തിലുള്ള തിരുത്തലിനു വഴിയൊരുങ്ങും. 19,200 -19,100 മേഖലയാകും പിന്നീടു ബലമാകുക.

ഇന്നു നിഫ്റ്റിക്ക് 19,445 ലും 19,290 ലും പിന്തുണ ഉണ്ട്. 19,640 ഉം 19,800 ഉം തടസങ്ങളാകാം.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ ഇടിഞ്ഞു. ഡോളർ കരുത്തു നേടിയതും അനിശ്ചിതത്വവുമാണു കാരണം.

അലൂമിനിയം 1.85 ശതമാനം കുറഞ്ഞ് ടണ്ണിന് 2213.59 ഡോളറിലായി. ചെമ്പ് 2.03 ശതമാനം ഇടിഞ്ഞ് ടണ്ണിന് 8543.5 ഡോളറിൽ എത്തി. ടിൻ 1.21 ശതമാനവും സിങ്ക് 1.06 ശതമാനവും ലെഡ് 0.34 ശതമാനവും നിക്കൽ 2.93 ശതമാനവും താഴ്ന്നു.

ക്രൂഡ് ഓയിലും സ്വർണവും

ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് 83.20 ഡോളറിലും ഡബ്ള്യുടിഐ ഇനം 79.73 ഡോളറിലും ക്ലോസ് ചെയ്തു. ശരാശരി രണ്ടു ശതമാനം ഇടിവ്. ഇന്നു രാവിലെ ബ്രെന്റ് വില 83.37 ലും ഡബ്ള്യുടിഐ വില 79.64 ലും എത്തി.

സ്വർണം വീണ്ടും താണു. ഡോളർ സൂചിക ഉയർന്നതും ബുള്ളുകളുടെ പിന്മാറ്റവുമാണു കാരണം. ഔൺസിന് 1956 ഡോളറിൽ നിന്ന് 1931 ലേക്കു വീണ സ്വർണം 1935.20 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 1935.90 ഡോളർ ആയി.

കേരളത്തിൽ പവൻവില ഇന്നലെ 240 രൂപ കുറഞ്ഞ് 44,080 രൂപയിൽ എത്തി. ഇന്നും കുറയാം.

ഡോളർ ബുധനാഴ്ച 32 പെെസ കയറി 82.58 രൂപയിൽ ക്ലോസ് ചെയ്തു.

ഡോളർ സൂചിക വെള്ളിയാഴ്ച 102.78 വരെ കയറിയിട്ട് 102.59 ൽ ക്ലാേസ് ചെയ്തു. സൂചിക ഇന്നു രാവിലെ 102.62 ലാണ്.

ക്രിപ്റ്റോ കറൻസികൾ വീണ്ടും താണു. ബിറ്റ്കോയിൻ 29,150 ഡോളറിനടുത്തായി

യു.എസ് റേറ്റിംഗ് താഴ്ത്തൽ:ഫിച്ചിന്റെ നടപടിക്കു വിമർശനം

യു.എസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ റേറ്റിംഗ് താഴ്ത്തിയ ഫിച്ച് റേറ്റിംഗ്സിന്റെ നടപടിയെ ജെപി മേ

മോർഗൻ ചേയ്സ് മേധാവി ജയ്മീ ഡൈമൺ വിമർശിച്ചു. അതൊരു മണ്ടൻ തീരുമാനമാണെന്ന് ഏറ്റവും വലിയ യുഎസ് ബാങ്കിന്റെ സാരഥി പറഞ്ഞു. റേറ്റിംഗ് ഏജൻസികളല്ല, കമ്പോളമാണ് യഥാർഥ റേറ്റിംഗ് നിശ്ചയിക്കുന്നതെന്നും ഫിച്ച് തീരുമാനം കമ്പോളത്തെ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഏറ്റവും ഉയർന്ന റേറ്റിംഗ് യുഎസിന് അവകാശപ്പെട്ടതാണ്. ഭൂമിയിലെ ഏറ്റവും സമ്പന്നമായ രാജ്യത്തേക്കാൾ ഉയർന്ന റേറ്റിംഗ് വേറേ രാജ്യങ്ങൾക്കു നൽകുന്നതു യുക്തിഭദ്രമല്ലെന്നും ഡൈമൺ പറഞ്ഞു.

കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ മുഹമ്മദ് എൽ എറിയനും റേറ്റിംഗ് താഴ്ത്തൽ അനവസരത്തിലാണെന്നു പറഞ്ഞു.

യുഎസ് സർക്കാരിന്റെ കടം ഉയർന്നു പോകുന്നതു മൂലം രണ്ടു മൂന്നു വർഷത്തിനപ്പുറം കടങ്ങൾ തിരിച്ചു നൽകാൻ പറ്റാത്ത അവസ്ഥ വരാം എന്നാണു ഫിച്ച് റേറ്റിംഗ് വിലയിരുത്തിയത്. ഇതു യാഥാർഥ്യത്തിനു നിരക്കുന്നതല്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു.

പ്രധാനമായും ബാങ്കുകളാണു യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങൾ വാങ്ങി വച്ചിരിക്കുന്നത്. റേറ്റിംഗ് താഴ്ത്തിയാൽ അവയുടെ വില താഴുകയും ബാങ്കുകൾ നഷ്ടത്തിലാകുകയും ചെയ്യും. ട്രിപ്പിൾ എ റേറ്റിംഗ്, ഡബിൾ എ ആയി താഴ്ത്തിയെങ്കിലും യുഎസ് ബാങ്ക് ഓഹരികൾ ഇന്നലെ ഗണ്യമായി ഇടിഞ്ഞില്ല. കടപ്പത്ര വില കാര്യമായി മാറാത്തതാണു കാരണം.

കടപ്പത്ര വിപണിയിൽ വലിയ കോളിളക്കം ഉണ്ടാവുകയില്ലെന്നാണു പൊതുനിഗമനം. ബുധൻ രാത്രി യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നത് അതു കൊണ്ടാണ്. പത്തുവർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം (yield) 4.08 ശതമാനമായി ഉയർന്നിട്ടുണ്ട്. യൂറോ വില 1.09 ഡോളറും പൗണ്ട് വില 1.27 ഡോളറും ആയി. ഈ മാറ്റങ്ങളും അസാധാരണ തോതിൽ അല്ല.

വിപണി സൂചനകൾ

(2023 ഓഗസ്റ്റ് 02, ബുധൻ)

സെൻസെക്സ് 30 65,782.78 - 1.02%

നിഫ്റ്റി 50 19,526.55 -1.05%

ബാങ്ക് നിഫ്റ്റി 44,955.70 -1.31%

മിഡ് ക്യാപ് 100 37,232.70 -1.33%

സ്മോൾക്യാപ് 100 11,596.05 -1.58%

ഡൗ ജോൺസ് 30 35,285.52 -0. 98%

എസ് ആൻഡ് പി 500 4513.39 -1.38%

നാസ്ഡാക് 13,973.45 - 2.17-%

ഡോളർ ($) ₹82.58 + 33 പൈസ

ഡോളർ സൂചിക 102.59 +0.29

സ്വർണം(ഔൺസ്) $1935.20 -$16.70

സ്വർണം(പവൻ ) ₹44,080 -₹240

ക്രൂഡ് (ബ്രെന്റ്)ഓയിൽ $83.20 -$1.71

T C Mathew
T C Mathew  
Related Articles
Next Story
Videos
Share it