Begin typing your search above and press return to search.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം, മോസ്‌കോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരം നിര്‍ത്തിവച്ചു
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടയില്‍ മോസ്‌കോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (Moscow Stock Exchange) വ്യാപാരം നിര്‍ത്തിവച്ചു. വെബ്‌സൈറ്റിലൂടെയാണ് എക്‌സ്‌ചേഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അതിന്റെ എല്ലാ വിപണികളിലെയും വ്യാപാരം നിര്‍ത്തിവച്ചിരിക്കുന്നതായി എക്‌സ്‌ചേഞ്ച് വെബ്‌സറ്റില്‍ നല്‍കിയ കുറപ്പില്‍ പറയുന്നു. ഡിഫന്‍ഡര്‍ ഓഫ് ദ ഫാദര്‍ലാന്‍ഡ് ഡേ ആയിരുന്നതിനാല്‍ ബുധനാഴ്ച ഓഹരി വ്യാപാരം നടന്നിരുന്നില്ല.
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ബാങ്കുകളെയും സമ്പന്നരായ റഷ്യന്‍ വ്യക്തികളെയും ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് റഷ്യന്‍ ഓഹരികളില്‍ അടുത്തിടെയുണ്ടായ കുത്തനെ ഇടിവിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും മൂന്ന് ശതകോടീശ്വരന്മാര്‍ക്കുമെതിരേ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനില്‍ റഷ്യന്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത് നിരോധിക്കുന്നതായും ചില റഷ്യന്‍ വ്യക്തികളുടെ ആസ്തി മരവിപ്പിക്കുന്നതായും ജപ്പാനും പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള നോര്‍ഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്‌ലൈനിന്റെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ത്തുന്നതായി ജര്‍മനിയും വ്യക്തമാക്കിയിരുന്നു.
പ്രതിദിനം 5 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് റഷ്യ. അതില്‍ പകുതിയിലധികം യൂറോപ്പിലേക്കും 42 ശതമാനം ഏഷ്യയിലേക്കുമാണ് കയറ്റി അയക്കുന്നത്. മിക്ക ഇന്ത്യന്‍ റിഫൈനറികള്‍ക്കും റഷ്യ കയറ്റുമതി ചെയ്യുന്ന ക്രൂഡ് സംസ്‌കരിക്കാന്‍ കഴിയാത്തതിനാല്‍ റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഒരു ശതമാനം പോലും ഇന്ത്യ വാങ്ങുന്നില്ല.
Next Story
Videos