മാറ്റത്തിന്റെ സൂചനകൾ: മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പണം പുറത്തേക്കോ? 

രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ ഒരു പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. അടുത്തെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ ഫണ്ടുകളിൽ നിന്ന് പണം പിൻവലിക്കപ്പെടുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇവയുടെ നെറ്റ് ഫണ്ട് ഔട്ട്ഫ്ലോ പൊതുവെ പോസിറ്റിവ് ആണെങ്കിലും പണം പിൻവലിക്കുന്നതും സെയിൽസും തമ്മിലുള്ള അനുപാതം ഒരു വർഷം കൊണ്ട് 55 ശതമാനത്തിൽ നിന്ന് 65.9 ആയി ഉയർന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ഓഗസ്റ്റ് മാസത്തിൽ പിൻവലിക്കപ്പെട്ടത് (gross redemption) 14,948 കോടി രൂപയാണ്. ഇത് അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന തുകയാണ്. മറുവശത്ത്, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് (net inflow) കഴിഞ്ഞ നാല് മാസമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റിൽ 7,734 കോടി രൂപയായിരുന്നു നെറ്റ് ഇൻഫ്‌ളോ. ഇത് കഴിഞ്ഞ രണ്ട് വർഷത്തെ ശരാശരിയേക്കാളും 26 ശതമാനം കുറവാണ്.

ഇത്തരമൊരു മാറ്റം പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ 10 വർഷത്തോളമായി ഏറ്റവും മികച്ച 200 ഫണ്ടുകളിൽ 33 ശതമാനവും മോശം പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്ന് ബ്ലൂംബെർഗ് ചൂണ്ടിക്കാട്ടുന്നു. ഈ വർഷത്തെ മാത്രം കണക്ക് നോക്കിയാൽ, 80 ശതമാനം ഫണ്ടുകളും ശരാശരിയേക്കാൾ മോശം പ്രകടനമായിരുന്നു. ഇത് മ്യൂച്വൽ ഫണ്ടുകളുടെ ജനപ്രീതിയിൽ ഇടിവുണ്ടാക്കിയിട്ടുണ്ടാകാം.

ഇതിനിടയിൽ ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെയും എൻ.ബി.എഫ്.സികളുടെയും ലിക്വിഡിറ്റിയെക്കുറിച്ച് വിപണിയിൽ നിലനിൽക്കുന്ന ആശങ്കകൾ ഈയൊരു ട്രെൻഡിന് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഹൗസിംഗ് ഫിനാൻസ് കമ്പനിയായ ഐഎൽ & എഫ്എസിന്റെ കൊമേർഷ്യൽ പേപ്പറിന്മേലുള്ള (CP) വായ്പാ തിരിച്ചടവ് മുടങ്ങിയത് മൂലം ഡെറ്റ് സ്കീമുകളിൽ നിന്നുള്ള പണം പിൻവലിക്കലിന് വേഗം കൂടിയിട്ടുണ്ട്.

രാജ്യത്തെ മ്യൂച്വൽ ഫണ്ട് ഇൻഡസ്ടറി 13.73 ലക്ഷം കോടി രൂപയുടെ സ്ഥിര വരുമാന ആസ്തികൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ 1.59 ലക്ഷം കോടി രൂപയോളം നിക്ഷേപിച്ചിരിക്കുന്നത് ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെ കൊമേർഷ്യൽ പേപ്പറുകളിലാണ്. 72,582 കോടി രൂപ എൻ.ബി.എഫ്.സികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഡെറ്റ് സ്കീമുകളിൽ നിന്ന് പിൻവലിക്കപ്പെട്ടത് 52,000 കോടി രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it