Begin typing your search above and press return to search.
കേരളത്തില്‍ നിന്നൊരു കമ്പനി കൂടി ബി.എസ്.ഇയില്‍; ഒമ്പത് ദിവസത്തില്‍ ഓഹരിയുടെ നേട്ടം 55%
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (Bombay Stock Exchange/BSE) സ്ഥാനം പിടിച്ച് കേരളത്തില്‍ നിന്നൊരു കമ്പനി കൂടി. തിരുവനന്തപുരം ആസ്ഥാനമായുള്ള ആഡ്‌ടെക് സിസ്റ്റംസ് കഴിഞ്ഞ ജൂണ്‍ 19നാണ് ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തത്. വ്യാപാരം തുടങ്ങി വെറും ഒമ്പത് ദിവസത്തിനുള്ളില്‍ ഓഹരി നേടിയത് 55 ശതമാനം നേട്ടം. ലിസ്റ്റ് ചെയ്തതു മുതലുള്ള എല്ലാ വ്യാപാര ദിനങ്ങളിലും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ് ഓഹരി. ലിസ്റ്റിംഗ് ദിനത്തിൽ ഓഹരിയുടെ വില 62.34 രൂപയായിരുന്നു. ഒമ്പതു വ്യാപാര ദിവസത്തിനുള്ളില്‍ വില 96.65 രൂപയിലെത്തി.
നേരിട്ട് ലിസ്റ്റിംഗ്
മുമ്പ് പ്രാദേശിക ഓഹരി വിപണികളിലും പിന്നീട് മെട്രോപൊളിറ്റന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ലിസ്റ്റ് ചെയ്തിരുന്ന കമ്പനിയായതിനാല്‍ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) വഴിയല്ലാതെ നേരിട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. 2003 മുതല്‍ കൊച്ചി, അഹമ്മദാബാദ്, മദ്രാസ് ഓഹരി വിപണികളില്‍ കമ്പനി ലിസ്റ്റ് ചെയ്തിരുന്നു. പ്രാദേശിക സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടിയപ്പോള്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ മെട്രോപൊളിറ്റന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്തിരുന്നു.
ഇലക്ട്രോണിക് സെക്യൂരിറ്റി സൊല്യൂഷന്‍സ് കമ്പനിയായ ആഡ്‌ടെക് സിസ്റ്റംസിന്റെ 67.88 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. എം.ആര്‍ നാരായണനാണ് ആഡ്‌ടെക് സിസ്റ്റംസിന്റെ ചെയര്‍മാന്‍. എം.ആര്‍ സുബ്രമണ്യന്‍ മാനേജിംഗ് ഡയറക്ടറും എം.ആര്‍. കൃഷ്ണന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമാണ്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് 115 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 56 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. ഇക്കാലയളവില്‍ ലാഭം 4.15 കോടി രൂപയുമാണ്.
Next Story
Videos